Deshabhimani

ഇൻട്രോവേർട്ടുകളാണോ? എന്നാൽ നിങ്ങൾക്കുമുണ്ട് ഒരു ദിനം

introvert
വെബ് ഡെസ്ക്

Published on Jan 02, 2025, 04:06 PM | 2 min read

അധികം ആളുകൾ ഒത്തുചേരുന്ന അന്തരീക്ഷത്തേക്കാൾ ചെറിയ കൂട്ടായ്മകളിലോ അല്ലെങ്കിൽ ഏകാന്തമായോ സമയം ചിലവഴിക്കാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നിങ്ങൾക്ക് ആഘോഷിക്കാനുള്ള ദിവസമാണ്. ബഹളങ്ങളിൽ നിന്നും മാറിനിൽക്കാൻ ആ​ഗ്രഹിക്കുന്ന അന്തർമുഖരായ വ്യക്തികളുടെ ​ഗുണങ്ങളും സമൂഹത്തിലെ അവരുടെ പ്രാധാന്യം സൂചിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ജനുവരി 2 ലോക ഇൻട്രോവേർട് ദിനമായി ആചരിക്കുന്നു.


ആരാണ് ഇൻട്രോവേർട്


ചെറിയ കൂട്ടം ആളുകളുമായി ഇടപഴകുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഇൻട്രോവേർട്ട് അഥവാ അന്തർമുഖർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വിസ് മനശാസ്ത്രജ്ഞനായ കാൾ ​ഗുസ്താവ് ജങ് ആണ് ഇൻട്രോവേർട് എന്ന പദം ആദ്യമായി ഉപയോ​ഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ലോകത്തിൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരെ നിർവചിക്കുന്നതിനായാണ് ഇൻട്രോവേർട്ട് എന്ന പദം ഉപയോ​ഗിച്ചത്. പിന്നീട് ഇത് വ്യാപകമായി പ്രചാരത്തിൽ വന്നു. ഇന്ന് ഈ വാക്ക് അറിയാത്തവർ ചുരുക്കമാണ്.


introvert


എന്തിനാണ് ഇൻട്രോവേർട് ദിനം


ഇൻട്രോവേർട്ടുകളെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തിലുണ്ട്. ഇത് തിരുത്താനും ഇൻട്രോവേർട്ടുകളുടെ ജീവിത രീതികളെക്കുറിച്ചും അവരെയും സൂഹത്തിൽ ഉൾച്ചേർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വേണ്ടിയാണ് ദിനാചരണം നടക്കുന്നത്. അന്തർമുഖരുടെ ഗുണങ്ങൾ തിരിച്ചറിയാനും ഇവരെരെ ലജ്ജയുള്ളവരോ സാമൂഹിക വിരുദ്ധരോ ആയി കണക്കാക്കുന്ന മിഥ്യാധാരണകൾ ഇല്ലാതാക്കാനും ഇൻട്രോവേർട് ദിനാചരണം വഴിയൊരുക്കുന്നു. സർഗ്ഗാത്മകത, ആഴത്തിലുള്ള ചിന്ത, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് അന്തർമുഖരുടെ പ്രത്യേകതകൾ. പലപ്പോഴും അവഗണിക്കപ്പെടുന്ന ഇവരുടെ ​ഗുണങ്ങൾ ഉയർത്തിക്കാട്ടാനും ഉൾചേർക്കാനുമാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.


ദിനം വന്ന വഴി


ജർമ്മൻ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഫെലിസിറ്റാസ് ഹെയ്ൻ ആണ് ലോക ഇൻട്രോവേട്ട് ദിനത്തിന് തുടക്കം കുറിച്ചത്. ഹെയ്ൻ തന്റെ "ഐപേഴ്സോണിക്" എന്ന സൈറ്റിൽ "എന്തുകൊണ്ടാണ് നമുക്ക് ഒരു ലോക അന്തർമുഖ ദിനം ആവശ്യമായി വരുന്നത്" എന്ന പേരിൽ തയാറാക്കിയ ബ്ലോഗ് പോസ്റ്റിൽ നിന്നാണ് ലോക അന്തർമുഖ ദിനത്തിന്റെ തുടക്കം. ക്രിസ്മസ് മുതൽ പുതുവത്സരം വരെയുള്ള അവധിക്കാലത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്നതിനായും അവയുടെ തിരക്കിൽ നിന്നും മാറി അന്തർമുഖർക്ക് സ്വസ്ഥമാകാനും അനുയോജ്യമായതിനാലാണ് ജനുവരി 2 ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ ലോകം മുഴുവൻ വ്യാപൃതരാകുന്നതിനിടയിൽ ഇൻട്രോവേർട്ടുകൾക്കും ശാന്തമായ ഒരു ദിവസത്തിന് അർഹതയുണ്ടെന്ന ചിന്തയിൽ നിന്നാണ് ദിനാചരണം എന്ന ആശയം രൂപപ്പെട്ടത്. ഈ ദിവസം ഇൻട്രോവേർട്ടുകൾക്ക് സ്വയം റീചാർജ് ചെയ്യാനും വരാനിരിക്കുന്ന ദിവസങ്ങൾക്കായി തയ്യാറെടുക്കുന്നതിനും സഹായിക്കും.


introvert


ഇൻട്രോവേർട്ടുകൾ എല്ലാവരിലും


സെലിബ്രറ്റികൾ എക്സ്ട്രോവേർട്ടുകളാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ സെലിബ്രറ്റികളിലും ഇൻട്രോവേർട്ടുകളുണ്ട്. ലോകമെമ്പാടും പ്രശസ്തരായ പല വ്യക്തികളും ഇൻട്രോവേർട്ടുകളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ പൊതുമധ്യത്തിൽ വരാനും ജനങ്ങളെ അഭിസംബോധന ചെയ്യാനും താത്പര്യമില്ലാത്ത എന്നാൽ സ്വന്തമായ ഇടങ്ങളിൽ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. ബിൽ ഗേറ്റ്‌സ്, ആൽബർട്ട് ഐൻസ്റ്റീൻ, എമ്മ വാട്‌സൺ, ജെ കെ റൗളിം​ഗ്, ബിടിഎസ് താരം ആർഎം, ലേഡി ​ഗാ​ഗ തുടങ്ങിയ പ്രശസ്തർ ഇൻട്രോവേർട്ടുകളാണെന്ന് തിരിച്ചറിഞ്ഞവരാണ്. അന്തർമുഖനാകുന്നത് വിജയത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും മറിച്ച് ഇൻട്രോവേർഷൻ കരുത്താണെന്നും ഇക്കൂട്ടർ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല മൃ​ഗങ്ങളിലും ഇൻട്രോവേർട്ടുകളുണ്ട്. കോവാല, പ്ലാറ്റിപ്പസ്, സ്കങ്ക്, സ്ലോത്ത്, മരുഭൂമിയിൽ കാണപ്പെടുന്ന ആമകൾ എന്നിവ ഇൻട്രോവേർട്ടുകളായി അറിയപ്പെടുന്ന മൃഗങ്ങളാണ്.


അന്തർമുഖരെന്നാൽ അകന്നു നിൽക്കുന്നവരല്ല മറിച്ച് സ്വതന്ത്രമായും വ്യത്യസ്തമായും ചിന്തിക്കാനും പ്രവർത്തിക്കാനും ഇഷ്ടപ്പെടുന്നവരാണ്. ലോക ജനസംഖ്യയിൽ മുപ്പത് മുതൽ അമ്പത് ശതമാനം വരെ ഇൻട്രോവേർട്ടുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻട്രോവേർട്ടുകൾക്ക് വേണ്ടി മാത്രമുള്ളതല്ല ലോക ഇൻട്രോവേർട്ട് ദിനം. അന്തർമുഖരെന്നാൽ എന്താണെന്ന് ചിന്തിച്ചിട്ടുള്ളവർക്കോ അല്ലെങ്കിൽ അങ്ങനെ ഒരാളെ അറിയുകയും അവരോട് കൂടുതൽ ഇടപെഴകണമെന്ന് ആഗ്രഹിക്കുന്നവർക്കും കൂടിയുള്ളതാണ് ഈ ദിവസം. സമൂഹത്തിലെ ഓരോ വ്യക്തികൾക്കും ഓരോ കാഴ്ചപ്പാടുകളും ജീവിതരീതിയും സ്വഭാവ​ഗുണങ്ങളുമാണ്. ലോക ജനസംഖ്യയിൽ അറുപത് ശതമാനത്തോളം വരുന്ന എക്സ്ട്രോവേർട്ടുകൾക്കിടയിൽ (ബഹിർമുഖർ) ഇൻട്രോവേർട്ടുകൾക്കും സമൂഹത്തിൽ ഇടമുണ്ടെന്നും പ്രാധാന്യമുണ്ടെന്നും മനസിലാക്കാൻ ഈ ദിനം വിനിയോ​ഗിക്കാം.



deshabhimani section

Related News

0 comments
Sort by

Home