റിയൽ ടു റീൽ; കേഡലിനെ അനുസ്മരിപ്പിക്കുന്ന സൈക്കോ സൈമൺ


അമ്പിളി ചന്ദ്രമോഹനൻ
Published on May 13, 2025, 04:01 PM | 3 min read
മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് ജോണറുകളാണ് സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രങ്ങൾ. ഇരകൾ, മൂന്നിലൊന്ന്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, അരികിൽ ഒരാൾ, ജോജി, പുഴു, റോഷാക് തുടങ്ങിയ സിനിമകൾ എല്ലാം പ്രേക്ഷക പ്രീതി നേടിയവയാണ്. എന്നാൽ കൊലപാതക പരമ്പരകളെയും മാനസിക പ്രശ്നങ്ങളുള്ള കുറ്റവാളികളെയും ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിരാ പ്രേക്ഷകർക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.
ഉദ്വേഗ ജനകമായി സ്ക്രീനിനു മുന്നിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരായ്ക്ക് കഴിഞ്ഞു. ചിത്രത്തിൽ റിപ്പർ രവി, ബെഞ്ചമിൻ ലൂയിസ് എന്നിങ്ങനെ സൈക്കോളജിക്കൽ ഡിസോഡറുകള്ള കഥാപാത്രങ്ങളുണ്ടെങ്കിലും കാഴ്ചക്കാരിൽ ഒരു നടുക്കം സൃഷ്‌ടിച്ചയാളായിരുന്നു സൈമൺ മാഞ്ഞൂരാൻ അഥവാ സൈക്കോ സൈമൺ. ഫിജറ്റ് സ്പിന്നർ കയ്യിൽ പിടിച്ച് ചെറിയ നിഗൂഢമായ പുഞ്ചിരിയോടെ പൊലീസുകാർക്കൊപ്പം നടന്നുവരുന്ന സൈമണിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർ മറന്നിട്ടുണ്ടാകില്ല.
"ചെറുപ്പം മുതലേ ഉൾവലിഞ്ഞു ജീവിക്കുന്ന പ്രകൃതം. യുകെയിൽ കമ്പ്യൂട്ടർ എൻജിനീയറിങ് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി. കൂടുതൽ സമയവും ചെലവഴിച്ചത് അടച്ചിട്ട മുറിയിൽ തന്റെ കമ്പ്യൂട്ടറുകൾക്കൊപ്പമായിരുന്നു. തന്റെ ഡെബിറ്റ് കാർഡിൽ നിന്ന് കണക്കില്ലാതെ പണം മിസ്സായത് ശ്രദ്ധിച്ച സൈമണിന്റെ പിതാവ് ജോർജ് കണ്ടത് ഡാർക്ക് നെറ്റിൽ പണം കൊടുത്ത് ലൈവ് കൊലപാതക ദൃശ്യങ്ങൾ രസിക്കുന്ന മകനെയാണ്"- അഞ്ചാം പാതിരായിലെ പ്രധാന കഥാപാത്രമായ ക്രിമിനോളജിസ്റ്റ് അൻവർ ഹുസൈൻ സൈക്കോ സൈമണെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
Related News
ധനികരായ മാതാപിതാക്കളുടെ അവഗണയിൽ വളർന്ന ബാല്യകാലമാകാം സൈമണെ ഉൾവലിഞ്ഞ പ്രകൃതക്കാരനാക്കിയത്. ഡാർക്ക് നെറ്റിൽ കണ്ട് പരിചയിച്ച കൊലപാതക രീതികൾ സൈമൺ പരീക്ഷിക്കുന്നത് സ്വന്തം മാതാപിതാക്കളിലാണ്. അമ്മയെയും അച്ഛനെയും ക്രൂരമായി കൊലപ്പെടുത്തിയെന്ന് മാത്രമല്ല മൃതദേഹങ്ങൾക്കൊപ്പം മൂന്ന് ദിവസം താമസിക്കുകയും ചെയ്യുന്ന സൈക്കോപാതിന്റെ സ്ക്രീൻ പ്രസൻസ് പ്രേക്ഷകരിലും നടുക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ സംഭവങ്ങളൊന്നും റീൽ അല്ല റിയലാണെന്ന് തെളിയിക്കുന്നതാണ് നന്തൻകോട് കൂട്ടക്കൊലപാതകം. കേസിലെ പ്രതി കേഡൽ ജിൻസൺ രാജയുമായി സൈക്കോ സൈമണ് വളരെയേറെ സാമ്യങ്ങളുണ്ട്.
അഞ്ചാം പാതിരാ സിനിമയിൽ നിന്നുള്ള ദൃശ്യം
കേഡൽ ജിൻസൺ രാജ എന്ന പേര് കേരളം ആദ്യം കേൾക്കുന്നത് 2017 ഏപ്രിൽ മാസത്തിലാണ്. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചയാളായിരുന്നു കേഡൽ. സൈക്കോ സൈമൺ എന്ന കഥാപാത്രത്തെ പോലെ വിദേശത്തുനിന്നും പഠനം പൂർത്തിയാക്കിയ ചെറുപ്പക്കാരൻ. 2017 ഏപ്രിൽ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോമ്പൗണ്ടിലെ 117–ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഇവരുടെ മൃതദേഹങ്ങൾക്കൊപ്പം കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കൂടി കണ്ടെത്തിയതോടെ കൊലപാതകം നടത്തി കേഡൽ കടന്നതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു. താൻ ഡെവലപ്പ് ചെയ്ത വീഡിയോ ഗെയിം കാണിച്ചുതരാം എന്ന് പറഞ്ഞ് മുറിയിലെത്തിച്ചാണ് മാതാപിതാക്കളെയും, സഹോദരിയെയും ബന്ധുവിനെയും കേഡൽ കൊലപ്പെടുത്തിയത്. ദിവസങ്ങളോളം അതേ വീട്ടിൽ മൃതദേഹങ്ങൾക്കൊപ്പം കേഡൽ താമസിച്ചു. ഇവർ വീട്ടിൽ ജീവനോടെയുണ്ടെന്ന നാട്ടുകാരെ ബോധ്യപ്പെടുത്താന അഞ്ച് പൊതിച്ചോറുകൾ വാങ്ങിയിരുന്നു. വീട്ടിൽ ജോലിക്ക് വന്നിരുന്ന സ്ത്രീയോട് എല്ലാവരും യാത്ര പോയിരിക്കുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
കേഡൽ ജീൻസൺ രാജ
ദിവസങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേഡൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ആത്മാവിനെ ശരീരത്തിൽനിന്ന് വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ നടത്തുന്നതിനിടെയാണ് കൊല നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പിതാവിനോടുള്ള പകയാണ് ക്രൂര കൊലപാതകത്തിന് പിന്നിലെന്നും പിന്നീട് മൊഴി നൽകിയിരുന്നു. കേരളത്തെയാകെ നടുക്കിയ വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.
സിനിമകൾക്ക് പലപ്പോഴും സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രചോദനമാകാറുണ്ട്. അഞ്ചാം പാതിരാ എന്ന സിനിമയ്ക്ക് നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ റഫറൻസ് ഉണ്ടായിരുന്നു. നന്തൻകോട് മാത്രമല്ല കേരളത്തിൽ നടന്ന പല സംഭവങ്ങളും അഞ്ചാം പാതിരായിൽ പ്രചോദനമായിട്ടുണ്ടെന്നും ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് പറഞ്ഞിരുന്നു. അഞ്ചാം പാതിരായിലെ സൈക്കോ സൈമണെ പോലെ കേഡലിനും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. അന്തർമുഖത്വവും ഡാർക്ക് നെറ്റ് ഉപയോഗവും തുടങ്ങി ഇരുവരിലും സമാനതകളേറെയാണ്. ഓരോ തവണ അഞ്ചാം പാതിരാ ആവർത്തിച്ച് കാണുമ്പോഴും ആദ്യത്തെ അതേ നടുക്കത്തിൽ തന്നെ നന്തൻകോട്ടെ കേഡൽ ജിൻസൺ രാജയേയും പ്രേഷകർ ഓർമിക്കും എന്നത് തീർച്ചയാണ്.
0 comments