ഇന്റര്‍നെറ്റ് ഭരിക്കുന്ന ചെന്നായകള്‍; 'ഗെയിം ഓഫ് ത്രോൺസി' ലെ ഭീമൻമാർ തിരിച്ചുവരുമ്പോൾ


ആര്യാ കൃഷ്ണൻ
Published on Apr 09, 2025, 03:02 PM | 3 min read
ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, നിങ്ങൾക്കൊരു സന്തോഷവാർത്ത. ഗോസ്റ്റും ഗ്രേ വിൻഡും നൈമേരിയയുമൊക്കെ ഇനി നിങ്ങൾക്കൊപ്പമുണ്ട്. 12,500 വർഷങ്ങൾക്കു ശേഷം തിരികെയെത്തിയ ചില ചെന്നായകളാണ് ഇന്ന് ഇന്റർനെറ്റ് ഭരിക്കുന്നത്. ഗെയിം ഓഫ് ത്രോൺസെന്ന പ്രശസ്ത സീരീസിലൂടെ ആരാധകവൃന്ദത്തെ സൃഷ്ടിച്ച ഡയർ ചെന്നായ്ക്കളെയാണ് 12,500 വർഷത്തിനു ശേഷം ശാസ്ത്രജ്ഞർ പുനഃസൃഷ്ടിച്ചത്. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഇവയെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായാണ് ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോ സയൻസസിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവയുടെ ചിത്രം പുറത്തുവിട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. വംശനാശം സംഭവിച്ച ഒരിനത്തെ തിരികെയെത്തിച്ചെന്ന് വ്യക്തമാക്കിയതോടെ ജനിതക എൻജിനിയറിങ്ങിനെപ്പറ്റിയുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്.
വീണ്ടും ജനിച്ച റോമുലസും റീമസും
റോമുലസ്, റീമസ് എന്നീ പേരുകളിലുള്ള രണ്ട് ചെന്നായക്കുട്ടികളെയാണ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചത്. റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകരായ മോമുലസിന്റെയും റീമസിന്റെയും പേരാണ് ഇരുവർക്കും നൽകിയിരിക്കുന്നത്. മൂന്ന് ചെന്നായക്കുട്ടികളാണ് ജനിച്ചതെന്നും ഒന്നിന് ഖലീസീ എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് മാസമാണ് ഇവരുടെ പ്രായം. ഖലീസി പെൺ ചെന്നായയാണെന്നും രണ്ട് മാസമാണ് പ്രായമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2024 ഒക്ടോബറിലാണ് ഇവർ ജനിക്കുന്നത്. ഡിഎൻഎ ക്ലോണിങ്, ജീൻ എഡിറ്റിങ് തുടങ്ങിയ പ്രക്രിയകളിലൂടെയാണ് 12,000ത്തിലധികം വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ ചെന്നായ്ക്കളെ വീണ്ടും സൃഷ്ടിച്ചത്.
ഡയർ ചെന്നായകളുമായി ഏറ്റവുമധികം സാമ്യമുള്ള ഗ്രേ ചെന്നായകളുടെ ഡിഎൻഎ ഉപയോഗിച്ചായിരുന്നു പരീക്ഷണം. 12,500 വർഷവും 70,000 വർഷവും പഴക്കമുള്ള ഫോസിലിൽ നിന്ന് ഡയർ ചെന്നായ്ക്കളുടെ ഡിഎൻഎ വേർതിരിച്ചെടുത്താണ് ഇവയുടെ ജനിതക ഘടന പഠിച്ചത്. ഗ്രേ ചെന്നായ്ക്കളുടെ ഭ്രൂണത്തിന്റെ ജനിതകഘടനയിൽ ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എഡിറ്റിങ്ങുകൾ നടത്തി ഡയർ ചെന്നായ്ക്കളുടെ ജനിതകഘടന സൃഷ്ടിക്കുകയായിരുന്നു. ഡയർ ചെന്നായ്ക്കളുടെ എല്ലാ ജനിതക സ്വഭാവങ്ങളോടും കൂടിയ ചെന്നായ്ക്കളാണ് ജന്മമെടുത്തതെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
ഡയർ ചെന്നായ്ക്കളും വംശനാശവും
വടക്കേ അമേരിക്കയിൽ കാണപ്പെട്ടിരുന്ന പ്രധാന വേട്ടമൃഗങ്ങളിലൊന്നായിരുന്നു ഡയർ ചെന്നായ്ക്കൾ. യുറേഷ്യയിൽ നിന്നുള്ള കാനിസ് ജനുസ്സിൽ നിന്നാണ് ഇവ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. ചാര ചെന്നായ്ക്കളേക്കാൾ വലിപ്പം കൂടുതലുള്ള ഇവയ്ക്ക് കട്ടിയുള്ള രോമങ്ങളും ശക്തമായ താടിയെല്ലുകളുമാണുണ്ടായിരുന്നത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനത്തിലും ഹോളോസീൻ കാലഘട്ടത്തിന്റെ ആദ്യകാലങ്ങളിലുമാണ് ഇവ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. ഗ്രേ ചെന്നായകളുടെ പൂർവരൂപമാണ് ഇവയെന്നും പറയപ്പെടുന്നുണ്ട്. ഏകദേശം 12,500 വർഷങ്ങൾക്കു മുമ്പാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത്.
1858ലാണ് ഇവയ്ക്ക് ഡയർ എന്ന പേര് നൽകുന്നത്. വടക്കേ അമേരിക്കയിലെ സമതലങ്ങൾ, പുൽമേടുകൾ, തെക്കേ അമേരിക്കയിലെ വരണ്ട സവന്ന എന്നിവിടങ്ങളിൽ നിന്ന് ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും മറ്റ് ജീവി വർഗങ്ങളുമായുള്ള സംഘർഷവുമൊക്കെയാണ് ഇവയുടെ വംശനാശത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
സിംഹാസനത്തിനായുള്ള പോരാട്ടവും ഡയറിന്റെ ലെഗസിയും
ഡയർ ചെന്നായ്ക്കൾ വീണ്ടും ഭൂമിയിൽ ജനിച്ചത് സോഷ്യൽ മീഡിയയിൽ ഇത്രയധികം ആഘോഷിക്കപ്പെടാനുള്ള പ്രധാന കാരണം ഗെയിം ഓഫ് ത്രോൺസെന്ന പ്രശസ്ത സീരീസാണ്. എച്ച്ബിഒയിൽ സംപ്രേക്ഷണം ചെയ്ത് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സീരീസിൽ പ്രധാനകഥാപാത്രങ്ങളായി തന്നെ ഡയർ ചെന്നായകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹൗസ് ഓഫ് സ്റ്റാർക്കിന്റെ ചിഹ്നമാണ് ഡയർ ചെന്നായകൾ. ആദ്യ സീസണിൽ വനത്തിൽ നിന്ന് കണ്ടെത്തുന്ന ആറ് ചെന്നായക്കുഞ്ഞുങ്ങളെ ഹൗസ് ഓഫ് സ്റ്റാർക്കിലെ ആറു കുട്ടികൾക്ക് വളർത്താനായി നൽകുന്നുണ്ട്. സീരീസ് പുരോഗമിക്കുമ്പോൾ ഇവയെല്ലാം കുട്ടികളുടെ പ്രതീകങ്ങളായി തന്നെ മാറുന്നു.
ഓരോ ചെന്നായയും അവർ വളർത്തുന്ന വ്യക്തിയുടെ അതേ സ്വഭാവ സവിശേഷതകളിലുള്ളവയാണ്. ചെന്നായകളുടെ ജീവിതവും മരണവുമെല്ലാം അവയുടെ ഉടമകളുടേതുമായും കഥാഗതിയുമായും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഗ്രേ വിൻഡ്, ലാഡി, നൈമേരിയ, സമ്മർ, ഷാഗിഡോഗ്, ഗോസ്റ്റ് എന്നിവയാണ് സീരീസിലെ ഡയർ ചെന്നായകൾ.
സീരീസിലെ ജനപ്രിയ കഥാപാത്രമായ ജോണ്‍ സ്‌നോയുടെ ചെന്നായ 'ഗോസ്റ്റ്' തന്റെ ഉടമയുടെ ശാന്ത സ്വഭാവത്തെയും ഒറ്റപ്പെടലിനെയും കരുത്തുമെല്ലാം പ്രതിനിധീകരിക്കുന്നു. ആര്യ സ്റ്റാര്‍ക്കിന്റെ 'നൈമീരിയ' കഥയുടെ വഴിത്തിരിവില്‍ കാട്ടിലേക്ക് മടങ്ങിപ്പോയി സ്വതന്ത്രയായി ജീവിക്കുന്നുണ്ട്. അവളവിടെ വലിയൊരു ചെന്നായ കൂട്ടത്തിന്റെ നേതാവാണ്. എല്ലാ അര്‍ഥത്തിലും ആര്യയുടെ വ്യക്തിത്വത്തിന്റെ പ്രതീകം.
ബ്രാനിന്റെ സംരക്ഷകനും കൂട്ടാളിയുമാണ് 'സമ്മര്‍'. ബ്രാനിന്റെ ഭാവിയെ വിദൂര ശക്തികളുമായി ബന്ധിപ്പിക്കുന്നതിന് വഴിയൊരുക്കുന്നത് സമ്മറാണ്. സമ്മര്‍ കൊല്ലപ്പെടുമ്പോള്‍ ബ്രാനിന്റെ സാധാരണ മനുഷ്യനായുള്ള ജീവിതവും അവസാനിക്കുന്നു. ബ്രാനിന്റെ സങ്കടങ്ങൾ, വളർച്ച, ഭയം, ആത്മബോധം—എല്ലാത്തിനെയും സമ്മര്‍ പ്രതിനിധീകരിക്കുന്നു. ഇവയെല്ലാം നഷ്ടപ്പെട്ടപ്പോൾ ബ്രാന്‍ ഒരു പുതിയ തലത്തിലേക്ക് മാറുന്നു—മനുഷ്യന് അതീതമായ ജ്ഞാനത്തിലേക്ക്.
എഡ്വേര്‍ഡ് സ്റ്റാര്‍ക്കിന്റെ മൂത്ത മകനായ റോബിന്റെ 'ഗ്രേ വിന്‍ഡി'ന്റെ പ്രത്യേകത വേഗതയും ധൈര്യവുമാണ്. റോബിന്റെ ഭരണവും ദുഃഖകരമായ അവസാനവുമെല്ലാം ഗ്രേ വിന്‍ഡിനൊപ്പം ചേർന്നിരിക്കുന്നു. സൗമ്യയും ഓമനത്തമുള്ളവളുമായ 'ലാഡി', സാന്‍സയുടെ ബാല്യത്തിന്റെ പ്രതീകമാണ്. ലാഡി മരിക്കുന്നതോടെ സാൻസയുടെ നിഷ്കളങ്കതയും നഷ്ടപ്പെടുന്നു. റിക്കണിന്റെ 'ഷാഗിഡോഗ്' വന്യവും നിയന്ത്രണാതീതനുമായ ചെന്നായയാണ്. കൃത്യമായ വഴികാട്ടിയില്ലാതെ വളർന്ന റിക്കണിന്റെ മനസിനെയാണ് ഈ ഡയര്‍ വോള്‍ഫ് പ്രതിനിധീകരിക്കുന്നത്. ഷാഗിഡോഗിന്റെ തലവെട്ടിയെടുക്കുന്ന രംഗം റിക്കണിന്റെ അന്ത്യത്തെ കൂടി പ്രതിനിധീകരിക്കുന്നു. അതേ രീതിയില്‍ തന്നെയാണ് റിക്കണിന്റെയും ജീവനെടുക്കുന്നത്.
സീരീസിലെ മറ്റ് കഥാപാത്രങ്ങളെപ്പോലെ ഇവയ്ക്കും വ്യാപകമായ ആരാധക വൃന്ദമുണ്ട്. ജോൺ സ്നോയുടെ ഗോസ്റ്റിനാണ് ഏറെ ആരാധകർ.
'താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്' എന്നാണ് ഗെയിം ഓഫ് ത്രോൺസിന്റെ ക്രിയേറ്ററായ ജോർജ് ആർ ആർ മാർട്ടിൻ ഡയർ ചെന്നായ്ക്കളെ കണ്ട ശേഷം പറഞ്ഞത്. ചെന്നായകളെപ്പറ്റി പുറം ലോകത്തെ അറിയിക്കുന്നതിനു മുമ്പു തന്നെ റോമുലസിനെയും റീമസിനെയും കാണാനായി മാർട്ടിനെ ക്ഷണിച്ചിരുന്നുവെന്ന് കൊളോസൽ ബയോ സയൻസസ് അധികൃതരും പറഞ്ഞിരുന്നു.
പുനർജനിക്കുമോ മാമത്തും ഡോഡോയും?
മനുഷ്യരുമായി അകലം പാലിക്കുന്നവരാണ് ഡയർ ചെന്നായ്ക്കളെന്നും റോമുലസും റീമസും ഇതേ സ്വഭാവം തന്നെയാണ് പ്രകടിപ്പിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. 2024 ഒക്ടോബറിൽ ജനിച്ച ഇവയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് അധികൃതർ പങ്കുവച്ചത്. വംശനാശം സംഭവിച്ച വൂളി മാമത്ത്, ഡോഡോ തുടങ്ങിയവയെയും ഇത്തരത്തിൽ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഡയർ ചെന്നായകൾ തിരിച്ചെത്തിയെന്ന വാർത്ത വന്നതോടെ മാമത്തിനെയും ഡോഡോയേയുമൊക്കെ ഇതുപോലെ തിരിച്ചുകൊണ്ടുവരാനാണ് നെറ്റിസൺസ് ആവശ്യപ്പെടുന്നത്.
0 comments