Deshabhimani

ഷഹീൻ ബാഗ്: കേന്ദ്രസർക്കാരും ബിജെപിയും ഈ സ്‌ത്രീകൾക്കും വിദ്യാർഥികൾക്കും മുന്നിൽ കീഴടങ്ങും - തോമസ്‌ ഐസക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 20, 2020, 06:39 PM | 0 min read

ഷഹീൻ ബാഗിൽ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെക്കുറിച്ച്‌ മന്ത്രി തോമസ്‌ ഐസക്‌ എഴുതിയ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

ഒരു സംശയവുമില്ല. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് ആഞ്ഞടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം ഡൽഹിയിലെ ഷഹീൻ ബാഗ് തന്നെയാണ്. കൊടുംതണുപ്പിൽ പുലർച്ചയ്ക്കുപോലും അയ്യായിരത്തോളം പേർ എല്ലാ ദിവസവും തെരുവിലുണ്ട്. ഒന്നും രണ്ടും ലക്ഷംപേർ അണിനിരന്ന സായാഹ്നങ്ങളും കുറവല്ല. അത്ര വലിയ മൈതാനമൊന്നുമില്ല ഈ സ്ഥലം. നോയിഡയിലേയ്ക്കുള്ള ദേശീയപാതയുടെ ഏതാണ്ട് ഒരു കിലോമീറ്റർ നീളം ജനങ്ങൾ കൈയടക്കിയിരിക്കുകയാണ്.

രണ്ടായിരത്തോളംപേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു പന്തലിലാണ് സ്റ്റേജ്. അവിടെ നിരന്തരമായി പ്രസംഗങ്ങളും കലാപ്രകടനങ്ങളും അരങ്ങേറുന്നു. തെരുവിൽ എവിടെ വേണമെങ്കിലും കലാപ്രകടനങ്ങളാകാം. പ്രസംഗിക്കാം. റോഡിന് ഒരു വശം നീളത്തിൽ കുട്ടികൾക്കുള്ള പരിപാടികളാണ്. ഷഹീൻ ബാഗിലൊന്നു വന്ന് കുറച്ചുനേരം ചുറ്റി നടക്കുക എന്നു പറയുന്നതുതന്നെ പല പ്രതിഷേധക്കാർക്കും ദിനചര്യയുടെ ഭാഗമാണ്. അനേകം ഗ്രൂപ്പുകൾ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നുണ്ട്. ഏറ്റവും ജനപ്രീതി പഞ്ചാബിലെ സിക്ക് കർഷകഗ്രൂപ്പ് ആരംഭിച്ചിരിക്കുന്ന ലങ്കാറിനാണ്. അവിടെ സദാ ചൂടു ചപ്പാത്തി കിട്ടും. പണ്ട് വൈക്കം സത്യാഗ്രഹത്തിനും ഇതുപോലെ ലങ്കാറുമായി പഞ്ചാബികൾ എത്തിയിരുന്ന കാര്യം ഞാനോർമ്മിച്ചു.

സമരക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. പന്തൽ നിറഞ്ഞ് അവരുണ്ട്. പോലീസിന്റെ തലവേദനയും അവരാണ്. ഏതാനും ആയിരം സ്ത്രീകളെ വേണമെങ്കിൽ അറസ്റ്റു ചെയ്തു നീക്കം ചെയ്യാമെന്നു വെയ്ക്കാം. പതിനായിരക്കണക്കിന് സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസിന് ഒരു രൂപവുമില്ല. സ്ത്രീകൾ വെറുതേ ഇരിക്കുകയല്ല. ആർപ്പുവിളിയും മുദ്രാവാക്യവും കൈകൊട്ടിപ്പാട്ടുമൊക്കെയുണ്ട്. ഒരു പതിറ്റാണ്ടു മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽ പ്രതിഷേധക്കൊടുങ്കാറ്റായി പടർന്നുപിടിച്ച ഒക്യൂപൈ വാൾസ്ട്രീറ്റ് കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്നതാണ് ഷഹീൻ ബാഗിലെ പ്രതിഷേധം.

മറ്റൊരു പ്രത്യേകത പ്രത്യേകമായി നേതാക്കളൊന്നുമില്ല, ഈ സമരക്കൂട്ടായ്മയ്ക്ക്. ചോദിച്ചാൽ, നേതാക്കളില്ല എന്നാണ് മറുപടി. എന്നാൽ ഒട്ടേറെ വക്താക്കളുണ്ട്. അവർ ചേർന്ന് ഒരു കോഡിനേഷൻ കമ്മിറ്റിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളും പൗരപ്രമുഖരുമൊക്കെ അടങ്ങുന്ന ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇത്രയുംപേർ ദിവസംതോറും ഒത്തുകൂടിയിട്ടും ഒരു ക്രമസമാധാനപ്രശ്നങ്ങളുമില്ല. അത്രയ്ക്ക് അച്ചടക്കത്തോടെയാണ് സംഘടാനം. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ചുപേർ കൂടി സ്റ്റേജിലേയ്ക്കു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സദസിനു മുന്നിൽ നിന്നിരുന്ന ഒരാൾ ഏതാനും പ്രാവശ്യം കൈവീശി അവരോട് പുറത്തേയ്ക്കു മാറാൻ ആവശ്യപ്പെട്ടു. അവർ അനുസരിക്കുകയും ചെയ്തു.

എനിക്കൊപ്പം വന്ന വോളണ്ടിയർ പറഞ്ഞത്, പ്രസംഗകരുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ വെയ്ക്കുന്നുണ്ടെന്നാണ്. ദൽഹി ഇലക്ഷനല്ലേ, അതുകൊണ്ട് ദൽഹി രാഷ്ട്രീയക്കാരെ പൊതുവിൽ മാറ്റി നിർത്തിയിരിക്കുകയാണ്. മുസ്ലിം തീവ്രവാദ മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളും ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. എല്ലാവരുടെയും സമരം എന്നതാണ് നിലപാട്. പക്ഷേ, ഷഹാനാ ബാഗ് മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. സ്വാഭാവികമായും സമരത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ തന്നെ.

ഏറ്റവും വലിയ തലവേദന ആൾക്കൂട്ടത്തിനിടയിൽ അഞ്ചാംപത്തികൾ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കുമോ എന്നാണ്. കല്ലുമായി ഒരു ചെറു ആർഎസ്എസ് സംഘത്തെ പിടികൂടിയതിനു ശേഷം ഇക്കാര്യത്തിൽ വലിയ ജാഗ്രതയാണ്.
ഷഹീൻ ബാഗിന്റെ സ്വാധീനം ഇന്ത്യയാകെ പടരുകയാണ്. ഇപ്പോൾ വടക്കേ ഇന്ത്യയിൽ ഇതുപോലെ പതിനേഴ് ഇടങ്ങളിൽ ഇതുപോലെ സ്ഥിരമായ ജനകീയ കൂട്ടായ്മകൾ രൂപം കൊണ്ടിട്ടുണ്ട്. മുംബെയിലെ ഇന്ത്യാഗേറ്റിൽ തുടങ്ങിയത് തുടരാൻ കഴിഞ്ഞില്ല. എന്നാൽ, ഡെൽഹിയിലെ പല സ്ഥലങ്ങളിലും ബീഹാറിലുമൊക്കെ പുതിയ ഷഹീൻ ബാഗുകൾ രൂപം കൊള്ളുകയാണ്.

വിദ്യാർത്ഥികളും സ്ത്രീകളും വൻതോതിൽ അണിനിരക്കുന്ന ഈ കൂട്ടായ്മകൾ പൗരത്വനിയമ ഭേദഗതിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആശങ്കയും അമർഷവും പ്രതിഫലിപ്പിക്കുന്നു. കേന്ദ്രസർക്കാരും ബിജെപിയും ഈ ജനവികാരത്തിനു കീഴടങ്ങുന്ന കാലം വിദൂരമല്ല.



deshabhimani section

Related News

View More
0 comments
Sort by

Home