05 June Monday

വാശിയും വിശകലനവും വിടാതെ അശോക് മിത്ര

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2016

കൊച്ചി: കൊല്‍ക്കത്ത പ്ളീനത്തിനിടയില്‍ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അശോക്‌മിത്രയുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ഡോ. തോമസ് ഐസക്ക് ഫേസ്‌ബുക്കില്‍ എഴുതുന്നു:

ഡോ. അശോക്‌ മിത്രയ്‌ക്ക്‌ 87 വയസ്സായി. കാഴ്‌ച മങ്ങി. കേള്‍ക്കുന്നതിനും പ്രയാസമാണ്‌. അപൂര്‍വ്വമായിട്ടേ ഫ്‌ളാറ്റില്‍നിന്ന്‌ പുറത്തുപോകാറുള്ളൂ. പക്ഷെ, വിശകലനത്തിനും വാശിക്കും ഒരു കുറവുമില്ല. ``വേറിട്ടൊന്ന്‌'' എന്ന്‌ അര്‍ത്ഥം വരുന്ന ഒരു ബംഗാളി ദൈ്വവാരിക ഇപ്പോഴും എഡിറ്റ്‌ ചെയ്യുന്നുണ്ട്‌. ``നിങ്ങള്‍ക്ക്‌ തിരക്കില്ലെങ്കില്‍ എനിക്ക്‌ കുറച്ച്‌ പറയാനുണ്ട്‌'' എന്നു തുടങ്ങിയ അദ്ദേഹത്തിന്റെ വര്‍ത്തമാനം ഒരു മണിക്കൂര്‍ നീണ്ടു. ചില കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറിയെ അറിയിക്കാനും ചുമതലപ്പെടുത്തുകയുണ്ടായി. എന്താണ്‌ ബംഗാളില്‍ സംഭവിച്ചത്‌? ഇനി എന്തു പാടില്ല? ഇവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനമായിരുന്നു. കേരളവും ബംഗാളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമായി അദ്ദേഹം കണ്ടത്‌ ബംഗാളില്‍ വിദ്യാഭ്യാസത്തെ അവഗണിച്ചതാണ്‌. പിന്നെ കുറച്ചുനേരം ജി.എസ്‌.ടി സംബന്ധിച്ച്‌ എന്നോട്‌ തര്‍ക്കിക്കുകയും ചെയ്‌തു. വാറ്റ്‌ വിവാദത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനെ ഞാന്‍ ശക്തമായി പിന്തുണച്ചിരുന്നു. എന്നാല്‍, ജി.എസ്‌.ടിയുടെ കാര്യത്തില്‍ ഞാന്‍ കാലുമാറി എന്നാണ്‌ അദ്ദേഹത്തിന്റെ ആക്ഷേപം.

ഒന്നാം കേരള പഠന കോണ്‍ഗ്രസ്സില്‍ അശോക്‌ മിത്ര, പ്രഭാത്‌ പട്‌നായിക്‌, വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ ഒരുമിച്ചിരിക്കുന്ന ചിത്രം ആണ്‌ താഴെ  കൊടുത്തിട്ടുള്ളത്‌.

കേരളത്തിനോട്‌ അദ്ദേഹത്തിന്‌ വലിയൊരു വൈകാരിക ബന്ധമുണ്ട്‌. ഇന്ന്‌ `ആനന്ദബസാര്‍ പത്രിക'യില്‍ നല്‍കിയ അഭിമുഖത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗം കേരളത്തെ കുറിച്ചാണ്‌. ഡോ. അശോക്‌ മിത്രയുടെയും ഐ.എസ്‌. ഗുലാത്തിയുടെയും ആദ്യ കേരള സന്ദര്‍ശനത്തെക്കുറിച്ച്‌ ഐ.എസ്‌. ഗുലാത്തി ഒരിക്കല്‍ വിവരിക്കുകയുണ്ടായി.

1957ല്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബഡ്‌ജറ്റ്‌ തയ്യാറാക്കണം. ഡോ. കെ.എന്‍. രാജ്‌, ഇ.എം.എസിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ മിടുക്കനായ ഒരു ചെറുപ്പക്കാരനെന്നു പറഞ്ഞ്‌ ഐ.എസ്‌. ഗുലാത്തിയുടെ പേരാണ്‌ നിര്‍ദ്ദേശിച്ചത്‌. അക്കാലത്ത്‌ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഹബ്ബ്‌ നാഗ്‌പൂരായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ നാഗ്‌പൂരില്‍ ചെല്ലും. യാത്രക്കാര്‍ അവിടെനിന്ന്‌ തങ്ങളുടെ സ്ഥലത്തേക്ക്‌ പോകുന്ന വിമാനത്തില്‍ മാറിക്കയറി യാത്ര തുടരും. ഇപ്പോഴത്തെ ദുബായ്‌ പോലെയായിരുന്നു അന്ന്‌ ഇന്ത്യയില്‍ നാഗ്‌പൂര്‍. നാഗ്‌പൂര്‍ വിമാനത്താവളത്തില്‍വച്ച്‌ ഗുലാത്തി അശോക്‌ മിത്രയെ കണ്ടു. രണ്ടുപേരും കുശലമെല്ലാം പറഞ്ഞ്‌ പിരിഞ്ഞു.

തിരുവനന്തപുത്ത്‌ വിമാനം ഇറങ്ങിയപ്പോള്‍ അശോക്‌ മിത്രയുമുണ്ട്‌ വിമാനത്തില്‍. ഇരുവരും കേരളത്തിലേക്ക്‌ വരികയായിരുന്നു. അശോക്‌ മിത്രയെ പാര്‍ടി കേന്ദ്രം പറഞ്ഞുവിട്ടതാണ്‌. സന്ദര്‍ശനം രഹസ്യമാക്കി വയ്‌ക്കാനായിരുന്നു ഇരുവര്‍ക്കും ലഭിച്ച നിര്‍ദ്ദേശം. അതുകൊണ്ട്‌ ഈ വിവരം മാത്രം രണ്ടുപേരും നാഗ്‌പൂരില്‍വച്ച്‌ കൈമാറിയില്ല. ഇരുവരും കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ സഹായിക്കാനാണ്‌ കേരളത്തില്‍ ആദ്യമായി വരുന്നത്‌. അശോക്‌ മിത്രയുടെ കസേരയ്‌ക്കടുത്ത്‌ ബുക്ക്‌ ഷെല്‍ഫില്‍ ഇപ്പോഴും ഇ.എം.എസിന്റെ ഒരു ചെറുചിത്രമുണ്ട്‌.

പോസ്റ്റ് ഇവിടെ വായിക്കാം

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top