‘ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നു’: തോമസ്‌ ഐസക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 09:36 PM | 0 min read

സമാനതകളില്ലാത്ത ഒരു ദുരന്തത്തിൽ നിന്ന് മനുഷ്യരെ കൈ പിടിച്ചുകയറ്റാനും കണ്ണീരൊപ്പാനും എല്ലാവരും ചേർന്ന് ശ്രമിക്കുകയാണിവിടെ. പക്ഷേ ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്നും ക്യാബിനറ്റ് റാങ്കുള്ള ആരും ഇതുവരെ വയനാട്ടിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. ഒരു സഹായവും വാഗ്ദാനം  ചെയ്തിട്ടുമില്ല.–- തോമസ്‌ ഐസക്‌ എഴുതുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിനാവശ്യമായ കുറിപ്പടികളും വിതരണം ചെയ്തിട്ടുണ്ടത്രേ. ധന്യ രാജേന്ദ്രൻ, പൂജ പ്രസന്ന, നിധീഷ് എം കെ, ഷാബിർ ആഹമദ് എന്നിവർ ചേർന്നാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സമാനതകളില്ലാത്ത ഒരു ദുരന്തത്തിൽ നിന്ന് മനുഷ്യരെ കൈ പിടിച്ചുകയറ്റാനും കണ്ണീരൊപ്പാനും എല്ലാവരും ചേർന്ന് ശ്രമിക്കുകയാണിവിടെ. പക്ഷേ ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിൽ നിന്നും ക്യാബിനറ്റ് റാങ്കുള്ള ആരും ഇതുവരെ വയനാട്ടിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. ഒരു സഹായവും വാഗ്ദാനം  ചെയ്തിട്ടുമില്ല.

നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്  മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ കള്ളം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകാട്ടിയിരുന്നു.  തുടർന്ന് അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിലും ലോക്‌സഭയിലും പറഞ്ഞത്. അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ പാര്‍ലമെന്റില്‍ ഇടത് എം.പിമാര്‍ അവകാശലംഘന നോട്ടീസുകള്‍ നല്‍കി.

അമിത് ഷാ പ്രതിരോധത്തിലായതോടെയാണ് ശാസ്ത്രജ്ഞരോടും മറ്റും കേരളത്തിനെതിരെ എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയത്. ഒരിടത്ത് കേരളത്തിനെതിരെ വിദ്വേഷ പ്രചാരണത്തിന് നിർദേശം നൽകുകയും പോരാത്തതിന് താൻ തന്നെ നുണ പ്രസ്താവന നടത്തുകയുമാണ് മന്ത്രി ഭൂപേന്ദർ യാദവ് ചെയ്തത്. കേരള സർക്കാരാവട്ടെ, മനുഷ്യ ഇടപെടൽ ഒന്നുമില്ലാത്ത ഭാഗത്തുണ്ടായ ഈ ഉരുൾപൊട്ടലിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് നിഗമനത്തിൽ എത്താനാണ് ശ്രമിക്കുന്നത്.

ഇടുക്കി പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് നാലുവർഷം തികയുകയാണ്. പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്ന രണ്ട് ലക്ഷം രൂപ വീതമുള്ള സഹായം ഇതുവരെ നയാപൈസ നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ പുനരധിവാസം ഉൾപ്പടെ പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും നേരത്തേതന്നെ പൂർത്തിയാക്കിക്കഴിഞ്ഞു.

2018-ലെ പ്രളയ ദുരന്തത്തിൽ സഹായത്തിനെത്തിയ ഹെലികോപ്റ്ററിനും നൽകിയ റേഷനും സംസ്ഥാനത്തോട് പണം ചോദിക്കാൻ ഒരു ബുദ്ധിമുട്ടും കേന്ദ്രത്തിന് ഉണ്ടായില്ല. അന്ന് സംസ്ഥാനത്തെ സഹായിക്കാൻ മുന്നോട്ട് വന്ന വിദേശ രാജ്യങ്ങളെ ദുരഭിമാനത്തിന്റെ പേരുപറഞ്ഞ് വിലക്കി, കേരളത്തിന് കിട്ടുമായിരുന്ന സഹായം ഇല്ലാതാക്കിയവരാണ്. കേരളത്തെ ഒരുതരത്തിലും മുന്നോട്ട് പോകാൻ അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, ഇപ്പോൾ സംസ്ഥാനത്തിനെതിരെ നുണപറയാൻ നാവ് വാടകയ്‌ക്കെടുക്കാൻ നടക്കുകയാണ് നരേന്ദ്രമോദിയുടെ സർക്കാർ.



deshabhimani section

Related News

0 comments
Sort by

Home