05 June Monday

‘‘കഷ്ടിച്ച് മൂന്നു മിനിട്ട് പ്രസംഗത്തിലാണ് ഇത്രയും നുണ’’‐ ഹിന്ദു ഐക്യവേദി നേതാവ്‌ കെ പി ശശികലയുടെ നുണകൾ അക്കമിട്ട്‌ നിരത്തി തോമസ്‌ ഐസക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ദേവസ്വം ബോർഡ് ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന വ്യാജപ്രചരണം നടത്തിയ കെ പി ശശികലക്ക്‌ മറുപടിയുമായി മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌. കെ പി ശശികല തന്റെ പ്രസംഗങ്ങളിൽ ആവർത്തിക്കുന്ന ചില നുണകൾ അക്കമിട്ട്‌ നിരത്തിയാണ്‌ തോമസ്‌ ഐസക്കിന്റെ പ്രതികരണം. വർഗീയവൈരം ജ്വലിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ ഇത്തരം നുണകളെന്നും ഇവയിൽ മാത്രമാണ്‌ ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു.

തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ദേവസ്വം ബോർഡ് ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണ് എന്നൊക്കെ പ്രസംഗിച്ചാൽ വിശ്വസിക്കാനെത്രപേരെ കിട്ടും? യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലാകുന്ന ഇത്തരം പ്രസംഗങ്ങളുടെ ലക്ഷ്യമെന്താണ്? വർഗീയവൈരം ജ്വലിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമെന്നല്ലാതെ എന്തു പറയാൻ. ഇത്തരം അസത്യങ്ങളാണ് ബിജെപി പ്രതീക്ഷകളുടെ മൂലധനം.

എന്റെ ദൃഷ്ടിയിൽപ്പെട്ട വേറൊരു പ്രസംഗത്തിന്റെ കാര്യം പറയാം. അരങ്ങിൽ ഇതേ പ്രസംഗക തന്നെയാണ്.

അവർ ഇങ്ങനെ പ്രസംഗം ആരംഭിക്കുന്നു... "1959ൽ ടിബറ്റ് ചൈന പിടിച്ചെടുത്തപ്പോ...."

ചരിത്രം അറിയുന്ന ആളിന്റെ നെറ്റി ഇവിടം മുതൽ ചുളിഞ്ഞു തുടങ്ങും. കാര്യം ചൈന ടിബറ്റിനെ കീഴടക്കുന്നത് 1951ലാണ്. സാരമില്ലെന്നു വെയ്ക്കാം. കൃത്യമായ വർഷമൊക്കെ എപ്പോഴും ഓർമ്മയിൽ നിൽക്കണമെന്നില്ലല്ലോ. പക്ഷേ, തുടർന്നു കേൾക്കുമ്പോഴാണ് തെറ്റൊക്കെ ബോധപൂർവം വരുത്തുന്നതാണ് എന്നു മനസിലാകുന്നത്.

അവർ തുടരുന്നു.............. "ഇന്ത്യാ ഗവണ്മെന്റ് കൊടുത്ത യാത്രാരേഖകളുമായി പോയ തീർത്ഥാടകർ ചൈനയുടെ ജയിലഴികളിൽ അടയ്ക്കപ്പെട്ടു".

കല്ലുവെച്ച കള്ളങ്ങളുടെ ഘോഷയാത്രയാണ് പിന്നെ നാം കേൾക്കുന്നത്. 1951ൽ ചൈന ടിബെറ്റിനെ കീഴടക്കിക്കഴിഞ്ഞല്ലോ. അപ്പോൾപ്പിന്നെ 1959ൽ ചൈന ടിബറ്റു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യൻ തീർത്ഥാടകർ ചൈനയുടെ ജയിലിലാവാൻ ഒരു വഴിയുമില്ല. എന്നാൽ 1959ൽ മറ്റൊരു സംഭവമുണ്ടായി.

ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തിത്തർക്കം രൂക്ഷമായ കാലത്ത് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ കലാപവും ഏറ്റുമുട്ടലും നടക്കുന്ന സമയം. 1959 മെയ് മാസത്തിൽ കൈലാസത്തിലേയ്ക്കുളള തീർത്ഥാടക സംഘത്തിലെ അംഗമായിരുന്ന സ്വാമി ബ്രഹ്മചാരി ആത്മ ചൈതന്യയെ ടിബറ്റിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് ചൈനയുടെ പട്ടാളം തടഞ്ഞുവെച്ചു ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ചില വസ്തുക്കളുടെ പേരിലും തർക്കമുണ്ടായി.

അഞ്ചുദിവസമാണ് ചൈനീസ് പട്ടാളം അദ്ദേഹത്തെ തടഞ്ഞുവെച്ചത്. ഇതേക്കുറിച്ച് ഇന്ത്യയുടെയും ചൈനയുടെയും വിദേശ മന്ത്രാലയങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. പ്രസംഗത്തിൽ പറയുന്നതുപോലെ ഇന്ത്യ അവഗണിച്ചു തള്ളിയ വിഷയമൊന്നുമായിരുന്നില്ല. ചൈനയുടെ നടപടിയെ ഇന്ത്യ അപലപിച്ചുവെന്നു മാത്രമല്ല, ബീജിംഗുമായി രൂക്ഷമായ വാഗ്വാദവുമുണ്ടായി. സ്വാമിയുടെ കൈവശം ഹോമിയോ മരുന്നായിരുന്നുവെന്ന് ഇന്ത്യയും ആർസെനിക് തുടങ്ങിയ മാരക വിഷങ്ങളായിരുന്നുവെന്ന് ചൈനയും വാദിച്ചു.

ഇനി, പ്രസംഗത്തിലെ അടുത്ത പരാമർശം. .... "അനധികൃതമായി അവരെ ചൈനാ സർക്കാർ ജയിലിട്ടു. ഇന്ത്യൻ തീർത്ഥാടകർ ചൈനീസ് ജയിലിൽ കിടക്കുമ്പോൾ ഇന്ത്യയുടെ പാർലമെന്റു സമ്മേളിച്ചു. ജനസംഘക്കാർ പ്രതിഷേധിച്ചു വാക്കൌട്ടു നടത്തി. ജനസംഘക്കാർ സഭയിൽ ഇല്ലാത്ത തക്കം നോക്കി, ഹജ്ജാജിമാർക്കു സബ്സിഡി കൊടുക്കാനുളള ബില്ലു പാസാക്കി’
എന്തെന്തു കള്ളങ്ങളാണ് ഒറ്റശ്വാസത്തിലിങ്ങനെ തട്ടിവിടുന്നത്? അതൊരു വൈഭവമാണെന്നു സമ്മതിക്കാതെ വയ്യ.

ടിബറ്റ് വിഷയമാക്കി മെയ് നാലിന് രാജ്യസഭയിലും മെയ് 8ന് ലോക് സഭയിലും നടന്ന ചർച്ചയുടെ വിവരങ്ങൾ നെറ്റിൽ ലഭ്യമാണ്. അതിലൊന്നും ജനസംഘക്കാർ സ്വാമി ആത്മചൈതന്യയുടെ വിഷയം ഉന്നയിച്ചതിനോ വാക്കൌട്ടു നടത്തിയതിനോ തെളിവുകളില്ല. ലോക്സഭയിൽ അന്ന് ഭാരതീയ ജനസംഘത്തിന്റെ അംഗസംഖ്യ വെറും നാലു മാത്രമാണ്. അഖില ഭാരതീയ ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച് ഒരാളും. ഇവർ ആത്മചൈതന്യയുടെ വിഷയം ഉന്നയിച്ചതിനോ വാക്കൌട്ടു നടത്തിയതിനോ രേഖകളില്ല.

ഇനി അടുത്ത ചോദ്യം. സ്വാമി ബ്രഹ്മചാരി ആത്മ ചൈതന്യയെ ചൈനീസ് പട്ടാളം ടിബറ്റിൽ തടഞ്ഞുവെച്ചപ്പോഴാണോ ഇന്ത്യയിൽ ഹജ്ജ് സംബന്ധിച്ച നിയമം പാസാക്കിയത്? അല്ലേയല്ല. ഒന്നാമതായി, ഇന്ത്യയിൽ ഹജ്ജ് സബ്സിഡി ഏർപ്പെടുത്തിയത് ബ്രിട്ടീഷുകാരാണ്. 1932ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ പോർട്ട് ഹജ്ജ് കമ്മിറ്റി ആക്ട് നിലവിൽ വന്നത്. ഈ ആക്ടുപ്രകാരം ഹാജ്ജാജിമാർക്ക് യാത്രാച്ചെലവിൽ ആനുകൂല്യം നൽകുന്നത് തുടങ്ങിവെച്ചത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം 1954ൽ കേന്ദ്ര സർക്കാർ ആ സൌജന്യം വിമാനക്കൂലിയിലേക്കു വ്യാപിപ്പിച്ചു. അവിടെയും പ്രസംഗത്തിൽ പറയുന്നതുപോലല്ല കാര്യങ്ങൾ.

ഹജ്ജ് കമ്മിറ്റിയ്ക്ക് സർക്കാർ സഹായം ബ്രിട്ടീഷ് നിയമം തന്നെ വ്യവസ്ഥ ചെയ്തിരുന്നു. അക്കാലത്ത് വിമാനമല്ല, കപ്പലായിരുന്നു ഹജ്ജിനുളള യാത്രാമാർഗം. തീർത്ഥാടകർക്ക് യാത്രയ്ക്കാവശ്യമായ സൌകര്യങ്ങളേർപ്പെടുത്തുകയും അവ വ്യവസ്ഥപ്പെടുത്തുകയും ചെയ്ത ആക്ടായിരുന്നു അത്. ഇന്ത്യാ വിഭജനത്തെ തുടർന്ന് കറാച്ചി തുറമുഖം പാകിസ്താൻ അധീനതയിലായപ്പോൾ പുതിയ നിയമം ആവശ്യമായി വന്നു. തുടർന്ന് 1959ൽ ഹജ്ജ് കമ്മിറ്റി ആക്ട് പാസാക്കി. ആ ആക്ടിന് ഹജ്ജ് സബ്സിഡിയുമായി ബന്ധമൊന്നുമില്ല.

ആത്മചൈതന്യയെ തടഞ്ഞുവെച്ചത് 1959 മെയ് മാസത്തിൽ. ഹജ്ജ് കമ്മിറ്റി ആക്ട് നിലവിൽ വന്നത് 1959 ഡിസംബർ 17നും. അതായത് ആത്മചൈതന്യയെയും സംഘത്തെയും ടിബറ്റിൽ തടഞ്ഞുവെച്ച സമയത്തല്ല, ഹജ്ജ് കമ്മിറ്റി ആക്ട് പാർലമെന്റ് പാസാക്കിയത്. പാസാക്കിയ നിയമത്തിനാകട്ടെ, ഹജ്ജ് സബ്സിഡിയുമായി ബന്ധവുമില്ല. ഒറ്റശ്വാസത്തിൽ ഇവയെല്ലാം കൂട്ടിക്കലർത്തി നുണകളുടെ ഒരു മാലപ്പടക്കത്തിനു തിരികൊളുത്തിയിരിക്കുകയാണിവിടെ.

ഇനി കൈലാസത്തിലേയ്ക്കുളള തീർത്ഥാടനപാത തുറന്നുകൊടുത്തതിന്റെ ക്രെഡിറ്റ് വാജ്പേയിയുടെ ചുമലിലാക്കാനുള്ള ശ്രമത്തിനും വസ്തുതകളുടെ പിൻബലമില്ല. 1954 മുതൽ 1978 വരെ കൈലാസത്തിലേയ്ക്കുളള തീർത്ഥാടന പാത അടച്ചിരുന്നു എന്നത് യാഥാർത്ഥ്യം. എന്നാലും തീർത്ഥാടനം വിലക്കിയിരുന്നില്ല. സർക്കാർ നൽകുന്ന മതിയായ യാത്രാരേഖയുളളവർക്ക് തീർത്ഥാടനം അനുവദിച്ചിരുന്നു. അതുകൊണ്ടാണല്ലോ 1959ൽ ആത്മചൈതന്യയ്ക്ക് ടിബറ്റിൽ പോകാൻ കഴിഞ്ഞത്.

എന്നാൽ പിന്നീട് ഈ പാത തുറന്നത് 1981ലാണ്. അതിൽ വാജ്പേയിയ്ക്ക് ഒരു പങ്കുമില്ല. ബിജെപിയുടെ സഹയാത്രികനായ സുബ്രഹ്മണ്യം സ്വാമി ഫ്രണ്ട്ലൈനിൽ എഴുതിയ Vajpayee's China fiasco എന്ന ലേഖനം വായിച്ചാൽ ബോധ്യമാകും. 1981 നവംബറിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്‌. ആ ലേഖനം വാജ്പേയിയുടെ കാലത്ത് ഇന്ത്യാ ചൈനാ ബന്ധങ്ങളിലുണ്ടായ പാളം തെറ്റലിനെക്കുറിച്ചാണ്. 1978ൽ വാജ്പേയിയ്ക്ക് ചൈനയിലേയ്ക്കു ക്ഷണം കിട്ടിയെന്നും വയറുവേദന അഭിനയിച്ച് ആ ക്ഷണം അദ്ദേഹം നിരസിച്ചുവെന്നും ലേഖനത്തിൽ സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1979 ഫെബ്രുവരിയിൽ അദ്ദേഹം ചൈന സന്ദർശിച്ചുവെങ്കിലും വിയറ്റ്നാമിലെ ചൈനയുടെ ഇടപെടലിനെ തുടർന്ന് തിടുക്കത്തിൽ മടങ്ങേണ്ടി വന്നുവെന്നും ആ ലേഖനം അനുസ്മരിക്കുന്നു.

1981ലാണ് കൈലാസം മാനസസരോവരം തീർത്ഥാടന പാത തുറക്കാൻ ചൈന തീരുമാനിച്ചത്. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു, ഇന്ത്യൻ പ്രധാനമന്ത്രി. യാഥാർത്ഥ്യം ഇങ്ങനെ കിടക്കുമ്പോഴാണ് ഇല്ലാത്ത ക്രെഡിറ്റ് വാജ്പേയിയ്ക്കൊക്കെ ചാർത്തിക്കൊടുക്കുന്നത്. ചുരുങ്ങിയ പക്ഷം സുബ്രഹ്മണ്യസ്വാമിയെങ്കിലും ഇതൊക്കെ അറിഞ്ഞാൽ മൂക്കത്തു വിരൽ വെയ്ക്കുമെന്നു ചിന്തിക്കണ്ടേ?

കഷ്ടിച്ച് മൂന്നു മിനിട്ട് പ്രസംഗത്തിലാണ് ഇത്രയും നുണ. ചരിത്രവും വസ്തുതയുമറിയാത്തവർ ആർത്തുകൈയടിക്കുന്നുണ്ട്, വീഡിയോയിൽ. ഇങ്ങനെ എത്രയോ വീഡിയോകൾ... അവയിലൂടെ പരക്കുന്ന എത്രയോ നുണകൾ...

(വീഡിയോ കമൻ്റിലുണ്ട്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top