Deshabhimani

ലങ്കന്‍ പതാകയേന്താന്‍ ജെവിപി: അടിച്ചമര്‍ത്തലിലും ജ്വലിച്ചുനിന്ന താരകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 03:37 PM | 0 min read

ണ്ടര വർഷം മുമ്പ്‌ ശ്രീലങ്കയിൽ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്‌  ശ്രീലങ്കയിലെ വലതുപക്ഷ സർക്കാരുകളുടെ അഴിമതിക്കും അമിതാധികാരവാഴ്ചയ്ക്കുമെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ കുന്തമുനയായിരുന്നു ജനതാ വിമുക്‌തി പെരമുന എന്ന മാർക്‌സിസ്‌റ്റ്‌  ലെനിനിസ്‌റ്റ്‌ പാർടി. രജപക്‌സമാർ നയിച്ച ഗവൺമെന്റുകൾക്കെതിരെ തലസ്ഥാനമായ കൊളംബോയും സമീപ നാടുകളുമെല്ലാം ഇളകി മറിഞ്ഞപ്പോൾ ആ പ്രക്ഷോഭത്തിന്‌ രാഷ്‌ട്രീയ ഉള്ളടക്കം നൽകാൻ മുന്നിൽനിന്നത്‌ ജെവിപിയായിരുന്നു. അഴിമതിക്കെതിരെ സംസാരിക്കാൻ അർഹത ജെവിപിക്ക്‌ മാത്രമാണെന്ന്‌ ജനങ്ങൾ തിരിച്ചറിഞ്ഞ കാലം. അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികൾ മുറുക്കിയ കുരുക്കിൽ ആ രാജ്യം ശ്വാസം മുട്ടിയപ്പോൾ വെള്ളവും ഭക്ഷണവും ഇന്ധനവും കിട്ടാതെ വലഞ്ഞ ജനങ്ങൾക്ക്‌ സമരമല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. ആ ജനതയെ നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും രാഷ്‌ട്രീയമായി വഴികാട്ടാൻ ജെവിപിക്ക്‌ കഴിഞ്ഞതു തന്നെയാണ്‌ ആ പാർടിയുടെ അനുര ദിസ്സനായക വിജയത്തോടുക്കാൻ കാരണം.

2022ൽ ശ്രീലങ്കയിലെ  സാമ്പത്തിക രാഷ്‌ട്രീയ പ്രതിസന്ധി റിപ്പോർട്‌ ചെയ്യാൻ കൊളംബോയിൽ പോയപ്പോൾ ജെവിപിയുടെ ഇടപെടലുകൾ തൊട്ടറിയാൻ സാധിച്ചു. പാർലമെന്റിൽ നാമമാത്രമായ സാന്നിധ്യം മാത്രമുള്ള ആ പാർടിക്കും അവർ നയിക്കുന്ന മുന്നണിക്കും ജനങ്ങളുടെ എത്ര പെട്ടെന്നാണ്‌ വിശ്വാസമാർജിക്കാൻ സാധിച്ചത്‌.  
മറ്റു ബൂർഷ്വാ പാർടികളെല്ലാം അഴിമതിഗ്രസ്‌തമാണെന്നും ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം അവർ പിന്തുടരുന്ന സമ്പന്നാനുകൂല നയങ്ങളാണെന്നും സ്ഥാപിക്കാൻ ജെവിപിക്ക്‌ സാധിച്ചു. വലതുപക്ഷ പാർടികൾക്കെതിരെ ശക്തമായ പ്രചാരണമാണ്‌ സഖാവ്‌ തിൽവിൻ സിൽവയുടെ നേതൃത്വത്തിലുള്ള ജെപിപിക്കു അഴിച്ചുവിടാനായത്‌.  അങ്ങനെയൊരു സുദീർഘമായ പോരാട്ടത്തിന്റെ ഒരു നിർണായക ഘട്ടത്തിലാണ് ആ പാർടിയുടെ നേതാവ്‌ അനുര ദിസ്സനായകെ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ആധികാരിക വിജയം ഉറപ്പാക്കുന്നത്.  നാഷണൽ പീപ്പിൾസ്‌ പവർ എന്ന ഇടതുപക്ഷ കൂട്ടായ്‌മക്കു വേണ്ടിയാണ്‌ അനുര ദിസ്സനായകെ മത്സരിച്ചത്‌.

 ദക്ഷിണേഷ്യയിൽ നേപ്പാളിനുശേഷം ശ്രീലങ്കയും ചുവന്നു തുടുക്കുമെന്ന്‌ പ്രതീക്ഷിക്കാം. അനുര ദിസ്സനായകെ മരതക ദ്വീപിന്റെ  ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റാകുമെന്നും.                                                                                  2022 ഏപ്രിൽ നാലിന്‌ ബട്ടാരമുള്ളയിലെ ജെവിപി ഓഫീസ്‌ സന്ദർശിക്കുമ്പോൾ ജനറൽ സെക്രട്ടറി തിൽവിയ സിൽവയും പൊളിറ്റിക്കൽ ബ്യൂറോ അംഗവും നാഷണൽ ഓർഗനൈസറുമായ ബിമൽ ബന്ദാരനായയെുമാണ്‌ ഓഫീസിലുണ്ടായിരുന്നത്‌.  അന്താരാഷ്‌ട്ര അതിഥിയായ സഖാവ്‌ എന്ന നിലയ്‌ക്ക്‌ എല്ലാ പരിഗണനയും അവർ എനിക്ക്‌ നൽകി.

വംശീയ യുദ്ധകാലത്തും പിന്നീട്‌ ഒരു തീവ്രസിംഹള പാർടിയെന്ന ആക്ഷേപം ജെവിപിക്ക്‌ മേലുണ്ടായിരുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അവർ ചിരിച്ചു. അത്‌ അന്ന്‌ വലതുപക്ഷം അന്താരാഷ്‌ട്രതലത്തിൽ പ്രചരിപ്പിച്ച ആരോപണമാണ്‌. ഇപ്പോൾ തമിഴ്‌, മുസ്‌ലിം, കൃസ്‌ത്യൻ സാന്നിധ്യം നേതൃനിരയിലുണ്ടെന്ന്‌ അവർ പറഞ്ഞു. ജയവർധനെയുടെ കാലത്ത്‌ പൊളിറ്റ്‌ബ്യൂറോയിലെ ഭൂരിഭാഗം പേരെയും കൊന്നൊടുക്കിയ കാര്യവും അനുസ്‌മരിച്ചു. പല നേതാക്കളും കേരളത്തിലടക്കം ഒളിവിൽ കഴിഞ്ഞിരുന്നു.  ശക്തമായ അടിച്ചമർത്തലുകൾ അതിജീവിച്ചാണ്‌ ജെവിപി മുന്നേറിയത്‌. ഇരുവരുമായും ദീർഘനേരം ശ്രീലങ്കൻ രാഷ്‌ട്രീയത്തെക്കുറിച്ച്‌ സംസാരിച്ചു. അവർ ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഒരുപാട്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home