സുബിൻ ഡെന്നിസ് എഫ് ബി പോസ്റ്റ്
മൻമോഹണോമിക്സ് അത്ര മെച്ചമായിരുന്നുവോ
ഇന്ത്യയിൽ നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ അനിവാര്യമായിരുന്നോ?
ഡോ. മൻമോഹൻ സിംഗും കൂട്ടരും അവരുടെ പിൻഗാമികളും നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്കും തൊഴിലാളികൾക്കും വിനാശമാണ് വരുത്തിയത് എന്ന കാര്യത്തിൽ സംശയമില്ല.
നവലിബറൽ സാമ്പത്തിക നയങ്ങൾ കാർഷിക മേഖലയ്‌ക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. 1995-നു ശേഷം ഇന്ത്യയിൽ നാലു ലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തു എന്ന വസ്‌തുത നമ്മുടെ രാജ്യത്തെ കാർഷിക പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം കഴിഞ്ഞ 2014-നകം തന്നെ 3 ലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തിരുന്നു. സാമ്പത്തികനയങ്ങൾ ആയുധമാക്കി നടത്തിയ ഒരു കൂട്ടക്കൊല തന്നെയായിരുന്നു ഇത്.
തൊഴിലുത്പാദനം കുറയുകയും ഉള്ള തൊഴിലുകളുടെ സുരക്ഷിതത്വം ഗണ്യമായി കുറയുകയും ചെയ്‌ത കാലമാണ് നവലിബറൽ നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയതു മുതലുള്ള കാലം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സാമ്പത്തിക അസമത്വങ്ങൾ ഏറ്റവുമധികം വർദ്ധിച്ചതും ഇക്കാലത്തുതന്നെ.
ഇങ്ങനെ ജനങ്ങൾ അനുഭവിച്ച, വർദ്ധിച്ച തോതിലുള്ള ദുരിതമാണ് തീവ്ര വലത്, വർഗീയ പ്രസ്ഥാനങ്ങൾക്ക് വളരാൻ ഇന്ത്യയിൽ വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുത്തത്. ഉപജീവനം കൂടുതൽ അസ്ഥിരമാകുന്ന സാഹചര്യത്തിന്, ജനങ്ങൾ നേരിടുന്ന സാമ്പത്തികപ്രയാസത്തിന്, കാരണമായി ഒരു “അപരനെ” ചൂണ്ടിക്കാണിക്കുകയാണ് ലോകത്തെല്ലായിടത്തും തീവ്രവലത് പ്രസ്ഥാനങ്ങൾ ചെയ്യാറ്. ഇന്ത്യയിൽ ഈ “അപരർ” പ്രധാനമായും മതന്യൂനപക്ഷങ്ങളാണ്. തീവ്രവലതുപക്ഷത്തിന്റെ വിദ്വേഷ പ്രചാരണത്തിന് പിന്തുണയേറുന്ന കാലമാണ് ജനജീവിതം സാമ്പത്തികതലത്തിൽ കൂടുതൽ ദുരിതമയമാകുന്ന കാലഘട്ടം. നമ്മുടെ രാജ്യത്തും സംഭവിച്ചത് അതുതന്നെ.
അതേസമയം, ഈ സാമ്പത്തിക നയങ്ങളെ എതിർക്കുന്നവരിലും നല്ലൊരു പങ്ക് ആളുകൾ വിശ്വസിക്കുന്നത്, നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഒഴിവാക്കാൻ പറ്റില്ലായിരുന്നു എന്നാണ്. 1990-91 കാലത്ത് ഇന്ത്യ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നും ആ പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പാക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു എന്ന വലതുപക്ഷവാദമാണ് അവരും വിശ്വസിക്കുന്നത്. എന്നാൽ ഈ വാദം തെറ്റാണ് എന്ന് തെളിയിക്കുന്ന പഠനങ്ങൾ ലഭ്യമായിട്ട് കാലങ്ങളേറെയായി. അവ വെളിവാക്കുന്നത് ഇവയാണ്:
1) ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയുടെ ഉത്പാദനമേഖലകളിൽ പ്രതിസന്ധി ഉണ്ടായിരുന്നില്ല. 1990-91-ൽ ആഭ്യന്തര ഉത്പാദനം 4.9 ശതമാനവും, കാർഷിക ഉത്പാദനം 3.2 ശതമാനവും, വ്യാവസായിക ഉത്പാദനം 8.3 ശതമാനവും വർദ്ധിച്ചിരുന്നു. എന്നാൽ കനത്ത വിലക്കയറ്റം ഉണ്ടായി. സർക്കാർ തന്നെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും വില 18 ശതമാനവും 15 ശതമാനവും വീതം വർദ്ധിപ്പിച്ചതായിരുന്നു ഈ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. (ഇതിനോടൊപ്പം ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. 1990-91-ൽ വിലക്കയറ്റം 12.1 ശതമാനമായിരുന്നു എങ്കിൽ, മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന രണ്ടാം കാലയളവിൽ (2009-14) ശരാശരി വാർഷിക വിലക്കയറ്റം 10.06 ശതമാനമായിരുന്നു. അതിൽത്തന്നെ 2009-10-ൽ 14.86 ശതമാനമായിരുന്നു വിലക്കയറ്റം.
പെട്രോളിയം എണ്ണയുടെ വിലനിയന്ത്രണം മാറ്റിയതും ഭക്ഷ്യ, ഇന്ധന സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമവും, വ്യാവസായിക മേഖലയിലുള്ള കുത്തകവൽക്കരണം നിമിത്തം മരുന്നുകൾ മുതലായ വ്യവസായ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്ക് സാധിച്ചതുമായിരുന്നു മന്മോഹൻ സിംഗ് ഭരണകാലത്തെ ഈ വിലക്കയറ്റത്തിനു കാരണം.)
2) വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർദ്ധിച്ചിരുന്നു. അതിനു കാരണമായത്, വരേണ്യ വിഭാഗങ്ങളുടെ ഉപഭോഗത്വരയെ തൃപ്തിപ്പെടുത്താനായി 1985-86 മുതൽ നടപ്പാക്കിയ ഇറക്കുമതി ഉദാരീകരണമായിരുന്നു.
3) എൺപതുകളുടെ ഒടുവിൽ വിദേശത്തുനിന്നും വാണിജ്യവായ്‌പയെടുക്കുന്നത് (external commercial borrowings) വർദ്ധിച്ചിരുന്നു. പലിശയടവ് വർദ്ധിക്കുന്നത് കറന്റ് അക്കൗണ്ട് കമ്മി ഉയരാനിടയാക്കി. പഴയ കടം തിരിച്ചടയ്‌ക്കാൻ വീണ്ടും കടം വാങ്ങേണ്ടിവന്നതോടെ തിരിച്ചടയ്‌ക്കാനുള്ള കടത്തിന്റെ വലിപ്പം വർദ്ധിച്ചു. വലിയ തോതിലുള്ള വിദേശക്കടം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഊഹക്കച്ചവടശക്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലപ്പെടുത്തി.
4) 1991 മാർച്ചിൽ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം, വ്യാപാരക്കമ്മി കുത്തനെ കുറയാനിടയാക്കി. മൂന്ന് മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ ആ മാസം ഇന്ത്യയുടെ പക്കലുണ്ടായിരുന്നു. ഇത് ഇന്ത്യൻ സാഹചര്യത്തിൽ സുരക്ഷിതമായ നിലയായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നിട്ടും വിദേശനാണ്യത്തിന് ദൗർലഭ്യമുണ്ടായി. ഇതിനു കാരണം, ഊഹക്കച്ചവടലാക്കോടെ പണം പുറത്തേയ്‌ക്കൊഴുകിയതാണ്. വ്യാപാരക്കമ്മിയോ കറന്റ് അക്കൗണ്ട് കമ്മിയോ ആയിരുന്നില്ല ഈ കുഴപ്പം സൃഷ്‌ടിച്ചത്.
5) ഇന്ത്യയ്‌ക്ക് വിദേശനാണ്യശേഖരം വർദ്ധിപ്പിക്കാനുള്ള അവസരം ഇക്കാലത്ത് ഉണ്ടായിരുന്നു. ഗൾഫ് യുദ്ധത്തിനിടെ കുവൈത്തിലുള്ള ഇന്ത്യയ്‌ക്കാർ ഇന്ത്യയിലേയ്‌ക്ക് പണമയയ്‌ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കുവൈത്തി കറൻസി സ്വീകരിക്കാൻ ഇന്ത്യൻ ബാങ്കുകൾ വിസമ്മതിച്ചു. അതേസമയം പാശ്ചാത്യബാങ്കുകൾക്ക് ആ പണം സ്വീകരിക്കാൻ മടിയുണ്ടായില്ല. അങ്ങനെ 5 മുതൽ 7 ലക്ഷം കോടി ഡോളർ പാശ്ചാത്യ ബാങ്കുകളിലേയ്‌ക്ക് ഒഴുകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആ പണം ഇന്ത്യയിലേയ്‌ക്ക് വന്നിരുന്നെങ്കിൽ വിദേശനാണ്യ ദൗർലഭ്യം എളുപ്പത്തിൽ മറികടക്കാനായേനേ.
6) വിദേശനാണ്യ ദൗർലഭ്യം മറികടക്കാൻ നവലിബറൽ പരിഷ്‌കാരങ്ങൾ അല്ലാത്ത മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നു - കാര്യമായ നിബന്ധനകളില്ലാത്ത ഐ.എം.എഫ്. വായ്‌പ ലഭിക്കുമായിരുന്നു. അത്തരം വായ്‌പയും ഇറക്കുമതി നിയന്ത്രണവും ഉപയോഗിച്ച് വിദേശനാണ്യ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു.
7) എന്നാൽ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്, ആഞ്ഞുപിടിച്ച് structural adjustment എന്ന പേരിൽ അറിയപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ്. ഈ നയങ്ങൾ ശരിക്കും ആവശ്യമായതുകൊണ്ടായിരുന്നില്ല അവ നടപ്പാക്കിയത്. ഉദാരീകരണം വേണമെന്ന് വാദിക്കുന്ന ലോബി ഇതാണ് ആഗ്രഹിച്ചത് എന്നതിനാലാണ് ഇത്തരം നയങ്ങൾ നടപ്പാക്കിയത്. അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഇന്ത്യൻ സർക്കാരിലെയും കോർപ്പറേറ്റ് മേഖലയിലെയും ചില പ്രമുഖ വിഭാഗങ്ങൾ എന്നിവർ ചേർന്നതായിരുന്നു ഈ ലോബി.
ചുരുക്കിപ്പറഞ്ഞാൽ, 1980-കളുടെ രണ്ടാം പകുതി മുതൽ പടിപടിയായി നടപ്പാക്കിയ ഉദാരീകരണ നയങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ അതിജീവനശേഷിയെ ദുർബലപ്പെടുത്തി, അടവുശിഷ്‌ടക്കുഴപ്പത്തിലേയ്‌ക്ക് (balance of payments difficulties) നയിച്ചു. ഈ നയങ്ങൾ നടപ്പാക്കിയ അതേയാളുകൾ തന്നെ, അവരുടെ നയങ്ങൾ വഴി സൃഷ്‌ടിക്കപ്പെട്ട പ്രതിസന്ധിയെ ഒരു “സുവർണാവസരം” ആയിക്കണ്ട് കൂടുതൽ മൂർച്ചയുള്ള നവലിബറൽ നയങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ കുത്തിയിറക്കി. ഈ നയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ദുരിതം, ഇന്ത്യയിൽ വർഗീയ തീവ്രവലതുപക്ഷത്തിന്റെ വലിയ തോതിലുള്ള വളർച്ചയ്‌ക്ക് വഴിയൊരുക്കി.
Subin Dennis Fb Post
----------------
ഈ വിഷയം കൂടുതൽ മനസ്സിലാക്കാൻ വായിക്കാവുന്ന പഠനങ്ങൾ:
1) "Indian Economy Under Structural Adjustment", by Prabhat Patnaik and CP Chandrasekhar, 'Economic and Political Weekly', November 25, 1995.
2) 'The Market That Failed' (2002), by CP Chandrasekhar and Jayati Ghosh,
0 comments