Deshabhimani

ക്യാൻസർ നമ്മുടെ തന്നെ കോശങ്ങളാണ്, എങ്കിൽ അവ എന്തിന് ശരീരത്തെ ആക്രമിക്കുന്നു

cancer cells
avatar

Published on Dec 20, 2024, 11:10 AM | 7 min read

ഏറ്റവും ലഘുവായി പറഞ്ഞാല്‍ ക്യാന്‍സര്‍ ഒരു ക്ലോണ്‍ രോഗമാണ്. ഒരു പൂര്‍വ്വിക കോശത്തിന്റെ പകര്‍പ്പുകളെ ബയോളജിയില്‍ ക്ലോണുകള്‍ എന്നാണ് വിളിക്കുന്നത്‌. അങ്ങനെ അന്തമില്ലാതെ സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന ഒരു കൂട്ടം കോശങ്ങള്‍. അതാണ്‌ ക്യാന്‍സര്‍.

 

കോശങ്ങള്‍ സ്വയം പകര്‍പ്പുകള്‍ എടുക്കുന്നത് ശരീരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ഒരു ഭ്രൂണം വളരുന്നതും, ശരീരം വലുതാകുന്നതും, ദേഹത്തുണ്ടാകുന്ന പരിക്കുകള്‍ റിപ്പയര്‍ ചെയ്യുന്നതും അങ്ങനെ കോശങ്ങള്‍ വളര്‍ത്തിക്കൊണ്ടു തന്നെയാണ്.

നിങ്ങള്‍ ഈ വാചകം വായിച്ചു കഴിയുമ്പോഴേക്കും നിങ്ങളുടെ ശരീരത്തില്‍ 50,000 ഓളം കോശങ്ങള്‍ മരിക്കുകയും, പുതിയ കോശങ്ങള്‍ ഉണ്ടാകുകയും ചെയ്തിരിക്കും. അതായത് ഇങ്ങനെ പുതിയ പകര്‍പ്പുകള്‍ ഉണ്ടാക്കല്‍ കോശങ്ങളുടെ അടിസ്ഥാന സ്വഭാവമാണ്. അവയുടെ ജോലിതന്നെ അതാണ്‌.

എന്നാല്‍ ക്യാന്‍സറിന്റെ കാര്യത്തില്‍ ഈ പകര്‍പ്പെടുക്കല്‍ അസ്ഥാനത്തുള്ളതും, അനിയന്ത്രിതവുമാണ് എന്നതാണ് വ്യത്യാസം. ഒരു കാര്യവുമില്ലാതെ വളരാന്‍വേണ്ടി മാത്രം വളരുന്ന കോശങ്ങളാണ് ക്യാന്‍സര്‍ കോശങ്ങള്‍. ഇങ്ങനെ അനാവശ്യമായി വളരുന്ന കോശങ്ങള്‍ ആ അവയവങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു.


ഓങ്കോ ജീനും സപ്രസ്സർ ജീനും

 

കോശങ്ങളെ വിഭജനത്തിനു പ്രേരിപ്പിക്കുന്ന ജീനുകളാണ് ഓങ്കോജീനുകള്‍. അതുപോലെ വിഭജനം നിര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്ന ജീനുകളാണ് ട്യൂമര്‍ സപ്രസ്സര്‍ ജീനുകള്‍. ഒരു വാഹനത്തിന്റെ ആക്സിലറേറ്ററും, ബ്രേയ്ക്കുംപോലെ എന്ന് കരുതാം.

വളരാനോ, അല്ലെങ്കില്‍ പരിക്കുകള്‍ റിപ്പയര്‍ ചെയ്യാനോ കൂടുതല്‍ കോശങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ഓങ്കോജീനുകള്‍ ഉണരുന്നു. കോശങ്ങള്‍ക്ക് വിഭജിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. ആവശ്യത്തിനു കോശങ്ങള്‍ ആയിക്കഴിഞ്ഞാല്‍ ട്യൂമര്‍ സപ്രസ്സര്‍ ജീനുകള്‍ ബ്രേക്കിടുന്നു. അതനുസരിച്ച് കോശങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതാണ് സാധാരണ നടക്കുക.

cancer

എന്നാല്‍ ക്യാന്‍സറിന്റെ കാര്യത്തില്‍ ചില കോശങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് പ്രശ്നം. നിയന്ത്രണം വിട്ടു കുതിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ബ്രേക്ക്‌ നഷ്ടപ്പെട്ട ഒരു വാഹനം പോലെയാണ് ക്യാന്‍സര്‍ കോശം.

അതായത്, ക്യാന്‍സര്‍ നമ്മുടെ തന്നെ കോശങ്ങളാണ്. ഒരു ക്യാന്‍സര്‍ കോശവും, സാധാരണ കോശവും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ല. നമ്മുടെ നല്ല കോശങ്ങളുടെ പരട്ടയായ ഇരട്ടയാണ് ക്യാന്‍സര്‍ കോശം എന്നു പറയാം‍. ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്.


ക്യാൻസർ ഉണ്ടാവുന്നത്


അപ്പോള്‍, ക്യാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു? അതിന്റെ കാരണമെന്ത്? ജോണ്‍ ഹോപ്പ്കിന്‍സിലെ ഓങ്കോളജി പ്രൊഫസറായിരുന്ന ബെര്‍ട്ട് വോഗല്‍സ്റ്റീന്‍ ഒരൊറ്റ വാചകത്തില്‍ ക്യാന്‍സറിന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം."The revolution in cancer research can be summed up in a single sentence: cancer is, in essence, a genetic disease". ക്യാന്‍സര്‍ ഒരു ജനിതക രോഗമാണ് എന്ന അഭിപ്രായമാണ്.

 

നിങ്ങളുടെ കോശങ്ങള്‍ എത്രയും കൂടുതല്‍ തവണ വിഭജിക്കുന്നുവോ അത്രയും തവണ നിങ്ങളുടെ ക്രോമോസോമുകളുടെ പകര്‍പ്പുകള്‍ എടുക്കേണ്ടിവരുന്നു. കൂടുതല്‍ പകര്‍പ്പുകള്‍ എടുക്കും തോറും അതില്‍ തെറ്റുകള്‍ അതായത് മ്യൂട്ടേഷനുകള്‍ വരാനുള്ള സാധ്യതയും കൂടുന്നു. (നിങ്ങള്‍ എത്ര ദൂരം വാഹനം ഓടിക്കുന്നുവോ അത്രയും അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു എന്ന പോലെ.)

cancer

അതായത് ക്യാന്‍സര്‍ നമ്മുടെ ജനിതക ഘടനയില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടതാണ്. നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത്, അനിവാര്യമായും അര്‍ബുദ വളര്‍ച്ചയെ കെട്ടഴിച്ചു വിടുകയാണ് ചെയ്യുന്നത്. മിക്കവര്‍ക്കും തൃപ്തികരമായി തോന്നില്ലെങ്കിലും ക്യാന്‍സര്‍ വരുന്നതു മിക്കവാറും നിങ്ങളുടെ നിര്‍ഭാഗ്യം കൊണ്ടാണ് എന്നതാണ് സത്യം (പുകയില ഉപയോഗം പോലുള്ളവ ഒഴിച്ചു നിര്‍ത്തിയാല്‍).

ഭൂരിഭാഗം ക്യാന്‍സറുകളും അന്‍പതു വയസ്സിനു ശേഷമാണ് പ്രത്യക്ഷപ്പെടുന്നത്. കോശങ്ങള്‍ കൂടുതല്‍ തവണ വിഭജിക്കും തോറും അതില്‍ തെറ്റുകള്‍ വരാനുള്ള സാധ്യത കൂടുന്നു. തെറ്റു തിരുത്തലുകള്‍ പഴയപോലെ കാര്യക്ഷമമായി നടക്കുന്നുമില്ല. ശരിക്കും നമ്മുടെ ദീര്‍ഘായുസ്സിന്റെ ഒരു സൈഡ് ഇഫക്റ്റ്‌ മാത്രമാണ് ക്യാന്‍സര്‍. ഒന്നില്ലാതെ മറ്റേത് ഉണ്ടാകില്ല.


പ്രായം കൂടുന്തോറും ക്യാൻസർ സാധ്യതയും

 

ഉദാഹരണത്തിന്, സ്തനാര്‍ബുദ സാധ്യത മുപ്പതു വയസ്സുള്ള ഒരു സ്ത്രീക്ക് 400 ല്‍ 1 ആണെങ്കില്‍ എഴുപതു വയസ്സുള്ള ഒരു സ്ത്രീക്ക് അത് 9 ല്‍ 1 എന്ന തോതിലേക്ക് ഉയരുന്നു. മിക്ക പുരാതന സമൂഹങ്ങളിലും ആളുകള്‍ ക്യാന്‍സര്‍ പിടിപെടാന്‍ വേണ്ടത്ര കാലം ജീവിച്ചിരുന്നില്ല. ക്ഷയം, കോളറ, വസൂരി, പ്ലേഗ്, ന്യുമോണിയ ഒക്കെ പിടിച്ചു മരിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ച് മരിക്കാനുള്ള ആയുസ്സെവിടെ?

 

ഇന്നിപ്പോള്‍ ഹരിത വിപ്ലവം അര്‍ബുദം വിതച്ചു എന്നൊക്കെയുള്ള വിടുവായത്തം വിളിച്ചു പറയാന്‍ പ്രകൃതി സ്നേഹികള്‍ക്ക് അവസരം ഉണ്ടാക്കിയത് ഹരിത വിപ്ലവത്തിന്റെ ഗുണം മൂലം മൂന്നു നേരവും കൃത്യമായി വല്ലതും തിന്നാന്‍ കിട്ടിയതാണ്, ആധുനിക ശാസ്ത്രം കണ്ടുപിടിച്ച വാക്സിനേഷനും, ആന്റിബയോട്ടിക്കുകളുമാണ്. വല്ല വസൂരിയോ, വയറിളക്കമോ വന്ന്, അല്ലെങ്കില്‍ പട്ടിണികിടന്നു തന്നെ നേരത്തെ ചത്തു പോകുമായിരുന്നവര്‍ക്ക് ക്യാന്‍സറുണ്ടാകില്ല. ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പ്രധാനമായും ആറു സ്വഭാവവിശേഷങ്ങളുണ്ട്.

സവിശേഷ സ്വഭാവങ്ങൾ 


1. വളരാനുള്ള സൂചനകളിലുള്ള സ്വയം പര്യാപ്തത: അര്‍ബുദ ജീനുകളുടെ പ്രവര്‍ത്തനഫലമായി അര്‍ബുദ കോശങ്ങള്‍ക്ക് നിര്‍ത്താതെ വിഭജിക്കാനുള്ള സ്വയം പ്രേരണ ഉണ്ടാകുന്നു. അതായത് ഓങ്കോജീനുകള്‍ അമിതമായി പ്രവര്‍ത്തിക്കുന്നു. വാഹനത്തിന്റെ ആക്സിലറേറ്റര്‍ ജാമായതുപോലെ എന്നു പറയാം.

2. അനുസരണക്കേട്‌: ക്യാന്‍സര്‍ കോശം വളര്‍ച്ച നിയന്ത്രിക്കുന്ന സൂചനകളോടു പ്രതികരിക്കാതാകുന്നു. അതായത് ട്യൂമര്‍ സപ്രസ്സര്‍ ജീനുകള്‍ പ്രവര്‍ത്തിക്കാതാകുന്നു. വാഹനത്തിന്റെ ബ്രേയ്ക്കും പോയി എന്നര്‍ത്ഥം.

ഇങ്ങനെ ആക്സിലറേറ്ററും, ബ്രേയ്ക്കും നഷ്ടപ്പെടുന്നത് ശരീരത്തിന്റെ കാര്യത്തില്‍ അത്ര അസാധാരണമൊന്നുമല്ല. ഇത് വായിക്കുന്ന നിങ്ങളുടെ ശരീരത്തില്‍ ഈ നിമിഷം ചിലപ്പോള്‍ അത്തരം കോശങ്ങള്‍ ഉണ്ടാകാം. പക്ഷേ അവിടെ ശരീരം അത്തരം കോശങ്ങള്‍ക്ക് സ്വയം നശിപ്പിക്കാനുള്ള ഉത്തരവ് നല്‍കും. ഏതാണ്ട് എല്ലാ കോശങ്ങളും മുകളില്‍ നിന്നുള്ള ആജ്ഞ ശിരസാ വഹിച്ച് ആത്മഹത്യ ചെയ്യും. ഇതിനെ അപ്പോപ്റ്റോസിസ് എന്നു പറയും.

 

3. സ്വയം മരണം വരിക്കാനുള്ള വിമുഖത: ചില ക്യാന്‍സര്‍ കോശങ്ങള്‍ ഇങ്ങനെ അപ്പോപ്റ്റോസിസ് എന്ന ആത്മഹത്യ ചെയ്യാന്‍ തയ്യാറാകില്ല. കോശങ്ങളെ മരിക്കാന്‍ സഹായിക്കുന്ന ജീനുകളേയും, സംവിധാനങ്ങളെയും ഈ ക്യാന്‍സര്‍ കോശങ്ങള്‍ നിര്‍വ്വീര്യമാക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്നു.

 

4. അപരിമിതമായ വിഭജനശേഷി: ഇനി ആത്മഹത്യ ചെയ്തില്ലെങ്കില്‍ പോലും സാധാരണ ഗതിയില്‍ ഒരു നിശ്ചിത തവണ വിഭജിച്ചു കഴിഞ്ഞാല്‍ കോശവിഭജനം താനേ നില്‍ക്കും. ഇതിനെ ഹേഫ്ലിക് ലിമിറ്റ് എന്ന് പറയും. ഇവിടെ ക്യാന്‍സര്‍ കോശങ്ങള്‍ ഹേഫ്ലിക് ലിമിറ്റും കടന്നു പോകുന്നു.

cancer and healthy cells

 

ക്രോമോസോമുകളുടെ അറ്റത്ത്‌ ടീലോമിയര്‍ എന്നൊരു ഭാഗമുണ്ട്. ഓരോ തവണയും കോശവിഭജനം നടക്കുമ്പോള്‍ ഈ ടീലോമിയര്‍ ചെറുതായി വരും. ഒടുവില്‍ ടീലോമിയര്‍ തീരുന്നതോടെ കോശങ്ങളുടെ വിഭജനവും നിലക്കും. കോശങ്ങളുടെ ആക്സിലറേറ്ററും, ബ്രേയ്ക്കും പോയാല്‍ പോലും കുറെ ഓടിക്കഴിഞ്ഞാല്‍ എഞ്ചിന്‍ ചൂടായി വണ്ടി താനെ നില്‍ക്കും എന്നര്‍ത്ഥം.

ഇവിടെ ക്യാന്‍സര്‍ കോശങ്ങള്‍ സ്വന്തമായി കൂടുതല്‍ ടീലോമിയര്‍ നിര്‍മ്മിക്കാനുള്ള കഴിവു നേടുന്നു. അതുവഴി അനന്തമായി വിഭജിച്ചുകൊണ്ടിരിക്കാനുള്ള കഴിവും. അങ്ങനെ അമരത്വം നേടിയ, അതായത് വാര്‍ദ്ധക്യത്തെ അതിജീവിച്ച നമ്മുടെതന്നെ കോശങ്ങളാണ് ക്യാന്‍സര്‍ കോശങ്ങള്‍.

 

5. സ്വയം ജീവിതമാര്‍ഗ്ഗം തേടല്‍: സാധാരണ ഗതിയില്‍ അമിതമായ കോശവിഭജനം നടന്നാല്‍ അവക്കുള്ള പോഷണങ്ങള്‍ ശരിയായി ലഭിക്കാതെ അവ നശിക്കേണ്ടതാണ്. ഇവിടെ പുതിയ കോശങ്ങള്‍ക്കുള്ള പോഷണം എത്തിക്കാനുള്ള രക്തകുഴലുകളും മറ്റും ഈ ക്യാന്‍സര്‍ കോശങ്ങള്‍ സ്വയമുണ്ടാക്കുന്നു. അതായത് ട്യൂമര്‍ ആന്‍ജിയോജനസിസ്.

 

6. കുത്തിത്തിരിപ്പുണ്ടാക്കല്‍: ഒരു കാര്യവുമില്ലാതെ മറ്റു അവയവങ്ങളില്‍ കടന്നു കയറി അവിടെയും ഇതേ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതിനെ മെറ്റാസ്റ്റാസിസ് എന്നു പറയും. ഇതിന്റെ ഫലമായി ഇത്തരം വിമത കോശങ്ങള്‍ ശരീരം മുഴുവന്‍ വ്യാപിക്കുന്നു.

 

ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഈ ആറു സവിശേഷതകളും കാണിക്കുന്ന ഇരുന്നൂറോളം വരുന്ന രോഗങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാന്‍സര്‍.


ഒന്നും പുറമെ നിന്നും വരുന്നതല്ല എന്ന്

 

ക്യാന്‍സറിന്റെ ഈ സ്വഭാവ വിശേഷങ്ങളെല്ലാം ശരിക്കും സാധാരണ കോശങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ തന്നെയാണ്. ഉദാഹരണത്തിന് ക്യാന്‍സര്‍ കോശങ്ങള്‍ മറ്റു അവയവങ്ങളില്‍ കുടിയേറുന്ന മെറ്റാസ്റ്റാസിസ്. പ്രതിരോധവ്യവസ്ഥയിലെ കോശങ്ങള്‍ക്ക് അണുബാധയുള്ള സ്ഥലത്തേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കുന്ന അതേ ജീനുകള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണ് ക്യാന്‍സര്‍ കോശങ്ങള്‍ മറ്റു അവയവങ്ങളിലേക്ക് നീങ്ങി അവിടം കൈയ്യേറാനും ഉപയോഗിക്കുന്നത്.


smoking and cancer


പ്രതിരോധ കോശങ്ങള്‍ക്ക് മാത്രം അനുവദിച്ചു കൊടുത്തിട്ടുള്ള പെര്‍മിറ്റാണ് ക്യാന്‍സര്‍ കോശങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നത്. മുറിവുകള്‍ ഉണങ്ങാന്‍ പുതിയ രക്തകുഴലുകള്‍ സൃഷ്ടിക്കാനുള്ള അതേ ജീനുകള്‍ തന്നെയാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്ക് പോഷണമെത്തിക്കാന്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത്. അതായത് ക്യാന്‍സറില്‍ ഒന്നും പുറമേനിന്ന് വരുന്നതല്ല. ഒന്നും പുതുതായി ഒന്നും നിര്‍മ്മിക്കപ്പെടുന്നതുമല്ല.

ക്യാന്‍സര്‍ ജീനുകള്‍ നമ്മുടെ ശരീരത്തിന് അന്യരല്ല മറിച്ച്, നമ്മുടെ കോശങ്ങളിലെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്ന അതേ ജീനുകള്‍ അനധികൃതമായി ഉപയോഗിക്കുന്ന വിമത കോശങ്ങളാണ്.


അകത്ത് നിന്ന് നിശ്ശബ്ദം തുടിക്കുന്ന...

 

ഒരു ക്യാന്‍സര്‍ കോശത്തെ ഏറ്റവും നന്നായി ഉപമിക്കാന്‍ പറ്റുക ഒരു തീവ്രവാദിയുമായാണ്. (അതേപോലെ തീവ്രവാദത്തെ ഏറ്റവും നന്നായി ഉപമിക്കാന്‍ കഴിയുക ക്യാന്‍സറുമായാണ്.) ഒരു തീവ്രവാദി ആ രാജ്യത്തെ ഒരു പൌരന്‍ തന്നെയാണ്. ഒരു രാജ്യത്തെ സാധാരണ ഒരു പൌരന് കിട്ടുന്ന അതേ അവകാശങ്ങളും, അധികാരങ്ങളും ഉപയോഗിച്ചു കൊണ്ടാണ് ഒരു തീവ്രവാദി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്.

അതുപോലെ എന്തിനും തുനിയുന്ന, ദ്രോഹബുദ്ധിയായ, സ്വന്തം രാജ്യത്തിനെതിരെ തിരിയുന്ന നമ്മുടെ തന്നെ ഒരു പൌരനെപ്പോലെയാണ് ഒരു ക്യാന്‍സര്‍ കോശം.

 

Cancer therapy is like beating the dog with a stick to get rid of his fleas.—Anna Deavere Smith, Let Me Down Easy

 

ഏതൊരു മരുന്നിന്റെയും മികവ് എന്നു പറയുന്നത് നശിപ്പിക്കേണ്ട കോശങ്ങളെയും, നല്ല കോശങ്ങളെയും തിരിച്ചറിയാനുള്ള കഴിവാണ്. അതിനെയാണ് കൃത്യത (specificity) എന്നു പറയുന്നത്. ഉദാഹരണത്തിന്, ഒരു ആന്റിബയോട്ടിക് നന്നായി പ്രവര്‍ത്തിക്കുന്നത് അതിന് നശിപ്പിക്കേണ്ട ബാക്ടീരിയ കോശങ്ങളെയും, ശരീരകോശങ്ങളെയും കൃത്യമായി വേര്‍തിരിച്ചറിയാന്‍ കഴിയുന്നതു കൊണ്ടാണ്.


നശിപ്പിക്കാൻ കഴിയേണ്ടതാണ് പക്ഷെ,

 

അതായത് കോശങ്ങള്‍ തമ്മില്‍ എത്രമാത്രം വ്യത്യാസങ്ങളുണ്ടോ അത്രമാത്രം സുരക്ഷിതമായി അതില്‍ ഒരു കോശത്തെ മാത്രമായി നശിപ്പിക്കാന്‍ സാധിക്കും. ക്യാന്‍സര്‍ ഒരു അന്യകോശമല്ല എന്നതാണ് പ്രശ്നം. ഒരു ബാക്ടീരിയ കോശവും, മനുഷ്യ കോശവും തമ്മില്‍ കോടിക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമ ദൂരമുണ്ട്. അതേ സമയം ഒരു സാധാരണ കോശവും, ഒരു ക്യാന്‍സര്‍ കോശവും തമ്മില്‍ പരമാവധി ഏതാനും മാസങ്ങളുടെ പരിണാമ ദൂരം മാത്രവും.

cancer


ഒരു ക്യാന്‍സര്‍ കോശം അടിസ്ഥാനപരമായി തന്നെ ഒരു ബാക്ടീരിയ കോശത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഒരു ബാക്ടീരിയയുടെ എന്‍സൈമുകള്‍ക്ക് മനുഷ്യന്റെ കോശങ്ങളിലെ എന്‍സൈമുകളുമായി മൌലികമായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ക്യാന്‍സര്‍ കോശം നമ്മള്‍ തന്നെയാണ്. ഒരു ശത്രു രാജ്യത്തിന്റെ ഔദ്യോഗിക സേനയോട്, പ്രത്യേക യൂണിഫോമും, കൊടിയുമുള്ള, അന്താരാഷ്ട്ര നിയമങ്ങള്‍ കുറച്ചെങ്കിലും അനുസരിച്ച് നേരിട്ട് യുദ്ധം ചെയ്യുന്നപോലെയല്ല, രാജ്യത്തിനുള്ളില്‍ ഒളിച്ചു കഴിയുന്ന, വ്യക്തമായി തിരിച്ചറിയാന്‍ പോലും പറ്റാത്ത, അകത്തുള്ള വിഘടനവാദികളുമായി യുദ്ധം ചെയ്യുന്നത്.

 

Those who have not been trained in chemistry or medicine may not realize how difficult the problem of cancer treatment really is. It is almost—not quite, but almost—as hard as finding some agent that will dissolve away the left ear, say, and leave the right ear unharmed. So slight is the difference between the cancer cell and its normal ancestor. —William Woglom


അമിതമായ വിഭജനം മാത്രമല്ല രഹസ്യം

 

കോശങ്ങള്‍ അമിതമായി വിഭജിക്കുന്ന രോഗമാണ് ക്യാന്‍സര്‍ എന്ന് ഞാന്‍ ആദ്യം പറഞ്ഞത് കുറച്ച് അമിതമായ ലളിതവല്‍ക്കരണമാണ്. അത് അല്‍പമൊന്നു പരിഷ്കരിക്കണം. പുതിയൊരു കാര്യം കൂടി അതിനോടു കൂട്ടിച്ചേര്‍ക്കണം. വിഭജനത്തോടൊപ്പം ആ കോശങ്ങള്‍ പരിണമിക്കുക കൂടി ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍.

പരിണാമം. ഡാര്‍വ്വിന്റെ ആ അപകടം പിടിച്ച സിദ്ധാന്തം തന്നെ. Darwin's dangerous idea. ജീവന്‍ ഇല്ലാതാക്കാന്‍ എളുപ്പമല്ല. അത് നിലനില്‍ക്കാന്‍ എങ്ങനെയെങ്കിലും എന്തെങ്കിലും വഴി കണ്ടെത്തും. ജുറാസിക് പാര്‍ക്ക്‌ എന്ന സിനിമയില്‍ ഇയാന്‍ മാല്‍ക്കം പറയുന്നപോലെ Life finds a way.


cancer

 

ക്യാന്‍സര്‍ കോശങ്ങളില്‍ സാധാരണ കോശങ്ങളില്‍ ഉള്ള പോലെയുള്ള DNA പ്രൂഫ്‌ റീഡിംഗ് ഒന്നും കാര്യമായി നടക്കത്തതുകൊണ്ട് അവയില്‍ മ്യൂട്ടേഷനുകളുടെ അയ്യരുകളിയായിരിക്കും. ഒരു ട്യൂമറിന്റെ തുടക്കകാലത്തുള്ള കോശങ്ങളുടെ അതേ പകര്‍പ്പുകളായിരിക്കില്ല ഏതാനും മാസങ്ങള്‍ക്കു ശേഷം അതേ ട്യൂമറില്‍ കാണുക. അല്പം മാറ്റം വന്ന ക്ലോണുകളായിരിക്കും. ഉദാഹരണത്തിന് തലച്ചോറിന്റെ ട്യൂമറായ ഗ്ലിയോബ്ലാസ്റ്റോമ ഒരു രോഗിയില്‍ തന്നെ ആറു വ്യതസ്ത തരത്തില്‍ കാണാം.


പരിണാമ തത്വത്തെ പുൽകി വളരുന്ന ഭീഷണി

 

നമ്മുടെ തന്നെ പ്രതിരോധ വ്യവസ്ഥയോ, മരുന്നുകളോ, ഈ ക്യാന്‍സര്‍ കോശങ്ങളെ ആക്രമിക്കുമ്പോള്‍, കൂട്ടത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള കഴിവ് കൈവരിച്ച, മാറ്റം വന്ന ക്യാന്‍സര്‍ കോശങ്ങള്‍ അതിജീവിക്കും. കീമോതെറാപ്പിയുമായി ഏറ്റുമുട്ടി അതിജീവിക്കാന്‍ യോഗ്യതയുള്ള ക്യാന്‍സര്‍ കോശങ്ങള്‍ നിലനില്‍ക്കും. പിന്നെ അതിന്റെ സന്താന പരമ്പരകളായിരിക്കും രംഗം കയ്യടക്കുന്നത്.


"അര്‍ഹതയുള്ളവയുടെ അതിജീവനം" എന്ന പരിണാമതത്വം തന്നെ. അതായത്, ആദ്യഘട്ടത്തില്‍ ഉപയോഗിച്ച മരുന്ന് അധികം വൈകാതെ തന്നെ നിഷ്ഫലമാകും.

നിയന്ത്രിക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ പ്രതിരോധം ആര്‍ജ്ജിച്ച കോശങ്ങളാണ് ഉണ്ടാകുക. അങ്ങനെ മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പരിണാമത്തിന്റെ അടിസ്ഥാന തത്വം തന്നെയാണ് ക്യാന്‍സര്‍ അതിന്റെ അതിജീവനത്തിനായി ഉപയോഗപ്പെടുത്തുന്നത്.

നമ്മള്‍ ഒരു ജീവിവര്‍ഗ്ഗം എന്ന നിലയില്‍ ഡാര്‍വ്വിനിയന്‍ തിരഞ്ഞെടുപ്പിന്റെ ആത്യന്തിക ഫലമാണെങ്കില്‍, നമ്മുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന ഈ അസാധാരണ രോഗവും അങ്ങനെതന്നെയാണ്. അങ്ങനെ ഒരര്‍ത്ഥത്തില്‍ സാധാരണ കോശങ്ങളെക്കാള്‍ അതിജീവനശേഷിയുള്ളവയാണ് ക്യാന്‍സര്‍ കോശങ്ങള്‍.

 




deshabhimani section

Related News

0 comments
Sort by

Home