Deshabhimani

പൂച്ചപ്പാറ മണി

ആനയുടെ ആക്രമണത്തിൽ നഷ്ടമായത് പാരമ്പര്യ അറിവുകളുടെ കലവറയായ യുവാവിനെ

chola naykkar mani
വെബ് ഡെസ്ക്

Published on Jan 09, 2025, 12:20 PM | 3 min read

2025 ജനുവരി 3 അർധരാത്രിയിൽ ഞാൻ ഉറക്കമുണർന്നപ്പോൾ ഫോണിൽ ഷൈലേഷിൻ്റെ മെസേജ് എടുത്ത് നോക്കിയതും ഞെട്ടിപ്പോയിരുന്നു. മണി ആനയുടെ അടിയേറ്റ് മരിച്ചുവെന്നായിരുന്നു ആ മെസേജ്.


വയനാട് ഗോത്രഭാഷാ പഠന കലാകേന്ദ്രം പ്രൊജക്റ്റ് ചെയ്തിരുന്ന ശ്രീ. ഷൈലേഷിൻ്റെ മെസേജായിരുന്നു അത്. ഷൈലേഷിന് എന്തെങ്കിലും തെറ്റുപറ്റിയതാണോ? അല്ലെങ്കിൽ ഉറക്കത്തിൽ എനിക്ക് തോന്നിയതാണോ എന്ന് സംശയിച്ചു പോയി.(കിർടാഡ്സിലെ ഗോത്ര ' കലാകേന്ദ്രം പദ്ധതിയുടെ റിസർച്ച് അസിസ്റ്റൻ്റാണ് ഷൈലേഷ്. ഇവരുടെ ഇടയിൽ ഗവേഷണ ആവശ്യത്തിന് പോകുന്നതിനാൽ അവരുമായി വളരെ അടുത്ത ബന്ധമുണ്ട് ഷൈലേഷിന്.) കാരണം ജ നുവരി 2 ന് രാവിലെ 10 മണിക്കാണ് കിർടാഡ്സിലെ മേള കഴിഞ്ഞ് മണിയും സംഘവും നിലമ്പൂരിലേക്ക് പോയത്. അന്ന് രാവിലെ 9 മണിക്ക് ഞാൻ ഓഫീസിൽ ചെന്നപ്പോൾ നിലമ്പൂർ നിന്ന് അവരെ കൂട്ടാൻ വരേണ്ടിയിരുന്ന ജീപ്പ് കാത്തു നിൽക്കുകയായിരുന്നു അവർ.

ആ സമയം അവരൊഴികെ എല്ലാ സ്റ്റാളുകാരും പോയിരുന്നു. കിർടാഡ്സിലെ റിസർച്ച് അസിസ്റ്റൻ്റ് ശ്രീ. ഷഗിൽ അവരെ യാത്രയയക്കാനായി അവരുടെ കൂടെ നിന്നിരുന്നു.


കിർടാഡ്സിൽ 2024 ഡിസംബർ 24 മുതൽ 2025 ജനുവരി 1 വരെ നടന്ന 'നെറ തിങ്ക' ഗോത്ര മേളയിൽ വെച്ചാണ് മണിയെ കൂടുതലായി ഞാൻ അറിഞ്ഞത്. കേരളത്തിലെ ഗോത്രവിഭാഗങ്ങൾ നിത്യ ജീവിതത്തിലെ പല ആവശ്യങ്ങൾക്കും വേണ്ടി വിവിധ പാറ്റേണുകളിൽ മനോഹരമായ കുട്ടകൾ നെയ്യുന്നതിൽ വംശീയ ' അറിവ് പ്രകടിപ്പിക്കുന്നവരാണ്.


poochapara mani


ചോലനായ്ക്കൻ നെയ്യുന്ന കലാചാതുരി തുളുമ്പുന്ന കുട്ടകളും വളരെ വ്യത്യസ്തമാണ്. പൂച്ചപ്പാറ മണി , കരിമ്പുഴ വിനയൻ, മണിയുടെ സഹോദരൻ അയ്യപ്പൻ, അവരുടെ പങ്കാളി സ്വാതി എന്നിവരാണ് ചോലനായ്ക്കനെ പ്രതിനിധീകരിച്ച് കരകൗശല സ്റ്റാളിൽ തങ്ങളുടെ വസ്തുക്കൾ വില്ക്കുവാനെത്തിയത്. മേള അവസാനിക്കുന്ന ദിവസത്തെ ഗോത്ര സംവാദ സദസ്സിൽ കവിയായ കരിമ്പുഴ വിനയനുമായി കിർടാഡ്സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്. പ്രദീപ് കുമാർ സംവദിച്ചിരുന്നു. ആ സദസ്സിൽ വിനയന് സപ്പോർട്ടിനായി മണി മുന്നിലെ സീറ്റിൽ തന്നെ വന്നിരിക്കുകയും സംവാദ സദസ്സ് അവസാനഘട്ടത്തിൽ സദസ്സിനു വേണ്ടി ചോലനായ്ക്കൻ ഭാഷയിലെ ഒരു പാട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.


മേള ദിവസങ്ങളിൽ ഓരോ ദിവസവും അവരുടെ കുട്ടകൾ വാങ്ങി കൊണ്ടുപോയി ഞാൻ വീട് നിറച്ചു. പോകുന്ന ദിവസം ബാക്കിയായ ചൂരൽ, കുന്തിരിക്കം കൂടി വാങ്ങിയിരുന്നു. വില പറഞ്ഞ് വിപണനം നടത്തുന്നതിൽ സമർത്ഥനായിരുന്നു. മണിയുടെ സഹോദരൻ അയ്യപ്പൻ മുമ്പേ എൻ്റെ പരിചയക്കാരനായിരുന്നു. സഹോദരനായ മണിയെ ഈ മേളയിലാണ് പരിചയപ്പെടുന്നത്.


poochapara mani


കിർടാഡ് സ് നടത്തുന്ന പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ പദ്ധതിയായ ഗോത്രഭാഷാ പഠന കലാകേന്ദ്രത്തിൽ കഴിഞ്ഞ വർഷം ചെയ്തിരുന്നത് ചോലനായ്ക്കൻ സമുദായത്തിൻ്റെ വാമൊഴി സാഹിത്യവും ഭാഷയും എന്ന പ്രൊജക്റ്റ് ആയിരുന്നു. അതിൻ്റെ ഭാഗമായി ചോലനായ്ക്കൻ അളകളിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അവരുടെ ഇടയിൽ പോയി Data Collection നടത്തുക പ്രയാസകരമായിരുന്നു. ആ പ്രൊജക്റ്റിലെ റിസർച്ച് അസിസ്റ്റൻ്റായ ശ്രീ. ഷൈലേഷ് ഒരു മാസം മുമ്പാണ് മണി താമസിക്കുന്ന വിളക്കുമല സങ്കേതത്തിൻ data Collection-ന് പോയിരുന്നത്.

നിരവധി വാമൊഴി അറിവുകളുടെ ഉടമയായിരുന്നു മണി. സമുദായത്തിലെ നിരവധി പാട്ടുകൾ ചോലനായ്ക്കൻ ഭാഷയിൽ പാടി തന്നിട്ടുണ്ട്. അതോടൊപ്പം സമുദായത്തിലെ മറ്റുള്ളവരെ നയിക്കുന്നതിനുള്ള ശേഷിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ നോർത്ത് നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പ്രദേശങ്ങളിൽ അധിവസിച്ചു വരുന്ന പ്രത്യേക ദുർബല ഗോത്ര വിഭാഗമാണ് ചോല നായ്ക്കൻ, 2002 ലെ ഭരണഘടന ഭേദഗതി പ്രകാരമാണ് ചോലനായ്ക്കൻ പട്ടിക വർഗ്ഗ ലിസ്റ്റിൽ ഉൾപ്പെട്ടത്.


നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിലെ അളക്കൽ നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ അസ്സനളെ മാഞ്ചീരി, എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് ചോല നായ്ക്കൻ വസിക്കുന്നത് പട്ടികവർഗ്ഗ വകുപ്പിന്റെ മാഞ്ചീരി -താളിപ്പുഴ കുപ്പമല നാഗമല , പാണപ്പുഴ ,പൂച്ചപ്പാറ മയിലാടും പൊട്ടി എന്നീ സ്ഥലങ്ങൾ ചേർന്ന പ്രദേശമാണ്.


2017ലെ തദ്ദേശ വികസന വകുപ്പിന്റെയും പട്ടികവർഗ്ഗ വകുപ്പിൻ്റെയും സർവ്വെ പ്രകാരം 112 കുടുംബങ്ങളിലായി 296 പേരാണ് ഈ ഗോത്രത്തിലുള്ളത്. ഇതിൽ 162 പുരുഷന്മാരും 114 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്. ഗോത്രത്തിന്റെ പേരിലെ ഷോല/ ചോല എന്നാൽ നിത്യഹരിത വനമെന്നും നായകൻ എന്നാൽ രാജാവ് അല്ലെങ്കിൽ മേൽനോട്ടം വഹിക്കുന്നയാൾ എന്ന് 1909 ൽ എഡ്ഗർ തേഴ്സ്റ്റൻ രേഖപ്പെടുത്തിയിട്ടുണ്ട് .

നിലമ്പൂർ വനപ്രദേശങ്ങളിലെ ഷോല വനത്തിലെ പാറമടകളും ഗുഹകളും ആണ് ചോലനായ്ക്കരുടെ പ്രധാന ആവാസ സ്ഥലം. ഇതിന് അളെ / കല്ലളെ എന്നാണ് പറയുന്നത് .കാടിനുള്ളിലെ വനവിഭവങ്ങൾ കാട്ടിൽ അലഞ്ഞു ശേഖരിച്ച് ഭക്ഷിച്ചും മറ്റു വനവിഭവങ്ങൾ സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തിയുമാണ് ചോലനായ്ക്കൻ ഉപജീവനം നടത്തി വരുന്നത്.


കാടിനെ കുറിച്ചുള്ള ഇവരുടെ അറിവ് അത്ഭുതകരമാണ്. ആന അടുത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ മണത്തിലൂടെ, ശബ്ദത്തിലൂടെ ഇവർ തിരിച്ചറിഞ്ഞിരുന്നു. മുന്നിലെത്തുന്ന ആനകളിൽ നിന്ന് രക്ഷപ്പെടാൻ ഇവർക്ക് കഴിയാറുണ്ട്. മണിക്ക് ചോലയിലെ സസ്യ ലതാദികളെ കുറിച്ചും പക്ഷിമൃഗാദികളെ കുറിച്ചും അഗാധജ്ഞാനമുണ്ടായിരുന്നു . പഠിക്കാനെത്തുന്ന ഗവേഷകർക്കെല്ലാം വളരെ വിശ്വസിച്ച് കൂടെ പോകാൻ പറ്റിയ വ്യക്തിയായിരുന്നു മണി.

വനത്തിലൂടെ പോകുമ്പോൾ അപകടകരമായ അവസ്ഥ വന്നാൽ മണിയേട്ടൻ രക്ഷക്ക് ഉണ്ടാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതായി ഷൈലേഷ് മണിയുടെ താമസ സ്ഥലമായ വിളക്കുമല അളയിൽ പോയ സമയത്ത് പറഞ്ഞിരുന്നു. മാതിയാണ് മണിയുടെ പങ്കാളി. മക്കൾ മീനാക്ഷി ,മീര , മനു , മീന , മാതിരി.


poochapara mani


കുടുംബത്തോടും ഒപ്പം തന്നെ ചോലനായ്ക്കൻ സമൂഹത്തോടും തികഞ്ഞ ഉത്തരവാദിത്വം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു മണി. അദ്ദേഹം ഇല്ലാതാകുന്നതോടെ കുടുംബത്തിൻ്റെ എന്ന പോലെ ചോലനായ്ക്കൻ സമുദായത്തിൻ്റെയും കരുത്ത് ഇല്ലാതാകുന്ന ഒരു അവസ്ഥാ വിശേഷം നില്ക്കുന്നു.


എഫ് ബി പോസ്റ്റ്
ഡോ. പി.വി. മിനി

റിസർച്ച് ഓഫീസർ

കിർടാഡ്സ്



deshabhimani section

Related News

0 comments
Sort by

Home