‘ഇവിടെ ഇരിക്കുമ്പോൾ ഞങ്ങളിൽ മതമില്ലാതാവുന്നു’; ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ പങ്കുവച്ച് അഭിഭാഷകൻ

പി വി ദിനേശ്
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിലുള്ള ഹർജികൾ പരിഗണക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുറപ്പെടുവിച്ച സവിശേഷമായ പ്രസ്‌താവന ഫെയ്‌സ്‌ബുക്കിൽ കുറിച്ച് അഡ്വ. പി വി ദിനേശ്. ‘ഇവിടെ ഇരിക്കുമ്പോൾ ഞങ്ങളിൽ മതമില്ലാതാവുന്നു, ഞങ്ങൾ മതനിരപേക്ഷത പുലർത്തുന്നു’ എന്ന ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ ഫെയ്‌സ്‌ബുക്കിൽ കുറിച്ച ദിനേശ് ഇതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യമെന്നും പറഞ്ഞു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പി വി ദിനേശ് ‘റിപ്പബ്ലിക് വിജയിക്കട്ടെ’ എന്നെഴുതിക്കൊണ്ടാണ് തന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
വഖഫ് നിയമഭേദഗതി സംബന്ധിച്ചുള്ള ഹർജികൾ ഇന്ന് പരിഗണിച്ചിരുന്നു. വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സവിശേഷമായ ഒരു പ്രസ്‌താവന പുറപ്പെടുവിക്കുകയുണ്ടായി. ‘ഇവിടെ ഇരിക്കുമ്പോൾ ഞങ്ങളിൽ മതമില്ലാതാവുന്നു, ഞങ്ങൾ മതനിരപേക്ഷത പുലർത്തുന്നു’ എന്നായിരുന്നു ആ പ്രസ്താവന– ഇതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം.
അഭിഭാഷകരുടെയും ജഡ്ജിമാരുടെയും മതം പരാമർശിക്കുന്നത് ശരിയല്ലാത്ത കാര്യമാണ്. അപ്പോഴും, വഖഫ് നിയമത്തിനെതിരെ സംസാരിച്ച 99 ശതമാനം അഭിഭാഷകരും ഹിന്ദുവിശ്വാസികളാണ്, നിയമ ഭേദഗതിയെ ചോദ്യം ചെയ്ത ജഡ്ജിമാരും ഹിന്ദുവിശ്വാസികളാണ്- അവർക്ക് മുന്നിലുള്ളത്, അവരെ- നയിക്കുന്നത് ഒരേയൊരു രേഖ മാത്രമാണ്– ഇന്ത്യൻ ഭരണഘടന.
റിപ്പബ്ലിക് വിജയിക്കട്ടെ
0 comments