Deshabhimani

എം ടിയുടെ തിരക്കഥകൾ

സാഹിത്യഭാവം തന്നെയായിരുന്നു എം ടി തിരക്കഥകളുടെ കാതൽ

MT Seema
avatar
Parvathi Preethi

Published on Dec 29, 2024, 12:46 PM | 4 min read

എം. ടി. യുടെ തിരക്കഥയെ കുറിച്ചുള്ള കുറേ ആയുള്ള ചില തോന്നലുകൾ...

എം.ടി യുടെ തിരക്കഥകൾ കൃത്യമായും സിനിമാറ്റിക് ആയിരുന്നുവെന്ന് തോന്നിയിട്ടില്ല. സാഹിത്യഭാവം തന്നെയായിരുന്നു അതിൻ്റെ കാതൽ എന്ന് തോന്നിയിട്ടുമുണ്ട്.

അതെല്ലാം മാറ്റിവെച്ചാൽ, എം. ടി യിലെ തിരക്കഥാകൃത്തിൽ കുറച്ചു കൂടി, ഒരു പടി കൂടി കടന്ന വിപ്ലവം അനുഭവപ്പെട്ടിട്ടുണ്ട്. ആത്മാഭിമാനമുള്ള, സ്വത്വബോധത്തിന്റെ ഒരു ആവേശം. അല്ലെങ്കിൽ കൃത്യമായ ലാക്കോട് കൂടിയുള്ള വാക്കിൻ്റെ "ഏറ്" ക്രാഫ്റ്റിൽ പതിപ്പിച്ചു വെക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരുപക്ഷെ അത് സിനിമാ സ്ക്രിപ്റ്റ് എഴുത്തിന്റെ പ്രത്യേകത കൂടി ആയിരിക്കാം.

നിർമ്മാല്യം എടുത്തു നോക്കിയാൽ, പിന്നീട് പല സിനിമകളിലൂടെയായി ഇരമ്പി വരുന്ന ഈ ആവേശം, 80 കളൊക്കെ ആകുമ്പോഴേക്കും അത് നായികമാരിലൂടെ ഓരോ വാക്കിലും വെട്ടിത്തിളങ്ങുന്ന പോലെ തോന്നും. സ്ക്രിപ്റ്റ് writing എം. ടി. ഒരു പൊടിക്ക് കൂടുതൽ ആസ്വദിച്ചിരുന്നുവോ എന്ന് തോന്നും.

നിർമ്മാല്യത്തിലെ കവിയൂർ പൊന്നമ്മ, കുട്ട്യേട്ത്തി...

സാഹിത്യത്തിലും, സിനിമകളിലും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന എം.ടി യുടെ നായക കഥാപാത്രങ്ങളുടെ സ്വഭാവങ്ങൾ ഈ സ്ത്രീ കഥാപാത്രങ്ങളിൽ താരതമ്യേന കുറവാണ്, എന്നാലും "പരിത്യജിക്കൽ" എം. ടി. യുടെ സ്ത്രീ കഥാപാത്രങ്ങളിൽ കൂടെക്കൂടെ കാണാം. അതൊരിക്കലും വിധേയത്വത്തിന്റെതല്ല, "ബോധപൂർവം അറിഞ്ഞു ചെയ്യുന്നത് ", അവർ തന്നെ തിരഞ്ഞെടുക്കുന്നതാണ്.

അനുതാപം, empathy ഒക്കെ കലർന്ന, ബോധപൂർവമുള്ള, ദൃഢ തീരുമാനങ്ങൾ എടുക്കാനും, സ്ത്രീയുടെ സാമൂഹിക നിലകളിൽ നിന്ന് ധൈര്യത്തോടെ മാറി നടക്കാനും ധൈര്യമുള്ള സ്ത്രീകളെ എം. ടി. മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ ഇത്തരം വ്യക്തി ബോധമുള്ള സ്ത്രീകളുമായുള്ള പുരുഷന്റെ ബന്ധങ്ങൾ രസകരമായി എം. ടി. ചിത്രീകരിക്കുന്നുണ്ട് സ്‌ക്രീനിൽ.

ഈ പരിത്യജിക്കൽ സ്വഭാവം എം. ടി. ക്ക് ഒരുപക്ഷെ പ്രിയപ്പെട്ടതായിരുന്നു. അത് എം.ടി. യുടെ നായികമാർ ഏറ്റവും ഭംഗിയിൽ മലയാള സിനിമയിൽ ആത്മബോധം കൈവിടാതെ തന്നെ അടയാളപ്പെടുത്തുകയും ചെയ്തു. ഗീത, സീമ, മോഹിനി, സലീമ, സുപർണ്ണ, എന്നിങ്ങനെ പോകുന്നു ആ നിര.

എം. ടി. എന്ന എഴുത്തുകാരന്റെ ആവിഷ്കാര മാർഗ്ഗമായ ഭാഷ എം. ടി. എന്ന തിരക്കഥയെഴുത്തുകാരന്റെ കയ്യിലെത്തുമ്പോൾ മൂർച്ച കൂടുന്നത് പോലെ തോന്നും. പല സിനിമകളിലായി സ്വന്തം സംഭാഷണങ്ങളെ ആവർത്തിച്ചുപയോഗിച്ച് മൂർച്ച കൂട്ടി കൂട്ടി, പറഞ്ഞും വീണ്ടും പറഞ്ഞും മതിവരാതെ ചിലതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.

"എനിക്ക് പിറക്കാതെ പോയ മകൻ " എന്ന സംഭാഷണം "ആൾകൂട്ടത്തിൽ തനിയേ" യിൽ സീമ, വീരഗാഥയിൽ മമ്മൂട്ടിക്ക് മുൻപേ പറയുന്നുണ്ട്. "കൊട്ടിഘോഷിക്കൽ " തുടങ്ങി ചിലത് പല സിനിമകളിൽ ആവർത്തിച്ചുപയോഗിച്ചിട്ടുണ്ട്.

ആരണ്യകം എന്ന സിനിമയിലെ സലീമയും ദേവനും കൂടിയുള്ള ആവേശകരമായ ഡയലോഗു കൾ ഉണ്ട്. പഞ്ചാഗ്നിയിൽ (1986) കുറച്ചു പാളിപ്പോയ ആദിവാസി -ട്രൈബൽ സമൂഹത്തോടുള്ള കാഴ്ച ആരണ്യകം(1988) എത്തുമ്പോഴേക്കും ദേവനിലൂടെ അത് പുതുക്കി പണിതത് കാണാൻ പറ്റും.

16 വയസ്സുള്ള, ആത്മബോധമുള്ള അമ്മിണി എന്ന ആ പെൺകുട്ടി. അവർക്ക് രണ്ടു പേർക്കുമിടയിലെ വളരെ ആരോഗ്യകരമായ, പരസ്പര ധാരണയുള്ള ഒരു ബന്ധം ഉണ്ടാകുന്നുണ്ട്. ഒരു പകക്കപ്പുറമുള്ള അനുതാപമോ, അലിവോ അമ്മിണി ദേവനോട് പ്രകടിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ അയാളാണ് അമ്മിണിക്ക്, അമ്മിണിയുടെ വായനാലോകത്തിൽ നിന്നും മാറിയുള്ള, സമൂഹത്തിലെ യഥാർത്ഥ കാഴ്ചകൾ പകർന്നു കൊടുക്കുന്നത് പോലും. സ്വന്തം ശരിബോധ്യങ്ങളിൽ നിന്നും പതറാതെ അമ്മിണി മനുഷ്യർക്ക് വേണ്ടി ചിന്തിക്കുന്നു, മനുഷ്യരെ മനസ്സിലാക്കുന്നു, വേർതിരിവുകളെ, വിവേചനങ്ങളെ തിരിച്ചറിയുന്നു.. ഈ അമ്മിണി ഒരുപക്ഷെ എന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ്.

അതുപോലെ വൈശാലിയും, വൈശാലിയുടെ അമ്മയും തമ്മിലുള്ള ഒരു പ്രത്യേക സൗഹൃദഭാവം കലർന്ന, സ്ത്രീകൾ എന്ന നിലയിൽ ഒരേ അനുഭവങ്ങളെ പങ്കു വെക്കുന്ന അപൂർവ്വമായ ഒരു അമ്മ-മകൾ ബന്ധം, കൊട്ടാരത്തിലെ ദാസിമാരുടെ (മലയാളത്തിൽ ലൈംഗിക തൊഴിലാളികൾ ) ആത്മാഭിമാനബോധത്തെ മുൻ നിർത്തി രാജഗുരുവും (നെടുമുടി വേണു ) വൈശാലിയുടെ അമ്മ, (ഗീത) യും തമ്മിലുള്ള നിശ്ശബ്ദമായ ഏറ്റുമുട്ടലുകൾ ആവേശം കൊള്ളിച്ചിട്ടുണ്ട്.

അതുപോലെ അടി പതറാത്ത, സ്വത്വ ബോധമുള്ള, ബുദ്ധി ഉപയോഗിക്കുന്ന, ഏകാന്തത നിറഞ്ഞ, സീമയുടെ ചില കരുത്തുറ്റ കഥാപാത്രങ്ങൾ.

ജാനകി കുട്ടിയും, യക്ഷിയും, മുത്തശ്ശിയും കൂടിയുള്ള ആദൃശ്യമായ കൂട്ടുകെട്ടുള്ള ബന്ധം, പഞ്ചാഗ്നിയിൽ ഗീതയും ഗീതയുടെ സുഹൃത്തും (ചിത്ര) തമ്മിലുള്ള ആത്മബന്ധം, ഉത്തരം എന്ന സിനിമയിലെ സെലീന (സുപർണ്ണ) എന്ന കവി കഥാപാത്രം. സെലീനയും മമ്മൂട്ടിയുടെ കഥാപാത്രവും തമ്മിലും മനോഹരമായ ഒരു ബന്ധം അതിൽ ഉണ്ടാവുന്നുണ്ട്.

ഒരു ചെറു പുഞ്ചിരിയിലെ ഭാര്യ-ഭർതൃ ബന്ധം.

പരിണയത്തിൽ ഒരുപിടി സ്ത്രീകഥാപാത്രങ്ങളാണ് പല സന്ദർഭങ്ങളിൽ ഒരുമിച്ച് ഒരേ തട്ടിലെത്തുന്നത്. പരസ്പരം അവർക്ക് മാത്രം മനസ്സിലാകുന്ന "ബന്ധനങ്ങളിൽ" പെട്ടു എരിയുന്ന കാൽച്ചങ്ങലകളുടെ തീച്ചൂടിൽ അവർക്കിടയിൽ സംഭവിക്കുന്ന sister-hood. അവർ തമ്മിലുണ്ടാകുന്ന അനുതാപം കലർന്ന നോട്ടങ്ങൾ, മനസ്സിലാക്കുകലുകൾ എല്ലാം നോട്ടങ്ങളിലൂടെ മാത്രം ഡയലോഗുകൾ ഇല്ലാതെ ആവിഷ്കരിക്കുന്നുണ്ട്.

അതിൽ പോലും മേൽ -കീഴ് തട്ടുകളുണ്ട്, അടരുകളുണ്ട് എന്ന് പറഞ്ഞു വെക്കുന്നുണ്ട് സിനിമ. അതിലും കാണാം മോഹിനിയുടെ കഥാപാത്രവും, മനോജ്‌ കെ ജയൻ അവതരിപ്പിച്ച കഥാപാത്രവും തമ്മിൽ ഉരുത്തിരിയുന്ന സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ ഊഷ്മള ബന്ധം. ഇങ്ങനെ ചിലത് പെട്ടെന്ന് ഓർമ്മ വരുന്നു...

എന്നാൽ, വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ കൊണ്ട് "നീയടങ്ങുന്ന പെൺ വർഗ്ഗം..." എന്ന് പറയിപ്പിക്കുമ്പോൾ സംഗതി രസകരമാണ്.

പുരുഷൻ ചതിക്കുമ്പോൾ അത് നേർക്കു നേർ യുദ്ധം ചെയ്തു തീർക്കുവാനുള്ളതാണ്. പക്ഷേ പെണ്ണ് ചതിക്കുമ്പോൾ അത് പെൺവർഗ്ഗത്തെ മുഴുവനും ആക്ഷേപിച്ചു കൊണ്ടാണ് തീർക്കുക.

പക അത്രക്കാണ്, കാരണം പെണ്ണ് മോഹിക്കപ്പെടുവാൻ ഉള്ളതാണല്ലോ. അതിനി ആയോധനകല അഭ്യസിച്ചവൾ ആയാലും. അതുകൊണ്ട് മോഹിച്ച പെണ്ണിന്റെ ചതിക്ക് ചുരികത്തലപ്പിനേക്കാൾ മൂർച്ചയാണ്.

ജീവിതം ഉണ്ടാക്കി തന്ന കടപ്പാടിന്റെ ഓർമ്മയിൽ സ്വന്തം അമ്മാമന്റെ ചതിയൊടോ, പറഞ്ഞാലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകാൻ സാധ്യതയില്ലാത്ത, അധികാരത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന മച്ചുനന്റെ ചതിയോടോ ഒരിക്കലും പറഞ്ഞു തീർക്കാനാവാത്ത രോഷം "മോഹിച്ച പെണ്ണിനോട്" ചന്തു പറഞ്ഞു തീർക്കും.

എം. ടി. യിലെ സിനിമാക്കാരനെ കുറച്ചുകൂടി ഇഷ്ടമാണ്. വ്യക്തിപരമായി കുറച്ച്ചു കൂടി അടുത്തെത്തുവാൻ പറ്റുന്ന ആലോചനകൾ എം. ടി. യുടെ സിനിമാ സ്ക്രിപ്റ്റ് ൽ ഉണ്ടായിരുന്നു.

ഒന്നും കൃത്യം അനുപാതത്തിലാണ് എന്നല്ല, പക്ഷേ ചെയ്തതത്രയും ആ കാലത്ത് ചെയ്തതാണ് എന്നതിൽ എം. ടി. എന്ന സ്ക്രിപ്റ്റ് റൈറ്ററെ ഓർത്തെടുക്കുന്നു. ഒരുപക്ഷെ എലിപ്പത്തായം പോലെയോ, ആദാമിന്റെ വാരിയെല്ല് പോലെയോ ഒക്കെയുള്ള പല മാനങ്ങൾ കൈവരിക്കുന്ന സിനിമകൾ ആവില്ലായിരിക്കാം.

എങ്കിൽ പോലും എം. ടി. സ്ക്രീപ്റ്റ് ചെയ്ത സിനിമകളിൽ ഓർത്തു വെക്കുന്ന ചില പ്രത്യേക ഭാഗങ്ങളുണ്ട്. പല തരത്തിലുള്ള മനുഷ്യ ബന്ധങ്ങളിലെ പല മാനങ്ങളെ എം. ടി. ചൂഴ്ന്നെടുക്കുന്നുണ്ട്.

സ്ത്രീമനസ്സുകളെ അറിയാൻ ശ്രമിച്ചിട്ടുള്ള ആക്കാലത്തെ അപൂർവ്വം മലയാളം തിരക്കഥാകൃത്ത് ആയിരുന്നു എം.ടി. കെ.ജി.ജോർജ്ജിനെ അങ്ങിനെ നമ്മൾ അടയാളപ്പെടുത്താറുണ്ട്. എം.ടി.യുടെ

തിരക്കഥകളെ അങ്ങിനെ ഓർക്കാറുണ്ടോ എന്നറിയില്ല.

എം.ടി.യെ ഇഷ്ടമായിരുന്നു.

ആദരം...


Parvathi Preethi FB Post



deshabhimani section

Related News

0 comments
Sort by

Home