Deshabhimani

എംടിയും പിണറായി വിജയനും മതനിരപേക്ഷ കേരളവും

m t vasudevan nair and pinarayi vijayan
വെബ് ഡെസ്ക്

Published on Jan 03, 2025, 02:00 PM | 3 min read

മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗം സംഘപരിവാറിനെതിരെ ഈ അടുത്ത കാലത്ത് രാജ്യം കേട്ട ഏറ്റവും ഗംഭീരമായ രാഷ്ട്രീയ പ്രസംഗമാണ്. ആ പ്രസംഗം പൊള്ളിച്ചത് ആർഎസ്എസിനെ മാത്രമല്ല, കേരളത്തിലെ കോൺഗ്രസ്സിനെക്കൂടെയാണ്. ശിവഗിരി പ്രസംഗത്തിൽ മുഖ്യമന്ത്രി സനാതന ധർമ്മത്തെ ദുർവ്യാഖ്യാനം ചെയ്തെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്.


ഇക്കഴിഞ്ഞ ആഴ്ച അംബേദ്കറെക്കുറിച്ചു വാചാലനായ വിഡി സതീശനാണ് ഇപ്പോൾ സനാതന ധർമ്മത്തെ പുകഴ്ത്തുന്നത്. ഒരൊറ്റ ആഴ്ച കൊണ്ട് സതീശൻ പൊളിറ്റിക്കൽ സ്‌പെക്ട്രത്തിന്റെ അങ്ങേ തലക്കലേക്ക് ചാടി. സനാതന ധർമ്മം എങ്ങനെ ചാതുർവർണ്യത്തിന്റെ ഭാഗമാവുമെന്നാണ് സതീശന്റെ ചോദ്യം. ബഹുമാന്യ പ്രതിപക്ഷ നേതാവേ നേരെ തിരിച്ചാണ്, സനാതന ധർമ്മത്തിന്റെ ഭാഗമാണ് ചാതുർവർണ്യം. ചാതുർവർണ്യം എന്നത് സനാതന ധർമ്മത്തിന്റെ അടിസ്ഥാന യുക്തിയാണ് എന്നതാണ് താങ്കൾ മനസ്സിലാക്കേണ്ട വസ്തുത.


ശ്രീ നാരായണ ഗുരുവും ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് 2025 മാർച്ചിൽ നൂറുവർഷം തികയുകയാണ്. അയിത്തത്തെ എതിർത്തിരുന്നുവെങ്കിലും ചാതുർവർണ്യത്തെ നോർമലൈസ് ചെയ്യുന്ന രീതിയിൽ കൂടിക്കാഴ്ചക്കിടെ ഗാന്ധി ഒരു ചോദ്യം ചോദിച്ചിരുന്നു.


ഒരേ മരത്തിലെ ഇലകള്‍ പല വലുപ്പത്തിലും ആകൃതിയിലും ഉണ്ടാകുന്നതുപോലെ സ്വാഭാവികമല്ലേ മനുഷ്യരുടെയിടയില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യവുമെന്നായിരുന്നു ആ ചോദ്യം. മരത്തിലെ ഏതില പിഴിഞ്ഞെടുത്താലും കിട്ടുന്ന നീരിന് നിറവും രുചിയും ഒന്നായിരിക്കുമെന്നായിരുന്നു ഗുരുവിന്റെ ഉത്തരം. ഇങ്ങനെയുള്ള ശ്രീ നാരായണ ഗുരുവിനെയാണ് സനാതന ധർമ്മത്തിന്റെ കള്ളിയിൽ കെട്ടിയിടാൻ സംഘപരിവാരം ശ്രമിക്കുന്നത്.


ഗുരുവിനെ കാവി പുതപ്പിക്കാനുള്ള ആർഎസ്എസ് ഗൂഢപദ്ധതിയെ തുറന്നെതിർത്ത പിണറായിയുടെ ആർജ്ജവം സതീശനെന്നല്ല ഒരു കോൺഗ്രസുകാരനുമുണ്ടാവില്ല. എന്നും എക്കാലവും സംഘി അജണ്ടകൾക്ക് കുടപിടിച്ച പാരമ്പര്യമാണ് കോൺഗ്രസ്സ് പാർടിക്ക്. പരിവാർ പ്രോജക്റ്റിന് ഗുണകരമാവുന്ന വർത്തമാനമാണ് സതീശൻ ഇപ്പോൾ പറഞ്ഞിരിക്കുന്നതും.


നാരായണ ഗുരുവിനെപ്പോലെ തുഞ്ചത്ത് എഴുത്തച്ഛനെയും കാവി പുതപ്പിക്കുക എന്നതു കേരളത്തിലെ സംഘപരിവാരത്തിന്റെ ദീർഘകാല പദ്ധതികളിലൊന്നാണ്. മലയാള ഭാഷാപിതാവിന്റെ പേരിലുള്ള തുഞ്ചൻ പറമ്പിനെ വർഗ്ഗീയ വൽക്കരിക്കാൻ തൊണ്ണൂറുകൾ മുതൽ ആർഎസ്എസും അതിന്റെ സാംസ്‌കാരിക സംഘടനയായ തപസ്യയും ശ്രമിച്ചു വരികയാണ്.


തുഞ്ചൻ സ്മാരക ട്രസ്റ്റിനെ വിഴുങ്ങാൻ സർവ്വസന്നാഹങ്ങളുമായി വന്ന പരിവാരത്തെ തുരത്തിയോടിക്കാൻ മുന്നിൽ നിന്നത് എംടി വാസുദേവൻ നായരാണ്. 1992-93 ലാണ് എംടി തുഞ്ചൻ പറമ്പിന്റെ തലപ്പത്തെത്തുന്നത്. “തുഞ്ചൻപറമ്പ് സ്വകാര്യസ്വത്താക്കിയ അസുരവിത്ത്” എന്നാണ് ജന്മഭൂമി ദിനപത്രം 2002 നവംബറിൽ എംടിക്കെതിരെ ലേഖനമെഴുതിയത്. അവഹേളനങ്ങളും ആക്രോശങ്ങളും ഏറെയുണ്ടായിട്ടും എംടി സംഘപരിവാരത്തെ തുഞ്ചൻ പറമ്പിലേക്ക് അടുപ്പിച്ചില്ല.


അതേ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര നിർണ്ണയത്തിനെതിരെയും സംഘപരിവാരം ഉറഞ്ഞു തുള്ളിയിരുന്നു.കമലാ സുരയ്യക്ക് തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള അവാർഡ് നൽകിയതിനെ ആർഎസ്എസ് ചോദ്യം ചെയ്തപ്പോൾ വർഗ്ഗീയത വമിപ്പിക്കാനുള്ള തീവ്രവലതുപക്ഷ അജണ്ടകൾക്കുമേലെ വെള്ളം കോരിയൊഴിച്ചത് തുഞ്ചൻ ട്രസ്റ്റിന്റെ തലപ്പത്തുള്ള എംടിയുടെ ഉറച്ച നിലപാടു കൂടിയായിരുന്നു.


കേരള മുഖ്യമന്ത്രിയുടെ ഡിസംബർ 31 ലെ ശിവഗിരി പ്രസംഗം പൂർണ്ണ

രൂപം



തുഞ്ചൻ പറമ്പിനെ വർഗ്ഗീയവൽക്കരിക്കാനുള്ള എല്ലാ ആർഎസ്എസ് പദ്ധതികളെയും തുഞ്ചൻ ട്രെസ്റ്റ് ചെയർമാനായ എംടി പരാജയപ്പെടുത്തി. ഇടതുപക്ഷവും മറ്റ് ജനാധിപത്യ മതനിരപേക്ഷ ശക്തികളും എംടിയുടെ പോരാട്ടത്തിനു പിന്തുണയേകി. പൊന്നാനി എംഎൽഎയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. നന്ദകുമാറാണ് ദീർഘകാലമായി ട്രസ്റ്റിന്റെ സെക്രട്ടറി എന്ന നിലയിൽ എംടിയുടെ വലംകൈ.


എന്നാൽ തുഞ്ചൻ പറമ്പിനെ മതനിരപേക്ഷമായി നിലനിർത്താനുള്ള ആ വലിയ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ്സ് എവിടെയാണ് നിലകൊണ്ടത്?


എംടിയെ തുഞ്ചൻ പറമ്പിലെ അസുരവിത്തായി ജന്മഭൂമി പത്രം ആക്ഷേപിച്ച അതേ 2002 ൽ അദ്ദേഹത്തോട് ട്രസ്റ്റ് ചെയർമാൻ സ്ഥാനം രാജിവെക്കാനാവശ്യപ്പെട്ടത് അന്നത്തെ യുഡിഎഫ് മന്ത്രിസഭയിലെ സാംസ്‌കാരിക വകുപ്പു മന്ത്രിയായ ജി കാർത്തികേയനായിരുന്നു.


മുത്തങ്ങ വെടിവെപ്പില്‍ പ്രതിഷേധിച്ച് സർക്കാർ നടത്തുന്ന അന്താരാഷ്ട്ര വീഡിയോ ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ സ്ഥാനം എംടി അന്ന് രാജിവെച്ചിരുന്നു.രാജിവെക്കുകയാണെങ്കിൽ തുഞ്ചൻ ട്രസ്റ്റ് ചെയർമാൻ സ്ഥാനം കൂടി രാജിവെക്കൂ എന്നാണ് ജി കാർത്തികേയൻ പത്ര സമ്മേളനത്തിൽ പരിഹസിച്ചത്. തുഞ്ചൻ പറമ്പിൽ നിന്നുള്ള എംടിയുടെ രാജിക്കായി ആർഎസ്എസ് കോലാഹലമുണ്ടാക്കുന്ന സമയത്താണ് എംടിയോട് ഒരു കോൺഗ്രസ്സ് മന്ത്രി രാജിവെക്കാൻ പറഞ്ഞത്.


മലയാള സാഹിത്യ രംഗത്തെ കോൺഗ്രസ്സിന്റെ മുഖമായ കവി കല്പറ്റ നാരായണൻ 2016 ൽ തുഞ്ചൻ പറമ്പിനെ മുൻനിർത്തി എംടിക്ക് പരസ്യമായൊരു കത്തെഴുതുകയുണ്ടായി. ‘‘താങ്കൾക്ക് എഴുത്തച്ഛനോട് മറ്റെന്തെങ്കിലും വൈരാഗ്യമുണ്ടോ?” എന്ന ചോദ്യവുമായായിരുന്നു ആ കത്ത്.


കത്തിൽ കവി കല്പറ്റ തുടർന്ന് ചോദിക്കുകയാണ് : “പൊളിച്ചുമാറ്റുന്നതിൽ മാത്രം വൈദഗ്ധ്യമുള്ള ചില തൊഴിലാളികളെ തകർക്കാനെളുപ്പമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനായി പ്രത്യേകമായി ക്ഷണിച്ചുവരുത്തി തീറ്റിപ്പോറ്റി നിലനിർത്തുന്നതുപോലെ അങ്ങൊരു കൂട്ടം ആളുകളെ അവിടെ നിർത്തുന്നുണ്ട്. കാവ്യാവബോധം ലവലേശമില്ലാത്ത കേരളത്തിലെ ഏറ്റവും നിരക്ഷരരും കുബുദ്ധികളുമായ ആ സംഘത്തെ ഉപയോഗിച്ച് അങ്ങവിടെ എന്താണു ചെയ്യുന്നത്?”


തിരൂരിലെ തുഞ്ചൻ പ്രതിമ വിഷയം ഉൾപ്പെടെ ഉയർത്തി സംഘപരിവാരം വർഗ്ഗീയ മുതലെടുപ്പിനു ശ്രമിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലായിരുന്നു കത്തിലൂടെയുള്ള കല്പറ്റയിലെ കവി ഹൃദയത്തിന്റെ ഈ കുത്ത്. എംടിയുടെ എഴുത്തുകളുടെ ഏറ്റവും വലിയ ആരാധകനായ കല്പറ്റ നാരായണനു തുഞ്ചൻ പറമ്പിൽ അദ്ദേഹം ചെയ്യുന്നത് ഇഷ്ടമായില്ല പോലും.


എംടിയോടും തുഞ്ചത്തെഴുത്തച്ഛനോടും മുൻപ് ജി കാർത്തികേയനും കല്പറ്റ നാരായണനും ചെയ്ത അതേ കുത്താണ് പിണറായി വിജയനോടും ശ്രീ നാരായണ ഗുരുവിനോടും വിഡി സതീശൻ ഇപ്പോൾ ചെയ്തത്. പരിക്കേൽക്കുന്നത് നാടിന്റെ മതനിരപേക്ഷതയ്ക്കാണ്.


ഹിന്ദുത്വവാദികളുടെ സനാതന ധർമ്മമെന്നാൽ വർണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമല്ലെന്ന് പിണറായി വിജയനു പറയാൻ കഴിയുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ക്ലാരിറ്റി കാരണമാണ്. വിഡി സതീശനും കോൺഗ്രസ്സുകാർക്കും ഇല്ലാതെ പോകുന്നതും അതാണ്. ജാതീയതയുടെ സങ്കുചിത സന്ദേശമല്ല, മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നൽകിയതെന്നും മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗം ചൂണ്ടിക്കാട്ടുന്നു. വർണാശ്രമ ധർമ്മത്തെ വെല്ലുവിളിക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മമെന്നും പിണറായി അടിവരയിട്ടു പറയുന്നു.ശിവഗിരി പ്രസംഗത്തിനു ശേഷം ദേശീയ മാധ്യമങ്ങളും ഉത്തരേന്ത്യൻ പ്രാദേശിക പത്രങ്ങളുമെല്ലാം ആർഎസ്എസിന്റെ ക്വട്ടേഷനേറ്റെടുത്ത് പിണറായിക്കുനേരെ കുരച്ചുചാടുകയാണ്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ റിപബ്ലിക് ചാനലിന്റെ പ്രതിനിധി സനാതന ധർമ്മ വിഷയത്തിൽ ചോദ്യമുയർത്തി. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ഒരു സന്ദേഹവുമില്ലാതെ പിണറായി മറുപടി പറഞ്ഞത്. ഉറഞ്ഞു തുള്ളുന്ന ആർഎസ്എസ്-ബിജെപി വക്താക്കളുടെ കാതടപ്പിക്കുന്ന മറുപടി.


പിണറായിക്കെതിരെ വാളോങ്ങി നിൽക്കുന്ന സംഘപരിവാറിനൊപ്പം തന്നെയാണ്, സനാതന ധർമ്മം നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണെന്നു പറയുന്ന പ്രതിപക്ഷ നേതാവും. അല്ലെങ്കിലും വിഡി സതീശനെന്ത് നാരായണ ഗുരു? ആർഎസ്എസുകാർ ഗുരുജിയെന്നു വിളിക്കുന്ന ഗോൾവാൽക്കറാണല്ലോ അദ്ദേഹത്തിന്റെ ആരാധനാപാത്രം!


ജിതിൻ ഗോപാലകൃഷ്‌ണൻ – ഫേസ്‌ബുക്ക്‌ പോസ്റ്റ്‌



deshabhimani section

Related News

0 comments
Sort by

Home