മലപ്പുറവും ഇടതുപക്ഷവും നുണ പ്രചാരണങ്ങളിലെ രാഷ്ട്രീയവും

മതരാഷ്‌ട്രവാദ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ മലപ്പുറത്തിന് എതിരായ ബ്രീട്ടീഷ് പ്രചാരണങ്ങളെയാണ് എക്കാലവും എടുത്ത് ഉപയോഗിച്ചിരുന്നത്. വാഗണ്‍ കൂട്ടക്കൊലയില്‍ ഹിന്ദു മതവിശ്വാസികളും കൊല്ലപ്പെട്ടിരുന്നു എന്നകാര്യമുള്‍പ്പെടെ മറച്ചുപിടിച്ച് ബ്രിട്ടീഷുകാർക്ക് പിന്നാലെ അതിനെ പിന്‍പറ്റി ചരിത്രം രചിച്ച മതരാഷ്‌ട്രവാദികളും നുണക്കോട്ടകൾ പണിതു.
വസ്തുനിഷ്ഠമായ പഠന നിരീക്ഷണങ്ങളിലൂടെ എക്കാലവും മലപ്പുറത്തിന് എതിരായ ഇത്തരം വ്യാജ നിർമ്മിതകളെ തുറന്നു കാട്ടിയത് ഇടതുപക്ഷമാണ്. ബ്രിട്ടീഷുകാരുടെ വിഭജന തന്ത്രങ്ങൾ ഈ ഒരു ദേശത്തിനെതിരെ തന്ത്രപൂർവ്വവും ആസൂത്രിതവുമായി പ്രയോഗിക്കുന്നവർ ഇപ്പോഴും അവരുടെ ശ്രമങ്ങൾ തുടരുന്നു. അതിനെതിരെ ചരിത്ര യാഥാർത്ഥ്യങ്ങളുടെയും സാമൂഹിക പഠനങ്ങളുടെയും അടിസ്ഥാനത്തിൽ മാനവികതയുടെ പക്ഷത്ത് നിന്ന് കൊണ്ട് എക്കാലവും ചെറുത്തു നിൽക്കുന്നത് ഇടതുപക്ഷമാണ്.
ചരിത്രം എന്ന പേരിൽ മലപ്പുറത്തിനെതിരായി നിർമ്മിച്ച നുണക്കോട്ടകളെയും ഒറ്റുകാരായി നിന്നവരുടെ പുത്തൻ അവകാശ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് പുത്തലത്ത് ദിനേശൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ.
ഇടതുപക്ഷവും, അതിന്റെ രാഷ്ട്രീയവും മലപ്പുറത്തിനെതിരാണെന്ന പ്രചരണവുമായി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് കേവലമായ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി പടച്ചുവിടുന്നതാണെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്.
1921-ലെ മലബാറിലെ കാര്‍ഷിക കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ മുന്നോട്ടുപോയത്. മതരാഷ്‌ട്രവാദ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ അതിനെ പിന്‍പറ്റുകയാണ് ചെയ്‌തത്. എന്നാല്‍, അതിന്റെ ജന്മിത്വവിരുദ്ധവും, സാമ്രാജ്യത്വവിരുദ്ധവുമായ സ്വഭാവത്തെ മുന്നോട്ടുവെച്ചുകൊണ്ട് ചരിത്രത്തില്‍ ശരിയായ രീതിയില്‍ ഈ കലാപത്തെ അടയാളപ്പെടുത്തിയത് ഇടതുപക്ഷമായിരുന്നു.
കാര്‍ഷികപരവും, സാമ്രാജ്യത്വവിരുദ്ധവുമായ ഉള്ളടക്കവുമുള്ളതിനാല്‍ തന്നെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ പ്രത്യേകിച്ചും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരുന്നു. എം.പി നാരായണ മേനോനും, ബ്രഹ്മദത്തന്‍ നമ്പൂതിരിയെപ്പോലുള്ളവരും ഇതിന്റെ ഭാഗമായിത്തന്നെ ദീര്‍ഘകാലം ജയില്‍ വാസം അനുഭവിക്കുകയും ചെയ്‌തിരുന്നു. വാഗണ്‍ കൂട്ടക്കൊലയില്‍ ഹിന്ദു മതവിശ്വാസികളും, കൊല്ലപ്പെട്ടിരുന്നു എന്നകാര്യമുള്‍പ്പെടെ മറച്ചുപിടിച്ചത് ബ്രിട്ടീഷുകാരും, അതിനെ പിന്‍പറ്റി ചരിത്രം രചിച്ച മതരാഷ്‌ട്രവാദികളുമായിരുന്നു.
മലബാര്‍ കാര്‍ഷിക കലാപത്തിന്റെ സാമ്രാജ്യത്വവിരുദ്ധവും, ജന്മിത്വവിരുദ്ധവുമായ സ്വഭാവങ്ങളെ വിശകലനം ചെയ്‌തുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ദേശാഭിമാനി നിരോധിച്ചത്. വാരിയംകുന്നത്ത് സ്ഥാപിച്ച മലയാള നാടിനെ പാരീസ് കമ്മ്യൂണുമായി താരതമ്യപ്പെടുത്തിയതിന്റെ പേരിലാണ് എ.കെ.ജിയെ ജയിലിലടച്ചത്.
സമരത്തിന്റെ നിഷേധാത്മകമായ വശത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടും കൂടിയാണ് പാര്‍ടി ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. 1921-ലെ മലബാര്‍ കാര്‍ഷിക കലാപത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായ കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയത് 1957-ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. അതിന്റെ തുടര്‍ച്ചയില്‍ 1967-ല്‍ ഭൂപരിഷ്‌ക്കരണ നിയമവും കൊണ്ടുവന്നു. അത് പ്രാവര്‍ത്തികമാക്കാനുള്ള പ്രക്ഷോഭവും തുടര്‍ന്ന് നടത്തി നിയമം പ്രാവര്‍ത്തികമാക്കി. അതായത് 1921-ലെ കാര്‍ഷിക കലാപത്തിന് അടിസ്ഥാനമായ ഭൂപ്രശ്‌നം പരിഹരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.
{ബിട്ടീഷ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിവേചനപരമായി കൊണ്ടുവന്ന പല നിയമങ്ങളും പിന്‍വലിക്കാനും, മലപ്പുറത്തെ ജനതയെ മുന്നോട്ട് നയിക്കാനുമുള്ള ഇടപെടല്‍ നടത്തിയതും ഇടതുപക്ഷമായിരുന്നു. എം എസ് പി യുള്‍പ്പെടെ മുസ്ലീങ്ങള്‍ക്കുണ്ടായിരുന്ന വിവേചനം 1957-ലെ സര്‍ക്കാര്‍ പിന്‍വലിച്ചു. മുസ്ലീങ്ങള്‍ക്ക് മാത്രമായി ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങളും ആ സര്‍ക്കാര്‍ എടുത്തുമാറ്റി.
മുസ്ലീങ്ങള്‍ ഉള്‍പ്പെടേയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം കൊണ്ടുവന്നതും ഈ സര്‍ക്കാരായിരുന്നു. ഈ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം സൗജന്യമാക്കിയതും, പൊതുവിദ്യാലയങ്ങള്‍ നാട്ടിലെമ്പാടും സ്ഥാപിച്ചതും, പൊതുആരോഗ്യ സമ്പ്രദായം ശക്തിപ്പെടുത്തിയതും മലപ്പുറത്തെ പാവപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും ഏറെ ആശ്വാസം പകര്‍ന്നു. ഭൂപരിഷ്‌ക്കരണവും, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലുള്ള ഈ ഇടപെടലിന്റെ അടിത്തറ കൂടിയാണ് ഗള്‍ഫ് മേഖലയില്‍ തൊഴില്‍ ചെയ്‌ത് ജീവിക്കാനുള്ള സാഹചര്യം മലപ്പുറത്തെ ജനതയ്‌ക്കൊരുക്കിയത്.
1967-ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട പരിഷ്‌ക്കാരങ്ങള്‍ക്ക് തുടര്‍ന്ന് നേതൃത്വം നല്‍കി. അങ്ങനെയാണ് മലപ്പുറം ജില്ലയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമെല്ലാം സ്ഥാപിക്കുന്നത്.
മലപ്പുറം ജില്ല രൂപീകരിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ അത് മുസ്ലീങ്ങള്‍ക്കുള്ള ജില്ലയാണെന്ന് പറഞ്ഞുകൊണ്ട് സംഘപരിവാര്‍ ശക്തമായി ഇതിനെ എതിര്‍ത്തു. ഈ നിലപാടിനോടൊപ്പമായിരുന്നു കോണ്‍ഗ്രസ്. ഇത്തരം എതിര്‍പ്പുകളുടെ രാഷ്‌ട്രീയത്തെ തുറന്നുകാട്ടി ദേശാഭിമാനിയില്‍ നാല് ലേഖനം ഇ.എം.എസ് എഴുതി. അതില്‍ 1967 മെയ് 8-ാം തീയ്യതി `ജനങ്ങളെ തമ്മിലടിപ്പിക്കുന്നവരെ സൂക്ഷിക്കണ'മെന്ന ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഇ.എം.എസ് ഇങ്ങനെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
``കേരളത്തില്‍ 13 കൊല്ലത്തിനിടക്ക് 7 ജില്ലകള്‍ രൂപീകരിച്ചതില്‍ 6-ലും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം മുസ്ലീം ഭൂരിപക്ഷമായതുകൊണ്ട് ആ ജില്ലക്ക് മാത്രം എതിരായി ഹിന്ദു വര്‍ഗ്ഗീയവാദികള്‍ കുഴപ്പമുണ്ടാക്കുന്നു. മലപ്പുറം ജില്ലയില്‍ കൂടി പാക്കിസ്ഥാന്‍ ഇവിടെ വരുമെന്ന് വാദിക്കുന്ന കൂട്ടര്‍ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമുള്ള കാശ്‌മീരിനെ ഈ രാജ്യത്തോട് ചേര്‍ത്തിരിക്കുന്നത്. മുസ്ലീങ്ങളും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് മാത്രമെതിരായുള്ള ഒരു പ്രക്ഷോഭമല്ല ഇത്. നിങ്ങളും, മറ്റ് സമുദായങ്ങളോടും, പാര്‍ടിയോടും ചേര്‍ന്ന് ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ തയ്യാറാകണം''.
കേരളത്തിലെ മറ്റ് ജില്ലകളെന്ന പോലെ മലപ്പുറം ജില്ലയും എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ട ഒന്നായാണ് മലപ്പുറത്തെ ജനതയെന്നും കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് മതരാഷ്‌ട്രവാദികളുടെ എല്ലാ വ്യാഖ്യാനങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ട് ബഹുസ്വര സംസ്‌കാരത്തേയും, ജീവിതത്തേയും ഉള്‍ക്കൊണ്ടുകൊണ്ട് മലപ്പുറം ജനത ഇന്നും ജീവിക്കുന്നത്. സൂഫി ആശയങ്ങളുള്‍പ്പെടെ മുന്നോട്ടുവെച്ച സമീപനങ്ങള്‍ ജാതീയതക്കെതിരായുള്ള നവോത്ഥാന ചിന്തകളായി വളരുകയും ചെയ്‌തു.
ബഹുസ്വര സംസ്‌കാരത്തിന്റേയും, സഹിഷ്‌ണുതയേയും പാഠങ്ങള്‍ അതിലൂടെ ഇവിടുത്തെ ജനതയുടെ ജീവിത താളമായി മാറി. എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്നീട് കൊണ്ടുവന്ന സമ്പൂര്‍ണ്ണ സാക്ഷരതയും, ജനകീയാസൂത്രണവും, പൊതുവിദ്യാഭ്യാസ യജ്ഞവും, ആര്‍ദ്രം പദ്ധതിയും, ലൈഫുമെല്ലാം മലപ്പുറത്തിന് വികസനത്തിന്റെ കുതിപ്പ് നല്‍കുന്നതിന് ഇടയാക്കി.
1921-ലെ മലബാറിലെ കാര്‍ഷിക കലാപത്തില്‍ തന്റെതായ രാജ്യം സ്ഥാപിച്ച വാരിയംകുന്നത്ത് ആ നാടിന് നല്‍കിയ പേര് മലയാള നാട് എന്നായിരുന്നു. നാടിനെ മുഴുവന്‍ ചേര്‍ത്തുപിടിച്ചുള്ള കാഴ്‌ചപ്പാടായിരുന്നു അത്. ഇ.എം.എസും, കെ ദാമോദരനേയും പോലെയുള്ളവര്‍ വര്‍ഗ്ഗ രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാടുകള്‍ മുന്നോട്ടുവെച്ചവരുടെ മണ്ണും മലപ്പുറത്തിന്റേതാണ്.
ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്‌ക്കുന്ന മതരാഷ്‌ട്രവാദത്തെ ശക്തമായി എതിര്‍ത്ത സി.എച്ച് മുഹമ്മദ് കോയയുടെ കര്‍മ്മഭൂമിയും മറ്റൊന്നല്ല. കോട്ടക്കലിന്റേയും, ചങ്ങമ്പള്ളിയുടേയും പാരമ്പര്യവും മലപ്പുറത്തിനുണ്ട്. എഴുത്തച്ഛനും, മൊയിന്‍കുട്ടി വൈദ്യരും മലപ്പുറത്തിന്റെ സന്തതികളാണ്. ഓട്ട് വ്യവസായത്തിന്റെ പാരമ്പര്യം മലപ്പുറത്തവതരിപ്പിച്ചത് മിഷണറിമാരുമാണ്. ഇത്തരത്തില്‍ ബഹുസ്വരതയുടെ മഹത്തായ പാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. അതുയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്.
മലപ്പുറം ബഹുസ്വരതയുടെ മണ്ണാണെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശാഭിമാനിയുടെ 80-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച മലപ്പുറം മഹോത്സവം. അതിലെ പ്രബന്ധങ്ങളാണ് മലപ്പുറം മിഥ്യയും, യാഥാര്‍ത്ഥ്യവുമെന്ന പുസ്‌തകത്തിലുള്ളത്. ഇതിന്റെ പ്രകാശനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനുമാണ്.
ഈ വസ്‌തുതകളെല്ലാം മറിച്ചുവെച്ചുകൊണ്ടാണ് മലപ്പുറത്തെ ചതിയന്മാരെന്ന് വിളിച്ചുവെന്ന ആക്ഷേപം രാഷ്‌ട്രീയ ലാഭത്തിനായി ഇടതുപക്ഷത്തിനുമെതിരെ ഉയര്‍ത്തുന്നത്. ഇത് തിരിച്ചറിയേണ്ടതുണ്ട്.
0 comments