എന്നും നുണകൾ നട്ടുനനയ്ക്കുന്നവർ കേൾക്കണം, പുലാമന്തോൾ പള്ളി നിർമാണത്തിന്റെ കഥ

“ദാ, കമ്യൂണിസ്റ്റുകാരുടെ മുസ്ലീംവിരോധത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന തെളിവ്!!” - കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷം വമിപ്പിക്കുന്നവർ കേൾക്കണം...
മലപ്പുറം പുലാമന്തോളിലെ ‘ഇഎംഎസ് പള്ളി’ക്കും ജില്ലയിലെ മറ്റ് പ്രമുഖ ദേവാലയങ്ങളുടെ നിർമ്മിതിക്കും സാഹചര്യം ഒരുക്കിയ 1957 ലെ ഇ എം എസ് മന്ത്രിസഭയുടെ ഉത്തരവിന് ഈ ജൂൺ മാസത്തിൽ 67 തികഞ്ഞു.
1957ൽ മുഖ്യമന്ത്രിയായ ശേഷം ഏലംകുളത്തെ വീട്ടിലെത്തിയ ഇഎംഎസിനെക്കണ്ട് പുലാമന്തോളുകാർ ഉന്നയിച്ച ആവശ്യം രണ്ട് മാസത്തിനകം തന്നെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. വിലക്കുകളിൽ കുരുക്കിയ ആരാധാനാലയ സ്വാതന്ത്ര്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരമേറ്റ ഉടൻ ഉത്തരവിലൂടെ തുറന്നു. നിയമം മൂലം അവകാശപ്പെടുത്തി.
കമ്യൂണിസ്റ്റ്കാരുടെ മുസ്ലീം വിരോധം എന്ന പേരിൽ തുടർച്ചയായ നുണ പ്രചരണങ്ങളെ കൃത്യമായ രേഖകളോടെ സോഷ്യൽ മീഡിയയിൽ തുറന്നു കാണിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകൻ ശ്രീകുമാർ ശേഖറാണ്. 1957 ജൂൺ ഏഴിലെ ഉത്തരവിന്റെ കോപ്പി സഹിതമാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പുലാമന്തോളിലെ പള്ളി സന്ദർശിക്കുന്ന ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്.
1921ലെ മലബാർ കലാപത്തെ തുടർന്നാണ് മലബാറിൽ മുസ്ലിം ആരാധനാലയങ്ങൾ നിർമിക്കാൻ നിരോധനം നിലവിൽ വന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനും ജന്മിത്തത്തിനും എതിരെ വീറുറ്റ പോരാട്ടം നയിച്ച മണ്ണിൽ ആരാധനാലയങ്ങൾ പണിയുന്നതിന് നാട്ടുകാരെ വിലക്കി. മദ്രാസിൽ കോൺഗ്രസ് സർക്കാർ വന്നിട്ടും വിലക്ക് നീക്കാൻ തയാറായില്ല. മദിരാശി മുഖ്യമന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല. മലബാർ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു.
1952 മുതൽ അഞ്ചു കൊല്ലം അഞ്ച് മുസ്ലീം ലിഗ് എംഎൽഎമാരുടെ പിൻതുണ നിലനിർത്തി നേടിയ പിൻബലത്തിലാണ് കോൺഗ്രസ് ഇവിടെ ഭരണത്തിലിരുന്നത്. അപ്പോഴും ആരാധനാലയങ്ങൾ നിർമ്മിക്കാൻ അനുമതി തുറന്നു കിട്ടിയില്ല. ആവലാതികളും പ്രാർഥനയും കാത്തിരിപ്പും മാത്രമായി അനിശ്ചിതത്വം തുടർന്നു.
പുലാമന്തോൾ പ്രദേശത്ത് ജുമുഅ കൂടാൻ വിശ്വാസികൾക്ക് മറ്റ് മാർഗ്ഗങ്ങൾ തീരെ കുറവായിരുന്നു. ജില്ലയിലെ മറ്റ് പല പ്രദേശങ്ങളിലും ജനങ്ങൾ ജുമുഅ കൂടാൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമായിരുന്നു. ഒരു മുഴുവൻ തൊഴിൽ ദിനം തന്നെ മാറ്റി വെക്കേണ്ട നിസ്സഹായത.
ഒരു പള്ളിയെന്നത് പുലാമന്തോളിന്റെയും ദീർഘകാല സ്വപ്നമായിരുന്നു. കറുത്തേതൊടി മരക്കാർ ഹാജിയുടെ പീടികയുടെ പിന്നിലുള്ള സ്ഥലത്തായിരുന്നു അന്ന് നിസ്കാരം നിർവഹിച്ചിരുന്നത്. മറ്റ് നിർമ്മിതികൾ സാധ്യമാവാതെ പള്ളിക്കായി സ്ഥലം വാങ്ങിയ സ്ഥലത്ത് താൽക്കാലിക ഷെഡ് പണിതു. ഒരു ഘട്ടത്തിൽ പള്ളി വിരോധികൾ ഇടപെട്ട് അതും തടഞ്ഞു. പണിക്കെതിരെ സർക്കാർ ഉത്തരവ് പുറത്തു വന്നു.
ഈ വിഷമ ഘട്ടത്തിലാണ് 1957 ൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേൽക്കുന്നത്. പാവപ്പെട്ടവരും പണക്കാരും എന്നില്ലാതെ ജാതിമതഭേദ ചിന്തയില്ലാതെ ഒരു സർക്കാർ നിലവിൽ വന്നപ്പോൾ അത് നാട്ടുകാർക്ക് പുതിയ പ്രതീക്ഷയായി. കാത്തിരിപ്പ് പാഴായില്ല. കമ്മ്യൂണിസ്റ്റ് വിരോധം പറഞ്ഞവർ നിശ്ശബ്ദമായി വായടക്കി. പിന്നീട് നുണ പ്രചരണങ്ങളിലേക്ക് പിൻവാങ്ങി.
പള്ളിനിർമ്മാണ വിലക്ക് മാറ്റണം എന്നാവശ്യപ്പെട്ടവരോട് തിരികെ തിരുവനന്തപുരത്തെത്താനുള്ള സമയം മാത്രമേ ഇഎംഎസ് ചോദിച്ചുള്ളൂ. ഭരണമേറ്റ് അറുപത് ദിവസങ്ങൾക്കുള്ളിൽ ഇറക്കിയ ഉത്തരവുകളിൽ ഈ ആവശ്യവും പരിഗണിക്കപ്പെട്ടു.
പള്ളി പണിയാൻ വിലക്ക് നീക്കുന്ന ഇടക്കാല ഉത്തരവാണ് ആദ്യം നൽകിയത്. പിന്നീട് സംസ്ഥാനത്തിനാകെ ബാധകമായ പൊതു നിയമം വന്നതോടെ നിരോധന പ്രശ്നം അവസാനിക്കുകയും ചെയ്തു. നാട്ടകാർ പള്ളി പണിതു. ഇഎംഎസ് പള്ളിയെന്ന വിളിപ്പേര് ഇന്നും നിലനിൽക്കുന്നു
0 comments