ക്രിസ്തുവിൽ തകർന്നു വീഴുന്ന കൽഭിത്തികളെക്കുറിച്ച് ഓർമ്മപ്പെടുത്തലുമായി ബോബി ജോസ് കട്ടിക്കാട്

സമതയിലേക്കും മാനവികതയിലേക്കും താനേ തുറക്കുന്ന സ്വാഭാവിക വാതായനങ്ങളാണ് ഭക്ഷണമേശകൾ. ചുങ്കക്കാരോടും ഗണികകളോടുമൊപ്പം അന്നം പങ്കിട്ടു എന്നതായിരുന്നു ആദിമധ്യാന്തം യേശു അഭിമുഖീകരിച്ച ആരോപണം. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം എന്നത് അവരവർ ജീവിക്കുന്ന പശ്ചാത്തലത്തിൽ നിന്നു തന്നെ തുടങ്ങണമെന്ന് പറയുകയാണ് ബോബി ജോസ് കട്ടിക്കാട്.
ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പൊലീത്താ അനുസ്മരണത്തന്റെ പശ്ചാത്തലത്തിൽ പങ്കുവെച്ച മനോഹരമായ കുറിപ്പിലാണ് ഭേദചിന്തകൾ ഇനിയും മറികടക്കാനായി ഒരോരുത്തരിലും സംഭവിക്കേണ്ട ആന്തരിക പരിണാമത്തെ കുറിച്ച് ഓർമ്മപ്പെടുത്തുന്നത്.
നമുക്കിണങ്ങിയവരോടൊപ്പം മാത്രം പങ്കിടേണ്ട മേശയെക്കുറിച്ചാണ് ഇപ്പോഴും ദേശത്തിന്റെ സാരോപദേശകഥകൾ.... പന്തിഭോജനത്തിന്റെ ആന്തരികപരിണാമത്തിലേക്കെത്തുവാൻ ഈയൊരു കാലം മതിയാവില്ലെന്ന് ഇനിയും ആർക്കാണ് പിടുത്തം കിട്ടാത്തത്.... എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട് അദ്ദേഹം തന്റെ എഫ് ബി കുറിപ്പിൽ.
എഫ് ബി പോസ്റ്റിൽ നിന്ന്
ലോകം എല്ലായിടത്തും ഒരേപോലെ തന്നെയാണെന്ന് തോന്നുന്നു. ഉച്ചനീചത്വങ്ങളും ഇടമതിലുകളുമൊക്കെയായി ക്രിസ്തുവിൽ തകർന്നു വീഴുന്ന കൽഭിത്തികളെക്കുറിച്ച് പൗലോസ് ആവേശം കൊള്ളുന്നുണ്ട്. എന്നിട്ടും ഒരിടത്തും സമഭാവനയുടെ ആ രാജ്യം ഇനിയും വന്നിട്ടില്ല.
ഒരു റസ്റ്ററന്റിൽ പോലും കഴിച്ചതിന്റെ അവശിഷ്ടങ്ങൾ എന്തിനാണിത്ര അലക്ഷ്യമായി മേശയിൽ ചിതറുന്നത്? അത് തുടച്ചുമാറ്റുന്നത് മറ്റൊരു മനുഷ്യനാണെന്ന് ഓർക്കാത്തതെന്താണ്? വാഷ്റൂമിൽനിന്നു പുറത്തുവരുമ്പോൾ ഫ്ലഷ് ചെയ്തോ എന്ന് ഉറപ്പു വരുത്തുവാൻ ഒരു നിമിഷാർദ്ധം മതി. ബക്കറ്റും ബ്രഷുമായി പുറത്തുനിൽക്കുന്നയാൾ ഗാന്ധിയല്ലാത്തതുകൊണ്ട് വിശേഷിച്ചും.
ഷാർലെറ്റ് പറഞ്ഞു സങ്കടപ്പെട്ടത് അതിനെക്കുറിച്ചാണ്. ഗാർബേജ് ശേഖരിക്കാനെത്തുന്ന വാഹനത്തിന്റെ ഡ്രൈവർ മാൾട്ടാക്കാരൻ തന്നെയാണ്. അതോരോ വീടിന്റെ അങ്കണത്തിൽ നിന്നെടുത്ത് എച്ചിൽപ്പാത്രവുമായി വാഹനത്തിനു പുറകെ ഓടിവരുന്നത് അഭയാർത്ഥിയായ ഒരു ചെറുപ്പക്കാരനാണ്. ആ പുലരിക്കാഴ്ച മനുഷ്യരെക്കുറിച്ച് ആവശ്യത്തിലേറെ മിണ്ടുന്നുണ്ട്. ഭൂമിയേക്കാൾ നിമ്ന്നോന്നതങ്ങൾ മനുഷ്യബോധത്തിലാണ് ഉറഞ്ഞുനിൽക്കുന്നത്.
Inclusiveness താരതമ്യേന പുതിയ പദമാണ്. അതിലേക്കുള്ള എളുപ്പവഴി പന്തിഭോജനമാണെന്ന പ്രകാശത്തിലാണ് യേശുവിന്റെ ഊട്ടുമേശവിശേഷങ്ങൾക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രസക്തി ലഭിക്കുന്നത്. നമുക്കിണങ്ങിയവരോടൊപ്പം മാത്രം പങ്കിടേണ്ട മേശയെക്കുറിച്ചാണ് ഇപ്പോഴും ദേശത്തിന്റെ സാരോപദേശകഥകൾ.
സമതയിലേക്കും മാനവികതയിലേക്കും താനേ തുറക്കുന്ന സ്വാഭാവിക വാതായനങ്ങളാണ് ഭക്ഷണമേശകൾ. ചുങ്കക്കാരോടും ഗണികകളോടുമൊപ്പം അന്നം പങ്കിട്ടു എന്നതായിരുന്നു ആദിമധ്യാന്തം അവൻ അഭിമുഖീകരിച്ച ആരോപണം. ഇത് ആ പട്ടികയിലെ കടശ്ശിക്കളിയാണ്.
സത്തയിൽ ഇതെത്ര സ്ഫോടനാത്മകമാണെന്ന് അറിയണമെങ്കിൽ കേരളീയചരിത്രത്തിൽ നിന്ന് കേവലം നൂറ് വർഷം പഴക്കമുള്ള ഒരു ഓർമ്മയെ ഉരച്ചുനോക്കിയാൽ മതി. ചെറായിയിലെ ഒരു പന്തിയിൽ ഒരു ചെറിയ കുട്ടി ചക്കക്കുരുവും കടലയും ചേർന്ന മെഴുക്കുപുരട്ടിയും ചോറും കുഴച്ച് ഭക്ഷിക്കുന്നത് കുറച്ചധികം പേർ ഉറ്റുനോക്കുന്നുണ്ട്.
മിശ്രഭോജനത്തിന്റെ ഒരു പ്രതീകാത്മക വിരുന്ന് ആരംഭിക്കുകയാണ്. കഷ്ടിച്ച് നൂറ് വർഷം പഴക്കമേയുള്ളൂ ആ ചരിത്രമുഹൂർത്തത്തിന്. പന്തിഭോജനത്തിന്റെ ആന്തരികപരിണാമത്തിലേക്കെത്തുവാൻ ഈയൊരു കാലം മതിയാവില്ലെന്ന് ഇനിയും ആർക്കാണ് പിടുത്തം കിട്ടാത്തത്.
0 comments