Deshabhimani

'പാവങ്ങളു'ടെ ഒരു നൂറ്റാണ്ട്; കുറിപ്പ് പങ്കുവച്ച് ഫാ. ബോബി ജോസ് കട്ടിക്കാട്

PAAVANGAL
വെബ് ഡെസ്ക്

Published on May 21, 2025, 10:35 PM | 2 min read

മലയാളികളുടെ നോവൽ സങ്കൽപ്പം മാറ്റി മറിച്ച കൃതിയായിരുന്നു വിക്തോർ യൂഗോ എഴുതിയ ലെസ് മിസറബിൾസ് അഥവാ പാവങ്ങൾ. ദിവസങ്ങളോളം, മാസങ്ങളോളം ഉറക്കം കെടുത്താവുന്നവയാണ് നോവൽ എന്ന് അമ്പരപ്പോടെ വായനക്കാർ തിരിച്ചറിഞ്ഞത് ഈ നോവലുമായി സംവദിച്ചപ്പോഴാണ്. 1925‐ൽ നാലപ്പാട്ട് നാരായണമേനോൻ തർജമ ചെയ്ത ‘പാവങ്ങൾ’ മലയാളികളുടെ മുന്നിലെത്തിയ ആദ്യ ജീവിതഗന്ധിയായ നോവലുകളിലൊന്നായിരുന്നു. ഇപ്പോൾ ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഴാങ് വാൽ ഴാങ്ങും അവന്റെ കഥയും ഇപ്പോഴും ചെറുപ്പമാണ്.

പാവങ്ങൾ എന്ന നോവലിന്റെ മലയാള വിവർത്തനം വന്നിട്ട് ഒരു നൂറ്റാണ്ട് തികയുമ്പോൾ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്.


"അന്തിയിൽ വിളക്കു കൊളുത്തുമ്പോൾ ഡിയിലെ മെത്രാൻ മൊസ്യുമിറിയേലിനു വേണ്ടി ഒരു തിരി തെളിച്ചിരുന്നതായി ദേവകി നിലയങ്ങോട് എഴുതിയിട്ടുണ്ട്.

ദേശത്തിൻ്റെ പെരുമാറ്റത്തിൽ അയാൾ അത്രയും ചാഞ്ഞു കിടപ്പുണ്ട്.

തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ആ പേര് കേട്ടു.

അപ്പനന്ന് സ്കൂൾ ടീച്ചേഴ്സിൻ്റെ ഒരു യൂണിയനിൽ ആക്ടീവാണ്..

ഇത്തവണ വാർഷികസമ്മേളനം അങ്ങ് വടക്ക് മാഹിയിൽ വെച്ചാണ്.

രാത്രി വളരെ വൈകിയാണ് യോഗം കഴിഞ്ഞത്. നാട്ടിലേക്കുള്ള ബസ്സുകളൊന്നും ഇനിയില്ല.

രാവെളുപ്പിക്കാൻ പറ്റിയ പൊതു ഇടങ്ങളുമില്ല. ഏതെങ്കിലും ഒരു പള്ളി അന്വേഷിക്കാൻ തീരുമാനിച്ചു. പള്ളിപരിസരത്തിലെ ഒറ്റ മുറി വീട്ടിൽ അവിടുത്തെ പുരോഹിതൻ പാർക്കുന്നുണ്ട്.

താമസം എളുപ്പമല്ല എന്നറിയാമെങ്കിലും ഒന്ന് ചോദിക്കാമെന്നു കരുതി.

ഒരു നിമിഷം നിൽക്കൂ, എന്ന് പറഞ്ഞ് അയാൾ വാതിൽ ചാരി.

അകത്തു നിന്നും ഒരു ചാരു കസേര പുറത്തെക്കിട്ടു. അതിലെ പുസ്തക കെട്ടുകളൊക്കെ എടുത്തു മാറ്റി. പൊടി തട്ടി വൃത്തിയാക്കി. ഒരു ടർക്കി ടവൽ മീതെ ഇട്ടു

ക്ഷമാപണത്തോടെ പറഞ്ഞു : അകത്ത് തീരെ ഇടമില്ലാത്തതു കൊണ്ടാണ്,ഒന്ന് മയങ്ങി രാവിലെ പോകാം..

പിന്നെപ്പോഴോ വന്ന് ഒരു പുതപ്പ് കൂടി കൊടുത്തു.

വാതിലടയ്ക്കാതെ അയാൾ മടങ്ങി.

ഞങ്ങൾ അരഭിത്തിയിലിരുന്നു കഴിഞ്ഞ രാത്രിയിലെ കഥ കേൾക്കുകയാണ്.

Digne യിലെ ബിഷപ്പിനെ പോലൊരാൾ , അങ്ങനെയാണ് അപ്പൻ അയാളെ വിശേഷിപ്പിച്ചത്.

അതാരാണ്?

അനന്തരം അപ്പൻ പാവങ്ങളുടെ കഥ പറഞ്ഞു തുടങ്ങി.

പാവങ്ങളുടെ മലയാള വിവർത്തനം വന്നിട്ട് ഇത് നൂറാണ്ട് തികയുകയാണ്."


ഏറ്റവും കൂടുതൽ തവണ വിവർത്തനം ചെയ്യപ്പെട്ട, അനേകം അനേകം മനുഷ്യരുടെ ഹൃദയം കീഴടക്കിയ അപൂർവം കൃതികളിലൊന്നാണ് വിക്തോർ യൂഗോയുടെ പാവങ്ങൾ. അപാരമായ കാരുണ്യത്തിന്റേയും അസാധാരണമായ ആദർശധീരതയുടേയും കഥകൾ ഇപ്പോഴും അനശ്വരമായി നിലനിൽക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Home