02 April Sunday

സന്ദീപാനന്ദഗിരിക്കെതിരായ വധശ്രമം വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ആർഎസ്‌എസ്‌ ശ്രമത്തിന്റെ ഭാഗം

വെബ് ഡെസ്‌ക്‌Updated: Saturday Oct 27, 2018

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം സംഘപരിവാർ അഗ്നിക്കിരയാക്കിയതിൽ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമുയരുന്നു. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ആക്രമിച്ച്‌ നിശബ്ദദരാക്കാനുള്ള ആർഎസ്‌എസ്‌ ശ്രമത്തെ അപലപിച്ച്‌ നിരവധി പേർ രംഗത്തെത്തി. രാജ്യമെമ്പാടും ആർഎസ്‌എസ്‌ പയറ്റുന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും ചിലർ ഫേസ്‌ബുക്കിൽ കുറിച്ചു.

സ്വാമി ഉന്നയിച്ച വിശ്വാസത്തിന്റെ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ കഴിയാത്തവരാണ് ആക്രമണത്തിന്റെ പാത സ്വീകരിച്ചതെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

പി രാജീവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

സ്വാമി സന്ദീപാനന്ദഗിരിയെ വധിക്കാൻ ഉദ്ദേശിച്ച് സംഘപരിവാരം നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. സ്വാമി ഉന്നയിച്ചതെല്ലാം വിശ്വാസത്തിന്റെ ചോദ്യങ്ങളാണ് ' അതിനു മറുപടി പറയാൻ കഴിയാത്തവരാണ് ആക്രമണത്തിന്റെ പാത സ്വീകരിച്ചത്.

സ്വാമിയുടെ ഗീതാ പ്രഭാഷണങ്ങൾ മലയാളിയുടെ മനസ്സിൽ പ്രത്യേക ഇടം നൽകി. എന്നാൽ, അതൊന്നും കലാപകാരികൾക്ക് പ്രശ്നമല്ല. ഇവർ യഥാർത്ഥത്തിൽ വിശ്വാസികളല്ലെന്നു തെളിയിക്കുകയാണ് ഇത്തരം ആക്രമങ്ങളിലൂടെ.

വിശ്വാസി പരിപാവനമെന്നു കരുതുന്നിടത്ത് മൂത്രമൊഴിച്ചാലും തങ്ങളുടെ ലക്ഷ്യം നേടണമെന്നു കരുതുന്നവർ , സന്യാസിയെ കൊലപ്പെടുത്തിയാലും കുഴപ്പമില്ലെന്നു കരുതുന്നവർ ഇവർ ഏതു വിശ്വാസത്തെയാണ് സംരക്ഷിക്കുന്നത്? കലാപങ്ങളിലൂടെ അധികാരത്തിനായി ശ്രമിക്കുന്നവർ വിശ്വാസത്തെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വിശ്വാസി സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.അശോകൻ ചെരുവിൽ

ഹിന്ദുവിശ്വാസികളിൽ രണ്ടുവിഭാഗങ്ങൾ പണ്ടേ ഉണ്ട്. ഒന്ന് മഹാത്മജിയെ പിന്തുടരുന്നവർ. വേറൊന്ന് ഗോഡ്സെയുടെ അനുയായികൾ. ഗോഡ്സെപക്ഷ ഹിന്ദുക്കൾ സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിച്ചതിൽ എനിക്ക് അത്ഭുതമില്ല. ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടു മാത്രം സ്വാമി വിവേകാനന്ദൻ രക്ഷപ്പെട്ടു. ഗോഡ്സെ പക്ഷത്തിന്റെ ആക്രമത്തിൽനിന്ന് ഹിന്ദുമതത്തെ രക്ഷിക്കാൻ യഥാർത്ഥ വിശ്വാസികൾ മുന്നോട്ടു വരണം.

മഹത്തായ ഇന്ത്യൻ സംസ്കാരത്തിന്റെ വക്താവും പ്രചാരകനുമായ സ്വാമി സന്ദീപാനന്ദഗിരിക്കു നേരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. നവോത്ഥാനകേരളം ഇത് അനുവദിക്കുകയില്ല.


കെ ടി കുഞ്ഞിക്കണ്ണൻ

സ്വാമി സന്ദീപാനന്ദഗിരിയുടെ
ആശ്രമത്തിന് നേരെ ആക്രമണം... വാഹനങ്ങൾക്ക് തീയിട്ടു.. സ്വാമിയെ വധിക്കാനുള്ള ആസൂത്രിത നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു...

ശബരിമല പ്രശ്നത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ആർ എസ് എസും ഹിന്ദു വർഗീയ വാദികളും നടത്തുന്ന കലാപ നീക്കങ്ങളെ ശക്തമായി എതിർക്കുന്ന സ്വാമിയുടെ നിലപാടിൽ അസഹിഷ്ണുക്കളായ സംഘ പരിവാർ ക്രിമിനലുകളാണ് അക്രമണത്തിന് പിറകിൽ...

ആചാരത്തെയും വിശ്വാസത്തെയുമെല്ലാം സംബന്ധിച്ച തന്ത്രി കുടുംബത്തിന്റെയും വർഗീയ വാദികളുടെയും തന്ത്രശാസ്ത്രങ്ങൾക്കും ഭക്ത ശാസ്ത്ര പ്രമാണങ്ങൾക്കും വിരുദ്ധമായ അസംബന്ധ വാദങ്ങളെ സ്വാമി ശക്തമായി തന്നെ തുറന്നു കാട്ടിയിരുന്നു ...

ഹൈന്ദവ പാരമ്പര്യത്തിന്റെയും ധർമ്മസംഹിതകളുടെയും അട്ടിപ്പേറവകാശവുമായി നടക്കുന്നവരുടെ അജ്ഞതയും വിവരക്കേടും നിശിതമായി തുറന്നു കാട്ടി കൊണ്ട് അദ്ദേഹം കേരള മുടനീളം സഞ്ചരിക്കുകയാണ്... ജനങ്ങളോട്സംസാരിക്കുകയാണ്...

ചരിത്ര വിരുദ്ധവും പൗരാണിക ദർശനങ്ങളുടെ പിൻബലമില്ലാത്തതുമായ സംഘി നിലപാടുകളെ തൊലിയുരിച്ചു കാണിക്കുന്ന സ്വാമിയെ ഹിന്ദുത്വ വാദികൾ ഭയപ്പെടുകയാണ്...

ആശയത്തെ നിലപാടുകളെ ആശയം നേരിടാൻ കഴിയാത്ത ഭീരുക്കളാണ് ക്രിമിനൽ സംഘങ്ങളെ ഇറക്കി അക്രമമഴിച്ചുവിടുന്നത് .. സ്വന്തം നിലപാടുകളുടെ അശ്ലീലത തുറന്നു കാട്ടപ്പെടുന്നതിലെ അസഹിഷ്ണതയാണ് സംഘികളുടെ ഇത്തര മാക്രമണങ്ങളുടെ പ്രകോപനമെന്ന് കരുതേണ്ടിയിരിക്കുന്നു...

എതിർക്കുന്ന ന്നവരെയും വിയോജിക്കുന്നവരെയും ആക്രമിച്ച് ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ഭീകരതയാണിത്...നരേന്ദ്ര ധാൽ ബോക്കറെയെയും പൻ സാരെയും കൽബർഗിയെയും ഗൗരി ലങ്കേഷിനെയും ഇല്ലാതാക്കിയവർ .... കല്ലേറും തീയ്യിടലും കയ്യേറ്റവും കലാപ നീക്കങ്ങളുമായി കേരളത്ത തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളിലാണവർ...

വാക്കുകളെ ആശയങ്ങളെ ഭയപ്പെടുന്നവർ വാളും തീപ്പന്തങ്ങളുമായി ചോര വീഴ്ത്താൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്... നാടിന് തീ കൊളുത്താൻ നോക്കുകയാണ്.. ജാഗ്രതയോടെ പ്രതിരോധം തീർക്കുക..


മാലാ പാർവതി

കാലത്ത് ഉണർന്നത് ഭയപ്പെടുന്ന വാർത്ത കേട്ടു കൊണ്ടാണ്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഉണ്ടായ അക്രമത്തെ കുറിച്ച് കേട്ട് കൊണ്ട്. സ്വാമിയുടെ കാറും, ആശ്രമത്തിലെ ചില ഇടങ്ങളും കത്തിച്ചു എന്ന്.

ഇന്നലെ ശബരിമല വിഷയത്തിൽ കൈരളി ടി.വിയിൽ ചർച്ച ഉണ്ടായിരുന്നു.' ഞാൻ മലയാളി'. സ്വാമി അതി ശക്തമായി സംഘപരിവാർ ശക്തികളുടെ അജണ്ടയ്ക്കെതിരെ പ്രതികരിച്ചിരുന്നു.

സ്വാമിയെ ലോകം അറിഞ്ഞതും അംഗീകരിച്ചതും ഗീത, ഉപനിഷദ്, ശ്രീനാരായണ ഗുരുവിന്റെ കൃതികൾ വ്യാഖ്യാനിച്ചതിലൂടെയും, പഠിപ്പിച്ചതിലൂടെയും ആണെന്നും അല്ലാതെ ഡാൽഡ, നെയ്യ്, സൗന്ദര്യ വർദ്ധക സാധനങ്ങൾ വിറ്റതിന്റെ പേരിൽ അല്ല എന്നും പറഞ്ഞിരുന്നു.

മാത്രമല്ല ജസ്റ്റിസ് പരിപൂർണ്ണ സ്വാമിയെ ഉദ്ധരിച്ച് ശബരിമലയിലെ തന്ത്രി കുടുംബത്തിലെ പിൻതലമുറക്കാർക്ക് മന്ത്ര തന്ത്രങ്ങള കുറിച്ച് ധാരണ ഇല്ല എന്നും ആ വിഷയങ്ങളിൽ ഒരു സംവാദത്തിന് വെല്ലുവിളിക്കുന്നു എന്നും പറഞ്ഞിരുന്നു. അതിന് മറുപടിയായി ഹിന്ദു ഐക്യവേദിയുടെ പ്രതിനിധി സ്വാമിയെ ഷിബു എന്ന് വിളിച്ചു.

പിന്നീട് ഷിബു എന്ന പേരിനെ കുറിച്ചും തർക്കമുണ്ടായി. പൂർവ്വാശ്രമത്തിൽ സ്വാമിയുടെ അച്ഛൻ അമ്മമാർ ഇട്ട പേര് തുളസിദാസ് എന്നാണെന്നും, സംഘികൾ പി.കെ ഷിബു എന്ന് പേര് നൽകിയിരിക്കുന്നതായും പറഞ്ഞു.തുടർന്ന് സ്വാമി അവരുടെ പല വാദങ്ങളെയും പൊളിച്ചടുക്കി.

ഒടുവിൽ ഇവർ അംഗീകരിക്കണമെങ്കിൽ പശു ശ്വസിക്കുന്നതും പുറത്തേക്ക് വിടുന്നതും ഓക്സിജൻ ആണെന്നും, ചാണകം ഔഷധമാണെന്നും, ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം ലോകാത്ഭുതമാണെന്നും ഒക്കെ പറയണമെന്നും പറഞ്ഞാൽ മാത്രം അവർ സ്വാമിയായി അംഗീകരിക്കുമെന്നും ഇല്ലെങ്കിൽ ഷിബുമെന്നും പറഞ്ഞിരുന്നു.

ചുരുക്കി പറഞ്ഞാൽ സ്വാമി ഇന്നലെ അവരുടെ എല്ലാ വാദങ്ങളും പൊളിച്ചു കൊണ്ടാണ് സംവാദം അവസാനിപ്പിച്ചത്.തർക്കിച്ച് ജയിക്കാനാവാതെ വന്നപ്പോൾ കാറും, ഗീതാ ക്ഷേത്രവും മറ്റും രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചു.

സംഘികൾ പിടി മുറുക്കുകയാണ്. ഭീഷണിയുടെ ശബ്ദം കാതടപ്പിക്കുന്നതാണ്. വിശ്വാസികൾ ആണ് അവരുടെ ബലം. ആ ബലത്തിൽ കേരളത്തെ എന്നെന്നേക്കുമായി അവർ മാറ്റുകയാണ്.

ചെറുത്ത് നിൽക്കാൻ, ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞ് അവകാശം കൈയ്യാളുന്നവർക്ക് അത് നിലനിർത്താനും മനുഷ്യരെ ഭിന്നിപ്പിച്ചേ മതിയാകു.കാരണം പ്രശ്നങ്ങൾ ഉണ്ടായാലെ അവർക്ക് നിലനില്ക്കാൻ സാധിക്കു.കേരളം ഈ തരത്തിൽ മാറാതെ നമുക്ക് നോക്കാം. ശ്രമിക്കാം.എം ജെ ശ്രീചിത്രൻ

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ആശയപരമായി നേരിടാൻ കെൽപ്പില്ലെങ്കിൽ ആയുധപരമായി നേരിടുക എന്ന മാർഗമാണ് ഇവർക്കറിയാവുന്നത്. പലരും എന്റെ സുരക്ഷിതത്വ വിവരങ്ങൾ ആരായുന്നുണ്ട്. അവർക്കെല്ലാം നന്ദി.

ഞാനും സാധാരണ മനുഷ്യനാണ്. ഈ നാട്ടിലെ ജനാധിപത്യത്തിനും ഭരണഘടനക്കും തുല്യനീതിക്കും വേണ്ടി സംസാരിക്കാനേ ഇന്നുവരെ ശ്രമിച്ചിട്ടുള്ളൂ. ഭയപ്പെടുത്തി നിശ്ശബ്ദനാക്കാം എന്ന് ആരും കരുതണ്ട. കഴിയുന്ന അവസാന നിമിഷം വരെ തുല്യനീതിക്കായി ശബ്ദമുയർത്തും. പുരക്ക് മീതെ വെള്ളം വന്നിട്ടും വീണില്ല. ഇനി ഇവിടെയാണ് വീഴുന്നതെങ്കിൽ, അങ്ങനെയാവട്ടെ. കൂടെയുള്ളത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും പൗരസമൂഹത്തിലുമുള്ള വിശ്വാസം മാത്രമാണ്. തോറ്റു പോകുമോ എന്ന് ചിന്തിക്കുന്നില്ല. അഥവാ തോറ്റു പോയാലും വിഷമവുമില്ല. നാളത്തെ തലമുറ ജയിക്കും. ഞങ്ങളെപ്പോലെ ഒറ്റപ്പെട്ട മനുഷ്യരെ ആർക്കും തോൽപ്പിക്കാം. ജനാധിപത്യത്തിൽ പുലർന്ന, തുല്യനീതിയുടെ ലോകത്തെ സ്വപ്നം കാണുന്ന ജനതയെ ആർക്കും തോൽപ്പിക്കാനാവില്ല.

ഇരുണ്ട നാളുകളിൽ, നാവരിയപ്പെടും മുൻപ് പറയാനുള്ളവ പറഞ്ഞ് കടന്നു പോകണം. സുനിൽ മാഷ് ഓർമിപ്പിക്കാറുള്ളതുപോലെ, എത്രകാലം പറയാനാവുമെന്നറിയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top