28 May Sunday

ആര്‍ബിഐ ഗവര്‍ണര്‍ വിവാദത്തില്‍ മോഡിയെ ട്രോളാന്‍ ഇദി അമീന്റെ സിനിമയുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ രാജിക്കുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നിയമിച്ചിരിക്കുന്നു. നോട്ടുനിരോധനത്തെ പൂര്‍ണമായി  പിന്തുണക്കുകയും  പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ശക്തികാന്ത ദാസിനെയാണ് തല്‍സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്

ഉഗാണ്ടന്‍  സ്വേഛാധിപതിയായിരുന്ന ഈദി അമീന്റെ 'റൈസ് ആന്റ് ഫോള്‍ ഓഫ് ഈദി അമീന്‍' എന്ന ചിത്രത്തില്‍ ഉഗാണ്ടയുടെ സാമ്പത്തിക അടിത്തറ ഈദി അമീന്‍ എങ്ങനെയാണ്‌ തകര്‍ത്തു കളഞ്ഞതെന്ന് ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്ന മോഡിയുടെ നയവുമായി ഇത് യോജിച്ചുനില്‍ക്കുന്നു.  ചരിത്ര ബിരുദമുള്ള വ്യക്തിയെ ആര്‍ബിഐ ഗവര്‍ണറാക്കിയിരിക്കുന്നു ; കണ്ണന്‍ പി കെ എഴുതുന്നു


ഉഗാണ്ടയിലെ സ്വേച്ഛാധിപതിയായിരുന്ന ഈദി അമീനെക്കുറിച്ച് 1981ല്‍ ഇറങ്ങിയ 'റൈസ് ആന്റ് ഫോള്‍ ഓഫ് ഈദി അമീന്‍' എന്ന സിനിമയില്‍ ഈദി അമീന്‍ ഉഗാണ്ടന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ സമീപിക്കുന്ന ഒരു രംഗമുണ്ട്.

ഈദി അമീന്റെ ഭരണം ഉഗാണ്ടയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തുകളയുകയും കീറക്കടലാസിന്റെ വില പോലുമില്ലാതെ ഉഗാണ്ടന്‍ കറന്‍സി നിലം പതിക്കുകയും ചെയ്ത ഘട്ടത്തിലാണ് അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറെ സമീപിക്കുന്നതും ഇന്റലിജന്‍സ് മിഷന്‍ ആരംഭിക്കാന്‍ ഒരു മില്യണ്‍ ഡോളര്‍ അടിയന്തിരമായി ആവശ്യപ്പെടുന്നതും.

രാജ്യം പാപ്പരായിരിക്കുകയാണെന്നും റിസര്‍ച്ച് ബാങ്കിന്റെ കയ്യില്‍ വിദേശ കറന്‍സിയേ ഇല്ലായെന്നും വിദേശ വിപണിയില്‍ ഉഗാണ്ടന്‍ കറന്‍സിക്ക് ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്നും റിസര്‍ച്ച് ബാങ്ക് ഗവര്‍ണ്ണര്‍ ഭരണാധികാരിയായ ഈദി അമീന് മറുപടി നല്‍കി.

ഇത് കേട്ട് ക്ഷുഭിതനായ ഈദി അമീന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ പട്ടാളക്കാരെ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ് ഉണ്ടായത്. പട്ടാളക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ വലിച്ചിഴച്ചു കൊണ്ട് പോകുന്നതിനിടയില്‍ ആ വഴിയിലൂടെ കടന്നുപോയ നിരക്ഷരനായ ഒരു ചെറുപ്പക്കാരനെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഈദി അമീന്‍ നിയമിക്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രമെന്ന പദത്തിന്റെ അര്‍ത്ഥമെന്തെന്ന് പോലും അറിയാത്ത ആ പയ്യനോട് തനിക്ക് വേണ്ടി കുറെ പണം അടിക്കുവാന്‍ ഈദി അമീന്‍ ആവശ്യപ്പെടുന്നതും അയാള്‍ അതനുസരിച്ച് നോട്ട് അച്ചടിക്കുന്നതുമാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍.

ഈദി അമീന്റെ ജീവിതകഥയിലെ ഈ രംഗത്തിന് നിലവിലുള്ള ഇന്ത്യന്‍ സാഹചര്യങ്ങളുമായി വളരെ സാദൃശ്യമുണ്ട്. രാജ്യത്തിന്റെ മാറുന്ന അവസ്ഥയെ ഈ സിനിമാ രംഗം വളരെ കൃത്യമായി നമുക്ക് മുന്നില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കരുതല്‍ ശേഖരത്തിന്റെ ഒരു ഭാഗം - 3.6 ലക്ഷം കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിസര്‍വ് ബാങ്ക് അത് നിരസിച്ചതായും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലേക്ക് സര്‍ക്കാരിന്റെ കൈകള്‍ നീണ്ടു ചെല്ലുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ കലാശിച്ചത്.

ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത ശക്തികാന്തദാസിനെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നത്. ചരിത്രത്തില്‍ ബിരുദമുള്ള ശക്തികാന്തദാസ് നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതും.ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കേണ്ടത് നമ്മളാണ്... ഈ രാജ്യത്തെ ജനങ്ങളാണ്...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top