02 July Thursday

സ്വാശ്രയ കോളേജ്‌ പ്രവേശനം: ചില ചോദ്യങ്ങള്‍;ഉത്തരങ്ങളും

അനീഷ് ഷംസുദ്ദീന്‍Updated: Thursday Oct 6, 2016

സ്വാശ്രയ കോളേജ്‌ വിഷയത്തെ സംബന്ധിച്‌ പലരും സ്ഥിരമായി ഉയര്‍ത്തുന്ന സംശയങ്ങള്‍ക്കുള്ള മറുപടി ഇവിടെ. അനീഷ്‌ ഷംസുദീന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്

സ്വാശ്രയകോളേജിലെ ഫീസ്‌ സര്‍ക്കാരിനു നിശ്ചയിക്കാമൊ?

ഒരു രീതിയിലും കഴിയില്ല. TMA പൈ, ഇസ്ലാമിക്‍ അക്കാഡമി  Vs കര്‍ണ്ണാടക, ഇനാംദാര്‍ കേസുകളില്‍ സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്‌ ഫീസ്‌ അതാത്‌ കോളേജുകള്‍ക്ക്‌ നിശ്ചയിക്കാം എന്ന്. അതവരുടെ മൗലിക അവകാശമാണെന്ന് വരെ കോടതികള്‍ പറഞ്ഞുകളഞ്ഞിട്ടുണ്ട്‌!
   
സര്‍ക്കാരിന്‌ ഇതില്‍ ‌ഒരു റോളും ഇല്ലേ?

ഉണ്ട്‌. തലവരി വാങ്ങുന്നുണ്ടോ, മെറിറ്റ്‌ പ്രകാരമാണോ അഡ്മിഷന്‍ നടക്കുന്നത്, മറ്റു ക്രമക്കേടുകള്‍ ഉണ്ടോ എന്നൊക്കെ സര്‍ക്കാരിന്‌ നിരീക്ഷിക്കാം, ക്രമക്കേട്‌ കണ്ടാല്‍ അഡ്മിഷന്‍ റദ്ദാക്കാം എന്ന് തുടങ്ങി സര്‍ക്കാരിന്റെ അധികാര പരിധിയില്‍ സ്ഥിതിചെയുന്ന സ്ഥാപനങ്ങളില്‍ നിയമപരമായി പല രീതിയിലും ഇടപെടാം.
   
എങ്ങനെയാണു 20 കോളേജുകളില്‍ സര്‍ക്കാര്‍ ഫീസ്‌ നിശ്ചയിച്‌ കരാര്‍ ഉണ്ടാക്കിയത്‌?

സര്‍ക്കാരുമായി സ്വാശ്രയ കോളേജുകള്‍ ഉണ്ടാക്കിയ കരാര്‍ യാഥാര്‍ത്ഥത്തില്‍ കോളേജുകാര്‍ നല്‍കിയ ഔദാര്യം മാത്രമാണ്. അത്‌ നിയമപരമായി ചോദ്യം ചെയപ്പെടാന്‍ കഴിയുന്നതല്ല. ഫീസ്‌ നിശ്ചയിക്കുന്നതൊഴികെ മറ്റു പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സഹായം ആവശ്യമായി വരുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ഒരു നീക്കുപോക്കില്‍ എത്തുന്നതാണു ഇപ്പോള്‍ ചര്‍ച്ച ചെയുന്ന കരാര്‍. ആ കരാര്‍ നിയമപരമായി വലിയ നിലനില്പുള്ളതോ, സ്വാശ്രയ കോളേജുകള്‍ നിര്‍ബന്ധമായും പാലിക്കണം എന്നുള്ളതോ അല്ല. (ഈ വര്‍ഷം അവര്‍ ആവശ്യപെട്ടത്‌ മെറിറ്റ്‌ സീറ്റില്‍ 4 ലക്ഷം രൂപയാണു. അവസാനം ഇരു കൂട്ടരും വിട്ട്‌ വീഴ്ച ചെയ്ത്‌ 2.5 ലക്ഷം രൂപ ആക്കുകയായിരുന്നു.)

മാനേജ്‌മന്റ്‌ എന്തിനാണു നഷ്ടം സഹിച്ച് കരാര്‍ ഒപ്പിടുന്നത്‌?


ഫീസ്‌ ഒഴികെയുള്ള കാര്യങ്ങളില്‍ പല രീതിയില്‍ സര്‍ക്കാരിന്‌ സ്വാശ്രയ കോളേജുകളെ ബുദ്ധിമുട്ടിക്കുവാന്‍ കഴിയും. അഡ്‌മിഷനിലെ മെറിറ്റുറപ്പാക്കല്‍ മുതല്‍ പരീക്ഷാ നടത്തിപ്പ് വരെ സര്‍ക്കാരിന്റെ സഹായമില്ലാതെ ഈ കോളേജുകള്‍ക്ക് നടത്തുവാന്‍ കഴിയില്ല. അതായത്, ഇഛാശക്തിയുള്ള ഒരു ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഭയം ഒരു പ്രധാന കാരണമാണ്. വെല്ലുവിളിച്ച് മുന്നോട്ട്‌ പോയാല്‍ ഭാവിയില്‍ പണി തരുമോ എന്ന ഭയം സര്‍ക്കാരുമായി കരാറിലെത്തുവാന്‍ പ്രധാന കാരണമാണ്. ചില ആളുകള്‍ക്കെങ്കിലും സാമൂഹിക പ്രതിബദ്ധതയും കാരണമാകാം.

മാനേജ്‌മെന്റുകള്‍ക്ക്‌ ഇനി ഫീസ്‌ കുറക്കാന്‍ സര്‍ക്കാര്‍ അനുവാദം വേണോ?

വേണ്ട. 2.5 ലക്ഷം ഫീസ്‌ മാത്രമേ വാങ്ങുകയുള്ളൂ എന്നാണു കരാര്‍. അതില്‍ കൂടുതല്‍ വാങ്ങിയാല്‍ അത് കരാര്‍ ലംഘനമാകും. കുറയ്ക്കാന്‍ ആണെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന തുക സ്‌കോളര്‍ഷിപ്പ്‌ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ തിരികെ നല്‍കാന്‍ ഒരു തടസവും ഇല്ല. അതായത്, MESനു വേണമെങ്കില്‍ 2.5 ലക്ഷം ഫീസില്‍ 50000 രൂപ വിദ്യാര്‍ത്ഥികള്‍ക്ക്‌ തിരികെ കൊടുക്കാന്‍ ഒരു തടസവും ഇല്ല. അതിന് പുതിയതായി ഒരു ധാരണയുടെ ആവശ്യമില്ല.

കരാര്‍ ഒപ്പിടാത്ത കോളേജുകളുടെ നിലനില്‍പ്പ്‌ എങ്ങനെ?

അവര്‍ക്ക്‌ മുഴുവന്‍ സീറ്റിലും സ്വന്തമായി ഫീസ്‌ നിശ്ചയിക്കാം. അഡ്‌മിഷനു മാനദണ്ഡം മെറിറ്റ്‌ ആയിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട്‌ അഡ്‌മിഷന്‍ റദ്ദാക്കാന്‍ കഴിയും. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ വെല്ലുവിളിച്ച് മുന്നോട്ട്‌ പോകുന്ന കോളേജുകളില്‍ തലവരി പണം വാങ്ങുന്നുണ്ടോ, ക്രമക്കേടുകള്‍ എന്തെങ്കിലും ഉണ്ടോ എന്നൊക്കെ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കും.

സ്വയം ഫീസ്‌ നിശ്ചയിച്‌, സീറ്റുകള്‍ സര്‍ക്കാരിനു കൊടുക്കാന്‍ കഴിയുമോ?

കഴിയും. KMCT മെഡിക്കല്‍ കോളേജ്‌ അവസാനം ആ നിലയിലേക്ക്‌ വന്നു. അവര്‍ക്ക്‌ 150 സീറ്റാണുള്ളത്‌. NRI സീറ്റില്‍ ഒഴികെ 10 ലക്ഷം ഫീസ്‌ നിശ്ചയിച്ച് സര്‍ക്കാരിനോട്‌ അഡ്‌മിഷന്‍ നടത്താന്‍ ആവശ്യപെട്ടു. 10 ലക്ഷം ഫീസ്‌ കൊടുക്കാന്‍ തയാറുള്ള 150 കുട്ടികള്‍ വന്നാല്‍ അവരുടെ മെറിറ്റ്‌ അനുസരിച്ച് സര്‍ക്കാര്‍ അവരെ KMCT കോളേജില്‍ അഡ്‌മിഷന്‍ നടത്തും. സര്‍ക്കാര്‍ അഡ്‌മിഷന്‍ മെറിറ്റില്‍ നടത്തുന്നതിനാല്‍ 1 രൂപ പോലും തലവരി അവര്‍ക്ക്‌ കിട്ടില്ല.

ഇതുവരെ മൂന്ന് തരത്തിലുള്ള അഡ്‌മിഷനെ പറ്റി പറഞ്ഞു. ഇവ മൂന്നും തമ്മില്‍ വത്യാസം എന്തൊക്കെയാണ്.

അ. പൂര്‍ണമായും തന്നിഷ്ടത്തില്‍ ഫീസ്‌ നിശ്ചയിച്ച പ്രവേശനം. ഇങ്ങനെ നടത്തിയാല്‍ സര്‍ക്കാര്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കും. മെറിറ്റ്‌ പാലിചില്ല, തലവരി പണം വാങ്ങി എന്നൊക്കെ തെളിവ്‌ കിട്ടിയാല്‍ അംഗീകാരം വരെ റദ്ദാക്കപ്പെടും. ഉദാഹരണം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്‌.

ആ. ഫീസ്‌ സ്വയം നിശ്ചയിച സര്‍ക്കാരിനെ അഡ്മിഷന്‍ നടത്താന്‍ ഏല്‍പിക്കുക. 100% സീറ്റിലും മെറിറ്റ്‌ മാനദണ്ഡമാക്കി സര്‍ക്കാര്‍ അഡ്‌മിഷന്‍ നടത്തും. ഒരു സീറ്റില്‍ പോലും മാനേജ്‌മെ‌‌ന്റിന്‌ തലവരിയോ, പുറംവരവോ കിട്ടില്ല. നിശ്ചയിച ഫീസ്‌ മാത്രം ലഭിക്കും. ഉദാഹരണം: KMCT മെഡിക്കല്‍ കോളേജ്‌.

ഇ. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുക. സര്‍ക്കാരുമായി സമവായത്തില്‍ എത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ പരീക്ഷാ നടത്തിപ്പ് ഉള്‍പ്പടെയുള്ള പല കാര്യത്തിലും സഹകരണമുണ്ടാകും. മാത്രമല്ല മാനേജ്‌മന്റ്‌, ചഞക സീറ്റുകളില്‍ കുറച്‌ സീറ്റുകളില്‍ ചെറിയ തിരിമറി ഒക്കെ കാണിച്‌ അല്‍പം പുറം വരവും ഒപ്പിക്കാം എന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടായിരിക്കും. ഉദാഹരണം: കരാര്‍ ഒപ്പിട്ട 20 കോളേജുകള്‍.

ഈ: പല മാധ്യമങ്ങളും ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സത്യവിരുദ്ധമാണു. സ്വയം ഫീസ്‌ നിശ്ചയിച്ച് മുഴുവന്‍ സീറ്റും സര്‍ക്കാരിനു കൊടുത്താല്‍, മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ച്, കുട്ടികള്‍ വരുന്ന മുറക്ക്‌ മെറിറ്റ്‌ മാനദണ്ഡമാക്കി അഡ്‌മിഷന്‍ നടത്തണം. അല്ലാതെ സര്‍ക്കാര്‍ അവരെ "കൊള്ള നടത്താന്‍' സഹായിക്കുകയല്ല.

(ബോധി കോമണ്‍സില്‍ പബ്ലിഷ് ചെയ്തത്)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top