01 October Sunday

ചവറുകൾ തിന്ന് എല്ലായിടത്തും ചാണകമിടുന്ന മൃഗത്തെ ദേവതയുടെ പദവിയിലേക്ക് ഉയർത്തരുത് ... സവർക്കറുടെ ലേഖനം വൈറലാവുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

പ്രണയദിനമായ ഫെബ്രുവരി 14ന്‌ പശുക്കളെ കെട്ടിപ്പിടിക്കാനുള്ള കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവിന് പിന്നാലെ പശുവിനെ ആരാധിക്കുന്നതിനെതിരായുള്ള വി ഡി സവർക്കറുടെ ലേഖനം സോഷ്യൽ മീഡിയിൽ വൈറലാവുന്നു. On Cow Protection :The Bovain is not Divine എന്ന ലേഖനത്തിലാണ് സവർക്കർ തന്റെ വിമർശനം തുറന്നു പറയുന്നത്. കവി പി എൻ ഗോപീകൃഷ്‌ണ‌ൻ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച ലേഖനത്തിന്റെ മലയാള പരിഭാഷ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.

ചപ്പുചവറുകൾ തിന്നുകയും തോന്നുമ്പോൾ എവിടെയും എല്ലായിടത്തും ചാണകമിടുകയും ചെയ്യുന്ന ഒരു മൃഗത്തെ ദേവതയുടെ പദവിയിലേയ്‌ക്കുയർത്തുന്നത് എന്റെ ദൃഷ്‌ടിയിൽ മനുഷ്യത്വത്തേയും ദിവ്യത്വത്തേയും പരിഹസിക്കുന്ന ഒന്നാണ്. എൻ്റെ കാഴ്ചപ്പാടുകളെ ദൈവനിന്ദയായി കരുതുന്നവരോട് എനിക്ക് പറയാനുള്ളത് പാവം മൃഗത്തിൻ്റെ വയറ്റിൽ മുപ്പത്തി മുക്കോടി ദൈവങ്ങളെ നിറക്കുക വഴി നിങ്ങളാണ് ദൈവനിന്ദ ചെയ്യുന്നതെന്നാണെന്നും സവർക്കർ ലേഖനത്തിൽ പറയുന്നു.

"ചപ്പുചവറുകൾ തിന്നുകയും തോന്നുമ്പോൾ എവിടെയും എല്ലായിടത്തും ചാണകമിടുകയും ചെയ്യുന്ന ഒരു മൃഗത്തെ ദേവതയുടെ പദവിയിലേയ്ക്കുയർത്തുന്നത് എന്റെ ദൃഷ്‌ടിയിൽ മനുഷ്യത്വത്തേയും ദിവ്യത്വത്തേയും പരിഹസിക്കുന്ന ഒന്നാണ്. ഒരു വശത്ത് നാം അംബേദ്‌ക്കറെപ്പോലെ പണ്ഡിതരായ മനുഷ്യരേയും ചൊക്കമേളയെപ്പോലുള്ള ദിവ്യാത്മാക്കളേയും അവരുടെ ജാതി കൊണ്ട് അശുദ്ധരായി കരുതുന്നു. പക്ഷെ മറുവശത്ത് ഒരു മൃഗത്തിൻ്റെ മൂത്രം വളരെപ്പെട്ടെന്ന് നമുക്ക് ആത്മശുദ്ധി വരുത്തുന്ന ഒന്നായി മാറുന്നു! ഇത് മഹത്തായ തെറ്റിദ്ധാരണയോ വൈരുദ്ധ്യമോ?

ഭാഗ്യം , ബുദ്ധിയുള്ളവരാരും ഗോവാരാധനയുടെ അനുഷ്‌ഠാനങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു ഡസൻ സംസ്‌കൃത ശ്ലോകങ്ങളുമായി മുന്നോട്ടു വന്നില്ല. അല്ലെങ്കിൽ ജനങ്ങൾ അവരുടെ പശുക്കളെ ഭംഗിയുള്ള സാരിയുടുപ്പിച്ച് ദൈനം ദിന ആരാധനയുടെ അൾത്താരയിൽ അതിനെ ഉയർത്തി പ്രതിഷ്‌ഠിക്കുന്നത് കാണേണ്ടി വന്നേനെ

ഒരു നായ്  അവന്റെ യജമാനന് സമ്പൂർണ്ണവും നിബന്ധനാരഹിതവുമായ സ്നേഹം പ്രദാനം ചെയ്യുന്നു. മനുഷ്യരുടെ നായാട്ടുയാത്രകളിൽ സഹായിക്കുന്നു. വീടിന് കാവൽ നിൽക്കുന്നു. അവസാന ശ്വാസം വരെ വിനീതവിധേയനായി കഴിയുന്നു. എന്നിട്ടും നാം ഇഷ്‌ടമില്ലാത്തവരെ പരുഷമായ് വിളിക്കാൻ "നായ് " എന്ന പദം ഉപയോഗിക്കുന്നു! എന്തുകൊണ്ടാണ് നാം നായ്‌ക്കളെ കൂടി പൂജിക്കാത്തതും പശുക്കളോട് മാത്രം വിഭാഗീയമായ ആരാധന വെച്ചു പുലർത്തുന്നതും?. പാല് തരുന്നത് കൊണ്ടാണോ?. നായുടേയും കുതിരയുടേയും ഉപയോഗം അതിൽ കുറവാണോ?. അല്ലെങ്കിൽ അവയെ ആരാധിക്കാനുള്ള ഒരേ ഒരു മാനദണ്ഡം അത് മാത്രമാണോ?. കുതിരകൾ, കോവർ കഴുതകൾ, കഴുതകൾ എന്നിവ നമ്മുടെ രാഷ്‌ട്രത്തിൻ്റെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ അത്ര പ്രധാനപ്പെട്ട പങ്ക് കൈയ്യാളിയിട്ടുണ്ട്. നാം ആ ജീവികളെക്കൂടിയും ശൃംഖലയായി ആരാധിക്കാൻ തുടങ്ങണോ

എന്റെ കാഴ്‌ചപ്പാടുകളെ ദൈവനിന്ദയായി കരുതുന്നവരോട് എനിക്ക് പറയാനുള്ളത് പാവം മൃഗത്തിന്റെ വയറ്റിൽ മുപ്പത്തി മുക്കോടി ദൈവങ്ങളെ നിറക്കുക വഴി നിങ്ങളാണ് ദൈവനിന്ദ ചെയ്യുന്നതെന്നാണ് "- സർവക്കർ ലേഖനത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top