25 September Monday

ശബരിമല: ആര്‍എസ്എസിന്റെ വാദങ്ങള്‍ ഛര്‍ദ്ദിച്ചു വശം കെടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍; നിലപാടു വ്യക്തമാക്കാന്‍ എ കെ ആന്റണിയ്ക്കു ശക്തിയുണ്ടോയെന്ന് തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 26, 2018

കൊച്ചി > ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെ വാദങ്ങള്‍ ഛര്‍ദ്ദിച്ചു വശം കെടുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് മന്ത്രി തോമസ് ഐസക്ക്. ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടു തള്ളിയ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് നിലപാടു വ്യക്തമാക്കാന്‍ എ കെ ആന്റണിയ്ക്കു ശക്തിയുണ്ടോയെന്നും ഐസക്ക് ചോദിക്കുന്നു. തന്റെ  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് ചോദിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടു തള്ളിയ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് നിലപാടു വ്യക്തമാക്കാന്‍ എ കെ ആന്റണിയ്ക്കു ശക്തിയുണ്ടോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. ആര്‍ത്തവം സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്നു എന്ന് ഇക്കാലത്തും പരസ്യമായി പ്രസംഗിക്കാന്‍ ഉളുപ്പില്ലാത്ത കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചും അദ്ദേഹത്തിനെന്താണ് പറയാനുള്ളത്? മൗനം ഭജിച്ചും അലറി വിളിച്ചും സവര്‍ണത രാഷ്ട്രീയത്തിന്റെ കാര്യസ്ഥപ്പണി ചെയ്യുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അവര്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനം തുടരുക തന്നെ ചെയ്യും.

എത്ര ദുര്‍ബലമാണ് എ കെ ആന്റണിയുടെ വിശദീകരണങ്ങള്‍! മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നൊക്കെയാണ് അദ്ദേഹം വാദിക്കുന്നത്. രാഷ്ട്രീയവിമര്‍ശനം വില്ലേജ് ഓഫീസിലെ സര്‍ട്ടിഫിക്കറ്റാണോ? രാഷ്ട്രീയവിമര്‍ശനങ്ങളെ നേരിടേണ്ടത്, വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്നു പരിശോധിച്ചാണ്. അതിനുള്ള സത്യസന്ധതയില്ലായ്മ മറച്ചുവെയ്ക്കാനാണ് ഇത്തരം വീണ്‍വാക്കുകള്‍. നമ്മുടെ നവോത്ഥാനപാരമ്പര്യത്തിനു തുരങ്കം വെയ്ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തുനിയുമ്പോള്‍, ഇതല്ല, എ കെ ആന്റണിയില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്ന നിലപാട്.

ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസിന് വെള്ളവും വളവും നല്‍കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലമെന്താണ്? ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞതിന്റെ കാരണങ്ങളില്‍ നിന്നാണ് ആ വിമര്‍ശനത്തിന്റെ സാധുത ആന്റണിയെപ്പോലൊരാള്‍ പരിശോധിക്കേണ്ടത്.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏതു സര്‍ക്കാരിനും ബാധ്യതയുണ്ട് എന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി ദീര്‍ഘകാലം പരിചയമുള്ള ആന്റണിയ്ക്ക് അറിയാത്തതാണോ? ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശാനുമതി സുപ്രീംകോടതി നല്‍കിയാല്‍, ആ അവകാശം വിനിയോഗിക്കാന്‍ ഒരാള്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ വിധി നടപ്പിലാവുകയാണ്. അങ്ങനെയൊരാള്‍ സന്നദ്ധയായി മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കിയേ മതിയാകൂ. ആരു മുഖ്യമന്ത്രിയായാലും അതു തന്നെയാണ് ചെയ്യേണ്ടത്. അത്രയേ കേരളത്തിന്റെ മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്തിട്ടുള്ളൂ.

എന്നാല്‍, അത്തരമൊരു സന്ദര്‍ഭത്തെ ഹീനമായ വര്‍ഗീയപ്രചരണത്തിനുള്ള അവസരമാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. ബിജെപിയും സംഘപരിവാറും അതു ചെയ്യുന്നതു മനസിലാക്കാം. എന്തിനാണ് ആ കൂട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ പോകുന്നത്? ബിജെപിയുടെ സമരത്തില്‍ കൊടി പിടിക്കാതെ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അനുമതി കൊടുക്കേണ്ട ഗതികേടിലേയ്ക്ക് എങ്ങനെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചത്?


കെപിസിസി നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന ജി രാമന്‍ നായര്‍ ഇപ്പോള്‍ എവിടെയാണെന്ന് എ കെ ആന്റണിയ്ക്ക് അറിയാമോ? ബിജെപിയുടെ സമരം ഉദ്ഘാടനം ചെയ്യാന്‍ പാഞ്ഞു ചെന്ന കോണ്‍ഗ്രസ് നേതാവ് ഇന്ന് ബിജെപിയുടെ വൈസ് പ്രസിഡന്റാണ്. ആ സാഹചര്യം എങ്ങനെയുണ്ടായി?

ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെ വാദങ്ങള്‍ ഛര്‍ദ്ദിച്ചു വശം കെടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതൊക്കെ കണ്ടും കേട്ടും കഴിയുന്ന കേരളീയര്‍ക്കു മുന്നിലാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം എ കെ ആന്റണി വിവരിക്കുന്നത്.
കേരളത്തില്‍ അതിഗുരുതരമായ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. അണികള്‍ ബിജെപിയിലേയ്ക്ക് ഒലിച്ചു പോകുന്ന അവസ്ഥ. ഇന്നോ നാളെയോ എന്നു കരുതി ആ കൂടാരത്തിലേയ്ക്ക് കാലും നീട്ടിയിരിക്കുന്ന നേതാക്കള്‍.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടിയെ രക്ഷിക്കാന്‍ പിണറായി വിരുദ്ധ വാചാടോപം കൊണ്ടൊന്നും കഴിയുകയില്ലെന്ന് ആദരണീയനായ എ കെ ആന്റണി മനസിലാക്കണം. പ്രശ്‌നത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയസത്യസന്ധത കാണിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top