25 March Saturday

'സിദ്ധരാമയ്യ തോറ്റു സിദ്ധരാമയ്യ തോറ്റു, രണ്ടു വട്ടം പറയണം'; കര്‍ണാടക തെരഞ്ഞെടുപ്പിനെ വിലയിരുത്തി പികെ ശ്രീകാന്ത് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

 പി കെ ശ്രീകാന്ത്‌

പി കെ ശ്രീകാന്ത്‌

 കര്‍ണാടക തെരഞ്ഞെടുപ്പിനെ വിലയിരുത്തി പികെ ശ്രീകാന്ത് എഴുതുന്നു;


സിദ്ധരാമയ്യ തോറ്റു.സിദ്ധരാമയ്യ തോറ്റു.

രണ്ടു വട്ടം പറയണം.സംഘിന്റെ വെട്ടു കൊണ്ട് ദിനേന വീഴുന്ന പൊളിറ്റിക്കല്‍ ബോഡികളെ കുറിച്ച് ബാലന്‍സിംഗ് തത്വ ശാസ്ത്രം രചിക്കുന്നവരുടെ ആന്റി സംഘ്/ആന്റി ഫാഷിസ്റ്റ് പോരാളി ഹീറോയാണ് കന്നടിഗരുടെ സിദ്ധു എന്നു സിദ്ധരാമയ്യ.തോറ്റു.

രാഹുല്‍ ഗാന്ധി തോറ്റു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തോറ്റു.അമ്പലങ്ങളായ അമ്പലങ്ങള്‍ നിരങ്ങിയും നെഞ്ചിലെ പൂണൂല്‍ പുറത്തിട്ട് കാണിച്ചും നല്ല ഹിന്ദു ചമയാന്‍ കഷ്ടപ്പെടുന്ന അറച്ചു നില്‍ക്കുന്ന ഹിന്ദുവിനേക്കാള്‍ കലര്‍പ്പില്ലാതെ മതം പറയുന്ന, അല്ലെങ്കില്‍ മതം മാത്രം പറയുന്ന കാവി ഹിന്ദുക്കള്‍ മതിയെന്ന് കെട്ട കാല ഹിന്ദുക്കള്‍ കരുതിക്കാണും.കുറ്റം പറയാനൊക്കൂല.

ജെഡിഎസ് എന്ന 'സോഷ്യലിസ്റ്റ്' പാര്‍ട്ടിക്ക് കൂപ്പുകൈ, സഖ്യം ഇലക്ഷന് മുന്നെയാവാമായിരുന്നു. പഴയ പ്രധാനമന്ത്രിയും മോനും നന്നായി വരട്ടെ.ഒന്നും പറയാനില്ല.

ഞാന്‍ ഹിന്ദുവാണ്, അമിത് ഷാ ഹിന്ദുവാണോ? ഒരു അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി ചോദിക്കുന്നത് കണ്ട് നിഷ്‌കു സുഹൃത്ത് അയാളുടെ കൌണ്ടര്‍ സ്ട്രാറ്റജിയില്‍ വിജ്രംബിച്ചു ഞങ്ങളോട് കണ്ടു പഠിക്കാന്‍ ഉപദേശിച്ചിരുന്നു.ശരിയാണല്ലോ, രാഹുല്‍ മാത്രമല്ല ഞങ്ങളും ഹിന്ദുക്കളാണല്ലോ എന്ന് വോട്ടര്‍മാരും കരുതിക്കാണണം.

ഒരു സംസ്ഥാനവും ഒരു കേന്ദ്ര ഭരണ പ്രദേശവുമായി രണ്ടിടത്ത് മാത്രം ഭരണം നടത്തുന്ന പാര്‍ട്ടിയായി ഇന്ത്യ അടക്കി വാണിരുന്ന ദേശീയ പാര്‍ട്ടി മാറി. ഒന്നര സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന് സിപിഐ(എം) കാരെ പരിഹസിച്ചു വിളിച്ച, ത്രിപുര കൂടി പരാജയപ്പെട്ടപ്പോള്‍ സംഘികളെക്കാള്‍ മുന്നേ പടക്കം പൊട്ടിച്ച കോണ്ഗ്രസ്സുകാരോട് അന്നേ പറഞ്ഞിരുന്നു. ഒന്നടങ്ങിയില്ലേല്‍ പറയാന്‍ ഒന്നര പോലും കയ്യില്‍ കാണില്ലെന്ന്. സന്തോഷമൊട്ടും തന്നെയില്ല കെട്ടോ. നെഹ്രുവിനെതിരെ നരേന്ദ്ര മോഡി കള്ളം പ്രസംഗിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ഏറ്റവും മുന്നില്‍ നിങ്ങള്‍ കണ്ടത് ഇടതു പക്ഷക്കാരെയാവും, രാഹുലിനെതിരെ രാജീവ് ചന്ദ്രശേഖരന്‍ പച്ച കള്ളം പറത്തി വിട്ടപ്പോള്‍ പൊളിക്കാന്‍ മറുപടിയും കൊണ്ട് വന്നത് തോമസ് ഐസക്കാണ്. പൊളിറ്റിക്‌സ് ആണ് ഹേ, കമ്മിറ്റഡ് പൊളിറ്റിക്‌സ്. നിങ്ങളുടെ കുറ്റമല്ല. അതൊന്നും തിരിയാന്‍ മാത്രം നിങ്ങള്‍ക്ക് ആവതില്ല .എങ്കിലും നിങ്ങള്‍ ജയിക്കണമായിരുന്നു.

പാര്‍ലിമെന്റ് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കര്‍ണ്ണാടക. ഒന്നാം സ്ഥാനത്ത് യോഗിയുടെ ഉത്തര്‍ പ്രദേശാണ്. അതായത് ബിജെപിയുടെ അനൌദ്യോഗിക ഇലക്ഷന്‍ പ്രചരണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കര്‍ണ്ണാടകയെന്ന്. അവിടെയാണ് നിങ്ങള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ തട്ടി കൂട്ടുന്ന വാര്‍ റൂം സ്ട്രാറ്റജി കൊണ്ട് മുട്ടാന്‍ നില്‍ക്കുന്നത്.

കേവലം ഒരു ശതമാനം വോട്ട് ഷെയര്‍ വ്യത്യാസത്തിലാണ് ഇരട്ടിയോളം സീറ്റുകള്‍ പിടിക്കുന്നത്, ഇത് മുന്നേ ത്രിപുരയിലും കണ്ടതാണ്. അത്രേം മതി ബാക്കി മൊത്തം ഇലക്ഷന് ശേഷം അങ്ങോട്ട് ഒഴുകിയെത്തിക്കോളും.ജാതിയു മതവും പണവുമൊക്കെ തരാതരം കളിച്ച് ഇക്കണ്ട ഇന്ത്യയെ ഇങ്ങനെ ആക്കിയെടുത്ത കോണ്‍ഗ്രസ്‌കാര്‍ക്ക് അഭിമാനിക്കാം.

ഇഎംഎസിന്റെ വല്ല പത്രക്കട്ടിങ്ങും പ്രസ്താവനയും വീശി തല്‍കാലം സമാധാനിക്കാം.മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.പണ്ട് നിങ്ങളോട് ജയിക്കാന്‍ പറഞ്ഞ കാപ്പിറ്റലിന് ഇന്ന് നിങ്ങളേക്കാള്‍ അവരെയാണ് ആവശ്യം.രാഷ്ട്രീയപരമായി നിങ്ങള്‍ അവസാനിക്കുകയാണ്.

ഇനി മുതലങ്ങോട്ട് ഒരു ഭാഗത്ത് ശ്രീരാമ മുതല്‍ ജാംബവാന്‍ വരെയുള്ള ഫ്രിഞ്ച് സേനകളുടെ അപകടകരമായ അഴിഞ്ഞാട്ടം പല രീതിയില്‍ പല ഭാവത്തില്‍ നിങ്ങള്‍ക്കവിടെ കാണാം,മറുഭാഗത്ത് റെഡ്ഡി സഹോദരന്മാരെ പോലെ വളര്‍ന്നു പന്തലിക്കുന്ന അനേകം കോര്‍പ്പറെറ്റ് ഫ്രറ്റെണിറ്റിയും. കര്‍ണ്ണാടകയെ ഡിങ്കന്‍ രക്ഷിക്കട്ടെ എന്നൊന്നും പറഞ്ഞോഴിയാന്‍ ഞാനില്ല. ഇങ്ക്വിലാബ് വിളിച്ച അംഗന്‍വാടി ആയമാര്‍ മുതല്‍ ചെങ്കൊടി പിടിക്കുന്ന ഐടി തൊഴിലാളികള്‍ വരെയുണ്ടവിടെ. അവര്‍ക്ക് ചെയ്യാന്‍ ഇനിയങ്ങോട്ട് ഒരുപാട് കാര്യങ്ങളുണ്ടാകും.

കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ, ഒന്നൂടെ ഓര്‍ക്കണം. കേവലം ഒരു ശതമാനം വോട്ട് ഷെയര്‍ വ്യത്യാസത്തിലാണ് ഇരട്ടി സീറ്റുകള്‍ പിടിക്കുന്നത്. ആനയും തെളിച്ചു വരുന്നത് ഇങ്ങോട്ടാണെന്ന് നന്നായി ഓര്‍ക്കണം. സോഷ്യലിസ്റ്റ് സെക്കുലര്‍ ചരിത്രത്തിന്റെ അത് നിര്‍മ്മാണം ചെയ്ത ഫാബ്രിക്കിന്റെ ഓര്‍മ്മകള്‍ വീശി കുമ്മനം പോസ്റ്റുകള്‍ക്ക് ഹഹ റിയാക്ഷന്‍ അടിച്ചു ട്രോളുകള്‍ കണ്ട് നിര്‍വൃതി അടയുന്നവര്‍ തിരിച്ചറിയപ്പെടാത്ത പലതുമുണ്ട്. ആ ക്ലീഷേ ഓര്‍മ്മകള്‍ ചരിത്രമായി മാറാതിരിക്കാനുള്ള കണ്ണ് നന്നായി തുറന്നു വെക്കണം. മുന്നറിയിപ്പാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top