08 June Thursday

'സാറേ, അവരുടെ കൂട്ടത്തില്‍ മോനെ വിടരുത്': ഒരു 'അഷ്ടമിരോഹിണി സ്മരണ'

വെബ് ഡെസ്‌ക്‌Updated: Wednesday Aug 24, 2016

"സാറേ, സാറ് പഠിപ്പും വിവരവും ഉള്ള ആളാണ്, ഞാന്‍ പറഞ്ഞു തന്നിട്ട് വേണ്ട കാര്യങ്ങളറിയാന്‍. പക്ഷേ, ഇത് പറഞ്ഞില്ലെങ്കി എനിക്ക് കിടന്നാ ഉറക്കം വരില്ല. ഞാന്‍ കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്, ശ്രീജിമോന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോകുന്നുണ്ടെന്ന്. സാറിന് അറിയാന്‍ പാടില്ലാത്തതല്ലല്ലോ, സമൂഹത്തില്‍ വിഷം വിതയ്ക്കുന്ന ജീവികളാണ് സാറേ, അവരുടെ കൂട്ടത്തില്‍ മോനെ വിടരുത്. കുഞ്ഞുങ്ങളെ ഇവര്‍ പറയുന്നത് കേട്ട് വളരാന്‍ സമ്മതിക്കരുത്'.

 

മൂന്നുപതിറ്റാണ്ടുമുമ്പ് സ്വന്തം ജീവിതത്തില്‍ ഒരു സാധാരണക്കാരന്‍ നടത്തിയ ഇടപെടല്‍ ഓര്‍മ്മിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരന്റെ "അഷ്ടമിരോഹിണി സ്മരണ'.

ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

1983 84 കാലം. ഞാനന്ന് മൂന്നിലോ നാലിലോ മറ്റോ പഠിക്കുന്നു. മുതിര്‍ന്ന യുവാവായി, ഓടിത്തൊട്ടുകളിയൊക്കെ മോശമാണ് എന്ന് തിരിച്ചറിഞ്ഞ് ഒരു വൈകുന്നേരം ചേട്ടന്മാരുടെ കൂടെ ഫുട്‌ബോള്‍ കളിക്കാന്‍ കൂടി. അന്നുമിന്നും കാണുമ്പോ തള്ള് വിടാമെന്നല്ലാതെ ഫുട്‌ബോള്‍ കാലുകൊണ്ട് തട്ടാന്‍ എനിക്കറിയില്ല. ഗോളി നില്‍ക്കാം. കൂടുതല്‍ ചോദിക്കരുത്. കുറേ നേരം എല്ലാവരും ഓടുന്നതിന്റെ കൂട്ടത്തില്‍ റ്റീമേതാ എന്നു പോലും മനസിലാകെ പന്തിന്റെ പിറകെ ഓടി. പിന്നെ ശ്വാസമെടുക്കാന്‍ നിന്നതാകണം, കളിക്കളത്തിന്റെ ഒത്ത നടുക്കാകണം. പന്ത് നേരെ വന്ന് ഫുള്‍ ഫോഴ്‌സില്‍ നെഞ്ചില്‍ ഇടിച്ചു. ടക് ഒരു മിനുട്ട് ബോധം പോയിക്കാണണം. നക്ഷത്രം കാണുക എന്ന് പിന്നീട് സാഹിത്യത്തില്‍ വായിക്കുമ്പോ എനിക്ക് മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പിന്നെയുള്ള ദിവസങ്ങളില്‍ കളിക്കാന്‍ കൂട്ടാത്തതില്‍ ഖിന്നനായി ഒറ്റയായി നടക്കുമ്പോഴാണ് അമ്പലപ്പറമ്പിന്റെ മറ്റേസൈഡില്‍ പോലീസ് ചേട്ടന്മാര്‍ എന്ന് ഞാന്‍ മനസില്‍ വിചാരിച്ചിട്ടുള്ളവരുടെ കബഡികളി ശ്രദ്ധയില്‍ പെടുന്നത്. മുന്നേ അവര്‍ ഉണ്ടായിക്കാണണം. ഞാന്‍ നേരത്തേ കണ്ടു കാണണം. പക്ഷേ എന്റെ ഓര്‍മ്മയില്‍ ഫുട്‌ബോള്‍ കളിയില്‍ നിന്ന് നിഷ്‌കാസിതനായ ശേഷമാണ് ഇവര്‍ ശ്രദ്ധയില്‍ പെടുന്നത്. അവിടെ പോയി വായിനോക്കി ഇരുന്ന ആദ്യ ദിവസമേ കളിയില്‍ കൂടാന്‍ ക്ഷണം കിട്ടി. പിന്നെ ദിവസവും വൈകുന്നേരം അഞ്ചര ആകുമ്പോഴേയ്ക്കും നമസ്‌തേ സുധാ വത്സലേ മാതൃഭൂവേ എന്ന് പാടുന്നതിനൊപ്പം ഞാനും അറ്റന്‍ഷനായി കൂടി.

***
അമ്മയുടെ വീട് ഞങ്ങള്‍ താമസിക്കുന്നിടത്തുനിന്ന് പത്ത് കിലോമീറ്ററോളം അകലെയാണ്. അവധി എപ്പോഴുണ്ടോ അപ്പോഴക്കെ അവിടെയെത്തുക എന്നുള്ളതാണ് ഒരു സന്തോഷം. അമ്മയുടെ വീട്ടിലെത്തിയാല്‍ കസിന്‍സുമായി തകര്‍ക്കുക, പുഴയില്‍ ചാടുക എന്നതിനൊപ്പമുള്ള ആനന്ദം അയല്‍ പക്കത്തെ ബീനച്ചേച്ചിയുടെയും ഹരിച്ചേട്ടന്റേം വീടാണ്. എന്റെ ചെറുപ്പത്തിലെ ജീനിയസ് ബീനച്ചേച്ചിയായിരുന്നു. സിനിമയിലെ പ്രധാനപ്പെട്ട ആള്‍ നമ്മുടെ നായകല്ല, മറിച്ച് സംവിധായകന്‍ എന്നൊരു വലിയ ആള്‍ അദൃശ്യമായി ദൈവത്തെ പോലെ ഉണ്ട് എന്ന ഞെട്ടിക്കുന്ന അറിവ്, ദൈവമില്ല എന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ ലോകത്തുണ്ട് എന്ന അറിവ് എന്നിങ്ങനെ എടുത്താ പൊങ്ങാത്ത പല കാര്യങ്ങളും ഞാന്‍ അറിയുന്നത് ബീന ചേച്ചി പറഞ്ഞാണ്. പഞ്ചതന്ത്രം വായിക്കുന്നത്, കഥസരിത്‌സാഗരം കാണുന്നത്, എന്നല്ല എന്റെ ലോകം യഥാര്‍ത്ഥത്തില്‍ തുടങ്ങിയത് അവിടെ നിന്നാണ്. ആണായിരിക്കുക, കളികളില്‍ ജയിക്കുക, അടിയുണ്ടാക്കി സ്റ്റാറാവുക തുടങ്ങിയതൊന്നുമല്ല, ബുദ്ധിയുടെ പേരില്‍ അറിയപ്പെടുക എന്ന അസാധ്യമായ ഒരു കാര്യമാണ് ഏറ്റവും പ്രധാനം, അതിന് ആണായാലും പെണ്ണായാലും കുഴപ്പമില്ല എന്ന അറിവും അങ്ങനെ കിട്ടിയതാണ്.

***
ഞാന്‍ അമ്പലപ്പറമ്പില്‍ പുതിയ കബഡി കളി സംഘത്തില്‍ ചേര്‍ന്ന കാര്യമൊന്നും വീട്ടിലാരും കാര്യമാക്കിയിരുന്നില്ല. നാട്ടിലെ ചെറുപ്പക്കാരില്‍ ചിലര്‍ വന്ന് എന്നെ ഒരു പ്രധാന ആളായി ആനയിച്ച് ഒരോയിടത്ത് കൊണ്ടുപോകും. അങ്ങനെ പോകുന്നിതിനിടെ അഷ്ടമിരോഹിണി എന്നറിയപ്പെടുന്ന ശ്രീകൃഷ്ണജയന്തി വന്നു. ശോഭായാത്രയക്ക് ഞാനും പോയി. അതിന്റെ അടുത്ത ദിവസങ്ങളിലൊരു ദിവസമാകണം, അമ്മയുടെ വീടിന്റെ അടുത്ത് നിന്ന് ബീനചേച്ചീടേം ഹരിച്ചേട്ടന്റേം അച്ഛന്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ എന്റെ അച്ഛനെ തിരക്കിയെത്തി. സന്ധ്യമയങ്ങി കാണണം. അച്ഛന്‍ വീട്ടിലെത്തിയിരുന്നു. ഞാനുറങ്ങി പോയിരുന്നു. പിന്നെ അമ്മ പറഞ്ഞാണ് എനിക്കാ രംഗം അറിയാവുന്നത്.

ബീനചേച്ചീടേം ഹരിച്ചേട്ടന്റേം അച്ഛന്‍ വീട്ടിലെത്തി വാതിലില്‍ മുട്ടുന്നു. അമ്മ വാതില്‍ തുറക്കുമ്പോള്‍ ചിരിച്ചുകൊണ്ട് എനിക്കും ചേച്ചിക്കും മേടിച്ചുകൊണ്ടു വന്ന പലഹാരം നീട്ടിയിട്ട് 'സാറില്ലെ മോളേ' എന്ന് ചോദിക്കുന്നു. സാറ് എന്നു പറഞ്ഞാ എന്റെ അച്ഛന്‍, 'ഉവ്വ് വാ, കേറിയിരിക്ക്, ഇതെന്താ ഈ നേരത്ത് പതിവില്ലാതെ' തുടങ്ങിയ അമ്മയുടെ ഉപചാരങ്ങളൊക്കെ വിലക്കി അദ്ദേഹം അച്ഛനെ ചോദിക്കുന്നു. അച്ഛന്‍ പുറത്തേയ്ക്ക് വരുമ്പോ അദ്ദേഹം പറയുന്നു: 'സാറേ, സാറ് പഠിപ്പും വിവരവും ഉള്ള ആളാണ്, ഞാന്‍ പറഞ്ഞു തന്നിട്ട് വേണ്ട കാര്യങ്ങളറിയാന്‍. പക്ഷേ, ഇത് പറഞ്ഞില്ലെങ്കി എനിക്ക് കിടന്നാ ഉറക്കം വരില്ല. ഞാന്‍ കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്, ശ്രീജിമോന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോകുന്നുണ്ടെന്ന്. സാറിന് അറിയാന്‍ പാടില്ലാത്തതല്ലല്ലോ, സമൂഹത്തില്‍ വിഷം വിതയ്ക്കുന്ന ജീവികളാണ് സാറേ, അവരുടെ കൂട്ടത്തില്‍ മോനെ വിടരുത്. കുഞ്ഞുങ്ങളെ ഇവര്‍ പറയുന്നത് കേട്ട് വളരാന്‍ സമ്മതിക്കരുത്'. അത്ഭുതം കൊണ്ട അച്ഛന്‍ അവനെന്തോ കളിക്കാന്‍ പോകുന്നെന്നേ ഞാന്‍ കരുതീട്ടുള്ളൂ എന്നൊക്കെ പറഞ്ഞപ്പോള്‍, 'ഇവിടെ എന്റെ കുടുംബക്കാരും അവരുടെ പിള്ളേരെ ഇതില്‍ വിട്ടാണ് വളര്‍ത്തുന്നത്. അവരെ പറഞ്ഞ് നേരെയാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, പക്ഷേ സാറിനോട് ഇത് പറയണമെന്ന് തോന്നി' എന്ന് പറഞ്ഞ് അച്ഛന്റെ മറുപടി കേള്‍ക്കാതെ, വീട്ടില്‍ കേറി മറ്റു കുശലമൊന്നും പറയാതെ അദ്ദേഹം പോയി.

***
മൂന്ന് പതിറ്റാണ്ട് മുമ്പാണ്. ബീഫിന്റെ പേരിലുള്ള കൊലകള്‍ക്കും സംഝോധ എക്‌സ്പ്രസ് സ്ഥോടനത്തിനും ഗുജറാത്ത് വംശഹത്യയ്ക്കും ബാബ്‌രിപള്ളിയുടെ പൊളിക്കലിലും അതിന് മുമ്പും പിമ്പുമുള്ള കൂട്ടക്കൊലയ്ക്കും മുമ്പ്. ഔചാരിക വിദ്യാഭ്യാസം നേടി അധ്യാപകരായി സമൂഹത്തില്‍ സ്ഥാനം നേടിയ എന്റെ മാതാപിതാക്കള്‍ക്ക് ഇല്ലാതെ പോയ ജാഗ്രതയുണ്ടായിരുന്ന ഒരു സാധാരണക്കാരന്റെ ഇടപെടലായിരുന്നു അത്. ഞാന്‍ മുതിരുന്നതിന് മുമ്പ് അദ്ദേഹം മരിച്ചുപോയി. കുലത്തൊഴില്‍ ചെയ്ത് ജീവിക്കുമ്പോഴും വലിയ ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നപ്പോഴും സാമൂഹിക ജാഗ്രതയെന്നത് ഭൂകമ്പമാപിനിപോലെ കൊണ്ടുനടന്നിരുന്ന അത്തരം മനുഷ്യരാണ് സമൂഹത്തെ നിലനിര്‍ത്തിപോന്നിരുന്നത്.

അന്നൊരിക്കല്‍ കബഡികളിക്ക് മുമ്പുള്ള വട്ടമിട്ടിരുന്നുള്ള പ്രഭാഷണങ്ങള്‍ക്കിടയിലേയ്ക്ക് നാട്ടിലെ ഒരു തൊഴിലാളി സഖാവ് കടന്ന് വന്നതോര്‍മ്മയുണ്ട്. കബഡികളി സംഘം നിശബ്ദം. 'ഞാന്‍ കമ്മ്യൂണിസ്റ്റുകാരനാ, എന്റെ മോനെ കമ്മ്യൂണിസ്റ്റുകാരനായി വളര്‍ത്തും. കളിയെന്നും പറഞ്ഞ് അവനെ നിങ്ങടെ കൂട്ടത്തിലെങ്ങാന്‍ കൂട്ടാന്‍ നോക്കിയാ, തേങ്ങ വെട്ടണ കത്തിയാ, ഓര്‍ത്തോ' എന്ന് പറഞ്ഞ് ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് സ്വന്തം മകനെ കൈപിടിച്ച് നടത്തികൊണ്ടു പോയി. ഇപ്പോള്‍ ഞങ്ങടെ നാട്ടില്‍ എനിക്കേറ്റവും ബഹുമാനമുള്ള പൊതുപ്രവര്‍ത്തകനാണ് അന്നത്തെ ആ മകന്‍.

***
അഷ്ടമിരോഹിണിയാണ്. ശോഭയാത്രയ്ക്ക് കൃഷ്ണനാകാന്‍ മക്കളെ വിടരുത്, കംസനാക്കുമവര്‍ എന്നോ മറ്റോ ഒരു പോസ്റ്റര്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണ്. സാമൂഹിക ജാഗ്രതയെന്നത് വിദ്യാഭ്യാസ യോഗ്യതകൊണ്ടോ പദവികള്‍ കൊണ്ടോ ഉണ്ടാകുന്നതല്ല. അത് സംവേദനത്വത്തിന്റെ ആഴമാണ്. നിതാന്ത ജാഗ്രതയോടെ ജീവിക്കേണ്ട കാലത്തുണ്ടാകേണ്ട പ്രാഥമിക ചോദനയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top