14 September Saturday

സംവരണം: കുളം കലക്കി മീന്‍ പിടിക്കുന്നത് ആര്?

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020

സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പിലാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം വലിയ സംവാദങ്ങള്‍ക്ക് വീണ്ടും തിരിതെളിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിലപാട് സംവരണവിഭാഗത്തെ ചതിക്കുന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയമായതുമായ പ്രചരണമാണ് മുസ്ലിം ലീഗും പുതിയ കൂട്ടുകക്ഷിയായ ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് നടത്തുന്നത്.
റിയാസ് വാല്‍ക്കണ്ടി എഴുതുന്നു

'കുളം കലക്കി മീന്‍ പിടിക്കുന്നവര്‍ '

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പലരും പലതരത്തില്‍ ഉള്ള വാദങ്ങള്‍ ആണ് ഉന്നയിക്കുന്നത്

ജനങ്ങള്‍ക്ക് കാര്യം മനസ്സിലാകില്ല എന്ന് കരുതി ജമാഅത്തെ ഇസ്ലാമിയുടെ വാര്‍ത്ത ചാനലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രചരണത്തിന് കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ പിന്തുണയും ഉണ്ട്. രണ്ടു യുക്തിയാണ് ഇവിടെ ഉപയോഗിക്കുന്നത്.

1: ഞങ്ങള്‍ക്ക് കിട്ടുന്നതിനേക്കാളും കൂടുതല്‍ ലഭിക്കുന്നു

2: ഇതിന്റെ വസ്തുത ജനങ്ങള്‍ക്ക് മനസ്സിലാകില്ല എന്നതും.

ഇതുവരെ നിലവിലുണ്ടായിരുന്ന സംവരണത്തെ നമുക്ക് ലളിതമായി മറ്റൊരു രീതിയില്‍ പറഞ്ഞു നോക്കാം.

എന്റെ വീട്ടില്‍ കായ്ക്കുന്ന മരത്തില്‍ 100 ആപ്പിള്‍ എല്ലാ വര്‍ഷവും ഉണ്ടാകും. അത് ഞാന്‍ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാന്‍ തീരുമാനിച്ചു. ആവശ്യക്കാരായി പതിനായിരം ആളുകള്‍ ഉണ്ട് . അപ്പോള്‍ ഞാന്‍ ഒരു മത്സരം നടത്തി കൊടുക്കാന്‍ തീരുമാനിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാര്‍കിന്റെ അടിസ്ഥാനത്തില്‍ നല്‍കുമ്പോള്‍ , 50 എണ്ണം തീരെ ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്ക് മാര്‍ക് കുറഞ്ഞാലും അതില്‍ നിന്നും കൂടുതല്‍ മാര്‍ക് നേടുന്നവര്‍ക്ക് കൊടുക്കാനും തീരുമാനിച്ചു. അങ്ങനെ കാലങ്ങളായി കൊടുക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത് ഭക്ഷണം ലഭിക്കുമെന്നു കരുതിപ്പോരുന്ന വിഭാഗത്തില്‍  തീരെ ലഭിക്കാത്തവരുമുണ്ട് എന്ന്. അങ്ങനെ 50 എണ്ണം ഭക്ഷണം ലഭിക്കാത്തവര്‍ക്ക് കൊടുക്കുന്നത് നിലനിര്‍ത്തിക്കൊണ്ട് തന്നെ ബാക്കിയുളള 50ല്‍ നിന്ന് 10 എടുത്തു ഭക്ഷണം ലഭിക്കുന്നവരെന്ന് ഞാന്‍ കരുതിയിരുന്നവരില്‍ പെട്ടവര്‍ക്ക് നല്‍കി.

ഇതിനെ പറ്റി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ പറഞ്ഞത് , നിഷ്‌കളങ്കമായ യുക്തിയെന്ന് ആണ്.

അതിനെ തിരുത്തികൊണ്ട് അയാള്‍ പറയുന്നതില്‍ പ്രധാനപ്പെട്ട കാര്യം പല കോഴ്‌സുകളിലും പ്രവേശനം നേടിയവരില്‍ ഒബിസി പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെക്കാള്‍ താഴെയുള്ള റാങ്ക് വാങ്ങിയവര്‍ മുന്നോക്കക്കാരായ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യത്താല്‍ പ്രവേശനം നേടി എന്നതാണ്. സംവരണം എന്നതിന്റെ അടിസ്ഥാന തത്വം മറച്ചു വെച്ച് പറഞ്ഞൊരു നുണയാണ് അത്.

സംവരണത്തിന്റെ അടിസ്ഥാന തത്വം Uniformity is not equality എന്നതാണ്. മീഡിയവണ്‍ വലിയ അനീതിയായി പറയുന്ന ഈ വസ്തുത മുന്നോക്ക സംവരണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. കേരളത്തിലെ സമൂഹത്തില്‍ 27% വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ പരീക്ഷകളില്‍ പിന്നോക്കം പോകുന്നെങ്കില്‍ അവരെ മുന്നോട്ട് നടത്താനാണ് ഈ സംവരണം നടപ്പാക്കുന്നത് തന്നെ. ആ വിഭാഗത്തില്‍ മുന്നില്‍ ഉള്ള റാങ്കില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നതെങ്കില്‍ മുന്നോക്ക സംവരണത്തിന് പ്രസക്തി ഇല്ലെന്ന് പറയാമായിരുന്നു. എന്നാല്‍ ആ വിഭാഗത്തില്‍ ആണ് ഏറ്റവും പിറകില്‍ ഉളളവര്‍ക്ക് ഗുണം ചെയ്യുന്നെങ്കില്‍ കാലങ്ങളായി തുടര്‍ന്നു വന്ന ഒരു അനീതിയെ സര്‍ക്കാര്‍ തിരുത്തുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഇതേ കണക്കുകള്‍ പറഞ്ഞാണ് പണ്ട് സംവരണവിരുദ്ധരിലെ മെറിറ്റ് വാദികള്‍ പിന്നോക്ക - ദളിത് സംവരണങ്ങളെ വിമര്‍ശിച്ചിരുന്നത് എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. കാലം മാറിയപ്പോള്‍ മെറിറ്റ് വാദികള്‍ കൂടുമാറി കയറിയിരിക്കുകയാണ്.

പിന്നീട് ഉയര്‍ന്നു വന്ന മറ്റൊരു വാദം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണക്കാക്കുന്ന മാനദണ്ഡമാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം പോലുള്ള ജില്ലയിലെ ഭൂമിയുടെ വിലയെ താരതമ്യം ചെയ്ത് കണക്കാക്കിയാല്‍ ഏതൊരാള്‍ക്കും ചിലപ്പോള്‍ അത് കൂടുതലായി തോന്നാം. പക്ഷെ കേരളത്തിന്റെ മലയോര മേഖലയിലും, വനമേഖലയിലും ഒക്കെ സര്‍ക്കാര്‍ പട്ടയം നല്‍കുന്നത് രണ്ടും മൂന്നും ഏക്കര്‍ ഭൂമിയാണ് എന്ന വസ്തുത ഇവര്‍ മറച്ചു പിടിക്കുന്നു. ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടവരില്‍ ഒരു നിശ്ചിത ശതമാനം പേരെങ്കിലും മലയോര കര്‍ഷകരുടെ മക്കളൊക്കെയാകും. ഈ മാനദണ്ഡം തന്നെ കേന്ദ്രസര്‍ക്കാരും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും സ്വീകരിച്ച മാനദണ്ഡങ്ങളെ പോലെ കണ്ണടച്ച് കൈക്കൊണ്ടുമല്ല. ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലെ സമിതിയെ നിയോഗിച്ച് പഠനം നടത്തി തീരുമാനിച്ചതുമാണ്. കേന്ദ്ര മാനദണ്ഡം ഒബിസി വിഭാഗത്തിലെ ക്രീമിലെയര്‍ മാനദണ്ഡത്തെ അതേപോലെ സ്വീകരിച്ചപ്പോള്‍ അതില്‍ ഒരു പരാതിയും ഇല്ലാതെയാണ് ഇവിടെ ചിലര്‍ ബഹളം കൂട്ടുന്നത്. കേരളത്തിലെ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ശരാശരി ജീവിതനിലവാരം കണക്കാക്കി ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്ക് തന്നെ സംവരണമേ വേണ്ടെന്ന് പറയുന്ന സംഘപരിവാര്‍ വാദത്തിന് തുല്യമായ ലോജികാണ് ഇസ്ലാമിക സംഘപരിവാരം തിരിച്ചും പ്രയോഗിക്കുന്നത്. അതില്‍ അതിശയത്തിന് വകയില്ല.

ഇതില്‍ മറച്ചു വെക്കുന്ന പ്രധാന കാര്യം, മുന്നോക്കം എന്നാല്‍ ഹിന്ദു വിഭാഗം മാത്രമാണ് എന്നതാണ് . 83 ഹിന്ദു ജാതി വിഭാഗത്തില്‍ പെട്ടവരും 20 ക്രിസ്ത്യന്‍ ജാതിയില്‍ പെട്ടവരും കൂടി ഉള്‍പെട്ട ഒന്നാണ് മുന്നോക്കക്കാരെന്ന് വിവക്ഷിക്കുന്ന കേരളത്തിലെ സംവരണേതരവിഭാഗം. കേരളം കടന്നാല്‍ ഈ സംവരണേതരില്‍ മുസ്ലിങ്ങളിലെ പല അവാന്തര വിഭാഗങ്ങളും കടന്നു വരും. കേരളത്തിലെ ജനസംഖ്യയുടെ 27% വരും സംവരണേതരര്‍. 2006ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരളപഠനത്തിലെ ഡേറ്റയെ അടിസ്ഥാനമാക്കിയാല്‍ മുന്നോക്ക വിഭാഗത്തിലെ 34.5% പേര്‍ ദരിദ്രരാണ്. മുന്നോക്കക്കാരിലെ ദരിദ്രര്‍ എന്നത് പ്രിയദര്‍ശന്‍ സിനിമയുടെ ഹാങ്ങ് ഓവറില്‍ എത്തിച്ചേരുന്ന നിഗമനമല്ലെന്ന് ചുരുക്കും. അവരില്‍ സംവരണത്തിന് അര്‍ഹരായവര്‍ ഉണ്ടെന്ന് നമ്മുടെയെല്ലാം ഇതുവരെയുളള ജീവിതത്തിലെ സൗഹൃദത്തില്‍ നിന്നും നാം മനസ്സിലാക്കിയ ഒന്നാണ്.

ഈ നയം ഇടതുപക്ഷം 1996 മുതല്‍ അനുകൂലിക്കുന്ന ഒന്ന് തന്നെയാണ്. ഭരണഘടനാ ഭേദഗതി ആവശ്യമായിരുന്നതിനാല്‍ അത് നടപ്പിലായതോടെയാണ് പ്രായോഗികതലത്തില്‍ നടപ്പാക്കിയതെന്ന് മാത്രം. ആ ഭരണഘടനാ ഭേദഗതി രാജ്യത്തെ ഒട്ടുമിക്ക പാര്‍ട്ടികളും അംഗീകരിച്ചതുമാണ്. ഭരണഘടനാ ഭേദഗതി നടപ്പിലായാല്‍ നിലവിലെ സംവരണം ഒട്ടും നഷ്ടപ്പെടുത്താതെ സാമ്പത്തിക സംവരണം നടപ്പിലാക്കും എന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍, ഇതിനെ ഇപ്പോള്‍ എതിര്‍ക്കുന്നവരുടെ ഇതിനോടുള്ള നിലപാട് എന്തായിരുന്നു. നിലവിലെ സംവരണത്തെ ബാധിക്കാതെ സാമ്പത്തികസംവരണം ആകാമെന്ന് 2016ല്‍ അഭിപ്രായം പറഞ്ഞത് ജമായത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന തന്നെയാണ്. സാമ്പത്തിക സംവരണം സംബന്ധിച്ച് പഠനം നടത്തുന്നതിന് സിന്‍ഹു കമ്മിറ്റിയെ നിയോഗിച്ചത് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരായിരുന്നു. ഇപ്പോള്‍ വലിയ ചന്ദ്രഹാസമിളക്കുന്ന ലീഗിന്റെ നിലപാടെന്തായിരുന്നു. 2005 ല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മുന്നോക്ക സംവരണം പിജി കോഴ്‌സുകളുടെ പ്രവേശനത്തില്‍ നടപ്പാക്കിയപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ കസേരയില്‍ ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു. 2011ല്‍ പ്രകടനപത്രികയില്‍ മുന്നോക്ക സംവരണം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇതേ ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫായിരുന്നു. ഇവരുടെയൊക്കെ ലക്ഷ്യം വര്‍ഗീയമായ കുത്തിത്തിരിപ്പ് മാത്രമാണെന്ന് വ്യക്തമല്ലേ.

അത്യന്തം അപകടകരമായ ഒരു ധ്രുവീകരണം ലക്ഷ്യമാക്കി ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ലീഗ് പ്രചരിപ്പിക്കുന്ന ഈ രാഷ്ട്രീയ അധാര്‍മ്മികതക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ഇല്ലെന്ന് പറയുന്നത് കളവാണ്. കോണ്‍ഗ്രസ് ഇവിടെ സ്വീകരിക്കുന്ന ഒരു ശൈലി ഞങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല എന്ന് പറയുകയും മുസ്ലിം ലീഗ് ഉണ്ടാക്കുന്ന ധ്രുവീകരണത്തിന്റെ പങ്കു പറ്റുക എന്നതുമാണ്. ഉദാഹരണത്തിന് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഇല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു, എന്നാല്‍ മലപ്പുറം, കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഉള്‍പെട്ട യുഡിഎഫ് മുന്നണിയുടെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം വരെ നടന്നു. കൈ നനയാതെ മീന്‍ പിടിക്കുന്ന അതേ തന്ത്രം. നീയൊക്കെ ഏതെങ്കിലും ഒരു ഭാഗത്ത് നിക്കെടാ എന്ന് പറയാന്‍ ഇവിടുത്തെ ജനങ്ങള്‍ താഹിര്‍ മെംബര്‍മാരുമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top