30 January Monday

മമതാ ദീദിയുടെ 41 ശതമാനം സംവരണപ്പട്ട് മതിയാകില്ല ആ ചോര മറയ്ക്കാന്‍ ..അനുപമ മോഹന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

അനുപമ മോഹന്‍

അനുപമ മോഹന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി 41 ശതമാനം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കിയതില്‍ പുളകം കൊള്ളുന്നവരെ അനുപമ മോഹന്‍ ഓര്‍മ്മിപ്പിയ്ക്കുന്നത് ..

അഷ്‌മീര ബീഗം.

33 വയസ്. സിപിഎം, കിസാൻ സഭ പ്രവർത്തക. ബൂത്ത് പിടിക്കാനുള്ള തൃണമൂൽ കോൺഗ്രസ് ഗൂണ്ടകളുടെ ശ്രമത്തെ ധീരമായി ചെറുക്കുന്നതിനിടെ കൊലചെയ്യപ്പെട്ടു. വയറ്റിലും നെഞ്ചിലും കുത്തേറ്റ് മരിച്ചു.

ദിപാലി ഗിരി.

സിപിഎം, മഹിള അസോസിയേഷൻ പ്രവർത്തക. കമ്യൂണിസ്റ്റ് ആയതിനാൽ മിഡ്നാപ്പൂരിലെ തൃണമൂൽ ഗൂണ്ടകൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

പൂർണിമ ഗോറ

2011 മെയ് ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ സിപിഎമ്മിൻറെ ആദ്യ രക്തസാക്ഷി. പൂർണിമയുടെ മകളെയും മകളുടെ ചെറിയ മകളെയും കൂടി തൃണമൂൽ ക്രിമിനലുകൾ ഭീകരമർദ്ദനത്തിനിരയാക്കി.

കൊല്ലപ്പെട്ടവർ. പാതിജീവനുമായി ശേഷിക്കുന്നവർ. ബലാത്സംഗം  ചെയ്യപ്പെട്ടവർ. ക്രൂരമായി മർദ്ദിക്കപ്പെട്ടവർ. വീടുകളിൽനിന്ന് ഇറക്കപ്പെട്ടവർ.

പട്ടിക ഇനിയും നീളും.

ഓർക്കുന്നുണ്ടോ, കട്വയിൽ ട്രെയിനിൽ താൻ കൂട്ടബലാത്സം ചെയ്യപ്പെട്ടു എന്ന് പരാതിപ്പെട്ട ഒരു സ്ത്രീയെ ? സ്ത്രീ വിമോചകയായ ദീദി അന്ന് പൊതുവേദിയിൽ പറഞ്ഞത് അത് അവരുടെ നാടകമാണെന്നും, അവരുടെ ഭർത്താവ് സിപിഎം കാരനാണ് നാടകത്തിന് പിന്നിലെന്നുമാണ്. ബലാത്സംഗം പരാതിപ്പെടുന്ന ഒരു സ്ത്രീയെക്കുറിച്ച് ! അതും, 11 വർഷമായി വിധവയായിരുന്ന ഒരുവളെക്കുറിച്ച്. ആ കേസ് എവിടെയും പിന്നെ എത്തിയില്ല. കോടതിയുടെ രൂക്ഷവിമർശനം കിട്ടിയ പബ്ലിക് പ്രോസിക്യൂട്ടർക്ക് രാജിവയ്ക്കേണ്ടിയും വന്നു.

സ്ത്രീകളും പുരുഷന്മാരും തുറന്ന് ഇടപഴകുന്നതുകൊണ്ടാണ് ബലാത്സംഗം നടക്കുന്നതെന്ന് പറഞ്ഞ മമതയെ ഓർമയില്ല ? റേപ്പിൽ മാത്രം ശ്രദ്ധിച്ചുനടക്കുന്ന മീഡിയയും സിപിഎമ്മും സംസ്ഥാനത്തെ നാണംകെടുത്തുകയാണെന്ന് പറഞ്ഞ വനിതാമുഖ്യമന്ത്രിയെ മറന്നുപോയോ ?

മറന്നുകാണും.

പക്ഷേ, മറക്കാത്തവരുണ്ട്. അവരുടെ ഓർമകളാണ്, ചോരകൂടിയാണ് എനിക്ക് വിമോചന രാഷ്ട്രീയം.

മമതാ ദീദിയുടെ 41 ശതമാനം സംവരണപ്പട്ട് ചുറ്റി മറച്ചാലൊന്നും ആ ചോര മറയില്ല. ആ പിച്ചയിൽ പുളകംകൊള്ളാൻ ഓടുന്നവരെ നിഷ്കളങ്കരെന്ന് തെറ്റിധരിച്ചിട്ടുമില്ല.

ഇതൊന്നും മറക്കുകയുമില്ല.

തൃണമൂല്‍ ആക്രമണങ്ങളെ തുടര്‍ന്ന്‍ കൂച്ച് ബീഹാറിലെ സിപിഐ എം ജില്ലാക്കമ്മിറ്റി ഓഫീസിലെ ക്യാമ്പില്‍ അഭയം  തേടിയ സ്ത്രീകളും കുട്ടികളും

തൃണമൂല്‍ ആക്രമണങ്ങളെ തുടര്‍ന്ന്‍ കൂച്ച് ബീഹാറിലെ സിപിഐ എം ജില്ലാക്കമ്മിറ്റി ഓഫീസിലെ ക്യാമ്പില്‍ അഭയം തേടിയ സ്ത്രീകളും കുട്ടികളും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top