10 June Saturday

എന്തുകൊണ്ടാണ്‌ പിന്നാക്ക സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരായിരം അഭിമന്യുമാർ തന്റെ സംഘടനയായി എസ്എഫ്ഐ തെരഞ്ഞെടുക്കുന്നത്‌?

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

അർജുൻ ശിവരാമൻ

അർജുൻ ശിവരാമൻ

എന്തുകൊണ്ടാണ്‌ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ വലിയ സ്വീകാര്യതയുണ്ടാവുന്നത്‌? എന്തുകൊണ്ടാണ്‌ പിന്നാക്ക സാമൂഹ്യസാഹചര്യങ്ങളിൽ നിന്നും വരുന്ന അഭിമന്യുവിനെ പോലുള്ള ആയിരങ്ങൾ, പതിനായിരങ്ങൾ, തന്റെ സംഘടനയായി എസ്എഫ്ഐയെ തെരഞ്ഞെടുക്കുന്നത്‌? നിയോലിബറൽ കാലത്ത്‌ സർക്കാർ/എയിഡഡ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലെത്തുന്ന വിദ്യാർഥികളുടെ സാമൂഹ്യഘടന പരിശോധിച്ച്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്‌ ജെഎൻയുവിൽ ഗവേഷക വിദ്യാർഥിയായ അർജുൻ ശിവരാമൻ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലൂടെ...

 

അർജുൻ ശിവരാമന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ഭൂമിശാസ്ത്രപരമായ, സാമൂഹികമായ, സാമ്പത്തികമായ അങ്ങനെയങ്ങനെ നിരവധി പ്രിവിലേജുകളുടെ അഭാവത്തിൽ നിന്നും പ്ലസ് ടു കഴിഞ്ഞു കേരളത്തിലെ ഒരു കലാലയത്തിൽ പഠിക്കാനെത്തുന്ന അഭിമന്യുവിനെ പോലുള്ള ആയിരങ്ങൾ, പതിനായിരങ്ങൾ എന്തുകൊണ്ടാണ് തന്റെ സംഘടനയായി എസ്എഫ്ഐയെ ഓപ്‌റ്റ്‌ ചെയ്യുന്നത്‌? എന്തുകൊണ്ടാണ് എന്നാലോചിച്ചുണ്ടോ? മേൽപ്പറഞ്ഞ എണ്ണിയാലൊടുങ്ങാത്ത പ്രിവിലേജുകളുടെ അഭാവങ്ങൾക്കു മുകളിൽ അവന്‌ ആത്മാഭിമാനം നൽകുന്ന, അവന്റേതുകൂടിയാണ് ഈ ഇടം എന്ന് അഡ്മിഷൻ എടുത്ത മാത്രയിൽ അവനു തോന്നുന്ന ഒരു വലിയ കൂട്ടത്തെ അവിടെ കാണുന്നത് കൊണ്ടാണ്. വ്യത്യസ്തമായ പ്രിവിലേജുകളുടെ ഭാഗമായിട്ടും ബോധം തിരിച്ച് കിട്ടിയപ്പോൾ എന്റെ അഭിമന്യുവിന് എങ്ങനെ ഉണ്ടെന്ന് സഖാവ് അർജുൻ അമ്മയോട് ചോദിച്ചത് ആ കൂട്ടത്തിന്റെ കരുതലാണ്.

ഒന്ന് സൂക്ഷ്മമായി പഠിച്ചാൽ, വിശകലനം ചെയ്താൽ നമുക്ക് മനസിലാകും നവലിബറൽ കാലത്തേ നമ്മുടെ ഗവൺമെന്റ്‌എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ സാമൂഹിക ഘടന. നവലിബറൽ കാലത്തിന്റെ രണ്ടാം പകുതിയോടെ കേരളത്തിലെ ഗവൺമെന്റ്എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ തെരഞ്ഞെടുപ്പുകളിൽ ഏറെക്കുറെ എല്ലായിടത്തും മൃഗീയ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെടുന്നതാണ് പതിവ്. ഞാനൊക്കെ പഠിച്ച എയ്ഡഡ് കോളേജിൽ ഏറെക്കുറെ 2000ത്തിനു ശേഷമാണ് എസ്എഫ്ഐ യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായി വിജയിക്കാൻ തന്നെ തുടങ്ങിയത്. നവലിബറൽ കാലത്ത്‌, അതിന്റെ രണ്ടാം പകുതിയിൽ പ്രത്യേകിച്ച്‌, കലാലയങ്ങളിലെ വർഗ വിഭജനം വളരെ വ്യക്തമാണ്. ആരാണ് ഈ ഗവൺമെന്റ്എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ബഹുഭൂരിപക്ഷം? അഭിമന്യുവിനെ പോലുള്ള എല്ലാ അർത്ഥത്തിലും സോഷ്യൽ ഡിറ്റർമിനന്റുകളിൽ പിന്നോക്കം നിൽക്കുന്നവർ, തോട്ടം തൊഴിലാളികളുടെ, കർഷകത്തൊഴിലാളികളുടെ, ഇടത്തരം കർഷകരുടെ, ടെക്സ്റ്റൈൽ ഷോപ്പുകൾ പോലുള്ള അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരുടെ, ഓട്ടോ ഡ്രൈവർമാരുടെ മക്കൾ... പിന്നെ ഏറിവന്നാൽ, 10 ശതമാനത്തിൽ താഴെ ഇടത്തരക്കാരുടെ മക്കളും.

ഈ പറഞ്ഞ ബഹുഭൂരിപക്ഷത്തിന്റെ, അവർക്ക് അവരുടെ ജീവിതവുമായി അടുത്ത് ബന്ധപ്പെടുത്താൻ സാധ്യമാവുന്ന ഇടമായി എസ്എഫ്ഐ എന്ന സംഘടന നിലനിൽക്കുന്നത് കൂടി കൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം അതിനു സാധ്യമാകുന്നത്.

അവിടെയാണ് ഇതൊന്നുമല്ല എസ്എഫ്ഐയുടെ ഏകാധിപത്യ, ബ്രാഹ്മണിക്കൽ, ദളിത് വിരുദ്ധ, മുസ്ലിം വിരുദ്ധ സ്വഭാവമാണ് ഈ മുന്നേറ്റങ്ങൾക്ക് പിന്നിൽ എന്നൊക്കെ പറഞ്ഞു പല സിദ്ധാന്തങ്ങൾ ചമച്ചു ചിലർ കേറി വരുന്നത്. ഇത് നിസാരമല്ലാത്ത ചർമബലത്തിന്റെയും അതിനേക്കാൾ ഏറെ ഉള്ള വക്രബുദ്ധിയുടേയും പ്രകാശനം മാത്രമല്ല, മേല്പറഞ്ഞ ബഹു ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കുകയും അവരെ വിലകുറച്ചുകാണുകയും ചെയ്യുന്ന വരേണ്യതാ വാദം കൂടിയാണ്.

നിങ്ങൾ ഒന്ന് പരിശോധിച്ചു നോക്കണം കഴിഞ്ഞ ഒരു അധ്യയന വർഷത്തിൽ മാത്രം എസ്എഫ്ഐ എന്ന സംഘടന കേരളത്തിൽ മാത്രം ഏറ്റെടുത്ത വിവിധ ക്യാമ്പയിനുകൾ. ഞാൻ വരുന്ന വയനാട്ടിൽ മാത്രം ആയിരക്കണക്കിന് കുട്ടികൾക്ക്, പ്രത്യേകിച്ച് ആദിവാസി മേഖലയിലെ കുട്ടികൾക്ക്, 'നമുക്കൊരുമിക്കാം അവർ പഠിക്കട്ടെ' എന്ന മുദ്രാവാക്യത്തിൽ പഠനോപകാരണങ്ങൾ വിതരണം ചെയ്തത്, 'നിരോധനങ്ങളല്ല വൈവിധ്യങ്ങളുടേതാണ് ഇന്ത്യ' എന്ന മുദ്രാവാക്യത്തിൽ ചലച്ചിത്ര മേളയിൽ വിലക്കിയ ഡോക്യുമെന്ററികൾ എല്ലാ ക്യാമ്പസുകളിലും പ്രദർശിപ്പിച്ചത്, ക്യാമ്പസ് പുസ്തക യാത്ര എന്ന പേരിൽ എല്ലാ കാമ്പുസുകളിലും വിവിധങ്ങളായ പുസ്തകങ്ങൾ പരിചയപ്പെടുത്തിയത്, രോഗാതുരമായ സദാചാരത്തിനു മാനവികതയാണ് മറുപടി എന്ന മുദ്രാവാക്യത്തിൽ നാടാകെ ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്... അങ്ങനെ എത്രയോ ഇടപെടലുകൾ (ഈ പറഞ്ഞതെല്ലാം ഈ ഒറ്റ ഇരുപ്പിൽ ഓർമ വന്നത് മാത്രമാണ് അതിന്റെ പതിന്മടങ്ങ് എസ്എഫ്ഐ സഖാക്കൾക്കും ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കും ചൂണ്ടിക്കാണിക്കാനുണ്ടാകും). ഇവിടെ ഓരോ എസ്എഫ്ഐക്കാരനും വിശ്രമമില്ല. അത്രമേൽ പ്രവർത്തനനിരതമാണ് ഓരോ കലാലയ ദിനവും.

നൊസ്റ്റാൾജിയ ഉരുട്ടി വിഴുങ്ങി എന്റെ കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയമായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയം എന്ന മധുര മനോഹര വാചകമടിയിൽ അഭിരമിക്കുന്ന കസേര വിപ്ലവകാരികൾ ഈ കാലത്തു കേരളത്തിലെ ഗവണ്മെന്റ്എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നും പുറത്തിറങ്ങുന്ന മാഗസിനുകൾ കണ്ടാൽ വിഴുങ്ങിയ നൊസ്റ്റാൾജിയ തൊണ്ടയിൽ കുരുങ്ങി, ഇരിക്കുന്ന കസേരയിൽ തന്നെ ഇരുന്നു പോകും. അത്രമേൽ രാഷ്ട്രീയവും സർഗാത്മകവും സംവാദാത്മകവും ആണ് ഈ സൃഷ്ടികൾ .

സഖാവ് അഭിമന്യു തന്റെ ക്യാമ്പസ് ചുവരിൽ എഴുതിയിട്ട ഒരു മുദ്രാവാക്യം നോക്കൂ‐ ‘‘എന്റെ അമ്മ കരയരുത്... എന്റെ അമ്മ കരഞ്ഞാൽ മറ്റുള്ള അമ്മമാരും കരയും... അവർ പോരാട്ടങ്ങൾക്ക് മക്കളെ വിടാതാകും!’’. സർഗാത്മക രാഷ്ട്രീയത്തിന് അതിരുകളില്ല എന്ന പ്രഖ്യാപനം വാസ്തവത്തിൽ ഈ ക്യാമ്പസുകൾ നടത്തുകയാണ് ഈ കെട്ടകാലത്തും... ഒന്നുകൂടി പറയാം ഒരു സെൻട്രൽ യൂണിവേഴ്സിറ്റി ബുദ്ധിജീവി ഇപ്പോളൊന്നു മടിക്കും, ഈ കുട്ടികളുമായി ഒന്ന് സംവദിക്കാൻ, തർക്കിക്കാൻ... അത്രമേൽ നവീനമാണ് ചിന്തയിലും ഇടപെടലിലുമെല്ലാം ഏതാണ്ട് എല്ലാ ക്യാമ്പസുകളും.

ഞാൻ പറഞ്ഞു വരുന്നത് മേൽ സൂചിപ്പിച്ച കാര്യങ്ങൾ എല്ലാം തന്നെ പരസ്പര പൂരകമായി ക്യാമ്പസ്സിൽ വരുന്ന വിദ്യാർത്ഥികൾക്കും ഇത്തരം കാര്യങ്ങളെ അഡ്രസ്സ് ചെയ്യുന്ന, പുത്തൻ അറിവുകളെ ഉൾക്കൊള്ളുന്ന, നിരന്തരം നവീകരിക്കപ്പെടുന്ന, വിദ്യാർത്ഥി സംഘടനക്കും ഇടയിൽ പരസ്പര പൂരകങ്ങളായി സംഭവിക്കുന്ന കാര്യങ്ങളാണ്.

ഇങ്ങനെ ബഹുതല സ്പർശ്ശിയായ വിദ്യാർത്ഥി മണ്ഡലത്തിലേക്കാണ് ജനാധിപത്യത്തിന്റെ വാതിലുകൾ by default ആയി അടച്ചുവച്ച മത തീവ്രവാദ സംഘടനകൾ ക്യാമ്പസ്‌ ഫ്രണ്ടും എബിവിപിയും ഫ്രറ്റേണിറ്റിയും ഒക്കെ നുഴഞ്ഞു കയറാൻ നോക്കുന്നത്. മറ്റൊരു ഭാഗത്താകട്ടെ തങ്ങളുടെ കാലഹരണപ്പെട്ട, പ്രകടനപരതയാൽ നിറഞ്ഞ, പൊള്ളയായ രാഷ്ട്രീയം കൊണ്ട് എസ്എഫ്ഐ പോലുള്ള ഒരു സംഘടനയോട് പിടിച്ചു നില്ക്കാൻ, സംവദിക്കാൻ, പോരടിക്കാൻ ശക്തി ചോർന്നുപോയ പഴയ പ്രതാപികളായ കെഎസ്‌യുവും എംഎസ്‌എഫും എല്ലാം ഈ പറഞ്ഞ തീവ്രവാദികളോട് ജനാധിപത്യ വിരുദ്ധരോട് ഒളിഞ്ഞും തെളിഞ്ഞും എല്ലാം ഐക്യപ്പെട്ട് നിന്ന് മഹാസഖ്യങ്ങൾ രൂപപ്പെടുത്തുന്നത്. എന്നിട്ടും ഇവരെയെല്ലാം കലാലയങ്ങൾ നിഷ്കരുണം തിരസ്കരിക്കുകയും ചെയ്യുന്നു. (നോക്കൂ ങടഎ എന്ന സംഘടനയുടെ ശക്തി കേന്ദ്രമെന്ന് പ്രചാരണം ഉണ്ടായ മലപ്പുറം ജില്ലയിൽ അവരുടെ ജില്ലാ കമ്മിറ്റി പോലും പിരിച്ചു വിട്ടു, ചരിത്രത്തിൽ ഇല്ലാത്ത വിധം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലപ്പുറത്തെ ക്യാമ്പസുകൾ എസ്‌എഫ്‌ഐയെ സ്വീകരിക്കുകയാണ്). ഈ ക്യാമ്പസുകളിലേക്കാണ് ഇക്കൂട്ടർ മതത്തിന്റെ പേരിൽ ഭിന്നത ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. അസാധ്യമെന്നേ പറയാനുള്ളു!!!!!!!

മതേതരത്വം എന്ന നിതാന്തമായ ചുവരെഴുത്തിനു മേൽ മതതീവ്രവാദം കോറി വരയ്ക്കുന്ന ഓരോ വരയും മായ്ക്കപ്പെടുക തന്നെ ചെയ്യും... ഈ പറഞ്ഞ കാര്യങ്ങൾക്ക് അർഥം എസ്‌എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടനക്ക് ഇത് വരെ തെറ്റുപറ്റിയിട്ടില്ല എന്നല്ല. നിശിതമായ വിമർശനങ്ങൾക്കും തിരുത്തലുകൾക്കും വിധേയമായ സംഘടനയാണ് എസ്‌എഫ്‌ഐ. അതിന്റെ വാതിലുകൾ വിമർശനങ്ങൾക്ക് മുന്നിൽ കൊട്ടിയടച്ച്‌ ഇടുങ്ങിയ രൂപത്തിലാവാൻ അതിന്റെ സംഘടനാപരമായ ഘടന അനുവദിക്കുന്നുമില്ല. മാത്രമല്ല നിലവിലെ സാമൂഹ്യ മാറ്റങ്ങളുടെയും പ്രശ്നങ്ങളുടെയും ഗുണദോഷ വിചാരം നടത്താനുള്ള ബാധ്യതയുമുണ്ട്.

പക്ഷെ കിട്ടിയ അവാർഡിനുമേൽ, ലഭിക്കുന്ന വേദിക്കുമേൽ, കിട്ടിക്കൊണ്ടിരിക്കുന്ന ലൈക്കുകൾക്കും ഷെയറുകൾക്കും മേൽ, അച്ചടിച്ചുവന്ന ചില മുറിയൻ ലേഖനങ്ങൾക്കു മേൽ 'ആശയോത്പാദകർ' എന്ന് സ്വയം ധരിച്ചു വെച്ചിരിക്കുന്ന ഒരു കൂട്ടരുണ്ടല്ലോ അവരോട്... 'അക്രമ രാഷ്ട്രീയ' വിമർശനങ്ങളും ബാലൻസിങ് കണ്ണീരുമെല്ലാം ഈ നാട്ടിലെ അഭിമന്യുമാർ തിരിച്ചറിയുന്നുണ്ട്. ചുവന്ന നക്ഷത്രമുള്ള 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ' എന്നെഴുതിയ കൊടികൾ കയ്യിലേന്തിയ അഭിമന്യുമാർ. നിങ്ങളുടെ പൊയ്മുഖങ്ങൾ കണക്കു പറഞ്ഞു അവർ ചീന്തിയെറിയും... അവരുടെ ട്രൂത്തിനോളം വരില്ല നിങ്ങളുടെ പോസ്റ്റ്‌ ട്രൂത്തുകൾ... നിങ്ങളുടെ നാട്യങ്ങളൂടെ കള്ളി വിദൂരമല്ലാതെ തന്നെ വെളിച്ചത്താകും...

ആത്യന്തികമായി നിങ്ങൾ സ്വയം വില്പനക്ക് വെച്ചവരാണ്!!! നിങ്ങളെ ഇപ്പോൾ വിലയ്ക്ക് വാങ്ങിയിട്ടുള്ളത്, നിങ്ങൾക്ക് വേദിയും വരുമാനവും നൽകുന്നത്, ഈ നാടിനെ പിളർത്താൻ ഇറങ്ങിയ,  അടിച്ചമർത്തപ്പെട്ടവന്റെ ദളിതന്റെ പിന്നോക്കകാരന്റെ സംരക്ഷണം എന്ന മുദ്രാവാക്യം വിളിച്ച് അവനെ തന്നെ ഒറ്റ കുത്തിന് കൊന്നു തീർക്കുന്നതിന് പരിശീലനം ലഭിച്ച മത തീവ്രവാദികളാണ്.
ഒന്ന് പറയാനുണ്ട് എന്തായാലും... ‘വിടരുത്’!
അഭിമന്യുവിനെ, ഞങ്ങളുടെ സഖാവിനെ ഒറ്റ കുത്തിന് ചങ്ക് പിളർത്തി കൊലപ്പെടുത്തി ഈ നാടിനെ, ഈ നാടിന്റെ കലാലയങ്ങളെ ഭിന്നിപ്പിക്കാം എന്നത് മാത്രം ലക്ഷ്യമായുള്ള പോപ്പുലർ ഫ്രണ്ടിനെ, അവർക്ക് സ്വീകാര്യത ഉണ്ടാക്കാൻ അതിന്റെ വ്യാഖ്യാതാക്കളും വക്താക്കളുമായ വിഷബുദ്ധിജീവികളെ ഒന്നിനേം വിടരുത്.
അറപ്പോടും വെറുപ്പോടും ഈ നാട് ആട്ടിയകറ്റേണ്ട, ഒറ്റപ്പെടുത്തേണ്ട സമയമാണിത്...
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top