28 March Tuesday

'ഭയമാണ് ഈ ഭീരുക്കള്‍ക്ക്, അത് ബുദ്ധന്റെ പ്രതിമയായാലും ലെനിന്റെ പ്രതിമയായാലും അംബേദ്കറിന്റെ പ്രതിമയായാലും' ; സംഘപരിവാറിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 10, 2018

കൊച്ചി > ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിന്റെ പാശ്ചതലത്തില്‍ ബിജെപിയുടെ മുന്‍കാല ചെയ്‌തികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ബാമിയന്‍ താഴ്‌വാരത്തില്‍ നിന്നും ത്രിപുരയിലേക്കുള്ള ദൂരമാണ്
താലിബാനില്‍ നിന്നും സംഘപരിവാറിലേക്കുള്ള അടുപ്പം...!

2001 താലിബാന്റെ വരവറിയിച്ച കാലത്തെ അവരുടെ ആദ്യ പ്രവൃത്തികളിലൊന്നായിരുന്നു ബാമിയന്‍ താഴ്വരയിലെ ബുദ്ധ പ്രതിമകള്‍ തകര്‍ക്കാനുള്ള നീക്കം. എഡി നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ നിര്‍മിച്ച അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ബാമിയന്‍ താഴ്വരയിലെ പടുകൂറ്റന്‍ പാറക്കെട്ടുകള്‍ തുരന്ന് അതിനുള്ളില്‍ നിര്‍മിച്ച 35ഉം 53ഉം മീറ്റര്‍ ഉയരമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ നില്‍ക്കുന്ന ബുദ്ധപ്രതിമ പീരങ്കികള്‍ കൊണ്ട് തകരാതെ അവസാനം വെടിമരുന്നുനിറച്ചാണ് പൊട്ടിച്ചത്. അന്നത്തെ യു എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ ലോകമൊന്നാകെ അതിനെതിരെ വിലപിച്ചിട്ടും ഫലമുണ്ടായില്ല.

ചരിത്രത്തെയും ചിഹ്നങ്ങളെയും നിര്‍മ്മിതികളെയും മുദ്രാവാക്യങ്ങളെയെയും എന്തിനേറെ ഓര്‍മ്മകള്‍ജനിപ്പിക്കുന്ന എന്തിനേയും ഭയമാണ് ഈ ഭീരുക്കള്‍ക്ക്. അത് ബുദ്ധന്റെ പ്രതിമയായാലും ലെനിന്റെ പ്രതിമയായാലും അംബേദ്കറിന്റെ പ്രതിമയായാലും. എന്തും ഏതും തകര്‍ക്കും അവര്‍. ജീവനുള്ള ഒരു വിഗ്രഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചല്ലേ അവര്‍ തുടങ്ങിയത്. ബാബറി പള്ളിയുടെ അസ്ഥിവാരം തോണ്ടിയല്ലേ അവര്‍ ആദ്യമായധികാരം നുണഞ്ഞത്. ആദ്യം ലെനിനെ കൈവച്ചവര്‍ ഇന്ന് അംബേദ്കറിനെ പിന്നെ പെരിയാറിനെയും ഒടുവില്‍ ഗാന്ധിജിയെയും കൈവച്ചു നാളെ അവരുടെ കൈകള്‍ നിര്‍ജീവമായ പ്രതിമകള്‍ മാറി ജീവനുള്ള നമ്മളിലേക്ക് നീളും സംശയം വേണ്ട. ഒന്നോര്‍മ്മിപ്പിച്ചേക്കാം, താല്‍ക്കാലിക ലാഭത്തിനായി നിങ്ങള്‍ കൊളുത്തുന്ന ഈ അഗ്‌നി നിങ്ങളെയടക്കം ചാമ്പലാക്കും. എന്തും ഏതും വികാരപരമായി നേരിടുന്ന തമിഴന്റെ അസ്ഥിത്വത്തില്‍ തൊട്ടു കളിക്കാന്‍ നില്‍ക്കണ്ട. അത് തൃപുര പോലെയോ up പോലെയോ എന്തിന് കേരളം പോലെപ്പോലുമാകില്ല.

അധികാരം പിടിക്കാന്‍ ആരുമായും കൂട്ടുകൂടി ഏതറ്റംവരെപോകാനും മടിയില്ലെന്ന് അവര്‍ വീണ്ടും തെളിയിച്ചു. വോട്ടിങ് മെഷീന്‍ കൃത്രിമം മുതല്‍ ഒരു സംസ്ഥാനത്തെ പാര്‍ട്ടിയ ഒന്നാകെ വിലയ്ക്കുവാങ്ങുന്നതുവരെ നാം കണ്ടു. ജമ്മുകശ്മീരില്‍ എടുത്ത അതെ തന്ത്രം തൃപുരയിലും നാഗാലാന്‍ഡിലും. ഭരിക്കാന്‍ അവസരം കിട്ടിയാല്‍ ഇവര്‍ ഐസ്‌ഐഎസ്  ആയി വരെ കൂട്ടുകൂടും. സംശയം വേണ്ട, രണ്ടും ഫലത്തില്‍ ഒന്നുതന്നെ ആണല്ലോ.

ഭയപ്പെടാനല്ല, ഭയമില്ലെന്ന് ഉറക്കെപറയാനാണ് ഞാനിതുപറയുന്നത്. കാരണം ഇന്നും ഞാന്‍ വിശ്വസിക്കുന്നു ആറുപ്രാവശ്യം 'മാപ്പെഴുതി' കൊടുത്തവര്‍ക്ക് കേരളം ബാലികേറാമല തന്നെ ആകുമെന്ന്...ഒരു പൊട്ടുപോലെയുള്ള ഈ കൊച്ചുകേരളത്തെ നോക്കുമ്പോള്‍ എനിക്കുകാണാം നിങ്ങളുടെ കണ്ണിലെ ഭയം...!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top