05 October Thursday

"ഉണ്ണിത്താനറിയാത്ത മറ്റൊരു വയനാടുണ്ട്‌; തിരിച്ചറിയുന്ന സമയം വരെയേ ചതിയന്മാർക്ക് വയനാട്ടിൽ ഞങ്ങൾ ഇടമനുവദിക്കാറുള്ളൂ''‐ റഫീഖ്‌ ഇബ്രാഹിം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

വയനാട് ലോകസഭാ മണ്ഡലത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തിന്റെ ചരിത്രവും ചതിയുടേതാണ്. മത്സരിക്കാനൊരിടമെന്നല്ലാതെ എന്താണ് വയനാടിന് എം.പി.യുടെ പാർട്ടി തിരിച്ചു നൽകിയതെന്ന ചോദ്യത്തിന് ഉത്തരം ചതിയെന്ന് മാത്രമാണ്. തിരിച്ചറിയുന്ന സമയം വരെയേ ചതിയന്മാർക്ക് വയനാട്ടിൽ ഞങ്ങൾ ഇടമനുവദിക്കാറുള്ളൂ. വയനാടാണെങ്കിൽ എംപിയ്‌ക്ക്‌ വല്ലപ്പോഴും വന്ന്‌ പോയാൽ മതിയെന്ന കോൺഗ്രസ്‌ നേതാവ്‌ രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസത്തിന്‌ മറുപടി. റഫീഖ്‌ ഇബ്രാഹിമിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

ഉണ്ണിത്താനറിയാത്ത മറ്റൊരു വയനാടുണ്ട്.കേരളത്തിന്റെ രാഷ്ട്രീയ പരീക്ഷണ ശാല എന്ന് പോലും വിളിക്കപ്പെട്ട വയനാട്.

കോട്ടയത്ത് നിന്ന് പേര്യ ചുരം കേറി കമ്പനിപ്പട്ടാളത്തെ നേരിട്ട പഴശ്ശിയുടെ,ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതിന് അരനൂറ്റാണ്ട് മുമ്പ് അമ്പും വില്ലുമേന്തി ഗോത്രവർഗ്ഗക്കാർ സാമ്രാജ്യത്വത്തെ നേരിട്ട , എ.കെ.ജി.യും കെ.എ.കേരളീയനും അടിമക്കച്ചവടത്തിനെതിരെ സംഘടിത പ്രക്ഷോഭം നടത്തിയ, കണ്ണൂർ കർഷക സംഘം ആപ്പീസിൽ നിന്നെത്തി തിരുനെല്ലിക്കാടുകളെ ചുവപ്പിച്ച വർഗ്ഗീസിന്റെ , കെ.കെ.അണ്ണന്റെ,പി.കെ.കാളന്റെ വയനാട്.

എം.പി.മാരെ ഓഡിറ്റ് ചെയ്യാത്ത, കൈപ്പത്തി ചിഹ്നവുമായി ചുരം കയറിയെത്തുന്ന ഏതൊരാളെയും പാർലമെന്റിലേക്കയക്കുന്ന, പിന്നീട് തിരിഞ്ഞു നോക്കിയില്ലെങ്കിലും പതം പറയാത്ത രാഷ്ട്രീയ നിരക്ഷരരെന്ന് വയനാട്ടുകാരെ പച്ചക്ക് വിളിക്കാൻ ഉണ്ണിത്താന്റെ ധൈര്യം ചതിക്കെതിരെ വയനാട് പ്രതികരിച്ച ചരിത്രമറിയാത്തത് മാത്രമാണ്.

വയനാട് ചതിക്കപ്പെട്ട ദേശമാണ്. അതിന്റെ സ്മൃതികളിൽ ചതിയുടെ വഞ്ചനയുടെ ഒറ്റിന്റെ വേദനകളുണ്ട്. ഇരവിയെന്ന വേട രാജകുമാരിയുടെ കല്യാണ വേളയിൽ അവളുടെ വംശത്തെ ചതിച്ചു കൊന്നാണ് കുറുമ്പ്രനാടിന്റെ നായർ പട വയനാട്ടിലേക്ക് ഇരച്ചു കേറിയത്, ലക്കിടിക്കോട്ടയിലെ ലക്കിടി യെന്ന ഗോത്രനായകനെ ഇംഗ്ലീഷുകാർ ചതിയിലാണ് കൊന്നത്, പുതിയ പുരാവൃത്തമായ കരിന്തണ്ടനും ചതിയിലാണ് വീണത്. ചതിക്കപ്പെട്ട ഈ മിത്തിക്കൽ കഥാപാത്രങ്ങൾ പ്രതികാര ദാഹികളായാണ് ഉയർത്തെഴുന്നേറ്റത്.മലക്കാരിക്കാവുകളായി, ചങ്ങല മരങ്ങളായി അവരുടെ പ്രതികാരത്തിന്റെ പ്രതീകങ്ങൾ നിറയുന്നു.

വയനാട് ലോകസഭാ മണ്ഡലത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തിന്റെ ചരിത്രവും ചതിയുടേതാണ്. മത്സരിക്കാനൊരിടമെന്നല്ലാതെ എന്താണ് വയനാടിന് എം.പി.യുടെ പാർട്ടി തിരിച്ചു നൽകിയതെന്ന ചോദ്യത്തിന് ഉത്തരം ചതിയെന്ന് മാത്രമാണ്. തിരിച്ചറിയുന്ന സമയം വരെയേ ചതിയന്മാർക്ക് വയനാട്ടിൽ ഞങ്ങൾ ഇടമനുവദിക്കാറുള്ളൂ. രാത്രിയാത്രാ നിരോധനത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തുന്നതിൽ, നഞ്ചൻഗുഡ് റെയിൽവേ പദ്ധതി പ്രായോഗികമാക്കാനുള്ള സമ്മർദ്ദമുയർത്തുന്നതിൽ, പ്രളയകാലത്തിൽ ഉരുൾപൊട്ടിയ ഇടങ്ങളിൽ എം.പി.യെ കാണാത്തപ്പഴേ വയനാട് ചതി തിരിച്ചറിഞ്ഞതാണ്.ഒന്നരലക്ഷത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് ഭൂരിപക്ഷം കുറച്ച് ടെസ്റ്റ് ഡോസ് തന്നിട്ടും പഠിക്കാത്ത ഉണ്ണിത്താന്റെ പാർട്ടിക്ക് വയനാട് ഒരുക്കി വെക്കുന്നത് വാട്ടർലൂ ആയിരിക്കും.

ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിനോട് ഞങ്ങളങ്ങനയേ പ്രതികരിച്ചിട്ടുള്ളൂ. പാട്ട് പഴയതാണെങ്കിലും വയനാട്ടിലിത് ഇന്നും പാടിക്കേൾക്കാറുണ്ട്.

"കേളൂന്റെ കോട്ടക്ക് പോയോലാരും
മടങ്ങി മലനാട് കണ്ടോലില്ല
തന്റില്ലം കണ്ട് മരിച്ചോലില്ല..."

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top