26 March Sunday

കടം ഒരു ഭീകരജീവിയാണോ? സുബിന്‍ ഡെന്നിസ് എഴുതുന്നു

സുബിന്‍ ഡെന്നീസ്‌Updated: Wednesday Mar 31, 2021

കേരളത്തിന്റെ പൊതുകടം പെരുകുകയാണെന്നും സാമ്പത്തിക വളര്‍ച്ചയില്ലെന്നുമുള്ള പ്രചരണം വിവിധ വലതുപക്ഷ മാധ്യമങ്ങളും മറ്റും നിരന്തരമായി പ്രചരിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ കടം എടുക്കുന്നത് വികസന മുരടിപ്പിനെയാണോ സൂചിപ്പിക്കുന്നത് ? സര്‍ക്കാര്‍ കടമെടുക്കുന്നത് ശരിയാണോ? സര്‍ക്കാര്‍ ചെലവു ചെയ്യുന്നതും കുടുംബങ്ങള്‍ ചെലവു ചെയ്യുന്നതും ഒരുപോലെയാണോ?- ഇത്തരം കാര്യങ്ങള്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുകയാണ് യുവ ഗവേഷകനായ സുബിന്‍ ഡെന്നീസ്.

സുബിന്‍ ഡെന്നിസിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പുകള്‍ ചുവടെ

നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചിട്ടുള്ള ഒരുപാട് വാട്സാപ്പ് മെസ്സേജുകള്‍ക്ക് വിഷയമായിട്ടുള്ള ഒന്നാണ് കേരളത്തിന്റെ പൊതുകടം. ''കേരളം കടത്തില്‍ മുങ്ങുന്നേ'' എന്ന വാദവും നിലവിളികളുമാണ് മെസ്സേജുകളില്‍ പ്രധാനമായും. പൊതുകടത്തെപ്പറ്റി വാട്സാപ്പ് യൂണിവേ‌ഴ്‌സിറ്റി നിലവാരത്തിലുള്ള ലേഖനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടു നിരോധനം വളരെ മികച്ച നടപടിയാണെന്നു വാദിച്ച ഒരാളുമായി പൊതുക്കടത്തെപ്പറ്റി ഇന്റര്‍വ്യൂ ഒക്കെ നടത്തി തകര്‍ത്ത മനോരമ തന്നെയാണ് ഇക്കാര്യത്തില്‍ മുമ്പില്‍.

പൊതുകടത്തെപ്പറ്റി മണ്ടത്തരം പറയലും ഭീതി പരത്തലും ചെയ്യുന്ന പരിപാടി മനോരമ ആരംഭിച്ചിട്ട് ദശകങ്ങളായി. ഓരോ ഇടതുസര്‍ക്കാരിന്റെയും കാലാവധി കഴിയാറാകുമ്പോള്‍ മനോരമ ഈ കലാപരിപാടി അവതരിപ്പിക്കും. ഇത്തവണ ഏറ്റുപിടിക്കാന്‍ വാട്സാപ്പ് യൂണിവേഴ്‌സിറ്റി അധ്യാപകരുമുണ്ട് എന്നതാണ് പ്രത്യേകത.

വിഡ്ഢിത്തങ്ങളുടെ ഒരു ഘോഷയാത്രയാണ് പൊതുവില്‍ ഇത്തരം മെസ്സേജുകളിലും ലേഖനങ്ങളിലും കാണാറ്. അത് വായിക്കുന്നവര്‍ക്ക് സംശയങ്ങളും ആശങ്കകളും ഉണ്ടാകുന്നത് സ്വാഭാവികം. അതുകൊണ്ട് കടത്തെ സംബന്ധിക്കുന്ന ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുകയാണ് ഇവിടെ.

1. കേരളത്തിന്റെ പൊതുകടം എത്രയാണ്?

കേരളസര്‍ക്കാരിന്റെ പൊതുക്കടം - അതായത് ഇതിനു മുമ്പുള്ള വര്‍ഷങ്ങളിലെല്ലാം എടുത്തിട്ടുള്ള കടത്തില്‍ അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള കടം - 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2,96,817.68 കോടി രൂപയാണ് എന്നാണ് കണക്ക്. അതായത് 2.97 ലക്ഷം കോടി രൂപ.
വാട്സാപ്പില്‍ കണ്ട ഒരു മെസ്സേജ് ഇത് 4 ലക്ഷം കോടിയാക്കി. വായനക്കാരെ പേടിപ്പിക്കാന്‍ അതുപോരാ എന്നു തോന്നിയതുകൊണ്ടാവണം, അത് 4000000000000  എന്നെഴുതിക്കാണിച്ചു.

ശരി, ഇതേ കളി വച്ച് നമുക്ക് കേരളത്തിന്റെ മൊത്തം വരുമാനം, അതായത് ആഭ്യന്തര ഉത്പാദനം (Gross State Domestic Product - GSDP) എത്രയാണെന്നു നോക്കിയാലോ?

2020-21-ല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 8,22,022.74 കോടിയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് 8.22 ലക്ഷം കോടി രൂപ. 8220227400000 എന്നും എഴുതാം. കുറെ അക്കങ്ങള്‍ കണ്ടു പേടിക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. കൂടുതല്‍ വരുമാനമുള്ളപ്പോള്‍ കടമെടുക്കാനുള്ള ശേഷിയും കൂടുതലായിരിക്കും.

മേല്‍പ്പറഞ്ഞതുപോലെ വലിയ സംഖ്യകള്‍ മാത്രം നോക്കിയാല്‍ ഒരെത്തും പിടിയും കിട്ടില്ല. അതുകൊണ്ട് വരുമാനത്തെ അപേക്ഷിച്ച് കടമെത്രയാണ്, കടവും വരുമാനവും മറ്റും എത്ര വേഗത്തിലാണ് വളരുന്നത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകാന്‍ ശതമാനക്കണക്കാണ് പരിശോധിക്കുക.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 36 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തിന്റെ പൊതുക്കടം.
സംസ്ഥാനത്തിന്റെ കഴിഞ്ഞ മൂന്നുദശകക്കാലത്തെ ചരിത്രം നോക്കിയാല്‍ ആനുപാതികമായി ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ പൊതുക്കടം ഉണ്ടായിരുന്ന കാലമുണ്ടായിട്ടുണ്ട്. 2001-06 വര്‍ഷങ്ങളിലെ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത്, ആഭ്യന്തര ഉത്പാദനത്തിന്റെ 37-ഉം 38-ഉം ശതമാനം പൊതുക്കടമുണ്ടായിരുന്ന വര്‍ഷങ്ങളുണ്ടായിരുന്നു. അന്നൊക്കെ മനോരമ ഇത്രയും ബഹളം വച്ചിരുന്നോ? സംശയമാണ്. കാരണം  ഇടതുസര്‍ക്കാരുകളുടെ അവസാനവര്‍ഷത്തേയ്ക്കുള്ള ഒരു കലാപരിപാടിയാണ് കടത്തെച്ചൊല്ലിയുള്ള അബദ്ധ പ്രചാരണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു വര്‍ഷം എടുക്കുന്ന കടമല്ല 2.97 ലക്ഷം കോടി. ഇന്നേവരെ എടുത്തിട്ടുള്ള കടത്തില്‍ തിരിച്ചടയ്ക്കാനുള്ള മൊത്തം തുകയാണ്. ഒരു വര്‍ഷം എടുക്കുന്ന കടം ഇതിന്റെ ഒരു അംശം മാത്രമാണ്. ഓരോ വര്‍ഷവും തിരിച്ചടയ്ക്കാനുള്ള തുകയും മൊത്തം പൊതുക്കടത്തിന്റെ ഒരംശം മാത്രമാണ്.

ഉദാഹരണത്തിന്, 2020-21 വര്‍ഷം എടുത്തിരിക്കുന്നത് ഏകദേശം 30,500 കോടി രൂപയാണ് - ആഭ്യന്തര ഉത്പാദനത്തിന്റെ 3.7 ശതമാനം. കോവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക സ്തംഭനാവസ്ഥ ലോകത്തെല്ലായിടത്തും എന്നപോലെ കേരളത്തെയും ബാധിച്ച വര്‍ഷമാണിത്. ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മറ്റ് ആശ്വാസനടപടികള്‍ക്കുമൊക്കെയായുള്ള ചെലവുകള്‍ വര്‍ദ്ധിച്ചു. എന്നാല്‍ നികുതിവരുമാനം മഹാമാരിക്കു മുമ്പ് കണക്കുകൂട്ടിയതിനെക്കാള്‍ കുറഞ്ഞു. (ഇത് കേന്ദ്രസര്‍ക്കാരിനും മറ്റു സംസ്ഥാനങ്ങള്‍ക്കുമൊക്കെ ബാധകമാണ്.) അതുകൊണ്ട് കൂടുതല്‍ കടമെടുക്കേണ്ടിവന്നു.

അടുത്തവര്‍ഷം ഇത്രയും കടമെടുക്കേണ്ടിവരില്ല എന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. 2021-22-ല്‍ 24,400 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഇരുപതുവര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ പൊതുക്കടം ഏറ്റവും വേഗത്തില്‍ വളര്‍ന്നത് യു.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്താണെന്നും മനസ്സിലാകും.2001 മുതലുള്ള കേരളസര്‍ക്കാരുകളുടെ കാലഘട്ടങ്ങളില്‍ എത്ര ശതമാനം പൊതുക്കടം വര്‍ദ്ധിച്ചു എന്നത് താഴെക്കൊടുക്കുന്നു:

2000-01 മുതല്‍ 2005-06 വരെ (യു.ഡി.എഫ്.) - 92%
2005-06 മുതല്‍ 2010-11 വരെ (എല്‍.ഡി.എഫ്.) - 71%
2010-11 മുതല്‍ 2015-16 വരെ (യു.ഡി.എഫ്.) - 100%
2015-16 മുതല്‍ 2020-21 വരെ (എല്‍.ഡി.എഫ്.) - 89%

2. എങ്ങനെയാണ് കടം തിരിച്ചടയ്‌ക്കുക?

ഏതൊരു സംസ്ഥാനത്തെയും പോലെ തന്നെ, നികുതി ആയും നികുതി ഒഴികെയുള്ള മറ്റു മാര്‍ഗങ്ങള്‍ വഴിയും സമാഹരിക്കുന്ന വരുമാനത്തില്‍ നിന്നാണ് കേരളവും കടം തിരിച്ചടയ്ക്കുന്നത്.

വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ കടം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കേരളത്തിന്റെ വരുമാനം മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് (2011-12 മുതല്‍ 2015-16 വരെ) ആഭ്യന്തര ഉത്പാദനത്തിന്റെ 11.06 ശതമാനം ആയിരുന്നത് ഇപ്പോഴത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 11.51 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. രണ്ട് പ്രളയങ്ങളും കോവിഡ് പ്രതിസന്ധിയുമില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും കൂടുതലായേനേ. ഇനിയുള്ള വര്‍ഷങ്ങളില്‍ സാമ്പത്തികരംഗം പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

3. കേരളത്തിന്റെ കടം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കൂടുതലാണോ?

എല്ലാ സംസ്ഥാനങ്ങളുടെയും കണക്ക് ലഭ്യമായിട്ടുള്ളത് 2019-20 വരെയാണ്. കേരളത്തെക്കാള്‍ കൂടുതല്‍ കടമുള്ള സംസ്ഥാനങ്ങളുമുണ്ട്, കേരളത്തെക്കാള്‍ കുറവ് കടമുള്ള സംസ്ഥാനങ്ങളുമുണ്ട്. കേരളത്തിന്റെ പൊതുക്കടം 2019-20-ല്‍ ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനമായിരുന്നു. അതേ സമയം മറ്റൊരു സമ്പന്ന സംസ്ഥാനമായി കണക്കാക്കപ്പെടുന്ന പഞ്ചാബിന്റേത് 38 ശതമാനമായിരുന്നു. ഗുജറാത്ത് - 17 ശതമാനം, ആന്ധ്ര പ്രദേശ് - 25 ശതമാനം, രാജസ്ഥാന്‍ - 30 ശതമാനം, പശ്ചിമ ബംഗാള്‍ - 33 ശതമാനം, ഹിമാചല്‍ പ്രദേശ് - 33 ശതമാനം എന്നിങ്ങനെ ഏറിയും കുറഞ്ഞും കടമുള്ള സംസ്ഥാനങ്ങളുണ്ട്.

നേരത്തെ പറഞ്ഞതുപോലെ, വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ കടം തിരിച്ചടയ്ക്കാം. കടമെടുത്തും അല്ലാതെയും സര്‍ക്കാര്‍ ചെലവിടുന്നതു വഴി ആഭ്യന്തര ഉത്പാദനവും സര്‍ക്കാരിന്റെ വരുമാനവും വര്‍ദ്ധിക്കുകയാണ് ചെയ്യുക.

4. ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിന് എത്ര കടമുണ്ട്? മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എങ്ങനെയുണ്ടാവും?

കേന്ദ്രസര്‍ക്കാരിന്റെ കടം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ (Gross Domestic Product)-ന്റെ 89.96 ശതമാനമാണ്. സംസ്ഥാനസര്‍ക്കാരുകളുടേതിന്റെ പല മടങ്ങാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മറ്റു ചില രാജ്യങ്ങളുടെ 2021-ലെ കണക്ക് (കേന്ദ്രസര്‍ക്കാരിന്റെ കടം, ആഭ്യന്തര ഉത്പാദനത്തിന്റെ എത്ര ശതമാനം) ഇതാ:

ബ്രസീല്‍ - 103%
കാനഡ - 115%
ചൈന - 67%
ഫ്രാന്‍സ് - 119%
ജര്‍മനി - 72%
ഇന്തോനേഷ്യ - 42%
ജപ്പാന്‍ - 264%
ഒമാന്‍ - 89%
പാക്കിസ്താന്‍ - 86%
റഷ്യ - 19%
സിംഗപ്പൂര്‍ - 132%
ദക്ഷിണാഫ്രിക്ക - 83%
സ്‌പെയിന്‍ - 121%
സ്വീഡന്‍ - 42%
ബ്രിട്ടന്‍ - 112%
യു.എസ്. - 134%.


ഇനി പരിശോധിക്കുന്നത് ചില അടിസ്ഥാനപരമായ കാര്യങ്ങളാണ്.

(1) സര്‍ക്കാര്‍ കടമെടുക്കുന്നത് ശരിയാണോ? മിച്ചം പിടിക്കുന്നതല്ലേ നല്ലത്?

ഉടനടി നടത്തേണ്ട വലിയ ചെലവുകള്‍ നടത്താന്‍, ഭാവിയിലെ വരുമാനം മുന്നില്‍ക്കണ്ടുകൊണ്ട് കടമെടുക്കുന്നത് സാധാരണയായിട്ടുള്ള ഒരു കാര്യമാണ്.
സര്‍ക്കാരുകള്‍ക്ക് വലിയ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. ഭാവിയില്‍ വരുമാനമുണ്ടാകും എന്നത് മിക്കവാറും എല്ലാ സര്‍ക്കാരുകള്‍ക്കും ഉറപ്പുള്ള കാര്യവുമാണ്. അതിനാല്‍ സര്‍ക്കാരുകള്‍ കടമെടുത്ത് ചെലവഴിക്കുന്നത് സര്‍വസാധാരണമാണ്.

യുദ്ധം, വലിയ പ്രകൃതിദുരന്തങ്ങള്‍, മുതലായ അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാരുകളുടെ ചെലവുകളും കടവും വര്‍ദ്ധിക്കുന്നത് കാണാറുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. വരുമാനം കുറയുകയും നേരത്തെ പ്രതീക്ഷിക്കാത്ത ചെലവുകളുണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടമെടുക്കുകയാണ് പല രാജ്യങ്ങളും ചെയ്യുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ കോടിക്കണക്കിന് ജനങ്ങള്‍ കഷ്ടത്തിലാകും എന്നു മാത്രമല്ല, ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയും കുറയും.
സര്‍ക്കാര്‍ വരവിനെക്കാള്‍ കുറച്ച് ചെലവിട്ട് ബജറ്റില്‍ മിച്ചമുണ്ടാക്കുന്നതില്‍ കാര്യമില്ല. പണം ചെലവഴിക്കാതെ പൂഴ്ത്തിവയ്ക്കുക എന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്വം. പണം ജനജീവിതം മെച്ചപ്പെടുത്താനായി ഉപയോഗിക്കുകയാണ് വേണ്ടത്. കോടിക്കണക്കിനാളുകള്‍ പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരുമായിട്ടുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ഏതെങ്കിലും സര്‍ക്കാര്‍ വേണ്ടത്ര ചെലവിടാതെ ബജറ്റ് മിച്ചമുണ്ടാക്കി വയ്ക്കുന്നത് തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ്.

സര്‍ക്കാര്‍ ചെലവു ചെയ്യുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും സര്‍ക്കാരിന്റെ നികുതിവരുമാനവും എല്ലാം തമ്മില്‍ വളരെയടുത്ത ബന്ധമുണ്ട്. ഇതെന്തുകൊണ്ട് എന്ന് മനസ്സിലാക്കണമെങ്കില്‍ കുടുംബ ബജറ്റും സര്‍ക്കാര്‍ ബജറ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കണം. അത് ചുവടെ.

(2) സര്‍ക്കാര്‍ ചെലവു ചെയ്യുന്നതും കുടുംബങ്ങള്‍ ചെലവു ചെയ്യുന്നതും ഒരുപോലെയാണോ?

സര്‍ക്കാര്‍ ചെലവു ചെയ്യുന്നതും കുടുംബങ്ങളോ വ്യക്തികളോ ചെലവു ചെയ്യുന്നതും തമ്മില്‍ പല വലിയ വ്യത്യാസങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട മൂന്ന് വ്യത്യാസങ്ങള്‍ താഴെക്കൊടുക്കുന്നു. മൂന്നാമത്തേതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

(a) എടുക്കുന്ന കടത്തിന് എത്ര പലിശ കൊടുക്കേണ്ടിവരും എന്നതിനെ സ്വാധീനിക്കാന്‍ സര്‍ക്കാരിന് കഴിയും. കേന്ദ്ര ബാങ്കിന്റെ (ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) മേല്‍ കേന്ദ്രസര്‍ക്കാരിന് നിയന്ത്രണം / സ്വാധീനം ഉള്ളതിനാല്‍ പലിശ നിരക്ക് ആവശ്യമെങ്കില്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് സാധിക്കും.

(b) കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് ചെലവിടാം. ഒരു കുടുംബത്തിനോ കമ്പനിക്കോ സാധിക്കാത്ത കാര്യമാണിത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2020-21) യു.എസും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ബില്യണ്‍ കണക്കിന് ഡോളറും പൗണ്ടും യൂറോയും പ്രിന്റ് ചെയ്തിട്ടുണ്ട്.
(കൂടുതല്‍ വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 2020-ല്‍ എഴുതിയ രണ്ടു പോസ്റ്റുകള്‍ വായിക്കാം:

(i) https://bit.ly/3fsF2Z8
(ii) https://bit.ly/31AhZ6c )

(c) ആദ്യത്തെ രണ്ടു കാര്യങ്ങളും കേന്ദ്രസര്‍ക്കാരിനെ സംബന്ധിക്കുന്നതാണ്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇനിപ്പറയുന്നതാണ്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാം ബാധകവുമാണ്.

ഒരു കുടുംബം തങ്ങളുടെ ചെലവു വെട്ടിക്കുറച്ചാല്‍ അത് രാജ്യത്തിന്റെ വരുമാനത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ തീരെച്ചെറിയ ഒരു ശതമാനം മാത്രമാണ് ഒരു ശരാശരി കുടുംബത്തിനുണ്ടാവുക എന്നതിനാല്‍, ഉചിതമായ രീതിയില്‍ ചെലവ് വെട്ടിക്കുറയ്ക്കുന്നതു വഴി തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചെന്നുവരാം, രാജ്യത്തെ അത് ബാധിക്കുകയുമില്ല.
എന്നാല്‍ സര്‍ക്കാര്‍ ചെലവു വെട്ടിക്കുറച്ചാലോ? ജനങ്ങളുടെ പക്കലെത്തുന്ന പണം കുറയും. സമ്പദ്വ്യവസ്ഥയില്‍ ഡിമാന്‍ഡ് കുറയും. ചരക്കുകളുടെയും സേവനങ്ങളുടെയും വില്പന കുറയും. അങ്ങനെ വരുമ്പോള്‍ ഉത്പാദകര്‍ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടിവരും. അനവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. മൊത്തത്തില്‍ ഉത്പാദനവും വരുമാനവും കുറയുന്നതുമൂലം സര്‍ക്കാരിന്റെ വരുമാനവും കുറയും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിക്കളയാം എന്നു കരുതിയായിരിക്കാം സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചത്. എന്നാല്‍ അതിന്റെ ഫലമായി വരുമാനവും കൂടി കുറയുന്ന സ്ഥിതിയുണ്ടാകുന്നു. ആഭ്യന്തര ഉത്പാദനത്തെ അപേക്ഷിച്ച് പൊതുക്കടത്തിന്റെ ശതമാനം (കടം-ജിഡിപി അനുപാതം) കുറയുന്നതിനു പകരം കൂടുന്ന സ്ഥിതി വരെയുണ്ടാകാം.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിനു സംഭവിച്ചത് ഇതാണ്. യൂറോപ്യന്‍ യൂണിയനും മറ്റും ഗ്രീസിനോട് ''മുണ്ടുമുറുക്കിയുടുക്കാന്‍'' ആജ്ഞാപിച്ചു. അങ്ങനെ ചെലവുചുരുക്കല്‍ നയങ്ങള്‍ നടപ്പാക്കിയ ഗ്രീസിന്റെ സാമ്പത്തിക വളര്‍ച്ച ശോചനീയമായിത്തുടര്‍ന്നു. കടം-ജിഡിപി അനുപാതം 2008-ല്‍ 111 ശതമാനമായിരുന്നത് ഇപ്പോള്‍ 200 ശതമാനമാണ്! (2015-ല്‍ എഴുതിയ ഒരു ലേഖനം ഇവിടെ വായിക്കാം: https://bit.ly/3dnTAGR)

നേരെമറിച്ച് സര്‍ക്കാര്‍ ചെലവു ചെയ്യുമ്പോള്‍ - വിശിഷ്യ കിട്ടുന്ന പണം ചെലവഴിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സാധാരണക്കാരുടെ പക്കല്‍ പണമെത്തുന്ന രീതിയില്‍ ചെലവിടുമ്പോള്‍ - എന്താണ് സംഭവിക്കുക? ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ച് സാമ്പത്തികരംഗത്ത് കൂടുതല്‍ ഉണര്‍വുണ്ടാകും. ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ സര്‍ക്കാരിന്റെ വരുമാനവും വര്‍ദ്ധിക്കും.
ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കാവുന്ന ഒന്നാണ് Multiplier Effect. രാജ്യത്തെ ജിഡിപി 1 ലക്ഷം കോടി രൂപയാണെന്ന് സങ്കല്പിക്കുക. സര്‍ക്കാര്‍ അധികമായി 1000 കോടി ചെലവിടുന്നു. അതുവഴി ജിഡിപിയിലുണ്ടാകുന്ന വര്‍ദ്ധനവ് 1000 കോടി രൂപയല്ല. അതിന്റെ പല മടങ്ങ് (multiple) ആയിരിക്കും. കാരണം, ചെലവിടുന്ന 1000 കോടി രൂപ പലവട്ടം സമ്പദ്വ്യവസ്ഥയില്‍ കിടന്നു കറങ്ങും. അങ്ങനെയുണ്ടാകുന്ന വരുമാന വര്‍ദ്ധനവ്, 2000 കോടിയോ 3000 കോടിയോ അതില്‍ക്കൂടുതലോ ഒക്കെ ആകാം. കിട്ടുന്ന പണം ചെലവഴിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ആളുകളുടെ പക്കലാണ് പണം ചെല്ലുന്നതെങ്കില്‍ കൂടുതല്‍ പണം പലവട്ടം സമ്പദ്വ്യവസ്ഥയില്‍ ഇറങ്ങും, അങ്ങനെ വരുമാനവര്‍ദ്ധനവിന്റെ തോതും കൂടും.

(3) കടമെടുക്കുന്നത് ദാരിദ്ര്യത്തെയാണോ സൂചിപ്പിക്കുന്നത്?

''അയ്യേ, കേരളത്തിന് ദാരിദ്ര്യമായതുകൊണ്ടല്ലേ കടമെടുക്കുന്നത്?'' എന്ന ചോദ്യവുമായി ചിലര്‍ വരുന്നത് കാണാറുണ്ട്. ജപ്പാന്റെ പൊതുക്കടം രാജ്യത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ 264 ശതമാനമാണെന്ന് നേരത്തെ പറഞ്ഞു. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും കാനഡയുടേതുമൊക്കെ 110 ശതമാനത്തില്‍ക്കൂടുതലാണ്. സിംഗപ്പൂരിന്റെയും (ട്വന്റി-20 ഫാന്‍ ബോയ്സ്, പ്ലീസ് നോട്ട്.) യു.എസിന്റെയും കടം ആഭ്യന്തരവരുമാനത്തിന്റെ 130 ശതമാനത്തില്‍ക്കൂടുതലാണ്. ഈ രാജ്യങ്ങള്‍ക്കൊക്കെ ദാരിദ്ര്യമായതുകൊണ്ടാണോ അവര്‍ കടമെടുക്കുന്നത്?

ഇങ്ങനെ മറുപടി കിട്ടിക്കഴിയുമ്പോള്‍ ചിലര്‍ കളം മാറ്റിച്ചവിട്ടും. ജപ്പാന് കടമുണ്ടെങ്കില്‍ അവിടെ വികസനവുമുണ്ട്. ഇവിടെ വല്ല വികസനവുമുണ്ടോ എന്നാകും ചോദ്യം!

കണക്ക് ശതമാനത്തിലാണ് പറയുന്നത്, ജപ്പാന്റെ കടം 30 ശതമാനമായിരുന്നെങ്കിലും അത് നമ്മുടെ കടത്തുകയെക്കാള്‍ കൂടുതലായിരിക്കും എന്നത് ഒരുകാര്യം. യുഎസിന്റെയും ജപ്പാന്റെയും ബ്രിട്ടന്റെയും സ്വീഡന്റെയുമൊക്കെ പൊതുക്കടത്തിന്റെ ശതമാനം വ്യത്യസ്തമായിരിക്കുന്നതിന് ചരിത്രപരമായ പല കാരണങ്ങളുമുണ്ട് എന്നത് മറ്റൊരു കാര്യം. അതൊക്കെ അവിടെ നില്‍ക്കട്ടെ.
എന്തായാലും വികസനത്തെപ്പറ്റി പരിശോധിക്കാം.

(4) കേരളത്തില്‍ വികസനമുണ്ടോ?

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പൊതുവിദ്യാലയങ്ങളും സര്‍ക്കാര്‍ ആശുപത്രികളും റോഡുകളും പാലങ്ങളുമൊക്കെ വലിയ തോതില്‍ മെച്ചപ്പെട്ട കാര്യം നാട്ടിലിറങ്ങി നോക്കുന്നവര്‍ക്ക് അറിവുള്ളതാണ്. മാനവ വികസന സൂചികയുടെ കാര്യത്തില്‍ ദശകങ്ങളായി കേരളം ഇന്ത്യയിലൊന്നാമതാണ് എന്നും എല്ലാവര്‍ക്കുമറിയാം.

കേരളത്തില്‍ സാമ്പത്തിക വളര്‍ച്ചയില്ല എന്നാണ് ഇപ്പോഴും പലരുടെയും വിചാരം. കേരളത്തില്‍ 1970-കളിലും 1980-കളിലും സാമ്പത്തിക മാന്ദ്യമായിരുന്നു. എന്നാല്‍ 1980-കളുടെ അവസാനം ആകുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വലിയ തോതില്‍ വര്‍ദ്ധിക്കുന്നത് കാണാം. അക്കാലയളവില്‍ കാര്‍ഷിക മേഖലയിലുണ്ടായ വളര്‍ച്ച പ്രധാനമാണ് - പ്രത്യേകിച്ച്  ഉത്പാദനക്ഷമത കാര്യമായി വര്‍ദ്ധിച്ച റബ്ബര്‍ പോലെയുള്ള നാണ്യവിളകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചു (പിന്നീട് ലോകവ്യാപാരക്കരാറും ആസിയാന്‍ കരാറുമൊക്കെ മൂലം തിരിച്ചടികള്‍ നേരിട്ടു എങ്കിലും). ഗതാഗതവും ടൂറിസവും ധനകാര്യമേഖലയുമൊക്കെ ഉള്‍പ്പെടുന്ന സേവന മേഖലയാണ് ഏറ്റവും വേഗത്തില്‍ വളര്‍ന്നത്. അതേ സമയം, വ്യവസായങ്ങളും നിര്‍മ്മാണമേഖലയും വൈദ്യുതിയും ഒക്കെ ഉള്‍പ്പെടുന്ന ദിതീയ മേഖലയും വളര്‍ന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1987-88-ല്‍ 20 ശതമാനം ആയിരുന്നത് 2018-19 ആയപ്പോള്‍ 32 ശതമാനമായി വര്‍ദ്ധിച്ചു.

കേരളത്തിന്റെ ആളോഹരി വരുമാനം, 1989-90-ല്‍ അഖിലേന്ത്യാ തലത്തിലേതിനെ അപേക്ഷിച്ച് 10 ശതമാനം കുറവായിരുന്നു. 2019-20 ആയപ്പോള്‍ അത് ഇന്ത്യയുടെ ആളോഹരി വരുമാനത്തെക്കാള്‍ 65 ശതമാനം അധികമായി വര്‍ദ്ധിച്ചു.

ഇതിനര്‍ത്ഥം കേരളം സമ്പന്ന പ്രദേശമായി എന്നൊന്നുമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് കേരളം എന്നുമാത്രം. കേരളത്തില്‍ ദാരിദ്ര്യമുണ്ട് (മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും). തൊഴിലില്ലായ്മയുമുണ്ട്. കൂടുതല്‍ തൊഴിലുത്പാദിപ്പിക്കുക, കൂടുതല്‍ മേഖലകളില്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ ചിട്ടയായി ശാസ്ത്രസാങ്കേതിക വിദ്യയുടെ ഉപയോഗം ഉത്പാദനമേഖലകളില്‍ പ്രോത്സാഹിപ്പിക്കുക വഴി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, പൊതുമേഖലയിലും സഹകരണമേഖലയിലുമുള്ള ഉത്പാദനം വര്‍ദ്ധിപ്പിച്ച് വികസനത്തിന്റെ ഫലങ്ങള്‍ കൂടുതല്‍ പേരിലേയ്ക്ക്, കൂടുതല്‍ തുല്യമായി എത്തിക്കുക എന്നിങ്ങനെ വെല്ലുവിളികള്‍ ഒരുപാട് നമുക്കു മുമ്പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.

അതേസമയം, എഴുപതുകളുടെയും എണ്‍പതുകളുടെയും സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ എഴുത്തുകളിലും സിനിമകളിലുമൊക്കെ പ്രതിപാദിക്കുന്ന സാഹചര്യങ്ങളല്ല ഇന്ന് കേരളത്തിലുള്ളത് എന്നത് ഓര്‍ക്കാം. മുപ്പതുകൊല്ലം മുമ്പത്തെ കാലത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരാണ്, ''കേരളത്തില്‍ എന്തു വികസനം!'' എന്ന പഴകിയ വായ്ത്താരി ഇപ്പോഴും പാടി നടക്കുന്നത്.
അടിക്കുറിപ്പ്:

വാട്സാപ്പില്‍ വിഡ്ഢിത്തം എഴുതിവിടുന്നവരുടെ സ്ഥിരം ഡയലോഗാണ്, കേരളത്തില്‍ ഉണ്ടായിരുന്ന ഫാക്ടറികളൊക്കെ പൂട്ടി എന്നത്. കണക്കു പരിശോധിക്കുമ്പോള്‍ കാണുന്നതോ? 1971-ല്‍ കേരളത്തില്‍ 3024 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നത് 2020 ആയപ്പോള്‍ 24,468 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

നമ്മള്‍ അടിയന്തിരമായി പൂട്ടിക്കേണ്ട ഒരു ഫാക്ടറിയുണ്ട് - വാട്സാപ്പിലെ വലതുപക്ഷ നുണകളുടെ ഫാക്ടറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top