19 September Thursday

പൈലറ്റുമാർ ഉറക്കത്തിൽ, വിമാനത്താവളം കഴിഞ്ഞും എത്യോപ്യൻ എയർലൈൻസ്‌ മുന്നോട്ട്‌...; ആഡിസ് ആബബായിൽ നടന്നതെന്ത്‌?

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

Photo courtesy: Facebook/Ethiopian Airlines

ജേക്കബ്‌ കെ ഫിലിപ്പ്‌

ജേക്കബ്‌ കെ ഫിലിപ്പ്‌

കോക്‌പിറ്റിൽ രണ്ടുപൈലറ്റുമാരും ഉറക്കമായിരുന്നു ആ സമയമെല്ലാം. ഖർത്തുമിൽ നിന്ന് പറന്നുയർന്ന് ഏറെ വൈകാതെ ഓട്ടോപൈലറ്റിന്, അതായത് കംപ്യൂട്ടറിന് പതിവുപോലെ പറക്കൽ ഏൽപ്പിച്ചുകൊടുത്ത് വിശ്രമിച്ച രണ്ടുപേരും ഉറങ്ങിപ്പോയത് വിശ്രമമില്ലാതെ തുടർച്ചയായി പറന്നതാവാം, വിശ്രമിക്കാൻ കിട്ടിയ സമയത്ത് ഉറങ്ങാതിരുന്നതാവാം. മുൻ മാധ്യമപ്രവർത്തകനും വ്യോമയാന വിദഗ്‌ദനുമായ ജേക്കബ്‌ കെ ഫിലിപ്പ്‌ എഴുതുന്നു.

പൈലറ്റുമാർരണ്ടുപേരും ഉറങ്ങിപ്പോയതിനാൽ എത്യോപ്യൻ എയർലൈൻസിന്റെ ഒരു വിമാനം എയർപോർട്ടിൽ ഇറങ്ങാതെ, 37,000 അടിയിൽ തന്നെ, വിമാനത്താവളവും മറികടന്ന് പറന്നുകൊണ്ടിരുന്ന വാർത്ത ഇതിനോടകം പലരും വായിച്ചു കാണും.

ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 15) നടന്ന സംഭവം ആഡിസ് ആബബാ വിമാനത്താവളത്തിന് പുറത്ത് ആരും അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ അറിയിച്ചിരുന്നില്ല എന്നു വേണം കരുതാൻ. എന്തായാലും, മൂന്നാംപക്കം, ഏവിയേഷൻ ഹെറാൾഡ് എന്ന, വിമാന സുരക്ഷാസംബന്ധമായ സംഭവങ്ങൾ രേഖപ്പെടുത്തുന്ന ഒരു വെബ്‌സൈറ്റ് സംഭവത്തിന്റെ ചുരുക്കം എഴുതിയിട്ടു. അതു വായിച്ചവരുടെ പോസ്റ്റുകളായി സംഭവം ട്വിറ്ററിൽ എത്തിപ്പെടുകയും അങ്ങിനെ, നാലാംദിവസമായ ഇന്ന് ലോകമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തു.

ഇതായിരുന്നു സംഭവം:

പ്രാദേശിക സമയം വെളുപ്പിനെ 3.19 ന് സുഡാന്റെ തലസ്ഥാനമായ ഖർത്തൂമിൽ നിന്ന് പറന്നുയർന്ന് എത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനം മറ്റെല്ലാ ദിവസങ്ങളിലുമെന്നതു പോലെ, രാവിലെ അഞ്ചരകഴിയുമ്പോഴേക്കും സുഡാന്റെ തലസ്ഥാനമായ ആഡിസ് ആബബായിലെ വിമാനത്താവളത്തി്‌നടുത്തെത്തിയെങ്കിലും  പറന്നുവന്നുകൊണ്ടിരുന്ന 37,000 അടിപ്പൊക്കത്തിൽ നിന്ന് താഴ്ന്നിട്ടേയില്ലെന്ന് ശ്രദ്ധിച്ച എയർട്രാഫിക് കൺട്രോളുകാർ പൈലറ്റുമാരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നുമേ കിട്ടിയില്ല. 5.50 ന് വിമാനം റൺവേയുടെ മുകളിലെത്തുമ്പോഴും പൈലറ്റുമാരിൽ നിന്ന് ഒരു മറുപടിയും കിട്ടാതെ എടിസി്ക്കാർ അമ്പരന്നു. വിമാനം അപ്പോഴും 37000 അടിയിൽ തന്നെയായിരുന്നു.

കോക്‌പിറ്റിൽ രണ്ടുപൈലറ്റുമാരും ഉറക്കമായിരുന്നു ആ സമയമെല്ലാം. ഖർത്തുമിൽ നിന്ന് പറന്നുയർന്ന് ഏറെ വൈകാതെ ഓട്ടോപൈലറ്റിന്, അതായത് കംപ്യൂട്ടറിന് പതിവുപോലെ പറക്കൽ ഏൽപ്പിച്ചുകൊടുത്ത് വിശ്രമിച്ച രണ്ടുപേരും ഉറങ്ങിപ്പോയത് വിശ്രമമില്ലാതെ തുടർച്ചയായി പറന്നതാവാം, വിശ്രമിക്കാൻ കിട്ടിയ സമയത്ത് ഉറങ്ങാതിരുന്നതാവാം. എന്തായാലും, റഡാർ സ്‌ക്രീനിൽ പച്ചപ്പൊട്ടായി നീങ്ങുന്ന ഫ്‌ലൈറ്റ് നമ്പർ ഇടി-343 യെ  കൺട്രോൾ ടവറിലുള്ളവർ ആന്തലോടെ നോക്കിയിരിക്കുമ്പോൾ, 5.52 ന് പൈലറ്റുമാരുടെ മറുപടിയെത്തി. റൺവേ വിട്ട് മുന്നോട്ടു പോയി. തിരിച്ചുവരികയാണ്. ഇറങ്ങണം.

പിന്നെയെല്ലാം പതിവുപോലെ നടന്നു. മൂന്നോട്ടു പോയ വിമാനം ഒരു എട്ടെടുക്കുന്നതിനിടയിൽ 37,000 അടിയിൽ നിന്ന്, താഴെയെത്തി 25എൽ എന്ന റൺവേയിൽ കുഴപ്പമൊന്നുമില്ലാതെ ഇറങ്ങി. സാധാരണ 5.40 നും 5.55 നും ഇടയിൽ ഇറങ്ങുന്ന വിമാനം അന്ന് നിലംതൊട്ടപ്പോൾ 6.16 ആയി എന്നു മാത്രം. 37,000 അടിയിൽ വിമാനത്തവളവും കടന്നു പറന്ന വിമാനത്തിനുള്ളിൽ പൈലറ്റുമാർ വെറുതേയങ്ങ് ഉണർന്നതുമായിരുന്നില്ല.

വിമാനത്താവളം വരെ പറത്താൻ മാത്രം കല്പന കിട്ടിയിരുന്ന ഓട്ടോപൈലറ്റ്, വിമാനം റൺവേയും കടന്നു മുന്നോട്ടുപോയപ്പോൾ പണി അവസാനിപ്പിച്ചിരുന്നു. മാത്രമല്ല, പണി നിർത്തിയെന്ന മുന്നറിയിപ്പ് അലാം മുഴക്കുകയുംചെയ്തു. കാതുതുളയ്ക്കുന്ന നിലവിളി ശബ്ദം (മരിച്ചു കിടക്കുന്നവർ പോലും എഴുന്നേൽക്കും ആ ശബ്ദം കേട്ടാൽ എന്നാണ് പൈലറ്റുമാരുടെ സാക്ഷ്യം) കേട്ടുണർന്ന രണ്ടു പൈലറ്റുമാരും ചാടിയെഴുന്നേറ്റ്, കാര്യങ്ങൾ കൈവിട്ടുപോകും മുമ്പ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുകയാണുണ്ടായത്.

6.16 ന് സുരക്ഷിതമായ നിലത്തിറങ്ങിയ വിമാനം രണ്ടരമണിക്കുറിനു ശേഷം അടുത്ത പറക്കലിനായി ടേക്കോഫ് ചെയ്യുകയും ചെയ്തു. വിമാനം ക്രൂസിങ്ങ് പൊക്കത്തിലെത്തിയാൽ പൈലറ്റുമാരിലൊരാൾ ഉറങ്ങുന്നതു കൊണ്ടു സാധാരണഗതിയിൽ കുഴപ്പമൊന്നുമില്ല. മാത്രമല്ല, കൺട്രോൾഡ് റെസ്റ്റ് എന്ന പേരിട്ടിട്ടുള്ള ഈ ഉറക്കം ചില എയർലൈനുകൾ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ദീർഘദൂര യാത്രകളിൽ പൈലറ്റുമാർക്ക് ഉറക്കച്ചടവും ക്ഷീണവും മാറി പൈലറ്റുമാർ കൂടുതൽ അലേർട്ട് ആകാൻ ഇതു നല്ലതാണ് എന്നാണ് ഒരു കണ്ടെത്തൽ. എന്നാൽ രണ്ടുപേരും ഒരുമിച്ച് ഉറങ്ങുന്നത് സാധാരണമല്ല.

എത്യോപ്യൻ എയർലൈനിന്റെ ഈ സംഭവത്തിൽ അതിലും അസാധാരണമായി തോന്നുന്നത് ഈ സമയമത്രയും എയർഹോസ്റ്റസുമാർ കോക്പിറ്റുമായി ബന്ധപ്പെട്ടിരുന്നില്ല എന്നതാണ്. ഈ വിമാനം, സാധാരണ 4.50 ആകുമ്പോഴാണ് ക്രൂസിങ് ഉയരത്തിൽ നിന്ന് (35000-37000അടി) താഴ്ന്നു തുടങ്ങുക. ആ സമയം തന്നെ കാബിൻ ക്രൂവുമായി ആശയവിനിമയം നടത്തേണ്ടിയതുമാണ്. തിങ്കളാഴ്‌ചത്തെ വിമാനം ഒരു മണിക്കൂർ കഴിഞ്ഞിട്ടും താഴ്ന്നു തുടങ്ങിയില്ല എന്നോർക്കുക. റൺവേയും കടന്നു മുന്നോട്ടുപോയി എഫ്എംസി അലാം കേട്ടുണർന്ന പൈലറ്റുമാർ വിമാനം താഴ്ത്തുന്നത് 5.52 ന് ആയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top