07 July Tuesday

പൊതു ഇടങ്ങളിൽ സ്ത്രീകൾ നൃത്തം ചെയ്യുന്നതിനെതിരെ വിമർശനം; സദാചാരക്കാർക്ക് യുവതിയുടെ മറുപടി വൈറലാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കരുനാഗപ്പള്ളി> യുവജന സംഘടനാ പ്രവർത്തകയായ പെൺകുട്ടിയുടെ നൃത്തത്തെ വിമർശിച്ചവർക്കും ആക്ഷേപിച്ചവർക്കും സഹോദരി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോക‌്സഭാ  തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി സ്ഥാനാർഥി എ എം ആരിഫിന്റെ വിജയത്തിനായി കരുനാഗപ്പള്ളി ടൗണിൽ യുവജന പ്രവർത്തകയായ ആർ അശ്വതി സഹപ്രവർത്തകർക്കൊപ്പം നൃത്തംവച്ച വീഡിയോ 20നാണ്  ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ ദൃശ്യത്തിന്റെ താഴെ സദാചാരത്തിന്റെ വക്താക്കളായി ചിലർ വിമർശനവുമായി എത്തി പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വിവാഹം കഴിക്കാത്ത പെണ്ണ് തെരുവിൽ നൃത്തം കളിക്കാമോ എന്നുതുടങ്ങി സൈബർ ആക്രമണം പെരുകിയതോടെയാണ് അശ്വതിയുടെ മൂത്ത സഹോദരി പാർവതി ഫെയ്സ്ബുക്കിൽ മറുപടി എഴുതിയത്. പുരോഗമനത്തിന്റെ മേലങ്കി എത്ര അണിഞ്ഞാലും ആൾക്കൂട്ടത്തിനു നടുവിൽ നിന്നൊരു യുവതി ചുവടു വയ്ക്കുന്നതൊന്നും ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത സമൂഹത്തിന് എതിരെയായിരുന്നു പാർവതിയുടെ ചുട്ട മറുപടി. 

കുറിപ്പ്  ഇങ്ങനെ:

‘ഈ വീഡിയോയിൽ വെള്ളസാരിയും ചുവന്ന - ബ്ലൗസും ധരിച്ച് ഡാൻസ് ചെയ്യുന്നത് എന്റെ അനിയത്തി അശ്വതിയാണ്. വയസ്സ് 27. കല്യാണം കഴിക്കാൻ ഇതുവരെയും മനസ്സുകൊണ്ട് തയ്യാറാകാത്തതുകൊണ്ട് അവിവാഹിതയായി തുടരുന്നു. തൊഴിൽ -അധ്യാപനം. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. ബിഎഡിന് അഡ്മിഷൻ ലഭിക്കാനുള്ള കാലതാമസത്തിൽ ഒരുപക്ഷേ, തന്റെ കർമ മണ്ഡലം അതായിരിക്കില്ല എന്നറിഞ്ഞിട്ടുകൂടി ഹയർ ഡിപ്ലോമ ഇൻ കോ–-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്ന പിജി ഡിപ്ലോമ കോഴ്സ് പാസായി. അധ്യാപികയായി ജോലി ലഭിക്കുന്നതുവരെ ട്യൂട്ടോറിയൽ കോളേജുകളിൽ പഠിപ്പിച്ചും വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും സ്വയം വരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തി. ഇനി ബോട്ടണിയിൽ പിജി ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഈ ഡാൻസ് കളിക്കുന്നത് തെരഞ്ഞെടുപ്പിന്റെ  കലാശക്കൊട്ടിനാണ്. ആ സമയത്ത് ഞാൻ ഒരു തവണപോലും ഈ വീഡിയോ ഷെയർ ചെയ്തില്ല. പക്ഷേ, ഇതു കണ്ടിട്ട് പലർക്കും കുരുപൊട്ടിയതാകയാൽ ഇനി ഇതു കുറെ ആൾക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി. ഇതു “ശരിയായില്ല , വേണ്ടിയിരുന്നില്ല ” എന്ന് തോന്നിയവർ പറഞ്ഞതിന‌ു കാരണം, കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ്. ശരിയാ അവളുടെ കന്യകാത്വം റോഡിൽവീണ് ഒലിച്ചുപോയിക്കാണും... ’എന്നു തുടരുന്നു പാർവതിയുടെ കുറിപ്പ്.
ഈ പോസ്റ്റ് പുറത്തുവന്നതോടെ ആയിരക്കണക്കിനുപേർ പോസ്റ്റിന‌് ലൈക്കടിച്ചു,  നിരവധി പേർ  ഷെയർ ചെയ‌്തു.  ഇതോടെ നിരവധി ഓൺലൈൻ മാധ്യമങ്ങളിലും ഇത് വാർത്തയായി.  അശ്വതി എസ്എഫ്ഐ  കരുനാഗപ്പള്ളി ഏരിയ മുൻ പ്രസിഡന്റും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. സ്കൂൾ കലോത്സവങ്ങളിൽ ഒന്നിലധികം തവണ നൃത്ത ഇനങ്ങളിൽ സംസ്ഥാനതലത്തിൽ സമ്മാനവും നേടിയിരുന്നു. സഹോദരി പാർവതി ഇപ്പോൾ ഓസ്ട്രേലിയയിൽ നേഴ്സാണ‌്.  ഭർത്താവ് സുമേഷിനും കുട്ടിക്കുമൊപ്പം ഓസ്ട്രേലിയയിൽ താമസിക്കുന്നു. സിപിഐ എം നേതാവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ ആർ ഗോപിയുടെയും മഹിളാ അസോസിയേഷൻ നേതാവ് രാജേശ്വരിയുടെയും മക്കളാണ് പാർവതിയുംഅശ്വതിയും.


പ്രധാന വാർത്തകൾ
 Top