01 February Wednesday

നിങ്ങൾ മാത്രം എങ്ങനെ നിഷ്ക്കളങ്ക ചാനലാകും മാധ്യമ സുഹൃത്തേ... പി കെ ശ്രീകാന്ത് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

പി കെ ശ്രീകാന്ത്

പി കെ ശ്രീകാന്ത്

നേരോടെ, നിർഭയം, നിരന്തരം എന്ന ടാഗ് ലൈനോട് കൂടി പരസ്യം ചെയ്യുന്ന ഒരു വാർത്താ ചാനലിൽ ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽ ഒരു പക്ഷത്തിനെതിരെ കൃത്യമായ അജണ്ടയോട് കൂടി പുറത്തു വന്ന വ്യാജ വാർത്തകളാണ് ഇവിടെ ചൂണ്ടി കാണിക്കപ്പെട്ടത്. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ വീണ്ടും കള്ളം പറയാൻ ശ്രമിക്കുകയും അതും പിടിക്കപ്പെട്ടപ്പോൾ വാർത്ത പിൻവലിച്ചു മുങ്ങുകയുമല്ലാതെ കൊടുത്ത വ്യാജവാർത്തയെ കുറിച്ച‌് രണ്ടുവരി ഖേദം പോലും പ്രകടിപ്പിക്കാത്ത നിർഭയത്തിന്റെ നേരിനെ ക്രൂരമായി തന്നെ പരിഹസിക്കുമ്പോൾ വികാരം കൊണ്ടിട്ട് കാര്യമില്ല. ആ വികാരം ഈ മാധ്യമ സംസ്കാരത്തിന് നേരെയാണ് വേണ്ടത്. പി കെ ശ്രീകാന്ത് എഴുതുന്നു...

നിങ്ങൾ ഒരു കമ്പനിയുടെ പ്രൊഡക്റ്റ് വാങ്ങുമ്പോൾ ആ ഇടപാടിൽ നിങ്ങൾ പ്രത്യക്ഷത്തിൽ എൻഗേയ്ജ് ചെയ്യുന്നത് പ്രൊഡക്റ്റ് നിങ്ങൾക്ക് വിൽക്കുന്ന സെയിൽസ് എക്സിക്യൂട്ടീവുമായിട്ടാണ്. വില്പനയുടെ ആദ്യവസാനം നിങ്ങൾ നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഈ സെയിൽസ് ഡിപ്പാർട്ട്മെന്റിലെ തൊഴിലാളികളുമായിട്ടായിരിക്കും. പ്രോഡക്റ്റ് വാങ്ങിയ ശേഷവും ആഫ്റ്റർ സെയിൽസ് സർവീസ്, കപ്ലെയിന്റുകൾ തുടങ്ങി ഏത് കാര്യത്തിനും നിങ്ങൾ ബന്ധപ്പെടുന്നതും പരാതി പറയുന്നതും തെറി വിളിക്കുന്നതും നിങ്ങൾക്ക് പ്രോഡക്റ്റ് വിറ്റ ഈ സെയിൽസ് എക്സിക്യൂട്ടീവുമാരെ തന്നെയാകും.

ഉല്പന്നതിന്റെ മോശം വശങ്ങൾ മറച്ചുവെച്ചുകൊണ്ട് അല്ലെങ്കിൽ അതു നോർമലൈസ് ചെയ്ത് നല്ലതായി അവതരിപ്പിച്ചു കൊണ്ട് ആ ഉൽപ്പന്നം വിറ്റഴിക്കുക എന്നത് കൂടി ഈ സെയിൽസ്‌ ജോലിക്കാരുടെ ഉത്തരവാദിത്വമാണ്. അതിനാണവർക്ക് ടാർഗറ്റും, ഇൻസൻറ്റീവും ഒക്കെ ഫിക്സ് ചെയ്തിരിക്കുന്നത്.

ഇസ്ലാമോഫോബിക് ആയ മുസ്ലീങ്ങളെ ജോലിക്കെടുക്കാത്ത കമ്പനികളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കണ്ടതാണ്. ആ കമ്പനിയുടെ മുഖമായ ഒരു തൊഴിലാളിക്ക് എന്റെ കമ്പനി ഇസ്ലാമോഫോബിക് ആണ് പക്ഷേ ഞാനും എനിക്കറിയാവുന്ന ആ കാണുന്ന അഞ്ച് സുഹൃത്തുക്കളും അങ്ങനെയല്ല എന്ന് പറഞ്ഞു ഒഴിയാനാവില്ല. അവർ പറയുന്നത് ശരിയായിരിക്കാം. പക്ഷേ ആ വൈരുധ്യത്തെ അയാളുടെ സാമ്പത്തിക കാരണങ്ങൾ ആന്തരികമായി നോർമലൈസ് ചെയ്യുന്ന കൊണ്ടാണ് ആ രാഷ്ട്രീയ ശരികേടിനെ വ്യക്തി താൽപര്യങ്ങൾ മറികടക്കുന്ന ഗതികേടിനെ കൊണ്ടാണ് അവരവിടെ തൊഴിലെടുക്കുന്നത്. ആ തൊഴിലാളികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവർ വിറ്റഴിക്കുന്ന ഉൽപ്പന്നം നിർമ്മിക്കുന്ന കമ്പനിയുടെ ഐഡിയോളജിക്കൽ പൊസിഷൻ കൂടി കേരി ചെയ്യാൻ അവർ ബാധ്യസ്ഥരാണ്. അതിനു കൂടിയാണ് ആ കമ്പനിയുടെ ഐഡി കാർഡും അവർ കഴുത്തിലേക്ക് നൽകുന്നത്. നിങ്ങൾ ആ കമ്പനിയുടെ മുഖമാണ്. അതിനോട് അമർഷമുണ്ടെങ്കിൽ ആ ചുറ്റുപാടിനെ താങ്ങി നിർത്തുന്ന ഈ വ്യവസ്ഥതിയോടാണ് ആദ്യം അമർഷം തോന്നേണ്ടത്.

ഈ നിയോ ലിബറൽ പോസ്റ്റ് ട്രൂത് മാധ്യമ കാലത്ത് ഓരോ വാർത്തയും ഓരോ പ്രൊഡക്റ്റാണ്. ആ പ്രോഡക്റ്റ് ഏറ്റവും ഭംഗിയായി വിൽക്കുക എന്ന ഉത്തരവാദിത്വ മാണ് അവരുടെ ജോലികളിൽ ഏറ്റവും പ്രധാനവും. തലക്കെട്ട് വായിച്ച്‌ ഒരു ക്ലിക് എങ്കിലും അധികമായി നേടുക എന്ന ഉദ്ദേശമാണ് ഒരു ഓണ്ലൈൻ വാർത്തയുടെ ഹെഡിങ് തീരുമാനിക്കുന്നതിന് പിന്നിൽ.

മറ്റു ഉൽപ്പന്നങ്ങളുടെ തൊഴിൽ മേഖലയിൽ നിന്ന് വ്യത്യസ്തമായി മാധ്യമ മേഖലയ്ക്ക് പിന്നെയും ഗുണങ്ങളുണ്ട്. അത് സോഷ്യൽ പ്രിവിലേജ് മാത്രമല്ല. അവർ തയ്യാറാക്കുന്ന വാർത്തകൾക്ക് അവർക്ക് അകൗണ്ടബിലിറ്റി കുറവാണ് എന്നത് കൂടിയാണ്. 25 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട് നിങ്ങൾക്ക് വിറ്റ വാഹനത്തിന് ആ മൈലേജ് ലഭിക്കുന്നില്ലെങ്കിൽ സെയിൽസ് എക്സിക്യൂട്ടീവ് മുതൽ മേലോട്ടുള്ള ഓരോരുത്തരും നമ്മളോട് ഉത്തരം പറയേണ്ടി വരും. ഇരുപതിനായിരമോ മുപ്പതിനായിരമോ മറ്റോ പാർട്ടി അംഗങ്ങൾ സിപിഐ എം-ൽ നിന്ന് ഒരു വർഷം കൊഴിഞ്ഞു പോയെന്ന് വർഷങ്ങൾക്ക് മുന്നേ വാർത്ത കൊടുത്ത മനോരമയിലെ സുജിത് നായർക്ക് പലരും ആവർത്തിച്ചു പറഞ്ഞിട്ടും യാഥാർഥ്യം കാണിച്ചു കൊടുത്തിട്ടും വാർത്ത പിൻ വലിക്കേണ്ടതോ കണക്ക് ബോധ്യപ്പെടുത്തേണ്ടതോ ആയ യാതൊരു ബാധ്യതയുമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിനെ സംഘ് വിഴുങ്ങിയത് തുറന്ന് പറഞ്ഞു ജോലി രാജിവെച്ചവർ, പത്രത്തിലെ സംഘ് സാനിധ്യം തുറന്നു പറഞ്ഞവർ അതിന് ലൈക് നൽകി പിന്തുണ നൽകിയവർ തന്നെ അതേ മാനേജ്‌മെന്റിന്റെ ചാനലിന്റെ അല്ലെങ്കിൽ അതേ സ്വഭാവമുള്ള മറ്റൊരു ചാനലിന്റെ അജണ്ടയെ കുറിച്ചു പറഞ്ഞാൽ ഉടനെ വ്യക്തിപരതയിലേക്ക് ചുരുങ്ങും, അയ്യോ ഞങ്ങളങ്ങനെയൊന്നുമല്ലെന്ന് പരിതപിക്കും.

99% മാധ്യമ സ്ഥാപനങ്ങളും കോർപ്പറേറ്റ് മൂലധനത്തിന്റെ ഉടമസ്ഥതയിലാണ്. ആ ഉടമസ്തർക്കാണെങ്കിൽ പ്രകടമായ രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങളുമുണ്ട്. മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ രംഗത്തെ തൊഴിലാളികൾ മറ്റൊരു അർത്ഥത്തിൽ വാർത്ത എന്ന പ്രൊഡസ്ക്റ്റിനെ വിൽക്കാൻ നിയോഗിക്കപ്പെട്ട സെയിൽസ് എക്‌സിക്യൂട്ടീവുമാർ തന്നെയാണ്. അവർ സ്വയം അങ്ങനെ കാണുന്നില്ലെങ്കിലും അവരുടെ മുതലാളിമാർ അങ്ങനെ മാത്രമാണ് കാണുന്നത്.ഇലക്ഷൻ കാലത്തും പ്രളയ കാലത്തും കലാപ കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ടത് തങ്ങളുടെ ചാനലാണെന്ന് പരസ്യം ചെയ്യുന്നവർ ബാർക് റേയ്റ്റിങ്ങിൽ മേനി നടിക്കുന്നവർ ചാനലിന്റെ ആനുവൽ മീറ്റിങ്ങിന് മികച്ച തൊഴിലാളിക്കുള്ള അവാർഡ് വാങ്ങി അതിലാത്മാഭിമാനം കൊള്ളുന്നവർ അതേ മാധ്യമ സ്ഥാപനങ്ങളുടെ കൊള്ളാരുതായ്മകൾക്കുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കാൻ കൂടി ബാധ്യസ്ഥരാണ്. ആകാരണമായി പിരിച്ചു വിട്ട,വേതനം പോലും നൽകാതെ പട്ടി പണി എടുപ്പിക്കുന്ന ഒരൊറ്റ സഹ പ്രവർത്തകർക്ക് വേണ്ടിയും ഇക്കാലത്തിനിടെ ഒരു മുദ്രാവാക്യം മുഴക്കാത്തവർ നിരന്തരമെന്നോളമുള്ള വ്യാജ വാർത്തകളെ തുടർന്ന് ഒരു മാധ്യമ സ്ഥാപനത്തെ പരിഹസിക്കുമ്പോൾ തൊഴിലാളി സ്‌നേഹം പുറത്തെടുക്കുന്നത് വെറും കാപട്യമാണ്.

ധിം തരികിട തോം, വക്ര ദൃഷ്ടി, നേരെ ചൊവ്വേ, ഡെമോ ക്രേസി, പുഷ് പുൾ തുടങ്ങി ദിനേനയും പ്രതിവാരവുമായി കാലങ്ങളായി ആക്ഷേപ ഹാസ്യമെന്ന പേരിൽ നിങ്ങൾ തന്നെ ചെയ്യുന്ന പരിപാടികളുടെ ഒട്ടും താഴെയല്ല കഞ്ചാവ് ഹാസ്യവും. ആ ഹാസ്യത്തിന്റെ യുക്തിയിൽ നിങ്ങൾക്ക് സ്വയം കഞ്ചാവുമായുള്ള ബന്ധം മാത്രം തപ്പി പോകുകയാണെങ്കിൽ സഹതപിക്കാനെ നിവൃത്തിയുള്ളൂ. അതിന്റെ പൊളിറ്റിക്കൽ കരക്റ്റ്നെസിൽ വ്യാകുലപ്പെടുന്നവർ മനസിലാക്കുക രാഷ്‌ട്രീയ ശരി സത്യാനന്തര മൂല്യമല്ല.

നേരോടെ, നിർഭയം, നിരന്തരം എന്ന ടാഗ് ലൈനോട് കൂടി പരസ്യം ചെയ്യുന്ന ഒരു വാർത്താ ചാനലിൽ ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽ ഒരു പക്ഷത്തിനെതിരെ കൃത്യമായ അജണ്ടയോട് കൂടി പുറത്തു വന്ന വ്യാജ വാർത്തകളാണ് ഇവിടെ ചൂണ്ടി കാണിക്കപ്പെട്ടത്. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ വീണ്ടും കള്ളം പറയാൻ ശ്രമിക്കുകയും അതും പിടിക്കപ്പെട്ടപ്പോൾ വാർത്ത പിൻ വലിച്ചു മുങ്ങുകയുമല്ലാതെ കൊടുത്ത വ്യാജ വാർത്തയെ കുറിച്ചു രണ്ട് വരി ഖേദം പോലും പ്രകടിപ്പിക്കാത്ത നിർഭയത്തിന്റെ നേരിനെ ക്രൂരമായി തന്നെ പരിഹസിക്കുമ്പോൾ വികാരം കൊണ്ടിട്ട് കാര്യമില്ല. ആ വികാരം ഈ മാധ്യമ സംസ്കാരത്തിന് നേരെയാണ് വേണ്ടത്.

അർണബും റിപ്ലബിക് ചാനലും സംഘിന്റെ പ്രോപ്പഗാണ്ടാ ചാനൽ ആണെന്നുള്ളതിൽ ഇവർക്കാർക്കും സംശയമില്ല എന്നതാണ് രസകരം. അതേ ചാനലിന്റെ ഒന്നാമത്തെ മുതലാളിയിൽ ഒരുവന്റെ മറ്റൊരു ചാനൽ മാത്രം പക്ഷേ അത്തരം അജണ്ടകൾ ഒന്നുമില്ലാത്ത നിഷ്കളങ്ക ചാനലാണെന്ന് വിശ്വസിക്കണം. നോർത്തിൽ വേണ്ടത് റിപ്ലബിക്കിലൂടെ കൊടുക്കും കേരളത്തിൽ വേണ്ടത് ഏഷ്യാനെറ്റിലൂടെ കൊടുക്കും എന്ന് തുറന്നു പറഞ്ഞത് ചാനൽ മുതലാളിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖരാണ്. മുതലാളി പറഞ്ഞാലും പക്ഷേ തൊഴിലാളികൾ സമ്മതിച്ചു കൊടുക്കില്ല. തൊഴിലാളി വർഗ്ഗ സ്നേഹമേ, ആ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ ഫാബ്രിക്കിൽ അരിപ്പ വീഴ്ത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ കൂടിയായ ഇരകളാണ് തങ്ങളെന്ന് തിരിച്ചറിയുന്നവർ മിനിമം മിണ്ടാതിരിക്കുകയെങ്കിലും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top