14 September Saturday

യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ലാഭത്തിലാക്കി, കേരളം അവതരിപ്പിച്ചത് രാജ്യത്തിന് ഒരു പോളിസി ബദല്‍: പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

കൊച്ചി > യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭരണത്തിലേറിയ ഇടതുപക്ഷ സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടലും നടത്തിപ്പുമാണ് വളരെ വേഗത്തില്‍ ഇവ ലാഭത്തിലെത്താന്‍ കാരണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ,

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിജയത്തിന്റെ  കഥ;
രാജ്യത്തിന് ഒരു പോളിസി ബദല്‍

 പി എ മുഹമ്മദ് റിയാസ്

ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ കേരള പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭം 34.19 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ ഈ കമ്പനികള്‍ 113 കോടി രൂപ നഷ്ടത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.  കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍കൊച്ചി കെമിക്കല്‍സ് തുടങ്ങിയവയാണ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ തന്നെ ലാഭം നേടിയിരിക്കുന്നത്. ഇതില്‍ തന്നെ കെഎംഎംഎല്ലിന്റെ ലാഭം 135 കോടി രൂപയാണ്. കെഎംഎംഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭനേട്ടമാണിത്. അതേസമയം ടൈറ്റാനിയത്തിന്റെ ലാഭം 20 കോടി കവിഞ്ഞു.

നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, മുന്‍ സര്‍ക്കാരിന്റെ  കാലത്ത് പൂര്‍ണമായും നഷ്ടത്തിലോടിയിരുന്ന  ഈ കമ്പനികള്‍  ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ഭരണത്തിലേറി ഒന്നര വര്‍ഷത്തിനുള്ളില്‍ ലാഭത്തിലെത്തി എന്നതാണ്.  പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനുമുള്ള  ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിന് ലഭിച്ച മികച്ച ഫലമാണ് ഈ സ്ഥാപനങ്ങളുടെ വളര്‍ച്ച. 

ഇടതുമുന്നണി സര്‍ക്കാറിന്റെ കീഴില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 100 കോടിയില്‍ നിന്ന് 270 കോടി രൂപയായി ഉയര്‍ത്തി. ഈ സ്ഥാപനങ്ങള്‍  വേഗത്തിലുള്ള നവീകരണവും ആധുനികവല്‍ക്കരണവും നടത്തുകയാണ്. അവയില്‍ ചിലത് വിപുലീകരണ പദ്ധതികളാണ്.

കേരള പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവരിച്ച  ഈ നേട്ടം വ്യക്തമായ സന്ദേശം നല്‍കുന്നു. ജനക്ഷേമപരിപാടികള്‍ സ്വീകരിച്ചാല്‍, ജനങ്ങളുടെ പൊതുആസ്തികള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍  സാധിക്കും. കേന്ദ്ര ഗവണ്‍മെന്റും മറ്റു സംസ്ഥാനങ്ങളും സ്വകാര്യവല്‍ക്കരണത്തിന്റെ  അന്ധമായ പാത പിന്തുടരുകയും പൊതു മേഖാലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ചെയ്യുമ്പോള്‍, കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഒരു ബദല്‍ മോഡല്‍ രാജ്യത്തിന് മുമ്പില്‍ തുറന്നുകാട്ടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top