23 September Saturday

‘‘പ്രതിസന്ധിഘട്ടത്തിൽ സമചിത്തതയോടെ നാടിനെ നയിക്കുന്ന മുഖ്യമന്ത്രി ഞങ്ങൾക്ക് പ്രിയങ്കരൻ തന്നെയാണ്; മനുഷ്യരുണ്ടാകട്ടെ വാക്‌പോരൊക്കെ പിന്നെയാകാം’’മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 17, 2020

വൈകുന്നേരങ്ങളിലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വാക്ക് പോരിന്റെ ചാമ്പ്യൻഷിപ്പായി കാണുന്നവരല്ല  മഹാഭൂരിപക്ഷം ജനങ്ങളും. ആശ്വാസവും ആത്മവിശ്വാസവും പകരുന്ന വേളകളായി മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ  മാറി എന്നത് യാഥാർഥ്യമാണ്. മുഖ്യമന്ത്രി ദൈനംദിന പത്രസമ്മേളനം ഒഴിവാക്കി എന്നത് വാക്പോരിന്റെ ടൂർണമെന്റായി കാണുന്നവർക്ക് നിരാശയും അല്ലാത്തവർക്ക്  ആത്മവിശ്വാസവുമാണ്  നൽകുകഎന്നാൽ സ്വന്തം അണികൾ ഒലിച്ചുപോകാതിരിക്കാനും,സ്വന്തം പ്രസ്ഥാനത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് ഒഴിവാക്കാനും വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തർക്കിക്കാൻ ഉള്ള നേരമല്ലിതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ സമചിത്തതയോടെ നാടിനെ നയിക്കുന്ന  മുഖ്യമന്ത്രി ഞങ്ങൾക്ക് പ്രിയങ്കരൻ തന്നെയാണെന്നും  മനുഷ്യരുണ്ടാകട്ടെ വാക്‌പോരൊക്കെ പിന്നെയാകാമെന്നും മുഹമ്മദ്‌ റിയാസ്‌ ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

'മനുഷ്യർ ഉണ്ടായാലല്ലേ മറ്റെന്തുമുള്ളൂ'

" ദിവസേനയുള്ള പത്രസമ്മേളനം ചിലരെ പേടിച്ച് മുഖ്യമന്ത്രി നിർത്തി"

"മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയപ്പോൾ  ഉദ്യോഗസ്ഥർ പറയും എന്ന് പറഞ്ഞു തടിയൂരി "

"മറുപടി ചില വിഷയങ്ങളിൽ ചിലർക്ക്  കൊടുക്കാഞ്ഞത്  മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായക്ക് കോട്ടം തട്ടി "

തുടങ്ങിയ ചർച്ചകളും,പ്രചാരണങ്ങളും,ചിലർക്ക് ജയ് വിളികളും കേരളത്തിലെ പ്രതിപക്ഷ മുന്നണിയിലെ ചില നേതാക്കളുടെ പ്രത്യേക നിർദേശത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിൽ ചിലർ ഏറ്റെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം ഒരു വാക്ക്പോരിന്റെ ലോകകപ്പ് ഫൈനൽ മത്സരം പോലെയാണ് ഇവരിൽ പലരും എടുത്തിട്ടുള്ളത്.  യഥാർത്ഥത്തിൽ ഗൗരവമായി കോവിഡ് പ്രശ്നത്തെ  കാണുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കാത്തവരുമായ ജനങ്ങളിലെ  മഹാഭൂരിപക്ഷവും ഇപ്പോൾ ഒരു വാഗ്വാദമല്ല നാടിന് ആവശ്യം എന്ന് കരുതുന്നവരാണ്.

കോവിഡ്  കാലത്ത് രാഷ്ട്രീയം പറയുന്നത് നിരോധിക്കപ്പെടണമെന്ന അഭിപ്രായത്തോട് ഇടതുപക്ഷ മനസ്സുകൾ  യോജിക്കുന്നില്ല.
സർക്കാരുകൾ കേന്ദ്രമായിക്കോട്ടെ സംസ്ഥാനമായിക്കോട്ടെ അതിരുവിട്ടാൽ ഈ കോവിഡ് കാലത്തും വിമർശിക്കപ്പെടേണ്ടത് തന്നെയാണ്.ഈ കോവിഡ് കാലത്ത് മറ്റു താല്പര്യങ്ങളുടെ ഭാഗമായി വിമർശനം ഒരു ലക്ഷ്യമാക്കി വിമർശിക്കരുത് എന്നു മാത്രം.
വിമർശനമേ പാടില്ല എന്ന അഭിപ്രായം കേരള മുഖ്യമന്ത്രിയും പങ്കുവെച്ച്‌ കണ്ടിട്ടില്ല.
അതിജീവനത്തിന്റെ രാഷ്ട്രീയം തീർച്ചയായും പോർ വിളികളില്ലാതെ,പക്വമായി സംവദിക്കേണ്ടത് തന്നെയാണ്.

'മനുഷ്യർ ഉണ്ടായാലല്ലേ മറ്റെന്തുമുള്ളൂ'എന്ന മുഖ്യമന്ത്രിയുടെ വാചകം ഈ ശരിയായ രാഷ്ട്രീയത്തിന്റെ സന്ദേശം തന്നെയാണ് നൽകുന്നത്.കോവിഡ്  മഹാമാരിയുടെ പ്രതിരോധത്തിനു മാതൃകയായ പൊതുജനാരോഗ്യ സമ്പ്രദായത്തിന്റെ   പിറകിലുള്ള നയവും  രാഷ്ട്രീയവും തീർച്ചയായും ചർച്ചയ്ക്കു വിധേയമാക്കേണ്ടത് തന്നെയാണ്.  ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ തമസ്കരിക്കുന്നതിനു പിന്നിലുള്ള രാഷ്ട്രീയവും തുറന്ന് കാട്ടപ്പെടേണ്ടതാണ്.

ലോകത്തെ വികസിത മുതലാളിത്ത രാജ്യങ്ങൾ  ആരോഗ്യമേഖലയെ സ്വകാര്യവൽക്കരിച്ചതിന്റെ   ദുരന്തം അതാത്  രാജ്യങ്ങൾ നേരിടുമ്പോൾ മുതലാളിത്ത നയവും  അതിന്റെ രാഷ്ട്രീയവും ചർച്ചയ്ക്കു വിധേയമാക്കേണ്ടത്  കാലത്തിന്റെ ആവശ്യമാണ് .കൊച്ചു ക്യൂബയിൽ നിന്നുയർന്ന പ്രതിരോധ മാതൃകയുടെയും ,മാനവിക മൂല്യങ്ങളുടെയും രാഷ്ട്രീയം നമ്മുടെ ചർച്ചയിൽ നിന്ന് പരിഹസിച്ചു തള്ളി കളയേണ്ടതല്ലല്ലോ.

കൊച്ചു കേരളം ലോകത്തിനു മാതൃകയായത് കേരളത്തിലെ  മാറി ഭരിച്ച ഇടതുപക്ഷ സർക്കാറുകളും ഇപ്പോളത്തെ Ldf സർക്കാരും ഉയർത്തിപ്പിടിച്ച നിസ്വവർഗ താത്പര്യമുള്ള രാഷ്ട്രീയം കൊണ്ടു തന്നെയാണ്.ആരോഗ്യ മേഖലയെ സ്വകാര്യവൽക്കരിക്കാൻ വെമ്പൽ കൊള്ളുന്ന udf ആയിരുന്നു കേരളം തുടർച്ചയായി ഭരിച്ചിരുന്നതെങ്കിൽ ഇന്ന് കോൺഗ്രസ്സും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രയാസപ്പെടുന്നതു പോലെ കേരളീയർ പ്രയാസപ്പെടുമെന്നത്
ഈ കൊറോണ കാലത്ത് അധ്യാപകരില്ലാതെ തന്നെ മലയാളി പഠിച്ച പാഠമാണ്.

പിണറായി വിജയൻ നയിക്കുന്ന എൽ ഡി എഫ് സർക്കാറും വിലയിരുത്തലിനും വിമർശനത്തിനും വിധേയമാക്കേണ്ടവർ തന്നെയാണ് .എന്നാൽ സ്വന്തം അണികൾ ഒലിച്ചുപോകാതിരിക്കാനും,സ്വന്തം പ്രസ്ഥാനത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് ഒഴിവാക്കാനും വിവാദമുണ്ടാക്കി ശ്രദ്ധ മാറ്റുന്ന ചിലരോട് തർക്കിക്കാൻ ഉള്ള നേരമല്ലിത്.

ഇടതുപക്ഷ നയം നിശ്ചയദാർഢ്യത്തോടെ നടപ്പിലാക്കുന്ന ഭരണാധികാരി എന്ന നിലയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഞങ്ങൾക്ക് പ്രിയങ്കരൻ തന്നെയാണ്. സമൂഹം പ്രതിസന്ധി നേരിടുമ്പോൾ ആത്മവിശ്വാസം കൈവിടാതെ സമചിത്തതയോടെ നാടിനെ നയിക്കുന്നു എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തി കഴിഞ്ഞതും,സാമൂഹിക പ്രവർത്തകർക്ക് പിന്തുടരാവുന്ന രീതിയുമാണ്.
ഒരു ചങ്കുള്ള,അമാനുഷികനല്ലാത്ത,കമ്മ്യുണിസ്റ്റായ  സഖാവ് പിണറായി വിജയൻ മികച്ച ഭരണാധികാരിയാണ് എന്നു പ്രചരിപ്പിക്കുവാൻ ldfനും ,അതല്ല ഒന്നിനും പറ്റാത്ത ഭരണാധികാരിയാണെന്ന് പ്രചരിപ്പിക്കുവാൻ udfനും അവകാശമുണ്ട്.അതിൽ ഏതു വാദമാണ് ശരിയെന്ന് ജനം തീരുമാനിക്കട്ടെ.പക്ഷേ ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കലും,ജനകീയ ഐക്യം ദൃഢപ്പെടുത്തലും  ചെയ്യേണ്ട രാഷ്ട്രീയമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത് .

വൈകുന്നേരങ്ങളിലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വാക്ക് പോരിന്റെ ചാമ്പ്യൻഷിപ്പായി കാണുന്നവരല്ല  മഹാഭൂരിപക്ഷം ജനങ്ങളും. ആശ്വാസവും ആത്മവിശ്വാസവും പകരുന്ന വേളകളായി മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ  മാറി എന്നത് യാഥാർഥ്യമാണ്. മുഖ്യമന്ത്രി ദൈനംദിന പത്രസമ്മേളനം ഒഴിവാക്കി എന്നത് വാക്പോരിന്റെ ടൂർണമെന്റായി കാണുന്നവർക്ക് നിരാശയും അല്ലാത്തവർക്ക്  ആത്മവിശ്വാസവുമാണ്  നൽകുക .കോവിഡ് കാലത്ത്  രാഷ്ട്രീയത്തിന് നിരോധനമില്ല എന്നതുപോലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും  നിരോധിച്ചതോ  അവസാനിച്ചതോ അല്ല, താൽക്കാലിക ആശ്വാസത്തിന്റെ സ്ഥിതി വന്നു എന്നതിന്റെ   ഭാഗമായി ദൈനം ദിനം എന്നത് മാറ്റിയെന്ന് മാത്രമേയുള്ളൂ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

ലോകമാകെ കേരള സർക്കാറിനെയും  ജനങ്ങളെയും അഭിനന്ദിക്കുമ്പോൾ ഒരു ജയ് വിളിയും ഗോബാക്ക് വിളിയും കേരള ജനങ്ങളുടെ മനസ്സിൽ ഉറച്ച ബോധ്യത്തെ ഇല്ലാതാക്കില്ല.ആ ബോധ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും  ചരിത്രത്തിൽ അവരുടെ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും.തീർച്ച


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top