കൊച്ചി > കമ്മ്യൂണിസ്റ്റുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുള്ള മലയാള മനോരമയുടെ നിയമാവലികള്‍ ആവശ്യപ്പെടുന്ന തുറന്ന കത്ത് വൈറലാകുന്നു. സിപിഐ എമ്മിനെയും പ്രവര്‍ത്തകരെയും വ്യാജവാര്‍ത്തകളുമായി വേട്ടയാടുന്ന മനോരമയുടെ ശീലത്തെ കണക്കിന് പരിഹസിക്കുന്നതാണ് കത്ത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ആരാണ് കത്ത് എഴുതിയത് എന്ന് വ്യക്തമായിട്ടില്ലെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വൈറലാകുന്ന കത്ത്
ബഹു. ചീഫ് എഡിറ്റര്‍
മലയാള മനോരമ
കോട്ടയം
സര്‍,
ഞാന്‍ സി.പി.ഐ(എം)ന്റെ ഒരു ബ്രാഞ്ച് സെക്രട്ടറിയാണ്. മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ കൂടിയാണ്. എന്റെ ഭാര്യ ഒരു എയ്ഡഡ് ഹൈസ്‌കൂളിലെ അദ്ധ്യാപികയാണ്. എനിക്ക് 2 ആണ്‍മക്കളാണുള്ളത്. രണ്ടുമക്കളും എന്‍ജിനീയറിംഗ് പാസായി. മൂത്ത മകന്‍ ഒരു ചൈനീസ് കമ്പനിയുടെ ഉല്പന്നമായ എല്‍.ഇ.ഡി ലൈറ്റുകളുടെ ഡീലര്‍ ആണ്. ഇളയ മകന് ഇതുവരെ ജോലിയൊന്നും ആയിട്ടില്ല. ഒരു പാവപ്പെട്ട കര്‍ഷകതൊഴിലാളി കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പഴയ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമേയുള്ളൂ. വിവാഹസമയത്ത് എനിക്ക് വലിയ സ്ത്രീധനമൊന്നും കിട്ടിയില്ലെങ്കിലും ഭാഗദേയമായിക്കിട്ടിയ 20 സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ് ഞങ്ങളുടെ ആകെയുള്ള സമ്പാദ്യം. പിന്നെ അവളുടെ ബാങ്ക് അക്കൗണ്ടില്‍ കുറച്ചു രൂപയുണ്ട്. അത് എത്രയെന്ന് ഞാന്‍ ചോദിക്കാറില്ലാത്തതുകൊണ്ട് കൃത്യമായ കണക്ക് അറിയില്ല. ഭാര്യയുടെ ശമ്പളത്തില്‍ നിന്നുകൊണ്ടുള്ള ചെലവിലാണ് മക്കളെ പഠിപ്പിച്ചത്. ഇതാണ് എന്റെ ഒരു ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററി.
ഇനി കാര്യത്തിലേക്ക് കടക്കാം. ചൈനീസ് കമ്പനിയുടെ ഉല്പന്നം ഇറക്കുമതി ചെയ്യുന്നത് മറ്റൊരു കമ്പനിയാണ്. ആ കമ്പനിയുടെ ഡീലര്‍ഷിപ്പിലാണ് എന്റെ മകന്‍ എല്‍.ഇ.ഡി. ബള്‍ബിന്റെ ബിസിനസ്സ് ചെയ്തുവരുന്നത്. അവന് ഈ ഡീലര്‍ഷിപ്പ് ലഭിച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ സി.പി.ഐ(എം)ന്റെ ഒരു ബ്രാഞ്ച് സെക്രട്ടറിയായ ഞാന്‍ സ്വാധീനിച്ച് നേടിയെടുത്തതല്ലെന്ന് താങ്കളുടെ അറിവിലേക്കായി പറയട്ടെ. ഈ ഡീലര്‍ഷിപ്പിനായി ഞാന്‍ യാതൊരുവിധ പൊളിറ്റിക്കല്‍ ഇടപെടലും നടത്തിയിട്ടില്ല എന്ന സത്യവാങ്മൂലം മനോര മുന്‍പാകെ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ മകന്‍ ഈ അടുത്ത കാലത്ത് ഒരു കാര്‍ വാങ്ങുകയുണ്ടായി. അതിന്റെ അടവിലേക്ക് പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കിയിട്ടുണ്ട്. ഇനി ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ചെക്ക് മടങ്ങിയാല്‍ അത് മനപ്പൂര്‍വ്വം ബാങ്കിനെ പറ്റിക്കാനാണെന്നും ഇതിന്റെ പേരില്‍ എന്റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം ഞാന്‍ ദുരുപയോഗം ചെയ്തുവെന്നും താങ്കളുടെ മഹത്തായ പത്രത്തില്‍ അച്ചടിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്. ബിസിനസ്സല്ലേ സാര്‍, എപ്പോള്‍, എന്ത് സംഭവിക്കും എന്നു പറയാന്‍ പറ്റില്ലല്ലോ. പക്ഷേ അവന്‍ ഇന്നുവരെ ഒരു സര്‍ക്കാരിനെയും പറ്റിച്ച് 5 നയാപൈസപോലും സമ്പാദിച്ചിട്ടില്ല. കൃത്യമായി ടാക്സ് അടച്ചിട്ടുമുണ്ട്. ബിജെപി നേതാവ് അമിത്ഷായുടെ മകന്റെ കമ്പനിയുടേതുപോലെ 16,000 മടങ്ങ് ലാഭമുള്ള ബിസിനസ്സല്ല എന്റെ മകന്റേത്. ദയവായി ഉപദ്രവിക്കരുത്.
ഇപ്പോള്‍ എന്റെ ഇളയ മകന്, അവന്റെ ക്വാളിഫിക്കേഷന്‍ അനുസരിച്ച് ഗള്‍ഫില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരനായ എന്റെ മകന്‍ ഗള്‍ഫില്‍ ജോലിക്ക് പോകാമോ എന്ന ചോദ്യം താങ്കളുടെ പത്രത്തിലൂടെ ചോദിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ താങ്കള്‍ അതിനുള്ള അനുവാദം തരണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ഇവിടെ ഞാന്‍ വലിയൊരു തെറ്റ് ചെയ്തിട്ടുള്ളത് സ്വയംവിമര്‍ശനപരമായി സമ്മതിക്കുന്നു. എന്റെ രണ്ടു മക്കളെയും എഞ്ചിനീയര്‍ ആക്കി. ഇതൊരു തെറ്റാണെന്ന് അറിയാം. കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ ഏറ്റവും കൂടിയത് 10ാം ക്ലാസ്സ് വരെമാത്രമേ പഠിക്കാവൂ എന്ന് എനിക്കറിയാം. പക്ഷേ എന്റെ ഭാര്യ ഒരു അദ്ധ്യാപികയായതുകൊണ്ടുമാത്രമാണ് മക്കളെ എഞ്ജിനീയറിംഗിന് ചേര്‍ത്തത്. മക്കളില്‍ അവരുടെ അമ്മയ്ക്കും അവകാശമില്ലേ സാര്‍.
സാര്‍, എഞ്ചിനീയര്‍ ആയ എന്റെ മക്കള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇളയമകന്‍ തലമുടി ഫ്രീക്കടിച്ചിരിക്കുകയാണ്. ഞാന്‍ അവനോടു പറഞ്ഞു, കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ ഫ്രീക്കടിക്കാന്‍ പാടില്ലെന്ന് മലയാളമനോരമയുടെ നിയമാവലിയില്‍ പറയുന്നുണ്ട് എന്ന്. പക്ഷേ ഇക്കാര്യത്തില്‍ അവന്‍ എന്നെ അനുസരിക്കുന്നില്ല സാര്‍. അവന്‍ ഈ അടുത്തകാലത്ത് ങമഹയൃീ എന്ന വിദേശനിര്‍മ്മിത സിഗററ്റ് വലിച്ചതായി ഞാന്‍ അറിഞ്ഞു. അതിന് ഞാന്‍ അവനെ വളരെയധികം ശകാരിച്ചു. ഇനി മേലാല്‍ അവന്‍ അത് ആവര്‍ത്തിക്കില്ല സാര്‍.
എന്റെ ഭാര്യ, അവരുടെ സഹപ്രവര്‍ത്തകരോടൊപ്പം ടൂര്‍ പോയപ്പോള്‍ ഒരു വിലകൂടിയ പട്ടുസാരി വാങ്ങി. വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ഭാര്യ പട്ടുസാരി ധരിക്കുന്നത് മനോരമയ്ക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും, കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയല്ല എനിക്ക് സാരിവാങ്ങിതന്നത് എന്ന അഹങ്കാരവര്‍ത്തമാനമാണ് അവള്‍ തിരിച്ചുപറഞ്ഞത്. സാര്‍, താങ്കള്‍ പറയുകയാണെങ്കില്‍ ആ പട്ടുസാരി ഞാന്‍ കത്തിച്ചു കളയാം, അല്ലെങ്കില്‍ ഇവളെ ഉപേക്ഷിക്കാന്‍ വരെ തയ്യാറാണ്.
താങ്കളുടെ പത്രം ഉപദേശിക്കുന്നതുപോലെയുള്ള കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ പാലിച്ചുകൊണ്ടല്ല എന്റെ ഭാര്യയും മക്കളും ജീവിക്കുന്നത്. ഒരു ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു സാര്‍. താങ്കളുടെ പത്രം പറയുന്നതുപോലെ ഇനി മേലാല്‍ വെള്ള അണ്ടര്‍വെയറും, പുള്ളികുത്തുള്ള ഷര്‍ട്ടും മാത്രമേ ഞാന്‍ ധരിക്കൂ. ചിക്കനും മട്ടണും ഒക്കെ ഒഴിവാക്കി പഴങ്കഞ്ഞിയും കടുകുമാങ്ങാ അച്ചാറും ഞങ്ങളുടെ തീന്‍മേശയിലെ വിഭവമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. തലപോയാലും മകന്‍ വാങ്ങിയ കാറില്‍ ഞാനും ഭാര്യയും സഞ്ചരിക്കില്ലെന്ന് ഞാന്‍ ശപഥം ചെയ്യുന്നു. എന്റെ പഴയ സൈക്കിള്‍ നന്നാക്കി ഞാന്‍ ഉപയോഗിച്ചോളാം. വീട്ടില്‍ ടീവി മാറ്റി റേഡിയോ സ്ഥാപിച്ചോളാം. മേലില്‍ മലയാളമനോരമയല്ലാതെ മറ്റൊരു പത്രവും ഞാന്‍ വീട്ടില്‍ വരുത്തത്തില്ല സാര്‍. വീട്ടിലിരിക്കുന്ന കമ്പ്യൂട്ടര്‍ ഏതെങ്കിലും പിച്ചക്കാര്‍ക്ക് എടുത്തു കൊടുത്തോളാം.
സാര്‍, ഞങ്ങളുടെ മക്കള്‍ യൂറോപ്യന്‍ കക്കൂസ് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാമോ, അതോ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ എന്നുണ്ടോ? കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ക്ക് ഏതുവരെ വിദ്യാഭ്യാസം ചെയ്യാം? സാര്‍, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മക്കള്‍ എങ്ങനെ ജീവിക്കണം എന്ന് താങ്കളുടെ പത്രത്തില്‍ ഒരുതവണ പ്രസിദ്ധീകരിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതാകുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പാലിക്കേണ്ടതായ നിയമാവലികള്‍ എന്നെപോലെയുള്ള സെക്രട്ടറിമാര്‍ പിന്നീട് അറിഞ്ഞില്ലാ, കേട്ടില്ലാ എന്ന് പറയില്ലല്ലോ.
സര്‍, എന്റെ അറിവില്ലായ്മകൊണ്ട് മാത്രമാണ് ഇത്രയും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നത്. ദയവായി എനിക്കെതിരെ പത്രത്തില്‍ വാര്‍ത്തയെഴുതി എന്നെ നാറ്റിക്കരുത്.
സ്നേഹപൂര്‍വ്വം
ഒരു ബ്രാഞ്ച് സെക്രട്ടറി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..