23 September Saturday

തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കിയാൽ ചെലവ് കുറയുമോ?... തോമസ് ഐസക്ക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ ചെലവിൽ ഗണ്യമായ കുറവ് ഉണ്ടാക്കാൻ കഴിയുമെന്നാണു വാദം. ഇവരുടെ അടിസ്ഥാന അനുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ലോകസഭാ തെരഞ്ഞെടുപ്പിനു തുല്യമായ തുക സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്നുണ്ട് എന്നതാണ്. കേന്ദ്രമന്ത്രിമാർ വരെ ആവർത്തിക്കുന്ന ഒരു അബദ്ധധാരണയാണിത്- ഡോ. ടിഎം തോമസ് ഐസക്ക് എഴുതുന്നു


“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നതു നടപ്പാക്കുകയാണെങ്കിൽ സർക്കാർ ദുർവ്യയം ഒഴിവാക്കപ്പെടുന്നതാണു വലിയ നേട്ടമായി കേന്ദ്രമന്ത്രിമാർ തന്നെ വിശദീകരിക്കുന്നത്. എന്താണു വസ്തുത?. തെരഞ്ഞെടുപ്പ് ചെലവുകൾ വർദ്ധിച്ചുവരുന്നൂവെന്നത് അവിതർക്കിതമാണ്.

1951-52-ലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിനു 10 കോടി രൂപയേ ചെലവ് വന്നുള്ളൂ. 1971-ലെ അഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പുവരെ സർക്കാരിന്റെ തെരഞ്ഞെടുപ്പ് ചെലവ് ഏതാണ്ട് ഇതേ തോതിൽ തുടർന്നു. പിന്നെ അനുക്രമമായ വളർച്ചയാണ് കാണാൻ കഴിയുന്നത്. 1989-ലെ 9-ാം ലോകസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി 100 കോടി കടന്നത്. 2004-ലെ 14-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി 1000 കോടി കടന്നു. 2014-ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിലാണ് റെക്കോർഡ് തുക കുതിച്ചുചാട്ടമുണ്ടായത്. സർക്കാർ ചെലവ് 3870 കോടി രൂപയായി. 2019-ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് 3870 കോടി രൂപയാണ്. 2019-ൽ 8966 കോടി രൂപയാണ് കേന്ദ്ര സർക്കാരിനു ചെലവായത്.

സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചെലവ് സംസ്ഥാന സർക്കാരുകളാണു വഹിക്കുന്നത്. അത് എത്രയെന്നു കൃത്യമായ കണക്കുകൾ ഇല്ല. പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ ചെലവിൽ ഗണ്യമായ കുറവ് ഉണ്ടാക്കാൻ കഴിയുമെന്നാണു വാദം. ഇവരുടെ അടിസ്ഥാന അനുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ലോകസഭാ തെരഞ്ഞെടുപ്പിനു തുല്യമായ തുക സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്നുണ്ട് എന്നതാണ്. കേന്ദ്രമന്ത്രിമാർ വരെ ആവർത്തിക്കുന്ന ഒരു അബദ്ധധാരണയാണിത്.

2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ചെലവായ 8966 കോടി രൂപയിൽ 5430 കോടി രൂപ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കാണു ചെലവായത്. എന്നുവച്ചാൽ തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങൾക്കു വേണ്ടിയാണ്. ഇതേ യന്ത്രങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ ആയുസ് 15 വർഷമാണ്. 2019-ൽ വാങ്ങിയവ 2024-ലെ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം. എന്നാൽ ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണെങ്കിലോ? ഇത്രതന്നെ വോട്ടിംഗ് യന്ത്രങ്ങൾ പുതിയതായി വാങ്ങേണ്ടിവരും. കാരണം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രത്യേക വോട്ടിംഗ് യന്ത്രങ്ങൾ വേണ്ടിവരും. 5000-6000 കോടി രൂപയെങ്കിലും ഈ ഇനത്തിൽ അധികച്ചെലവ് ഉണ്ടാവും. ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാൽ വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിലെങ്കിലും ചെലവ് ഇരട്ടിയാക്കുകയാണു ചെയ്യുക.

കൂടുതൽ പോളിംഗ് ബൂത്തുകൾ വേണ്ടിവരും. കാരണം രണ്ട് സഭകളിലേക്കും വോട്ടിംഗ് വേണ്ടിവരുമ്പോൾ പോളിംഗ് സ്വാഭാവികമായി പതുക്കെയാകും. അപ്പോൾ പകൽകൊണ്ട് വോട്ടിംഗ് പൂർത്തീകരിക്കണമെങ്കിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയേ തീരൂ. ആനുപാതികമായി കൂടുതൽ ഉദ്യോഗസ്ഥരും വേണ്ടിവരും. ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പുകൂടി ഒരുമിച്ചു നടത്താൻ തീരുമാനിച്ചാൽ അത്രയും കൂടുതൽ വോട്ടിംങ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടിവരും. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്കാണ്.

നമ്മൾ ഓർക്കേണ്ടുന്ന മറ്റൊരു അടിസ്ഥാന കാര്യമുണ്ട്. തെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവ് ഒരു ധൂർത്താണോ? പാർലമെന്ററി ജനാധിപത്യത്തിന് അനിവാര്യമായ വിലയാണിത്. തെരഞ്ഞെടുപ്പു വേണ്ടെന്നുവച്ചാൽ മുഴുവൻ ചെലവും ലാഭിക്കാല്ലോ? ആരെങ്കിലും അത്തരമൊരു വാദം മുന്നോട്ടുവയ്ക്കുമോ? തെരഞ്ഞെടുപ്പു ചെലവ് സർക്കാരിന്റെ മൊത്തം ചെലവിന്റെ ആനുപാതമായി കണക്കാക്കിയാൽ ഭയപ്പെടുന്നപോലെ വർദ്ധന ഉണ്ടായിട്ടില്ലായെന്നു കാണാവുന്നതാണ്. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനുവേണ്ടിവന്ന 8976 കോടി രൂപ സർക്കാരിന്റെ 2019-ലെ മൊത്തം ബജറ്റ് ചെലവിന്റെ 0.33 ശതമാനമേ വരികയുള്ളൂ. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവിന്റെ നിസാരമൊരു ശതമാനമേ തെരഞ്ഞെടുപ്പു ചെലവു വരുന്നുള്ളൂ. പക്ഷേ, 1980-81-ലും 1996-67-ലും തെരഞ്ഞെടുപ്പ് ചെലവ് കേന്ദ്ര സർക്കാരിന്റെ ബജറ്റ് യഥാക്രമം 0.30-ഉം 0.36-ഉം ശതമാനം വന്നിരുന്നു.

മറ്റൊരു കാര്യവുംകൂടി എടുത്തു പറയേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി കേന്ദ്ര സർക്കാർ ചെലവാക്കിയ പണം മുഴുവൻ തെരഞ്ഞെടുപ്പു വർഷത്തെ സർക്കാർ ചെലവിന്റെ വിഹിതമായിട്ടാണു മുകളിൽ കണക്കുകൂട്ടിയത്. യഥാർത്ഥത്തിൽ ഇങ്ങനെയല്ല കാര്യങ്ങൾ. 2019-ലെ 8966 കോടി രൂപ ചെലവു വന്നതിൽ 2682 കോടി രൂപ 2017-18-ലും 4820 കോടി രൂപ 2018-19-ലുമാണു ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 2019-20-ൽ 1464 രൂപയേ ചെലവായിട്ടുള്ളൂ. യഥാർത്ഥത്തിൽ അഞ്ച് വർഷത്തെ സർക്കാരിന്റെ ചെലവിൽ എത്ര ശതമാനം തെരഞ്ഞെടുപ്പു ചെലവ് വന്നൂവെന്നാണു കണക്ക് കൂട്ടേണ്ടത്. അങ്ങനെ കൂട്ടുമ്പോൾ അത് കേവലം 0.07 ശതമാനം മാത്രമാണ്. തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top