09 June Friday

പൂക്കൾ ചിരിക്കും കാലം; ചുറ്റും പലമാതിരി പൂമണങ്ങൾ

ഡോ. സി സെയ്‌തലവി (അസോസിയേറ്റ് പ്രൊഫസർ, മലയാളസർവകലാശാല)Updated: Sunday Aug 30, 2020

ഡോ. സി സെയ്‌തലവി

ഡോ. സി സെയ്‌തലവി

മലയാളസർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. സി. സെയ്‌തലവിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.
----------------------------------------
ഓണാവധിയുടെ  രണ്ടുമൂന്നാഴ്ച മുമ്പ് തന്നെ നവോദയദാനഗ്രാമത്തിലെയും പരിസരങ്ങളിലെയും കുട്ടികളും കുട്ടിത്തം മാറാത്ത മുതിർന്നവരും  പൊതുഹാളിൽ ഒത്തുകൂടും.

"അള്ളോ ഇക്കി പറ്റുല, ഓനായിക്കോട്ടെ" വാസുവിനെ ചൂണ്ടി ബഷീർ. "എന്നെക്കാളും നല്ലത് ഓളാ" നസീറയെ ചൂണ്ടി കവിത. ഓണനാളിൽ നടത്തേണ്ട പൂക്കളമത്സരത്തിന് സംഘം തിരിക്കാനുള്ള കലപില. തർക്കിച്ചും  പരസ്പരം പേര് നിർദേശിച്ചും  പിന്താങ്ങിയും ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും തകൃതിയിൽ നേതാക്കളെ തിരയലാണ് ആദ്യപടി. തർക്കങ്ങൾക്ക് തീർപ്പ് രാധേട്ടന്റെത് തന്നെ.
 
നേതാക്കൾ തങ്ങളുടെ സംഘത്തിലേക്ക് ആളുകളെ വിളിച്ചെടുക്കലായി പിന്നെ. പാട്ടുകാരെയും ആട്ടക്കാരെയും ചിത്രകാരരെയുമൊക്കെ ആദ്യ റൗണ്ടിൽ തന്നെ സ്വന്തമാക്കാൻ കാണിക്കുന്ന വാശിയിൽ തുടങ്ങും ഒരു മാസത്തോളം നീളാൻ പോകുന്ന മത്സരം.

അതുവരെ കൊത്തിപ്പിടിച്ച് ഒപ്പം നടന്ന മണികണ്ഠന്റെ കൈ എന്റെ തോളിൽ നിന്ന് ഒന്നയയും. ഒരു കൊറോണയകലം പാലിച്ചേ ഹരീഷ് ചിരിക്കൂ. ഉറ്റവരാണെങ്കിലും വെവ്വേറെ ഗ്രൂപ്പിലായിക്കഴിഞ്ഞാൽ സംഘരഹസ്യം ചോരാൻ പാടില്ലെന്നതാണ്  ആ മത്സരമാസത്തിൽ ഏവരും പാലിക്കേണ്ട പ്രാഥമിക നൈതികത.

കലാമത്സരങ്ങളും കൂടി ചേർത്തായിരുന്നു പൂക്കളമത്സരത്തിന് പൊലിവേറ്റിയിരുന്നത്.  രഹസ്യയിടങ്ങളിൽ ചെന്നാണ് ഓരോ സംഘവും  ആട്ടവും പാട്ടും നാടകവുമൊക്കെ പരിശീലിക്കുക. ഒരു കൂട്ടർ കുന്നിൻതടത്തിലാണെങ്കിൽ മറ്റൊരു കൂട്ടർ കുന്നിൻചെരിവിൽ. ഇനിയുമൊരു കൂട്ടർ വാതിൽ കൊട്ടിയടക്കാവുന്ന വായനശാലാ ഹാളിൽ. കുഞ്ഞുകുട്ടികൾ ഓരോ സംഘപരിസരങ്ങളിലും ചെന്ന് കണ്ണും കാതും കൂർപ്പിച്ച്   നിൽക്കും. കൗതുകത്തോടെ.  ചാരവിവരം നൽകാൻ ഉത്സാഹിക്കുന്നവരാണ് ചിലർ. "ഓലെ പാട്ട് അതാട്ടോ, മ്മൾക്ക് അയ്നെക്കാളും നല്ലത് വേണം". "ഓൽക്ക് ടാബ്ലോണ്ട്. മ്മക്ക് നല്ലൊരു നാടകം തന്നെ വേണം" വാശിയോട് വാശി തന്നെ. ഇടയിൽ ശുണ്ഠി പിടിക്കുന്നവരും ശണ്ഠകൂടുന്നവരും പൂർവാധികം സ്നേഹത്തോടെ ഇണങ്ങാനായി പിണങ്ങുന്നവരും കുറവായിരുന്നില്ല.

കണ്ണുമ്മലെട്ക്കൽ, മക്കാറാക്കൽ,  ആളെ കോയിയാക്കൽ,... ഒക്കെ നടക്കും കൂട്ടത്തിൽ. ഇരട്ടപ്പേരുകൾ വീഴാനുള്ള സന്ദർഭം ഉരുത്തിരിയലും വിരളമല്ല.

പൂക്കളം തീർക്കാൻ പലതരം ഡിസൈനുകൾ രൂപകൽപന ചെയ്യലാണ് മറ്റൊരു രഹസ്യ പരിപാടി. സംഘാംഗങ്ങൾക്കു പുറമെ  ഗ്രാമത്തിനകത്തും പുറത്തുമുള്ളവരെക്കൊണ്ടും വരപ്പിക്കും. രാജനുൾപ്പെട്ട  ഗ്രൂപ്പുകാർ രക്ഷപ്പെട്ടു. വരയ്ക്കാൻ വേറെയാളെ നോക്കേണ്ടല്ലോ. പൂക്കളത്തിൽ  ദേശീയോദ്ഗ്രഥന- മതസൗഹാർദ സങ്കൽപങ്ങൾക്ക് ഇടം നൽകാൻ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കും. ഭംഗി ക്ക് കോട്ടം വരാതെ തന്നെ. അന്നത്തെ പൊതുബോധത്തിന്റെ പ്രതിഫലനമെന്നോണം. തുമ്പപ്പൂവെപ്പോഴും കളത്തിലെ വെള്ളരിപിറാവിന് അവകാശപ്പെട്ടതായിരുന്നു. കല സമൂഹത്തിന് വേണ്ടി എന്നത് തന്നെയായിരുന്നു അന്നത്തെ ഊന്നൽ.

സ്ക്കൂൾ വിട്ടു വന്നാൽ കേൾക്കാം, ഓരോ സംഘവും അതിനകം കൈക്കലാക്കിക്കഴിഞ്ഞ ഇടങ്ങളിൽ നിന്ന്  പലമാതിരി പാട്ടുകൾ. നൃത്തത്തിന്റെയും കൈമുട്ടിന്റെയും താളങ്ങൾ. " നെല്ലോല കൂമ്പിൽ പൊൻമണി കതിരുകൾ വന്നേ....നീലിച്ച മാനച്ചെരിവിൽ തത്തകൾ വന്നേ- ഓ... തത്തകൾ വന്നേ..." വിലാസിനിയും സംഘവും മതിമറന്ന് പാടി പരിശീലിക്കുന്നത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. "ചിങ്ങനിലാ പാലൊളിയിൽ നീരാടാം.. ചിത്തിരിപൂ തുമ്പികളായ് തുള്ളീടാം.... " പുഷ്പയും കവിതയും ചൊല്ലിത്തിമർക്കുന്നുണ്ടാകും. കൈക്കൊട്ടിക്കളിയുടെ താളം, വഞ്ചിപ്പാട്ടിൻ  ഈണം, നാട്ടുപാട്ടിൻ നറുമണമൂറിയ കാലം.

ഈ ഒരുക്കങ്ങൾക്കിടയിൽ തന്നെ സംഘാംഗളോരോരുത്തരും ഗ്രാമത്തിലെയും പരിസരത്തെയും  പൂവിടങ്ങൾ കണ്ട് വെച്ചിട്ടുണ്ടാകും. പല പറമ്പുകളിലും പൂവവകാശം സ്ഥാപിക്കുകയും ചെയ്യും. " കോരങ്ങൽത്തെ  അശോകത്തെച്ചി ഓല് പറഞ്ഞുവെച്ചുപോയി. സാരല്യ. കല്ലിടുമ്പിലെ തോട്ടകിരീടം മ്മക്കാ." ഓരോരോ ഇടങ്ങളിലെയും  പൂപറിയധികാര പ്രഖ്യാപനം നേരത്തെത്തന്നെ  നടത്തുന്നവരും ഉണ്ടായിരുന്നു കൂട്ടത്തിൽ.  ഈ  അധികാരികൾ എത്തുംമുന്നേ ചില മിടുക്കർ  പൂക്കൊയ്‌ത് കഴിച്ചേക്കാമെന്നത് വേറെക്കാര്യം.

ഞങ്ങളുടെ കുന്നിലെ തെച്ചിപ്പൂവും തുമ്പയുമൊന്നും നാല് സംഘക്കാർക്കും കൂടി തികയാറില്ല. തീർക്കുന്ന പൂക്കളം അത്ര ചെറുതൊന്നുമായിരുന്നില്ലല്ലോ. പൂ തേടിത്തേടി കാഞ്ഞിരക്കുന്നും കരുണായിമലയുമൊക്കെ കയറി മറിഞ്ഞ് നാടുകുന്നിലെ അരുവിക്കരയിൽ വരെയെത്തും. ദൂരെ വെളളിയരഞ്ഞാണം പോലെ കാണുന്ന നാടുകുന്നിലെ കാട്ടുറവകൾ തൊടാനാകുന്നത് വർഷത്തിലൊരിക്കൽ പൂ തേടുമ്പോൾ മാത്രമായിരുന്നു.

കാഞ്ഞിരക്കുന്നിന്റെ അങ്ങേചെരിവിൽ പൂക്കൾ മാത്രമല്ല, ധാരാളം നെല്ലിമരങ്ങളുമുണ്ടായിരുന്നു. കാഞ്ഞിരക്കുന്നിൻ തടത്തിലെ പാറ മിനുസപ്പെട്ടത് ടിപ്പുവിന്റെ കുതിര വന്ന് കിടന്നതുകൊണ്ടാണെന്ന് പറഞ്ഞ് പറ്റിക്കും ചിലർ. പാറപ്പുറത്തെ  ചെറിയ കുഴികൾ കുതിരക്കുളമ്പ് പതിഞ്ഞ് ഉണ്ടായതാണത്രേ! കുന്നിൻ ഉച്ചിയിലെ വറ്റാത്ത നനവോർത്ത് അഭ്ഭുതം കൂറും. ചിലർ പിന്നിൽ നിന്ന് 'കൈതപ്പുലി' എന്ന് വിളിച്ചാർത്ത്  ഞെട്ടിക്കും.  ചോലയിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കോരിക്കുടിച്ചാണ് അലച്ചിലിനിടയിൽ  ദാഹമകറ്റുക. കാഞ്ഞിരക്കുന്നിലെ പാറക്കെട്ടിനടിയിൽ പ്രകൃത്യാലുള്ള മാളങ്ങളെ ഗുഹകളാക്കും ചില വിദ്വാൻമാർ!  അതിലൂടെ നൂണ്ട് നടന്നാൽ ദൂരദേശങ്ങളിലെത്താമെന്നൊക്കെ പറഞ്ഞുകളയും.

വലിയ പൊടുവണ്ണിയിലക്കുമ്പിളുകളിൽ എന്തെല്ലാം പൂക്കൾ! പേരറിയുന്നവയും അറിയാത്തവയും!  തെച്ചി, തുമ്പ, കാക്കപ്പൂ, അരിപ്പൂ,  കണ്ണാന്തളി, മുക്കുറ്റി, കാട്ടു മുല്ല, അതിരാണി, ഒടിച്ചുകുത്തി....... പിന്നെ ശതാവരിയിലകളും. കുന്ന് നിരങ്ങി തിരികെയെത്തുമ്പോഴേക്കും ചിലർ കാടേപ്പാടവും പൊന്നേമ്പാടവുമൊക്കെ നീന്തി ആമ്പൽ കെട്ടുകളുമായി വന്നുനിൽക്കുന്നുണ്ടാകും. ആമ്പൽ മണം ഇന്നും ഏറെയിഷ്ടമാണ്.   ആമ്പൽ തണ്ടുകൾ പൊട്ടിച്ചും പിരിച്ചും മാലയാക്കും  പെൺകുട്ടികൾ. കായ്‌കൾ ചവയ്ക്കും ചിലർ.  പാവം തൊട്ടാവാടി. മത്സരദിനം രാവിലെ മാത്രമേ അതിനെ നുള്ളിയെടുക്കൂ. ചെരിപ്പില്ലാത്ത കാലിൽ മുള്ളുകൊള്ളുന്നതൊന്നും ഗൗനിക്കുകയേയില്ല.

പൂക്കൾ വേർതിരിക്കാനും പരിസരം കരുത്തോല കൊണ്ട്  അലങ്കരിക്കാനുമൊക്കെയായി തലേന്ന് തന്നെ ഞങ്ങൾ ടി.ടി.ഐ ഹാളിൽ കൂടും. പെരിങ്ങാവ് നിന്ന് വാടകയ്ക്കെടുക്കുന്ന പെട്രോമാക്സ് വിളക്കിന്റെ വെളിച്ചത്തിലാണ് അലങ്കരിക്കലും പൂവൊരുക്കലും നടക്കുക.  കുരുത്തോലയലങ്കാരം തീർക്കാൻ  ഉണ്ണികൃഷ്ണനും ടീമും, തെങ്ങിൽ കയറാൻ  മാധവനും നാരായണനും വാസുദേവനും, അവിൽ കൊണ്ടുവരാനും  കുഴക്കാനും  അബ്ദുറഹിമാൻ കുട്ടിയും കോയയും. കർട്ടൻ കൊളുത്താൻ സുരേഷും ബോണ്ടയും ചഞ്ചുവും. സ്പഷ്യൽ ടീമുകളാണ് ഓരോന്നിനും. ശതാവരിയിലകൾ വേർപ്പെടുത്തുമ്പോൾ കൈകൾ മുള്ള് കൊണ്ട് നീറും. ഉറക്കമില്ലാത്ത രാത്രി. കൂടുതൽ ഉണർച്ചയിലേക്ക് മിഴിക്കുന്ന പകൽ. രാവിലെ നിശ്ചിത സമയത്തിനകം പൂക്കളമൊരുക്കാനുള്ള തത്രപ്പാട്. പറയും നെല്ലും കൊണ്ടുവരേണ്ട ചുമതല ഷാജിത്തിനാണ്.  

ഓരോ സംഘത്തിനും നിശ്ചയിച്ചു നൽകുന്ന  സേവാമന്ദിരം ട്രൈനിങ് സ്ക്കൂളിലെ ഹാളിന്റെ ഒരു ഭാഗം കുട്ടികൾ  തലേന്ന് തന്നെ സ്റ്റേജാക്കി മാറ്റും.
പിന്നുകൾ കൊണ്ട് കുത്തിച്ചേർത്ത് ഒന്നാക്കിയ പല വീട്ടിലെ സാരികൾ കൊണ്ടുള്ള കർട്ടൻ. കൊളുത്ത് കുരുങ്ങാതെ സൂക്ഷിച്ച് കർട്ടൻ വലിക്കാനായി ഇരുവശത്തു മിരുത്തുന്ന കുഞ്ഞുസാങ്കേതിക വിദഗ്‌ധർ.

"പൂവേപൊലി പൂവേപൊലി പൂവേപൊലീ പൂവേ ".... പൂവിളിയോടെയാണ് വിധികർത്താക്കളെ വരവേൽക്കുക.

ചുറ്റും പലമാതിരി പൂമണങ്ങൾ. പൂപാട്ടുകൾ. ആരവങ്ങൾ.  മത്സരത്തിനൊടുവിൽ നീണ്ട ഹാളിൽ ഫലം കേൾക്കാൻ ഹൃദയമിടിപ്പോടെ  കാതുകൂർപ്പിച്ചുള്ള ഇരിപ്പ്. ഫലമറിയുന്നതോടെ പിണങ്ങി നിന്നവർ  ഇണങ്ങും. പരസ്‌പര സ്നേഹത്തിന്റെ  പായസമധുരം കൂടിയുണ്ടാണ് കുന്നിറങ്ങുക. എല്ലാം കഴിയുമ്പോൾ മണികണ്ഠന്റെ അയഞ്ഞ കൈ തോളിൽ വീണ്ടും മുറുകും. ഹരീഷ് വെളുക്കെച്ചിരിക്കും; അകലമേതുമില്ലാതെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top