30 May Tuesday

മുഖ്യമന്ത്രി ഹെലികോപ്‌റ്ററില് കയറിയുള്ള രക്ഷാപ്രവര്‍ത്തനമോ എരിതീയില് എണ്ണയൊഴിക്കുന്ന മാധ്യമപ്രവര്‍ത്തനമോ അല്ല ദുരന്തമുഖത്ത് വേണ്ടത്..ഓഖി ചുഴലിക്കാറ്റ് നല്‍കുന്ന ആദ്യപാഠങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017''പരസ്‌പരം സഹകരിക്കാന്‍ മടിക്കുന്ന വകുപ്പുകളും മന്ത്രിമാര്‍ ഉള്‍പ്പടെ നേരിട്ടെത്തി ദുരന്ത നിവാരണം നിയന്ത്രിക്കുന്ന പാരമ്പര്യവും ഉള്ള നമ്മുടെ സംസ്ഥാനത്ത് മന്ത്രിമാര്‍ അപകടസ്ഥലത്തല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിവിധ വകുപ്പുകള്‍ ഒറ്റക്കൊറ്റക്കല്ല കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമുള്ള മാറ്റങ്ങള്‍ കൊണ്ടുവരിക എളുപ്പമല്ല. എന്നാല്‍ ഈ ദുരന്തസമയത്ത് മുഖ്യമന്ത്രി കടല്‍ത്തീരത്തേക്ക് ഓടിയില്ല എന്നതും ഹെലികോപ്‌റ്ററില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിന് പോയില്ല എന്നതുമെല്ലാം നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങളുടെ വളര്‍ച്ചയായിട്ടാണ് പുറമേ നിന്ന് ഞാന്‍ നോക്കിക്കാണുന്നത്. ഇത് എല്ലാവരെയും മനസ്സിലാക്കാനുള്ള ബോധവല്‍ക്കരണം മാധ്യമങ്ങളില്‍ എത്തിയിട്ടില്ല എന്നതാണ് ഈ ദുരന്തം എന്നെ പഠിപ്പിച്ച പാഠമെന്ന് ''യുഎന്‍ ദുരന്തനിവാരണസംഘം തലവന്‍ മുരളി തുമ്മാരുകുടി പറയുന്നു.

സ്വന്തക്കാര്‍ മരിച്ചതും കാണാതാവുകയും ഒക്കെ ചെയ്ത കടല്‍ത്തീരത്തെ ആളുകളുടെ ദുഖവും ക്ഷോഭവും സ്വാഭാവികമാണ്. അത് മാധ്യമങ്ങള്‍ ഉണ്ടാക്കിയതല്ല. പക്ഷെ ആളുകള്‍ ക്ഷുഭിതരാണെന്ന് കണ്ടതോടെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ ആയി മാധ്യമ വാര്‍ത്തകള്‍. ഒരു വശത്ത് മുഖ്യമന്ത്രിക്കെതിരെ ജനരോഷം കൂട്ടുക മറു വശത്ത് മുഖ്യമന്ത്രി സ്ഥലത്ത് പോകുന്നില്ല എന്നത് വലിയ വിഷയം ആക്കുന്നതൊക്കെ ദുരന്തത്തിലകടപ്പെട്ടവര്‍ക്ക് എന്തു നേട്ടമാണ് നല്‍കുന്നതെന്നും ഫേസ് ബുക്കില്‍ അദ്ദേഹം ചോദിക്കുന്നു. ദുരന്തനിവാരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തു ചെയ്യണം, എന്നതൊക്കെയായിരിക്കണം മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും ഓര്‍മ്മപെടുത്തുന്നു .

പോസ്റ്റ് ചുവടെ


ഓഖി കൊടുങ്കാറ്റ്: ദുരന്തത്തില്‍ നിന്നുള്ള ആദ്യ പാഠങ്ങള്‍

വലിയ സങ്കടത്തോടെയാണ് ഈ ലേഖനം എഴുതുന്നത്. കേരളത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ആള്‍നാശമുള്‍പ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ മുപ്പതിലധികം ആളുകള്‍ മരിച്ചു. നൂറോളം പേരെ കാണാതായി. ഇത് മാത്രമല്ല വിഷയം. ഇതേച്ചൊല്ലി നാട്ടില്‍ നടക്കുന്ന വിവാദങ്ങളും പഴി ചാരലുകളും കാണുമ്പോള്‍ കൂടുതല്‍ വിഷമമാണ്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ ഒരു സംഭവം ശരിക്കും ദുരന്തമായി മാറുന്നത് നമ്മള്‍ അതില്‍നിന്നും ഒന്നും പഠിക്കാതിരിക്കുമ്പോളാണ്. കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യത ഉള്ള ദുരന്തങ്ങളില്‍ ചെറുതായ ഒന്നാണ് ഇപ്പോള്‍ സംഭവിച്ചത്. അപ്പോള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ പഠിച്ചാല്‍ യഥാര്‍ത്ഥത്തില്‍ വലിയ ദുരന്തങ്ങള്‍ വരുമ്പോഴേക്കും നമുക്ക് കൂടുതല്‍ തയ്യാറായിരിക്കാം..മത്സ്യത്തൊഴിലാളികളുടെ കാര്യം: മല്‍സ്യബന്ധന തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടമാണ്. ഓഖിയെപ്പറ്റിയുള്ള കോലാഹലങ്ങള്‍ കുറച്ചു ദിവസങ്ങളില്‍ കെട്ടടങ്ങും. കടല്‍ത്തീരത്തെ ആള്‍ക്കൂട്ടവും കാമറയും ഒക്കെ സ്ഥലം വിടും. പക്ഷെ ദുരന്തത്തില്‍ ശരിക്കും നഷ്ടം പറ്റിയത് ബന്ധുക്കളെ നഷ്ടപ്പെട്ട വീട്ടുകാര്‍ക്കായിരിക്കും. അതില്‍ തന്നെ കടലില്‍ കാണാതാവുകയും മൃതദേഹം കണ്ടുകിട്ടാത്തവരുടെയും കാര്യമാണ് ഏറെ കഷ്ടമാകാന്‍ പോകുന്നത്. മൃതദേഹം കണ്ടുകിട്ടാത്തിടത്തോളം ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും കിട്ടില്ല. . സാധാരണഗതിയില്‍ ഏഴുവര്‍ഷം ഒരാളെ കാണാതായാലെ അയാള്‍ മരിച്ചു എന്ന് നിയമപരമായി അംഗീകരിക്കൂ. അത്രയും നാള്‍ അവരുടെ കുടുംബത്തിന് സഹായം കിട്ടാത്തതോ പോകട്ടെ, അവരുടെ പേരില്‍ സ്വന്തമായുള്ള സമ്പാദ്യം പോലും ഉപയോഗിക്കാന്‍ പറ്റില്ല. അതുപോലെതന്നെ മൃതദേഹം കണ്ടുകിട്ടുന്നതു വരെ സ്വന്തം മകനോ അച്ഛനോ സഹോദരനോ മരിച്ചു എന്ന് വിശ്വസിക്കാന്‍ കുടുംബക്കാരും കൂട്ടാക്കില്ല. കാറ്റില്‍പ്പെട്ട് വല്ല ദ്വീപിലും അകപ്പെട്ടോ, പാകിസ്ഥാനില്‍ എത്തിപ്പെട്ട് ജയിലിലായോ, എന്നൊക്കെയുള്ള സംശയങ്ങളും പ്രതീക്ഷകളും അവരിലുണ്ടാകും. സുനാമി കഴിഞ്ഞ് പത്തുവര്‍ഷത്തിനു ശേഷവും കാണാതായവരെ അന്വേഷിച്ചു നടക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് പ്രതീക്ഷ നല്‍കി അവരെ പറ്റിക്കുന്നവരില്‍ പുരോഹിതരും ജ്യോല്‍സ്യരും ബന്ധുക്കളുമുണ്ട്.

ഇത്തവണത്തെ അപകടത്തില്‍ നിന്നും വ്യക്തമായ പല കാര്യങ്ങളില്‍ പലതുണ്ട്. ഒന്നാമത്, ഓരോ ദിവസവും നമ്മുടെ തീരത്തുനിന്നും എത്രപേര്‍ കടലില്‍ പോകുന്നു എന്നതിന് ആരുടെയടുത്തും ഒരു കണക്കില്ല എന്നതാണ്. ഇതില്‍ തന്നെ മറുനാടന്‍ തൊഴിലാളികളുടെ കാര്യത്തില്‍ അന്വേഷിക്കാന്‍ കരയില്‍ ബന്ധുക്കള്‍ പോലുമില്ല. രണ്ട്, ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റ് (ഐ എം ഡി) ഉള്‍പ്പെടെയുള്ളവര്‍ കാലാവസ്ഥാപ്രവചനം നടത്തുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലേക്ക് എത്തുന്നില്ല. മൂന്ന്, കടലില്‍ പോകുന്ന ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും യാതൊരു സുരക്ഷാസംവിധാനവും ഇല്ല. നാല്, ചെറുവള്ളങ്ങളില്‍ കടലില്‍ പോകുന്നവരുടേത് കൈവിട്ട ഒരു കളിയാണ്. സുനാമിയോ കൊടുങ്കാറ്റോ, എന്തിന് വീട്ടില്‍ ആര്‍ക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാല്‍ പോലും അവരെ അറിയിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

കഷ്ടം എന്തെന്നുവെച്ചാല്‍, ഇതൊന്നും ഇക്കാലത്ത് സാങ്കേതികമായോ സാമ്പത്തികമായോ ഒരു വെല്ലുവിളിയേ അല്ല എന്നതാണ്. ഇംഗ്ളണ്ട് പോലുള്ള വികസിത രാജ്യങ്ങളില്‍ ഉല്ലാസത്തിനായി വള്ളങ്ങളില്‍ ചെറുപ്രായക്കാര്‍ പോലും ഏറെ കടലില്‍ ഇറങ്ങുന്നു. അവര്‍ സുരക്ഷക്കായി ഏറെ വിദ്യകള്‍ ഉപയോഗിക്കുന്നു. അതേ പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ബംഗ്ളാദേശിലെ കടല്‍ത്തീര സമൂഹങ്ങളില്‍ കാലാവസ്ഥ മുന്നറിയിപ്പ് നാട്ടുകാരെ അറിയിക്കാനും ദുരന്ത സമയത്ത് സ്വയവും വള്ളവും സുരക്ഷിതമാക്കി വക്കാനും ഒക്കെ സര്‍ക്കാരും, മതമേധാവികളും സാമൂഹ്യ സംഘടനകളും ചേര്‍ന്ന് നല്ല പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം നമുക്ക് പാഠങ്ങള്‍ പഠിക്കാനുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് ലോകത്തെ നല്ല മാതൃകകളില്‍നിന്നും പഠിക്കാനും, അത് സമയബന്ധിതമായി നടപ്പാക്കാനും ആവശ്യമായ പണം അടുത്ത ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണം. തീരദേശത്ത് പ്രത്യേക റേഡിയോനിലയങ്ങള്‍ സ്ഥാപിക്കുന്നത് മുതല്‍ വള്ളങ്ങള്‍ക്ക് ജി പി എസ് ടാഗ് ഇടുന്നതു വരെ വളരെ പ്രയോജനമാണ്. വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്തതിനാല്‍ ഇവ പലതും പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍, മത സംഘടനകള്‍, മാധ്യമങ്ങള്‍, ഗവേഷകര്‍, ഐ എം ഡി, ദുരന്ത നിവാരണ അതോറിറ്റി, മല്‍സ്യബന്ധന വകുപ്പ് എല്ലാം ചേര്‍ന്ന് വേണം ഇതിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും നടപ്പിലാക്കാനും. ഈ ദുരന്തത്തില്‍ നിന്നും നമുക്ക് പഠിക്കാവുന്ന ഏറ്റവും വലിയ പാഠം ഇതുതന്നെയാണ്.

ശാസ്ത്രജ്ഞന്മാര്‍ പരസ്പരം പഴി ചാരുമ്പോള്‍ പരാജയപ്പെടുന്നത് ശാസ്ത്രമാണ്.


നവംബര്‍ മുപ്പതാം തിയതി ഞാന്‍ നൈറോബിയില്‍ മീറ്റിംഗില്‍ ആയിരുന്നു. സമയം അവിടെ പത്തുമണി (നാട്ടിലെ പന്ത്രണ്ടര) ആയിക്കാണും.

"ചേട്ടാ, ഇവിടെ ഭയങ്കര കാറ്റാണ്, വല്ല ചുഴലിക്കാറ്റും ആണോ?'' തിരുവന്തപുരത്തുനിന്നും ഒരു സുഹൃത്തയച്ച വാട്ട്സ്ആപ്പ് മെസ്സേജില്‍ നിന്നാണ് ഞാന്‍ ഞാന്‍ ആദ്യം കാറ്റിനെ പറ്റി വിവരമറിയുന്നത്.

സാധാരണഗതിയില്‍ മൂന്നും നാലും ദിവസം മുന്‍പേ പ്രവചനങ്ങള്‍ വരുന്ന ഒന്നാണ് ചുഴലിക്കാറ്റ്. ലോകത്ത് എവിടയേയും ചുഴലിക്കാറ്റുകള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുന്നതുമാണ്. കേരളത്തിലെ കാര്യം പറയാനുമില്ലല്ലോ. എന്നിട്ടും ഇങ്ങനെയൊന്ന് എന്റെ ശ്രദ്ധയില്‍ പെട്ടില്ല.ഇന്ത്യയില്‍ കാറ്റിനെപ്പറ്റി ആധികാരികമായി മുന്നറിയിപ്പ് തരുന്നത് 1875-ല്‍ സ്ഥാപിച്ച ഇന്ത്യന്‍ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റാണ് (ഐ എം ഡി). ഇത് ലോകത്തിലെ തന്നെ ഏറ്റവും പഴയ കാലാവസ്ഥാ വകുപ്പുകളില്‍ ഒന്നാണ്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് നാം കളിയാക്കുമെങ്കിലും ലോകത്താകമാനം വളരെ ബഹുമാനിക്കപ്പെടുന്ന ഒന്നാണ് ഇത്. കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ആഗോളപഠനങ്ങള്‍ ഏറ്റവും പഴയ, കൃത്യതയുള്ള, തുടര്‍ച്ചയുള്ള ഡേറ്റ ലഭിക്കുന്നത് ഇവിടെനിന്നാണ്. പഴയ സ്ഥാപനമാണെങ്കിലും പുതിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ മുന്നിലാണ്. ഇന്ത്യ ഇത്രയൊന്നും പുരോഗമിക്കാത്ത, ഞാനൊക്കെ പഠിക്കുന്ന കാലത്ത് കാലാവസ്ഥാ പ്രവചനത്തിനായി സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഐ എം ഡി ക്കുവേണ്ടി സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെടേണ്ടിവന്നു. (അന്ന് അമേരിക്ക നല്‍കിയ കമ്പ്യൂട്ടര്‍ കാലാവസ്ഥാ പ്രവചനത്തിനല്ലാതെ മറ്റൊന്നിനുമായി ഉപയോഗിക്കാതിരിക്കാന്‍ അമേരിക്കക്കാര്‍ കാവലിരുന്ന ഒരു കാലം ഒക്കെ എന്റെ തലമുറയിലെ എന്‍ജിനീയര്‍മാര്‍ ഓര്‍ക്കുന്നുണ്ടാകും ! രാജീവ് ഗാന്ധി മുന്‍കൈയെടുത്ത് കൊണ്ടുവന്ന കമ്പ്യൂട്ടര്‍ വിപ്ളവവും ഇന്ദിരാഗാന്ധി മുന്‍കൈയെടുത്തു പ്രോത്സാഹിപ്പിച്ച ബഹിരാകാശ ഗവേഷണവും ഒത്തുചേര്‍ന്നപ്പോള്‍ കാലാവസ്ഥ പ്രവചനത്തിന്റെ കരുത്തും കൃത്യതയും ഒക്കെ ഏറെ മാറി. ഒരു ലക്ഷത്തിലധികം പേരെ കൊന്ന 1999-ലെ ഒറീസ സൈക്ളോണ്‍ പോലൊന്ന് 2013 -ല്‍ അതേ സ്ഥലത്തു വന്നിട്ടും ആയിരത്തില്‍ താഴെ പേര്‍ക്ക് മാത്രമായി അപായം കുറഞ്ഞത് ഐ എം ഡിയുടെ സമയോചിതമായ പ്രവചനമികവ് കൊണ്ടുമാത്രമാണ്, ഇത് അംഗീകരിച്ചതും ഞങ്ങള്‍ എല്ലാം ലോകത്തെവിടെയും പറയുന്നതും ആണ്. തൊള്ളായിരത്തി എണ്‍പതുകളില്‍ സ്പേസ് റിസേര്‍ച്ചിനൊക്കെ പണം വകവെക്കുമ്പോള്‍ 'പട്ടിണി മാറ്റാതെ എന്തിനാണ് റോക്കറ്റ് വിക്ഷേപിക്കാന്‍ പോകുന്നത്' എന്നൊക്കെ ഉള്ള വിമര്‍ശനം പതിവായിരുന്നു. ഇത് മാറിയത് കാലാവസ്ഥ പ്രവചനത്തിന്റെ ഗുണം കര്‍ഷകര്‍ക്കും ദുരന്ത മുന്നറിയിപ്പുകള്‍ മറ്റുള്ളവര്‍ക്കും കിട്ടിത്തുടങ്ങിയപ്പോള്‍ ആണ്..

എന്നാല്‍ ഇത്തവണ ഞാന്‍ ഐ എം ഡിയുടെ മുപ്പതാം തിയതി രാവിലത്തെ (8:30 ആണെന്ന് തോന്നുന്നു) പ്രവചനം നോക്കിയപ്പോള്‍ അവിടെ ചുഴലിക്കാറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഐ എം ഡി സാധാരണ ഉപയോഗിക്കുന്ന ഭാഷയില്‍ ഉള്ള മുന്നറിയിപ്പേ ഉള്ളൂ. ഉച്ചക്ക് പന്ത്രണ്ടരയോടെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചുഴലിക്കാറ്റിനെപ്പറ്റി പറയുന്നത്, അതിന്റെ ഗതി കാണിക്കുന്ന ചിത്രവും ഉണ്ട്. . അപ്പോഴേക്കും ഞാന്‍ മുമ്പ് പറഞ്ഞതുപോലെ കാറ്റ് മുറ്റത്തെ തെങ്ങിന്റെ മണ്ടയിലെത്തിയിരുന്നു.

എന്തുകൊണ്ടാണ് എന്റെ സുഹൃത്ത് മരത്തിന്റെ മുകളില്‍ കണ്ട ചുഴലിക്കാറ്റ് ഐ എം ഡിക്ക് രണ്ടു ദിവസം മുന്‍പ് കമ്പ്യൂട്ടറില്‍ കാണാന്‍ പറ്റാതിരുന്നത്? ഓഖിയുടെ സാഹചര്യത്തില്‍ എല്ലാവരും ചോദിക്കുന്ന ചോദ്യം ഇതാണ്. ഇതിന് ശാസ്ത്രീയമായ പല കാരണങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് , ഈ മോഡലിംഗ് എന്നുപറയുന്നത് ഒരല്പം കുഴപ്പം പിടിച്ച പണിയാണ്. പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളെ ഗണിതശാസ്ത്രത്തിലൂടെ സംയോജിപ്പിച്ച് പ്രവചനം നടത്തുക എന്നതാണ് ഇതിന്റെ രീതി. ഒരു കാലാവസ്ഥാ പ്രതിഭാസം ഡസന്‍ കണക്കിന് കാര്യങ്ങളെ ആശ്രയിച്ചിരിക്കും. അത് ഓരോന്നും നിമിഷം പ്രതി മാറിക്കൊണ്ടിരിക്കും. ഇതെല്ലാം എല്ലായ്പ്പോഴും അളക്കാനുള്ള സംവിധാനം നമുക്കില്ല. അപ്പോള്‍ കുറെ കാര്യങ്ങള്‍ പരിചയം കൊണ്ട് ഊഹിക്കും. ഇതെല്ലാം കൂട്ടിക്കെട്ടി കമ്പ്യൂട്ടറിലിട്ട് ഹരിക്കുകയും ഗുണിക്കുകയും ചെയ്തിട്ടാണ് പ്രവചനം പുറത്തുവിടുന്നത്. അത് ചിലപ്പോള്‍ തെറ്റും. അങ്ങനെ വരുമ്പോള്‍ ഏതൊക്കെ പ്രതിഭാസമാണ് പ്രവചനത്തെ ബാധിക്കുന്നതെന്ന നമ്മുടെ ഊഹം ശരിയാണോ എന്ന് ചിന്തിക്കണം. അതിനനുസരിച്ച് പ്രവചനം മാറ്റിപ്പിടിക്കണം. ഇങ്ങനെ പ്രവചനവും യാഥാര്‍ഥ്യവും ഒത്തുനോക്കിയാണ് പതുക്കെപ്പതുക്കെ നാം മോഡലിനെ പരിശീലിപ്പിച്ചെടുന്നത് (training the model ) . എത്ര കാലം നാം മോഡലിംഗ് നടത്തിയോ, എത്ര പ്രാവശ്യം നമുക്ക് മോഡലിംഗിന്റെ റിസള്‍ട്ട് യാഥാര്‍ഥ്യവുമായി താരതമ്യം ചെയ്യാന്‍ സാധിച്ചോ ഇതൊക്കെ അനുസരിച്ചാണ് മോഡലില്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് വിശ്വാസമുണ്ടാകുന്നത്.

ഇവിടെയാണ് ലോകത്തെ വിവിധ സ്ഥലങ്ങളിലെ പ്രവചനം വ്യത്യസ്ത കൃത്യതകളിലുള്ളതാകുന്നത്. സ്ഥിരമായി കാറ്റുണ്ടാകുന്ന സ്ഥലങ്ങളില്‍ (ബംഗാള്‍ ഉള്‍ക്കടല്‍, കരീബിയന്‍, സൌത്ത് ചൈന കടല്‍) എല്ലാം മോഡലുകള്‍ക്ക് നല്ല കൃത്യതയാണ്. അതേസമയം അറബിക്കടലില്‍ ചുഴലിക്കാറ്റ് അത്ര സാധാരണമല്ല. അതിനാല്‍ മോഡലിനെ പരിശീലിപ്പിക്കാന്‍ വേണ്ടത്ര അവസരമില്ല, മോഡലിന്റെ കൃത്യത കുറയും.

മറ്റൊരു കാരണം ഉണ്ട്, കടലിന്റെ നടുക്ക് നിലകൊള്ളുന്ന ന്യൂനമര്‍ദ്ദം എങ്ങനെ പെരുമാറുമെന്ന് മോഡല്‍ ചെയ്യുന്നത് പോലെയല്ല കരയുടെ അടുത്തുള്ളത്. ഭൂമിയുടെ നിമ്നോന്നതികളും, കരയില്‍ താപത്തിന്റെ ആഗിരണവും വികിരണവും (കര്‍ത്താവേ..ഇതിനൊക്കെ മനുഷ്യര്‍ക്ക് മനസ്സിലാകുന്ന മലയാളം എന്താണാവോ)ഒക്കെ വ്യത്യസ്തമാണ്. മോഡല്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും ആണ്. അത് കൊണ്ട് തന്നെ ശ്രീലങ്കയുടെയും ഇന്ത്യയുടേയും തൊട്ടടുത്തു നില്‍ക്കുന്ന ഒരു ന്യൂനമര്‍ദ്ദത്തെ മോഡല്‍ ചെയ്യുമ്പോള്‍ തെറ്റിപ്പോകാനുള്ള സാധ്യത ഏറെയാണ്.

ഞാനൊരു കാലാവസ്ഥാ മോഡലിംഗ് വിദഗ്ദ്ധനൊന്നുമല്ല. അതിനാല്‍ തന്നെ ഇത്തവണ പ്രവചനം ശരിയാകാതിരിക്കാനുള്ള കാരണവും എനിക്കറിയില്ല.ഇത്തവണ പ്രവചനം വൈകിയെന്നത് കൊണ്ടോ പൂര്‍ണ്ണമായി ശരിയല്ല എന്നത് കൊണ്ടോ ഐ എം ഡി മോശക്കാരാകുന്നില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് അതില്‍ നാണിക്കേണ്ട കാര്യവുമില്ല. എന്തുകൊണ്ടാണ് ശരിയായ പ്രവചനം നടത്താന്‍ പറ്റാതിരുന്നത് എന്ന് പരിശോധിക്കുക, മോഡല്‍ വീണ്ടും കാലിബറേറ്റ് ചെയ്യുക അടുത്ത തവണ കൂടുതല്‍ കൃത്യതയോടെ പ്രവചിക്കാന്‍ ശ്രമിക്കുക. അതാണ് ശാസ്ത്രത്തിന്റെ രീതി.ദുരന്ത സാധ്യതകളെ പറ്റി അറിയിപ്പ് കിട്ടിയാല്‍ ദുരന്ത ലഘൂകരണത്തിനും നിവാരണത്തിനും തയ്യാറെടുക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയില്‍ ദുരന്ത നിവാരണ അതോറിറ്റിക്കാണ് (ഡി എം എ). ഐ എം ഡിയുടെ പാരമ്പര്യമൊന്നും ഇന്ത്യയിലെ ദുരന്ത നിവാരണ അതോറിറ്റിക്ക് പറയാനില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്ത്യയില്‍ ദുരന്തനിവാരണത്തിന് വ്യക്തമായ ഒരു സംവിധാനവും ഇല്ലായിരുന്നു. ചെറിയ പ്രശ്നങ്ങള്‍ കളക്ടറും റവന്യൂ സംവിധാനങ്ങളും കൂടി നോക്കും. കൈവിട്ടു എന്നുകണ്ടാല്‍ ആര്‍മിയെ വിളിക്കും. പ്രധാനമന്ത്രി വിമാനത്തില്‍ വന്ന്, മുഖ്യമന്ത്രിയുടെ കൂടെ ഹെലികോപ്റ്ററില്‍ കയറി നിരീക്ഷണം നടത്തും. ആകാശത്തു നിന്നും കുറച്ചു ഭക്ഷണം ഒക്കെ താഴേക്ക് ഇട്ടു കൊടുക്കും, താഴെ ആളുകള്‍ അതിനു വേണ്ടി പിടിവലി നടത്തും . കേന്ദ്രത്തില്‍ നിന്നും നഷ്ടം കണക്കാക്കാന്‍ ഒരു സംഘം വരും. ഏറെ നാള്‍ കഴിയുമ്പോള്‍ നാമമാത്രമായ നഷ്ടപരിഹാരം കിട്ടും. ഇതൊക്ക ആയിരുന്നു ദുരന്തനിവാരണത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍.

2004-ലെ സുനാമി ഇതെല്ലാം മാറ്റിമറിച്ചു. ഇന്തോനേഷ്യയില്‍ സുനാമി ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാണ് അത് ഇന്ത്യന്‍ തീരത്ത് എത്തിയത്, എന്നിട്ടും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി ഒറ്റയടിക്ക് പല സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. അതോടെ ദുരന്തത്തെ പറ്റിയുള്ള വാര്‍ത്തകള്‍ വന്നാല്‍ മുന്നൊരുക്കം നടത്താനും ദുരന്തനാന്തര പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കാനുമുള്ള ലോകത്തിലെ നല്ല മാതൃകകള്‍ ഇന്ത്യയിലും ആവശ്യമാണെന്ന് നമുക്ക് മനസ്സിലായി. (കണ്ടാലറിയാത്ത പിള്ള കൊണ്ടാലറിയും എന്നല്ലേ). ഒരു വര്‍ഷത്തിനകം ഇന്ത്യയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ് ഉണ്ടായി, രണ്ടു വര്‍ഷത്തിനകം പ്രധാനമന്ത്രി അധ്യക്ഷനായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഉണ്ടായി. ദുരന്ത ലഘൂകരണത്തിന്റെ ആധുനിക രീതികള്‍ ഔദ്യോഗിക സംവിധാനങ്ങളെ പഠിപ്പിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഉണ്ടായി. ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേകമായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് ഉണ്ടായി. ഇതിന്റെ ചുവടുപിടിച്ച് സമാന സജ്ജീകരണങ്ങള്‍ കേരളത്തിലും നിലവില്‍ വന്നു. അതിനാല്‍ തന്നെ പത്തുവര്‍ഷത്തെ പഴക്കവും പാരമ്പര്യവും മാത്രമേ കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിക്കുള്ളു.

'മുല്ലപ്പെരിയാര്‍ ഇപ്പൊ പൊട്ടും' എന്നും അതിനാല്‍ ഉറക്കം കിട്ടുന്നില്ല എന്നുമൊക്കെ പത്രങ്ങളും മന്ത്രിമാരും നാട്ടുകാരും മുറവിളി കൂട്ടിത്തുടങ്ങിയ കാലത്ത്, അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണകൃഷ്ണന്റെ താല്‍പര്യപ്രകാരമാണ് ഞാന്‍ ആദ്യമായി കേരളത്തിലെ ദുരന്ത നിവാരണ അതോറിട്ടിയുമായി ബന്ധപ്പെടുന്നത്. അന്ന് തൊട്ടേ ഞാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പറഞ്ഞിരുന്നു.

ശാസ്ത്രമായിരിക്കണം ദുരന്ത നിവാരണ സംവിധാനങ്ങളുടെ അടിത്തറ. പത്രവാര്‍ത്തകളോ, ഊഹാപോഹങ്ങളോ, മീഡിയ സമ്മര്‍ദ്ദങ്ങളോ ആകരുത് മുന്നറിയിപ്പിനും തയ്യാറെടുപ്പിനും അടിസ്ഥാനം..
ഓരോ ദുരന്ത സാഹചര്യവും നേരിടാന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍(ടീജ) ഉണ്ടാകണം. അങ്ങനെ വരുമ്പോള്‍ ദുരന്ത സമയത്ത് ഏറെ പരിചയം ഇല്ലാത്തവര്‍ വന്നാലും അവര്‍ക്ക് മുന്‍പ് തീരുമാനിച്ച തരത്തില്‍ കാര്യങ്ങള്‍ ചെയ്യാം. ശാസ്ത്ര-സാങ്കേതിക മുന്നറിയിപ്പുകളെയും, ദുരന്ത നിവാരണ പ്രവര്‍ത്തകരെയും കൂട്ടിയിണക്കുന്നത് ഈ നിര്‍ണായക പ്രവര്‍ത്തന രൂപ രേഖയാണ്. ഒരു നിശ്ചിത അളവിലുള്ള മഴ പെയ്താല്‍, ഇന്നതാണ് ചെയ്യേണ്ടത് എന്ന് നിര്‍ണയിക്കുന്നതും, പുഴയില്‍ ഇന്ന അളവില്‍ ജലം വന്നാല്‍ ഇന്നതാണ് ചെയ്യേണ്ടത് എന്ന് നിര്‍ണയിക്കുന്നതും, ഒരു അണക്കെട്ടില്‍ ഇത്ര ജലം, ഇത്ര വേഗത്തില്‍ വന്നാല്‍ ഇന്നതാണ് ചെയ്യേണ്ടത് എന്നും ഒക്കെ നിര്‍ണയിക്കുന്നത് ഇത്തരം പ്രൊസീജിയര്‍ ആണ്. ഇത്തരം ഒന്ന് ചുഴലിക്കാറ്റിനും ഉണ്ടാകും. അങ്ങനെ ഉണ്ടാക്കിയാല്‍ പിന്നെ അവ പാലിക്കുവാന്‍ മുന്നറിയിപ്പ് നല്‍കുന്നവരും, ദുരന്ത നിവാരണം നടത്തുന്നവരും നിയമപരമായി ബാധ്യസ്ഥരുമാണ്.

. എന്ന് വച്ച് SoP എന്നത് എല്ലാ കാലത്തേക്കും ഉള്ളതല്ല. ഒരു തവണ ദുരന്തം ഉണ്ടാകുമ്പോള്‍ അവയില്‍ പോരായ്മ കണ്ടാല്‍ അത് മാറ്റി കൂടുതല്‍ നന്നാക്കി എടുക്കണം. അങ്ങനെയാണ് പടിപടിയായി പ്രൊഫഷണല്‍ സിസ്റ്റം ഉണ്ടാകുന്നത്.
ദുരന്ത നിവാരണ അതോറിറ്റി എന്നാല്‍ ഒരു രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന ഓരോ ദുരന്തത്തിലും നേരിട്ട് ഇടപെട്ട് അതിനെ നേരിടാനുള്ള സംവിധാനങ്ങളുമായി കോപ്പു കൂടിയിരിക്കുന്ന വന്‍ സംഘമല്ല, മറിച്ച് വില്ലേജ് മുതല്‍ രാഷ്ട്രം വരെയുള്ള വിവിധ സംവിധാനങ്ങളെ ആവശ്യമുള്ള സമയത്ത് സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ്. ഇതാണ് ലോകത്തിലെ ബെസ്റ്റ് പ്രാക്ടീസ്. അമേരിക്കയിലെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയും ജപ്പാനിലെ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജന്‍സി ഒന്നും പതിനായിരക്കണക്കിന് ആളുകളുള്ള സംവിധാനമല്ല. ദുരന്തം വരുമ്പോള്‍ നാട്ടുകാരെ തൊട്ട്, പോലീസ്, ഫയര്‍ സര്‍വീസ്, സ്വകാര്യമേഖല, റവന്യൂ, ആരോഗ്യ വകുപ്പ്, എന്നിവ ഉള്‍പ്പടെ സായുധ സേനയെ വരെ വിന്യസിക്കാന്‍ അവര്‍ക്ക് അവകാശം ഉണ്ട്. ആ കണക്കിന് നമ്മുടെ ഇലക്ഷന്‍ കമ്മീഷനും ആയി വേണമെങ്കില്‍ അവരെ താരതമ്യപ്പെടുത്താം. അത് കൊണ്ട് തന്നെയാണ് കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഇതിന്റെ തലവനായിരിക്കുന്നത്. ഇവരെ സാങ്കേതികമായി സഹായിക്കുക എന്നതാണ് അതോറിറ്റിയിലെ മുഴുവന്‍ സമയ ജോലിക്കാരുടെ ഉത്തരവാദിത്തം.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തും ഈ മന്ത്രിസഭയിലും ദുരന്തങ്ങളെ ശാസ്ത്രീയമായും പ്രൊഫഷണലായും നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലുമായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധ മുഴുവന്‍. പരസ്പരം സഹകരിക്കാന്‍ മടിക്കുന്ന വകുപ്പുകളും മന്ത്രിമാര്‍ ഉള്‍പ്പടെ നേരിട്ടെത്തി ദുരന്ത നിവാരണം നിയന്ത്രിക്കുന്ന പാരമ്പര്യവും ഉള്ള നമ്മുടെ സംസ്ഥാനത്ത് മന്ത്രിമാര്‍ അപകടസ്ഥലത്തല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിവിധ വകുപ്പുകള്‍ ഒറ്റക്കൊറ്റക്കല്ല കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമുള്ള മാറ്റങ്ങള്‍ കൊണ്ടുവരിക എളുപ്പമല്ല. എന്നാല്‍ ഈ ദുരന്തസമയത്ത് മുഖ്യമന്ത്രി കടല്‍ത്തീരത്തേക്ക് ഓടിയില്ല എന്നതും ഹെലികോപ്റ്ററില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിന് പോയില്ല എന്നതുമെല്ലാം നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങളുടെ വളര്‍ച്ചയായിട്ടാണ് പുറമേ നിന്ന് ഞാന്‍ നോക്കിക്കാണുന്നത്. ഇത് എല്ലാവരെയും മനസ്സിലാക്കാനുള്ള ബോധവല്‍ക്കരണം മാധ്യമങ്ങളില്‍ എത്തിയിട്ടില്ല എന്നതാണ് ഈ ദുരന്തം എന്നെ പഠിപ്പിച്ച പാഠം!

ഓഖി ചുഴലിക്കാറ്റില്‍ എന്നെ സങ്കടപ്പെടുത്തുന്ന രണ്ടാമത്തെ കാര്യം ചുഴലിക്കാറ്റ് ഉണ്ടാകും എന്ന മുന്നറിയിപ്പ് വൈകി എന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ കാലാവസ്ഥ മോഡലിംഗിലെ വെല്ലുവിളികളെ പറ്റിയും, ഓരോ ലെവലിലും ഉള്ള പ്രവചനം വരുമ്പോള്‍ എടുക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ എന്താണെന്നതിനെ പറ്റിയും ഇത്തവണ എന്ത് ശാസ്ത്രീയ കാരണം കൊണ്ടാണ് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വൈകിയത് എന്നതിനെ പറ്റിയും ഒക്കെ ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും ഒരുമിച്ച് മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുന്നതിന് പകരം ആര്, എപ്പോള്‍, എന്ത് പ്രവചിച്ചു, ആര് ആരെ എപ്പോള്‍ അറിയിച്ചു എന്നതെല്ലാം വിവാദമായി, മാധ്യമ ചര്‍ച്ച അതിന്മേല്‍ ആയി. .

മൂന്നുമാസം മുമ്പുതന്നെ ആറാം ഇന്ദ്രിയം ഉപയോഗിച്ച് ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങി സുനാമി വരെ പ്രവചിച്ച മഹാന്മാരുള്ള നാടാണിത്. അത്തരം പ്രവചനത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ച ലക്ഷക്കണക്കിന് ജനങ്ങളും ഇവിടെ ഉണ്ട്. ഒരു ഐ എം ഡി റിപ്പോര്‍ട്ടും എസ് ഡി എം എ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ പറഞ്ഞ മുന്നറിയിപ്പിന്റെയത്രയും ഷെയര്‍ ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ശാസ്ത്രീയമായി, ആധുനികമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടവര്‍ പരസ്പരം ഒരുമിച്ചുനിന്ന് കാര്യങ്ങള്‍ വിശദീകരിച്ചില്ലെങ്കില്‍, പരാജയപ്പെടുന്നത് ശാസ്ത്രമാണ്, വിജയിക്കുന്നത് കപട ശാസ്ത്രജ്ഞന്മാരും! അതിന് അനുവദിക്കരുത്.

ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം:

കേരളത്തിലെ ഏറെ മാധ്യമ പ്രവര്‍ത്തകരുമായി വ്യക്തിബന്ധമുള്ള ഒരാളാണ് ഞാന്‍. യുവാക്കളും സ്ത്രീകളും കേരളത്തിലെ നേതൃത്വത്തില്‍ വരുന്ന കാലത്താണ് കേരളം ലോകത്ത് നമുക്ക് അര്‍ഹമായ സ്ഥാനം നേടുന്നത് എന്ന് വിശ്വസിക്കുന്ന ആളും അതിനു വേണ്ടി ശ്രമിക്കുന്ന ആളും ആണ്. കേരളത്തിലെ മാധ്യമ രംഗം ആ അര്‍ത്ഥത്തില്‍ മറ്റെല്ലാ മേഖലകള്‍ക്കും മാതൃകയാണ്. കേരളത്തിലെ മാധ്യമങ്ങളിലെ പേരെടുത്തവരെ നോക്കൂ. വിനു, വേണു, ഉണ്ണി ബാലകൃഷ്ണന്‍, നികേഷ് കുമാര്‍, ഷാനി, ശ്രീജ, ശ്രീകല എന്നിങ്ങനെ ചെറുപ്പക്കാരാണ് കൂടുതല്‍ (ഏറെ ചെറുപ്പക്കാര്‍ വേറെയും ഉണ്ട്, ഞാന്‍ സ്ഥിരം ടി വി കാണാത്തതിനാല്‍ അവരെ അറിയില്ല, അതുകൊണ്ടാണ് അവരുടെ പേര് പറയാത്തത്, ക്ഷമിക്കുമല്ലോ). നമ്മുടെ രാഷ്ട്രീയരംഗത്തും സിനിമയിലും സംസ്ക്കാരികരംഗത്തും കഴിഞ്ഞ നൂറ്റാണ്ടിലെ നേതൃത്വം തന്നെ ഇരുന്നു പുളിക്കുമ്പോള്‍ പുതിയ കാറ്റായി, പുതിയ ഇന്ത്യയുടെ ശക്തിയായി നില്‍ക്കുന്നവരാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ അവരില്‍ എനിക്ക് ഏറെ പ്രതീക്ഷയുമുണ്ട്.ഉത്തര ഖണ്ഡിലെ പ്രളയത്തിന് ശേഷം എന്തൊക്കെയാണ് ദുരന്തകാലത്ത് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്നതിനെപ്പറ്റി കേരള പ്രസ്സ് അക്കാദമിയും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് ഒരു പരിശീലനം സംഘടിപ്പിച്ചു. മുന്‍നിരയിലുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു, പഠിതാക്കളായി അവര്‍ ആരും വന്നില്ല. അതിന് ശേഷം ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് പുറ്റിങ്ങല്‍ അപകടത്തിനുശേഷം ഞാന്‍ ഒരു പ്രത്യേക ലേഖനം എഴുതിയിരുന്നു. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് എന്നെഴുതിയത്.

ദുരന്ത നിവാരണ രംഗത്ത് ഏറ്റവും പ്രധാനമായത് ദുരന്തബാധിതരുടെ ക്ഷേമം ആണ്. അതിനെ ഹനിക്കുന്ന ഒന്നും മാധ്യമങ്ങള്‍ ചെയ്യരുത്. ദുരന്തനിവാരണ പ്രവര്‍ത്തനത്തെ നേരിട്ടോ അല്ലാതെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത് മാധ്യമപ്രവര്‍ത്തനം.ദുരന്തനിവാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ ദുരന്തബാധിതരുടെ വിഷമങ്ങള്‍ പരമാവധി ആളുകളെ എങ്ങനെ അറിയിക്കാം ദുരന്തനിവാരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തു ചെയ്യണം, എന്നതൊക്കെയായിരിക്കണം മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടത്.ദുരന്തനിവാരണത്തിന്റെ വിചാരണ തീര്‍ച്ചയായും നടത്തേണ്ടതാണ്. എന്നാല്‍ അത് ആദ്യദിവസം തന്നെ തുടങ്ങുന്നത് ദുരന്തലഘൂകരണം നടത്തുന്നവരുടെ ആത്മവിശ്വാസത്തെ കെടുത്താനേ ഉപകരിക്കൂ. അതിന്റെ ദോഷവും ദുരന്ത ബാധിതര്‍ക്ക് മാത്രമാകും.

ദുരന്തസമയത്ത് ജനങ്ങളും ആയി സംവദിക്കേണ്ടതിന്റെ ഏറെ ഉത്തരവാദിത്തം സര്‍ക്കാരിനും ഉണ്ട്. ശെരിയായ കാര്യങ്ങള്‍ ചെയ്താല്‍ മാത്രം പോരാ, എന്താണ് സംഭവിക്കുന്നതെന്നനും അതിനെ പറ്റി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും ജനങ്ങള്‍ അറിയണം. അതിന് സര്‍ക്കാരിന്റെ ഏറ്റവും വലിയ സഖ്യ കക്ഷികള്‍ ആണ് മാധ്യമങ്ങള്‍. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികാരികളുടെ ഏറ്റവും ഉന്നതതലത്തില്‍ നിന്നുതന്നെ പരമാവധി കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഒരു ദുരന്തമുണ്ടായാല്‍ ഉടന്‍തന്നെ അത് മാനേജ് ചെയ്യുന്ന സമിതി ചേരണം. അതിനുശേഷം അതില്‍ ഏറ്റവും സീനിയറായ ആള്‍ അഞ്ചു മിനിറ്റ് നേരമെങ്കിലും മാധ്യമങ്ങളെ കണ്ട് അതുവരെയുള്ള വിവരങ്ങള്‍ അറിയിക്കണം . ദുരന്തത്തിന്റെ വ്യാപ്തിയും ദുരന്ത നിവാരണത്തിന് വേഗവുമനുസരിച്ച് ശേഷവും ദിവസവും രണ്ടു തവണയെങ്കിലും ദുരന്തനിവാരണത്തിന്റെ തലവന്‍ മാധ്യമങ്ങളെ കാണണം. അതിനിടക്ക് ലഭ്യമായ എല്ലാ വിവരങ്ങളും അവര്‍ക്ക് കൈമാറണം.ഈ നിദ്ദേശങ്ങള്‍ ഒക്കെ ആ ലേഖനത്തില്‍ മാത്രമല്ല, അതിനു ശേഷം എഴുതിയ പുസ്തകത്തിലും ഉണ്ട്. പക്ഷെ അതൊന്നും ആരും ശ്രദ്ധിച്ച മട്ടില്ല. പുറ്റിങ്ങലില്‍ ദുരന്തം ഉണ്ടായി മണിക്കൂറുകള്‍ക്കകം വിചാരണ തുടങ്ങി എങ്കില്‍ . കാറ്റിന്റെ രണ്ടാം ദിവസമാണെന്ന മാറ്റം മാത്രം. സ്വന്തക്കാര്‍ മരിച്ചതും കാണാതാവുകയും ഒക്കെ ചെയ്ത കടല്‍ത്തീരത്തെ ആളുകളുടെ ദുഖവും ക്ഷോഭവും സ്വാഭാവികമാണ്. അത് മാധ്യമങ്ങള്‍ ഉണ്ടാക്കിയതല്ല. പക്ഷെ ആളുകള്‍ ക്ഷുഭിതരാണെന്ന് കണ്ടതോടെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ ആയി മാധ്യമ വാര്‍ത്തകള്‍. ഒരു വശത്ത് മുഖ്യമന്ത്രിക്കെതിരെ ജനരോഷം കൂട്ടുക മറു വശത്ത് മുഖ്യമന്ത്രി സ്ഥലത്ത് പോകുന്നില്ല എന്നത് വലിയ വിഷയം ആക്കുക. ഇതിന്റെ ഫലം നാം കണ്ടതാണ്. മുഖ്യമന്ത്രിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തേക്കുമെന്ന സ്ഥിതി വരെയായി. സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യുകയോ മുഖ്യമന്ത്രിയുടെ സുരക്ഷയെ കരുതി കൂത്തുപറമ്പിലെ ഒക്കെ പോലെ പോലീസ് കര്‍ശനമായി പെരുമാറുകയോ ഒക്കെ ചെയ്തിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കുക. മാധ്യമങ്ങള്‍ക്ക് ഉഗ്രന്‍ വിഷ്വലും ചര്‍ച്ചാ വിഷയവും ഒക്കെ കിട്ടും, പക്ഷെ ഇതുകൊണ്ടൊക്കെ കടല്‍ത്തീരത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് എന്തു ഗുണമാണുണ്ടാകുന്നത് ? ചിന്തിക്കേണ്ട കാര്യമല്ലേ?കടപ്പുറം കരഞ്ഞപ്പോള്‍ കൊച്ചുതമ്പുരാക്കള്‍ എന്തുചെയ്യുകയായിരുന്നു?

ചൈനയിലെ ഒറ്റമക്കള്‍ മാത്രമുള്ള തലമുറയിലെ കുട്ടികളെയാണ് 'കൊച്ചു ചക്രവര്‍ത്തിമാര്‍' എന്നു വിളിക്കുന്നത്. അച്ഛനുമമ്മയും ലാളിച്ചു വഷളാക്കി, എല്ലാം അവര്‍ക്ക് അര്ഹതപ്പെട്ടതാണെന്ന് കരുതി ജീവിക്കുന്ന സ്വാര്‍ത്ഥന്മാരുടെ തലമുറ എന്നതായിരുന്നു അവരെപ്പറ്റിയുള്ള പ്രധാന പരാതി. എന്നാല്‍ 2008 -ലെ ഭൂകമ്പം ആ ദുഷ്പേര് മാറ്റിയെടുത്തു. ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ആ തലമുറ നേരിട്ടിറങ്ങി. സ്ഥലത്തെത്താന്‍ പറ്റാത്തവര്‍ അവരുടെ നഗരങ്ങളില്‍ പണം ശേഖരിച്ച് സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. മറ്റുള്ളവരുടെ ദുഃഖം അറിയുന്നവനും അത് മാറ്റാന്‍ ശ്രമിക്കുന്നവരുമാണ് അവരെന്ന് പുതിയ തലമുറ കാണിച്ചുകൊടുത്തു.

തായ്ലാന്റിലെയും ചെന്നൈയിലെയും വെള്ളപ്പൊക്കത്തിന്റെ കാലത്തും ആളുകളെ സഹായിക്കാന്‍ പുതിയ തലമുറ മുന്നിട്ടിറങ്ങിയത് ഞാന്‍ കണ്ടിട്ടുണ്ട്. ദുരന്ത മുഖത്ത് ആളുകള്‍ക്ക് സഹായം ചെയ്യാന്‍ ഒരു കൂട്ടം കുട്ടികള്‍. ദുരന്തമുഖത്തുള്ളവര്‍ക്ക് സാമ്പത്തികവും മറ്റു സഹായങ്ങളും ലഭ്യമാക്കാന്‍ വേറെ ഏറെ കുട്ടികള്‍. ഇതൊക്കെ കാണുമ്പോള്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് അവര്‍ ഒറ്റക്കല്ല എന്ന തോന്നല്‍ ഉണ്ടാകും, പോരാത്തതിന് പുതിയ തലമുറയില്‍ നമുക്കെ പ്രതീക്ഷയും.

നമ്മുടെ കടപ്പുറത്ത് ദുരന്ത അലകളെത്തിയപ്പോള്‍ നമ്മുടെ പുതിയ തലമുറ എന്തു ചെയ്യുകയായിരുന്നുവെന്ന് ചിന്തിച്ചുനോക്കുന്നത് നന്നായിരിക്കും. ഞാന്‍ കണ്ടിടത്തോളം പുതിയ തലമുറയുടെ വികാരവിക്ഷോഭം മുഴുവന്‍ ഫേസ്ബുക്കിലാകുന്നു. എല്ലാ ഔദ്യോഗിക സംവിധാനങ്ങളെയും പുച്ഛത്തോടെ നോക്കിക്കണ്ട്, കുറ്റം പറഞ്ഞ്, കളിയാക്കി അവര്‍ ചാരുകസേരയില്‍ കയറി മൊബൈലും നോക്കിയിരുന്നു. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കടപ്പുറത്തെ കുട്ടികള്‍ക്ക് സഹായമെത്തിക്കാനായി ഒരു ഫേസ്ബുക്ക് കൂട്ടായ്മയും ഞാന്‍ കണ്ടില്ല. സുനാമി വരുമെന്ന് പത്ത് വ്യാജ സന്ദേശം ഏറെ വാട്സ് ആപ്പ് ഗ്രൂപ്പില്‍നിന്ന് വന്നെങ്കിലും കരയിലുള്ളവര്‍ക്ക് സഹായം നല്‍കാനായി ഒരു സന്ദേശവും ഞാന്‍ കണ്ടില്ല. മക്കളെ, ഫേസ്ബുക്കിന് പുറത്തുമുണ്ട് ഒരു ലോകം. അവിടെത്തെ പ്രശ്നങ്ങളെയെല്ലാം ലൈക്കും ഷെയറും കൊണ്ട് മാറ്റാന്‍ പറ്റില്ല.

തെറ്റ് പറ്റാത്തവവരില്ല ഗോപൂ

കേരളത്തിലെ ദുരന്തനിവാരണ സംവിധാനത്തെപ്പറ്റി എനിക്ക് നല്ല അറിവും ബന്ധങ്ങളുമുണ്ടെങ്കിലും ഞാനതിന്റെ ഭാഗമല്ല. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ഓരോ ചലനവും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതില്‍ എനിക്കാകുന്നതുപോലെ നിര്‍ദ്ദേശങ്ങള്‍ നല്കുന്നും ഉണ്ട്. ആ അര്‍ത്ഥത്തില്‍ ഇവിടെ ആളുകള്‍ എന്ത് ചെയ്യുന്നു എന്ന് അളന്നുനോക്കാന്‍ മാത്രമിരിക്കുന്ന റഫറിയല്ല ഞാന്‍. അതിനാല്‍ കാറ്റു വീശിയപ്പോള്‍ ഞാന്‍ എന്തുചെയ്തു എന്നും എന്ത് കൂടുതല്‍ ചെയ്യാമായിരുന്നു എന്നും ഞാനും ചിന്തിക്കുന്നുണ്ട്. പ്രധാനമായും രണ്ടു തെറ്റുകള്‍ എനിക്കും പറ്റിയിട്ടുണ്ട്.

കാറ്റ് വന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഐ എം ഡി സൈറ്റില്‍ നോക്കി എന്നു പറഞ്ഞല്ലോ. അപ്പോള്‍ കേരളതീരത്തു നിന്നും അകന്നുപോകുന്ന ഒന്നാണ് കാറ്റ് എന്ന് മനസ്സിലായി.. അതേസമയം എല്ലാ മാധ്യമങ്ങളും 'കേരളത്തിലേക്ക് കാറ്റ് വരുന്നു' എന്ന മട്ടിലാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. തിരുവനന്തപുരം തൊട്ട് കണ്ണൂര്‍ വരെയുള്ളവര്‍ 'ചുഴലിക്കാറ്റ്' വരുന്നത് പേടിച്ചിരിക്കുകയായിരുന്നു. അതിനാല്‍ കാറ്റ് കേരളത്തില്‍നിന്നും അകന്നുപോകുന്നതാണെന്നും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശത്തെ ആളുകള്‍ പേടിക്കേണ്ട എന്നും, തെക്കു ഭാഗത്തുതന്നെ ഒരു ദിവസത്തില്‍ കൂടുതല്‍ കാറ്റ് നില്‍ക്കില്ല എന്നും ഒരു സാധനവും വാങ്ങിക്കൂട്ടേണ്ട എന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് ഞാന്‍ നല്‍കിയത്. കാറ്റ് ലക്ഷദ്വീപിനെ ലക്ഷ്യമായി പോകുന്നതിനാല്‍ അവിടെ ശ്രദ്ധിക്കണം എന്നും പറഞ്ഞിരുന്നു. പക്ഷെ കടലിലേക്ക് അടിക്കുന്ന കാറ്റില്‍ കരയില്‍ നിന്നും കടലിലേക്ക് പോയി കഴിഞ്ഞ ആളുകള്‍ക്ക് എന്ത് സംഭവിക്കും എന്നും എങ്ങനെ ആണ് അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ എത്തിക്കാന്‍ പറ്റുക എന്നും ഞാന്‍ ചിന്തിച്ചില്ല. കേരളത്തിലെ കടലിനേയും മത്സ്യത്തൊഴിലാളികളുടെ ജോലിയേയും ജീവിതത്തെയും പറ്റിയുള്ള എന്റെ അറിവ് കുറവ് കൊണ്ടു സംഭവിച്ചതാണ്. എന്റെ സുഹൃത്ത് വിധീഷ് മല്‍സ്യ തൊഴിലാളികളുടെ കൂടെ കുറച്ചു ദിവസം കടലില്‍ കൊണ്ടുപോകാമെന്ന് ഏറെ നാളുകളായി എന്നോട് പറയുന്നു. ഇനി അത് ചെയ്തിട്ടുതന്നെ ബാക്കി കാര്യം.

ദുരന്തനിവാരണ രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവരണം എന്നതും പ്രകടനപരമായ കാര്യങ്ങള്‍ കുറച്ചു കൊണ്ടുവരിക എന്നതുമാണ് പൊതുവെ ഞാന്‍ ഉപദേശിക്കാറ്. എന്നാല്‍ കേരളം പോലെ ഓരോ കല്യാണത്തിനും വീട്ടില്‍ എത്തുന്ന ജനപ്രതിനിധികള്‍ ഉള്ള നാട്ടില്‍ കാര്യങ്ങളെ പ്രൊഫഷണല്‍ എഫിഷ്യന്‍സിയുടെ കണ്ണില്‍ കൂടെ മാത്രം കാണുന്നതില്‍ അപാകതയുണ്ടെന്ന് വ്യക്തമാണ്. പ്രൊഫഷണലായി എത്ര നന്നായി കാര്യങ്ങള്‍ ചെയ്താലും അത് ജനങ്ങളോട് സംവദിച്ചില്ലെങ്കില്‍ ജനങ്ങളുടെ ദുഃഖത്തെ അറിയുന്നില്ല എന്നാവും ജനങ്ങള്‍ തെറ്റിദ്ധരിക്കുക. അതു മതി പ്രൊഫഷണലിസത്തിന്റെ മികവുകളെ മായ്ച്ചു കളയാന്‍. അതുകൊണ്ടു തന്നെ ദുരന്തബാധിതരും ആയി ഭരണ നേതൃത്വം എങ്ങനെ എപ്പോള്‍ ബന്ധപ്പെടണം എന്നതിനെ പറ്റിയുള്ള എന്റെ ചിന്തകള്‍ക്ക് കേരളത്തില്‍ എങ്കിലും മാറ്റം വരും.

ഇപ്പോള്‍ എന്റെ പ്രധാന ചിന്ത പക്ഷെ ഇതൊന്നുമല്ല. ഇനിയും കടലില്‍ നിന്നും മടങ്ങി വരാത്ത എത്ര പേര്‍ ഉണ്ട് ?, അവരില്‍ എത്ര പേരായിരിക്കും അപകടത്തില്‍ പെട്ടിരിക്കുക ?. ഏറ്റവും വേഗത്തില്‍ ഈ കാര്യങ്ങളില്‍ കൃത്യത ഉണ്ടാകും എന്ന് കരുതുന്നു. ആ കാര്യത്തിന് ഒരു തീരുമാനം ആയി കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥ പോസ്റ്റ് മോര്‍ട്ടം നടത്താം, പാഠങ്ങള്‍ പഠിക്കാം. ഡിസംബറില്‍ നാട്ടില്‍ ഉള്ളപ്പോള്‍ ഈ വിഷയത്തെ പറ്റി അവലോകനം ഒക്കെ ഉണ്ടെങ്കില്‍ അതില്‍ തീര്‍ച്ചയായും പങ്കെടുക്കും. അത് പോലെ ഓരോ ഡിസംബര്‍ ഇരുപത്തി ആറിനും ആ വര്‍ഷം ലോകത്തുണ്ടായ ദുരന്തങ്ങളേയും അതില്‍ നിന്നും നമുക്ക് പഠിക്കാവുന്ന പാഠങ്ങളെയും ഒക്കെ പറ്റി ഞാന്‍ എഴുതാറുണ്ട്. അത് ഈ വര്‍ഷവും ഉണ്ടാകും.

മുരളി തുമ്മാരുകുടി
അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്.യുഎന്‍ ദുരന്തനിവാരണസംഘം തലവന്‍ ആണ് ലേഖകന്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top