12 November Tuesday

"പിന്നെ മാളൊക്കെ വന്നപ്പോ എല്ലാരും അവടെ പോയാണ് സാധനം വാങ്ങണത്"; അത്‌ മട്ടാഞ്ചേരി സ്ലാങ്ങുള്ള നാട്ടുകാരന്‍റെ രാഷ്ട്രീയമറിവാണ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

അമൽ ലാൽ

അമൽ ലാൽ

ഇന്നലെ ലാഭം തന്നെ വേറെയെന്തോ ആണെന്ന് തിരിച്ചു വച്ച മനുഷ്യനാണ് ബ്രോഡ്‌വേയിലെ നൗഷാദ്‌. കഴിഞ്ഞ ദിവസം ചാനലുകളിൽ നൗഷാദ്‌ വന്നിരുന്ന്‌ സംസാരിച്ചിരുന്നു. സാധാരണക്കാരന്റെ ഭാഷയിൽ. കോർപ്പറേറ്റുകൾ മാർക്കറ്റ്‌ പിടിച്ചടക്കുമ്പോഴുള്ള ചെറുകിട കച്ചവടക്കാരുടെ ആകെ ആകുലതകളാണ്‌ നൗഷാദിന്റെ ഓരോ വാക്കുകളിലും ഉള്ളത്‌.

അമൽ ലാലിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

ന്യൂസ് അവറുകളില്‍‍ നൗഷാദ് പറയുന്നതൊക്കെ എഴുതി വയ്ക്കേണ്ട അവസ്ഥയാണ്. അതൊക്കെ മട്ടാഞ്ചേരി സ്ലാങ്ങുള്ള നാട്ടുകാരന്‍റെ രാഷ്ട്രീയമറിവാണ്.

“ബിസിനെസ്സ് ഒക്കെ ഡൌണ്‍ ആണ്. എല്ലാരേം ഡൌണ്‍ ആണ്. നോട്ടു നിരോധനം ഒക്കെ വന്നേന് ശേഷം എല്ലാരെ ബിസിനെസ്സും കുറവാണ്."

"പിന്നെ മാളൊക്കെ വന്നപ്പോ എല്ലാരും അവടെ പോയാണ് സാധനം വാങ്ങണത്. ബ്രോഡ് വേന്ന് ഒന്നും ആളോള് സാധനം വാങ്ങുന്നില്ലല്ലോ. ഈ ലുലു മാളില്‍ ഒക്കെ നാല്പത് ശതമാനം, അമ്പത് ശതമാനം ഡിസ്ക്കൌണ്ട് കൊടുക്കുമ്പോ അവര് അവടെന്നാണ് വാങ്ങണത്.”

പരാതികളില്ലാത്ത ഒച്ചയില്‍ മൂപ്പര് പറയണത് നമ്മള്‍ വലിയ വായില്‍ കൊറേ കാലമായി പറയണ രാഷ്ട്രീയമാണ്. ആകോളവല്‍ക്കരണം, മുതലാളിത്ത രാഷ്ട്രീയം, ആഗോളഭീമന്മാര്‍ എന്നൊക്കെ പറഞ്ഞ, ഇന്നും സിനിമാക്കാരും ടി വിക്കാരും കളിയാക്കണ ടേംസ്.

മോഡി സര്‍ക്കാര്‍ വന്നതിനു ശേഷം അവരുടെ നയപരമായ വീഴ്ച കൊണ്ട് ഇന്ത്യന്‍ എക്കോണമിയുടെ അവസ്ഥ. വന്‍കിട കോപ്പറെറ്റ്സ് മാര്‍ക്കറ്റ് പിടിക്കുമ്പോ അരികിലായി പോകുന്ന റീട്ടൈല്‍ കച്ചവടക്കാര്‍ ഇതൊക്കെയാണ് നൌഷാദ് സിമ്പിള്‍ ആയി പറഞ്ഞത്.

ഇന്നലെ ലാഭം തന്നെ വേറെയെന്തോ ആണെന്ന് തിരിച്ചു വച്ച മനുഷ്യനാണ്. കയ്യിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് മൊത്തം പെറുക്കി എടുത്തു ഫ്രീയായി കൊടുത്തിട്ടാണ് ആ മനുഷ്യന്‍ പറഞ്ഞത് എനിക്കിതൊക്കെ ലാഭമല്ലേ എന്ന്. അതെന്ത് ലാഭമെന്നു എംബിഎക്കാരന്‍റെ ഒരു കണക്കിനും മനസ്സിലാവില്ല. അവടെ ചിതറിപ്പോവുന്നത് ക്യാപിറ്റലിസത്തിന്‍റെ ചില നരേറ്റീവാണ്. കുറച്ചധികം മനുഷ്യന്മാര്‍ ഇങ്ങനെ ലാഭം കണക്കാക്കിയാല്‍‍ പൊട്ടി പോണ സാധനമാണത്.

‍നമ്മുടെ നക്കി കൊല്ലലില്‍ നിന്ന് കൂടി ആ മനുഷ്യന് അതിജീവിക്കാന്‍ പറ്റട്ടെ എന്നെ ഉള്ളു. നൗഷാദായി തന്നെ ജീവിക്കാന്‍ പറ്റട്ടെ. സ്നേഹിച്ചാല്‍, സഹായിച്ചാല്‍ നമ്മുടെ നാട്ടാര്‍ക്ക് ഒരു പ്രശ്നമുണ്ട്. നാട്ടാരുടെ‍ മോറല് അനുസരിച്ച്, എളിമയടെ ജീവിക്കണം. അതിപ്പോ സൗമ്യന്‍റെ അമ്മ ആയാലും, ഹനാന്‍ ആയാലും. അങ്ങനെ നടന്നില്ലെങ്കി ഉണ്ടാവുന്ന അക്രമം ഭീകരമാണ്. എല്ലാത്തിനെയും ആ മനുഷ്യന് മറികടക്കാന്‍ പറ്റട്ടെ. നൗഷാദ് ഇക്ക അവടെ തന്നെ ഉണ്ടാവും. നമുക്ക് നിരുപാധികം സ്നേഹിക്കാം. പക്ഷേ ഇപ്പൊ ജീവിതം തീര്‍ന്ന കുറച്ചു മനുഷ്യരുണ്ട്. പ്രതീക്ഷയറ്റവർ, കൂരയില്ലാത്തവർ, ഉറ്റവരില്ലാത്തവർ, നൗഷാദ് ഇക്കയെ പോലെ കൈമെയ് മറന്നു അവരെ സഹായിക്കണ്ട നേരമാണ്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top