കൊച്ചി > സൈമണ്‍ ബ്രിട്ടോയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ധനമന്ത്രി തോമസ് ഐസക്ക്. വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടം മുതലിങ്ങോട്ടുള്ള സംഭവങ്ങളും ഓര്‍മകളുമാണ് തോമസ് ഐസക്ക് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ബ്രിട്ടോയുടെ വേര്‍പാട് എന്ന അപ്രതീക്ഷിത യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് ഈ പുതുവര്‍ഷം പുലരുന്നത്. അസാമാന്യധൈര്യശാലിയായിരുന്ന ആ സുഹൃത്ത് ഇനിയില്ല. എന്തൊരു ജീവിതമായിരുന്നു അത്. കത്തിമുനയില്‍ ഏതാണ്ട് പിടഞ്ഞുതീര്‍ന്നെന്ന് കരുതിയേടത്തു നിന്നാണ് ബ്രിട്ടോ തുടങ്ങിയത്. ആത്മബലത്തിന്റെ ഇതിഹാസമായി മാറിയ ജീവിതം.
മഹാരാജാസിലല്ല ബ്രിട്ടോ പഠിച്ചത്. അതു പറഞ്ഞാലാരും വിശ്വസിക്കില്ല. അത്രയ്ക്ക് മഹാരാജാസുമായി ബ്രിട്ടോയുടെ ജീവിതം വിളക്കിച്ചേര്‍ക്കപ്പെട്ടു. ബ്രിട്ടോ എസ്എഫ്‌ഐ നേതാവായ കാലത്ത് അധികം കോളജുകളൊന്നും എസ്എഫ്‌ഐയുടെ പക്കലുണ്ടായിരുന്നില്ല. അന്ന് എസ്എഫ്‌ഐ ജയിക്കുന്ന കോളജെന്ന നിലയില്‍ മാത്രമല്ല, സംഘടനാ പ്രവര്‍ത്തനത്തില്‍ മഹാരാജാസിലുണ്ടായിരുന്ന സവിശേഷ രീതികളിലും സഖാവ് ആകൃഷ്ടനായിരുന്നു.
രാഷ്ട്രീയം പഠിക്കാന്‍ മഹാരാജാസില്‍ ആരംഭിച്ച പഠനരീതികളുണ്ടായിരുന്നു. സഖാവ് ഗോവിന്ദപ്പിള്ളയാണ് ആ സിലബസ് തയ്യാറാക്കിയത്. അതനുസരിച്ച് പഠിക്കാനും പഠിപ്പിക്കാനും മഹാരാജാസിലെ വിദ്യാര്‍ത്ഥി അല്ലായിരുന്നിട്ടും ബ്രിട്ടോയുമുണ്ടായിരുന്നു.
മഹാരാജാസുമായി ഇഴുകിച്ചേര്‍ന്നു ജീവിച്ചതുകൊണ്ടാണ് ആ കോളജുമായി ബന്ധപ്പെട്ട ഓര്‍മകളെഴുതാന്‍ അദ്ദേഹം തയ്യാറായത്. ഡിസി ബുക്‌സാണ് പ്രസാധകര്‍. ആ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു സഖാവ്. ആ പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കാനാണ് അദ്ദേഹം അവസാനമായി എന്നെ കണ്ടത്. ഏതാനും ദിവസം മുമ്പ്. അഭിമന്യുവോളം നീണ്ടു ആ ഹൃദയബന്ധം. ജീവിക്കുന്ന രക്തസാക്ഷിയായി സധൈര്യം ജീവിച്ച അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചു കളഞ്ഞ സംഭവമായിരുന്നു ആ കുട്ടിയുടെ കൊലപാതകം.
ഗുണ്ടാസംഘങ്ങളുടെ നോട്ടപ്പുള്ളികളായിരുന്നു മഹാരാജാസില്‍ പലരും. ബ്രിട്ടോ ഉള്‍പ്പെടെ. പക്ഷേ ബ്രിട്ടോ ആരെയും കൂസാക്കിയില്ല. ഒന്നിനെയും ഭയപ്പെട്ടില്ല. ആ ധൈര്യം ജീവിതത്തിലുടനീളം സഖാവിലുണ്ടായിരുന്നു. എഴുത്തും വായനയും യാത്രയുമായി ബ്രിട്ടോ തന്റെ വീല്‍ചെയര്‍ ജീവിതം ആഘോഷമാക്കി.
പരിമിതികള്‍ക്കു കീഴടങ്ങാന്‍ ഒരിക്കലും അദ്ദേഹം കൂട്ടാക്കിയില്ല. 2006ല്‍ എംഎല്‍എ ആയി നിയമസഭയിലെത്തുമ്പോള്‍ ഭിന്നശേഷി സൗഹൃദമായിരുന്നില്ല നിയമസഭ. വീല്‍ചെയറില്‍ അന്ന് സഭയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. ആ പ്രശ്‌നം പരിഹരിക്കാന്‍ മുന്നില്‍ നിന്നത് ബ്രിട്ടോയാണ്. സഖാവിന്റെ വരവിനു ശേഷമാണ് നമ്മുടെ നിയമസഭ ആ പരിമിതിയെ മറികടന്നത്.
ബ്രിട്ടോ പ്രസംഗിക്കുമ്പോള്‍ സഭ സാകൂതം കേട്ടിരുന്നു. വിഷയത്തിലുള്ള ധാരണ മാത്രമല്ല ആ പ്രസംഗങ്ങളെ ശ്രദ്ധേയമാക്കിയത്. ആഴമുള്ള രാഷ്ട്രീയബോധം ആ വാക്കുകളെ വഴിവിളക്കാക്കി. 2006ല്‍ എന്റെ ആദ്യത്തെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ചയിലാണ് സഖാവിന്റെ ആദ്യത്തെ നിയമസഭാ പ്രസംഗം. 'മനുഷ്യന് ഈ മണ്ണില്‍ നിലവിളിക്കാതെ ജീവിക്കുന്നതിനുവേണ്ടിയാണ് ഈ ബജറ്റ്' എന്ന അദ്ദേഹത്തിന്റെ വാചകം ഇന്നും മനസിലുണ്ട്. politics is the root essence of economics എന്ന ഉദ്ധരണിയും. ആ പ്രസംഗത്തില്‍ അദ്ദേഹം ജോസഫ് സ്റ്റിഗ്‌ളിറ്റ്‌സിനെ ഉദ്ധരിച്ചു. നവോത്ഥാനപോരാട്ടങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ജോണ്‍ സ്റ്റെയിന്‍ബെക്കിന്റെ 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍' എന്ന നോവലിനെക്കുറിച്ചു പറഞ്ഞു. മഹാരാജാസ് കോളജനെക്കുറിച്ചും.
എംഎല്‍എ ആയിരിക്കുമ്പോള്‍ വാങ്ങിയ അംബാസഡര്‍ കാറില്‍, വീല്‍ ചെയര്‍ കാറിനു മുകളില്‍ കെട്ടിവെച്ച് അദ്ദേഹം ഭാരതപര്യടനം നടത്തി. ഈയൊരു വാചകത്തിനപ്പുറം ബ്രിട്ടോയുടെ ഇച്ഛാശക്തിയെക്കുറിച്ചെഴുതാന്‍ എനിക്കു വാക്കുകളില്ല.
സുഹൃത്തുക്കളുടെയും സഖാക്കളുടെയും മനസില്‍ ബ്രിട്ടോയ്ക്കു മരണമില്ല. കാരണം, മരണത്തെ മുഖാമുഖം നിന്ന് വെല്ലുവിളിച്ച് തോല്‍പ്പിച്ച സഖാവാണ് ബ്രിട്ടോ.
ലാല്‍സലാം... സഖാവേ...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..