28 May Sunday

അകത്ത് രഹസ്യയോഗം, പുറത്ത് പൊലീസ് കാവല്‍; എകെജി പൊലീസിനെ കബളിപ്പിച്ച കഥ

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019


കനല്‍വഴികള്‍ നിറഞ്ഞ ചരിത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേത്. കൊടിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിച്ചായിരുന്നു പാര്‍ടി പ്രവര്‍ത്തനം. 1948 കാലഘട്ടത്തിലെ ഒളിവുജീവിതവും പാര്‍ടിപ്രവര്‍ത്തനവും പങ്കുവെക്കുകയാണ് മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സ്. പാര്‍ടിയുടെ സഹയാത്രികനായിരുന്ന ദന്തഡോക്ടര്‍ എബ്രഹാം ചാത്തുരുത്തിയെ അനുസ്‌മരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് എകെജിയും പി ഗംഗാധരനും ടി കെ രാമകൃഷ്‌ണനുമൊക്കെ കടന്നുവരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഡോ.ഏബ്രഹാം ചാത്തുരുത്തി.

----------------------------------------------

1948 കാലഘട്ടത്തില്‍ എറണാകുളം നഗരത്തില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. അക്കാലത്ത്, പാര്‍ട്ടിയെ സാമ്പത്തികമായും മറ്റ് നിലയ്ക്കും സഹായിച്ചിരുന്ന വ്യക്തിയായിരുന്നു ഡെന്റസ്റ്റ് ആയിരുന്ന ഡോ. ഏബ്രഹാം ചാത്തുരുത്തി. അദ്ദേഹത്തിന്റെ ഡെന്റല്‍ ക്ലിനിക് എറണാകുളത്തായിരുന്നു. മുളന്തുരുത്തിയിലെ ഒരു പുരാതന പ്രമാണി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. യാക്കോബായ സമുദായത്തിലെ ഒരു ബിഷപ്പും അദ്ദേഹത്തിന്റെ കുടുബാംഗം ആയിരുന്നു. സ്‌പോര്‍ട്‌സ് കാര്യങ്ങളില്‍ വലിയ താല്പര്യം ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. നല്ലൊരു ബില്യര്‍ഡ്സ് കളിക്കാരനും ടെന്നീസ് കളിക്കാരനും ആയിരുന്ന അദ്ദേഹം എറണാകുളം ശ്രീരാമവര്‍മ്മ ക്ലബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കായലില്‍ മച്ചുവ വലിക്കുന്നത് അദ്ദേഹത്തിന്റെ വലിയ വിനോദം ആയിരുന്നു. എന്നേക്കാള്‍ ഇരുപത്തിയാറ് വയസ് മൂത്ത ഡോ. ചാത്തുരുത്തി മക്കളോട് കാണിച്ചിരുന്ന വത്സല്യമാണ് എന്നോട് എന്നും കാണിച്ചിരുന്നത്.

എറണാകുളത്തു നിന്നും പടിഞ്ഞാറ് നോക്കിയാല്‍ കടല് കാണാം. അസ്തമയ സമയങ്ങളില്‍ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ചുവന്ന സൂര്യന്‍ പതുക്കെപ്പതുക്കെ അറബികടലിലേക്ക് മുങ്ങി കൊണ്ടിരിക്കുന്നത് സുന്ദരമായ കാഴ്ചയാണ്. ഞങ്ങളൊന്നിച്ചു പലപ്പോഴും വൈകുന്നേരം അസ്തമയ സമയങ്ങളില്‍ എറണാകുളം കായലില്‍ മച്ചുവയുമായി തുഴഞ്ഞ് കൊച്ചി തുറമുഖത്തു ഏതാണ്ട് കടലിന്റെ അടുത്തു വരെ പോകുമായിരുന്നു. ഇവയെല്ലാറ്റിനെക്കാളും പ്രധാനപെട്ട കാര്യം അദ്ദേഹം അടിയുറച്ച കമ്മ്യൂണിസ്റ്റ്കാരന്‍ ആയിരുന്നു എന്നതാണ്.!

സ.പി. ഗംഗാധരന്‍ ആയിരുന്നു അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറി(തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മറ്റി). ഞാന്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. മിക്കവാറും പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഉള്ള പൊതുയോഗങ്ങളില്‍ ഡോ. ഏബ്രഹാം ചാത്തുരത്തി വന്ന് പങ്കെടുക്കുമായിരുന്നു. അന്ന് പാര്‍ട്ടിക്ക് സ്വന്തമായി വാഹനം ഉണ്ടായിരുന്നില്ല. ടാക്‌സി എടുത്തു പോകുവാന്‍ ഉള്ള സാമ്പത്തിക ശേഷിയും പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. മിക്കവാറും സൈക്കിള്‍ ചവിട്ടിയാണ് എല്ലായിടത്തും പോകുന്നത്. ഡോ. ചാത്തുരുതിക്ക് ഒരു എന്‍ഫീല്‍ഡ് മോട്ടര്‍ സൈക്കിള്‍ ഉണ്ടായിരുന്നു. അതിന്റെ പിന്നില്‍ ഇരുന്നാണ് ദൂരെ പ്രദേശങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയിരുന്നത്. ചില യോഗങ്ങളില്‍ ഡോക്ടറും പ്രസംഗിക്കാറുണ്ടായിരുന്നു.

മുളന്തുരുത്തി പ്രദേശത്ത് ധാരാളം ഭൂമിയുള്ള ഒരു നമ്പൂതിരി ജന്മി ഉണ്ടായിരുന്നു. പുളിക്കമാലിയില്‍ ആ ജന്മി വക പാട്ട ഭൂമിയില്‍ നിന്ന് ഒരു കൃഷിക്കാരനെ ഒഴിപ്പിക്കാന്‍ നീക്കം നടന്നപ്പോള്‍ അതിനെ ചെറുക്കാന്‍ പാര്‍ട്ടി തയ്യാറായി. അന്ന് സ.ടി കെ രാമകൃഷ്ണന്‍ പാര്‍ട്ടി നേതാവും കര്‍ഷക സംഘം നേതാവും ആയിരുന്നു. പാര്‍ട്ടിയെയും നേരിട്ട് കൊണ്ട് ജന്മിയെ സഹായിക്കാന്‍ ഏതാനും കോണ്‌ഗ്രെസ് പ്രമാണിമാര്‍ രംഗത്തു വന്നു. ജന്മിക്കെതിരെ നിന്ന ഞങ്ങളെ ആക്രമിക്കാന്‍ പോലും കോണ്‌ഗ്രെസ്സുകാര്‍ തയ്യാറായി. കൃഷിക്കാരെ സഹായിക്കാന്‍ തുനിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ഡോ. ചാത്തുരുത്തിയും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് തല്ലൊന്നും ഉണ്ടായില്ല. എറണാകുളത്തു പിന്നീട് ഡി സി സി പ്രസിഡന്റ് ആയി തീര്‍ന്ന വി ജെ പൗലോസിന്റെ പിതാവും, പിതാവിന്റെ സഹോദരനും മറ്റുമായിരുന്നു ജന്മിക്ക് വേണ്ടി ആക്രമിക്കാന്‍ മുന്‍കൈ എടുത്തു വന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയാന്‍ കഴിഞ്ഞത്. സ.ടി കെ അന്ന് കണയന്നൂര്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ഞാന്‍ ആ സ്ഥാനത്തേക്ക് അവരോധിക്കപെട്ട ഘട്ടത്തില്‍ ആണ് സംഭവം നടന്നത്. കൃഷിക്കാരനെ ഒഴിപ്പിക്കാന്‍ ഉള്ള തീരുമാനത്തില്‍ നിന്ന് ജന്മി പിന്മാറിയില്ല.

ടി കെ യും ഞാനും ചാത്തുരുത്തിയും പുറത്തു നിന്നുള്ള ചില സഖാക്കളും ചേര്‍ന്ന് ആക്രമിക്കാന്‍ വന്നവരെ നേരിടാന്‍ തയ്യാറെടുപ്പ് നടത്തി. അതെല്ലാം അറിഞ്ഞിട്ടായിരിക്കണം, തുടര്‍ന്ന് ജന്മി ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് പിന്‍വാങ്ങി.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കന്മാര്‍ക്ക് ഡോ. ചാത്തുരുത്തി രഹസ്യമായി അഭയം നല്‍കി പോന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു അടുത്ത ബന്ധു പോലീസ് ഇന്‍സ്പെക്ടറായിരുന്നു. അറിയപ്പെടുന്ന മര്‍ദ്ദകനായിരുന്നു 'ഇന്‍പെക്ടര്‍ ചാത്തുരുത്തി'.

ആകാലത്തു ജയിലില്‍ ആയിരുന്ന സ.എ കെ ജി മോചിതനായി പുറത്തു വന്നു. സുപ്രീംകോടതി വരെ കേസ് നടത്തിയാണ് എ കെ ജി പുറത്തു വന്നത്. നിരോധനവും അറസ്റ്റും തടവും കൊടിയ മര്‍ധനവും മൂലം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത കാലമായിരുന്നു അത്. എ കെ ജി കേരളത്തിന്റെ വടക്കേ അറ്റത് നിന്ന് തെക്കോട്ട് ഒരു പ്രയാണം ആരംഭിച്ചു. ഉറങ്ങി കിടക്കുന്ന പാര്‍ട്ടിയെ തട്ടി ഉണര്‍ത്തുകയും കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഒളിവില്‍ കഴിയുന്ന പ്രധാന സഖാക്കളെ രഹസ്യമായി കണ്ട് സംസാരിക്കുക തുടങ്ങിയ പരിപാടികളുമായി വടക്കേ അറ്റത്തു നിന്നും പ്രയാണം തുടങ്ങിയ എ കെ ജി എറണാകുളത്തേക്കും എത്തുകയുണ്ടായി. അദ്ദേഹത്തെ പിന്തുടര്‍ന്ന് ഒരു വാന്‍ നിറയെ പോലീസുകാരും, ജീപ്പില്‍ ചില പോലീസ് ഓഫീസര്‍മാരും, രഹസ്യ പോലീസുകാരും ഒക്കെയുണ്ട്. എ കെ ജിക്ക് സ്വതന്ത്രമായി ജനസമ്പര്‍ക്കം നടത്താന്‍ കഴിയാത്ത വിധമാണ് പോലീസ് സന്നാഹത്തെ ഏര്‌പെടുത്തിയിരുന്നത്. ആരോടെല്ലാം എ കെ ജി സംസാരിക്കുന്നുവോ അവരെല്ലാം പോലീസിന്റെ നോട്ടപുള്ളികള്‍ ആകുന്നു. എല്ലാവരിലും ഭയം ഉണ്ടാക്കുന്ന വിധത്തില്‍ ആയിരുന്നു പോലീസ് അകമ്പടി.

ജില്ലാ സെക്രട്ടറിയും പ്രധാന നേതാവും ആയിരുന്ന സ.പി ഗംഗാധരന്‍ അന്ന് ഒളിവില്‍ ആണ്. ഒളിവില്‍ അദ്ദേഹത്തിന്റെ പേര് 'നമ്പ്യാര്‍' എന്നായിരുന്നു. പരിയാരത്തു സര്‍ക്കാര്‍ വക കൃഷി ചെയ്യാതെ കിടന്ന ഭൂമിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഉള്ള കാര്‍ഷക സംഘം പ്രവര്‍ത്തകര്‍ കയ്യേറി കൃഷി ചെയ്യാന്‍ ആരംഭിച്ചു. ആ കര്‍ഷകര്‍ സ്വന്തമായി ഭൂമി ഇല്ലാത്തവരും വളരെ പാവപ്പെട്ടവരും ആയിരുന്നു. അതിനെ ചെറുക്കുവാന്‍ സായുധ പോലീസ് സംഘം രംഗത്ത് വന്നു. കൃഷിക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ആ കേസില്‍ സ. പി ഗംഗാധരന്‍ പ്രതിയാക്കപ്പെടുകയും ചെയ്തു. പ്രസ്തുത കേസില്‍ ശിക്ഷിക്കപ്പെട്ട ഏതാനും കാര്‍ഷക സംഘം നേതാകന്മാര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിരുന്നു.

( ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഞങ്ങളേയും വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നു. അങ്ങനെ ഞങ്ങള്‍ അവരുടെ സഹ തടവുകാര്‍ ആയി. യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ ദാരുണമായ അവസ്ഥയില്‍ ആണ് ആലുവ സബ് ജയിലിലും മറ്റും കിടന്നിരുന്നത്. ഞങ്ങളുടെ പരാതിയും അടിസ്ഥാന അവശ്യങ്ങളും പരിഗണിക്കാതായപ്പോള്‍, ഒടുവില്‍ ഞാനും കെ സി മാത്യൂവും 16 ദിവസം തുടര്‍ച്ചയായി നിരാഹാരം കിടന്ന് മരിച്ചു പോകുമെന്ന ഘട്ടം വന്നപ്പോള്‍ ആണ് ഞങ്ങളെ വിയ്യൂരിലേക്ക് മാറ്റാന്‍ അധികൃതര്‍ തയാറായത്. (അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് എഴുത്തുന്നതാണ്.))

ഒളിവില്‍ കഴിഞ്ഞിരുന്ന സ. ഗംഗാധരന്‍ തലേ ദിവസം തന്നെ രഹസ്യമായി ഡോ. ചാത്തുരുത്തിയുടെ വസതിയില്‍ എത്തി താമസിച്ചു. അന്ന് എറണാകുളം പടിയാത്തു കുളത്തിന്റെ തെക്കേ കരയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ക്ലിനിക്കും വസതിയും. കഠിനമായ പല്ല് വേദന ഉണ്ട് എന്ന് പറഞ്ഞു എ കെ ജി അങ്ങോട്ട് എത്തിച്ചേര്‍ന്നു. പോലീസ് ഓഫീസര്‍മാര്‍ പുറത്തു കാവല്‍ നിന്നു. ഒളിവില്‍ ആയിരുന്ന സ. പി. ഗംഗാധരനെ കാണാന്‍ എ കെ ജിക്ക് അവസരം ലഭിച്ചു. ഒരു മണിക്കൂറില്‍ കൂടുതല്‍ അവിടെ എ കെ ജി ചെലവഴിച്ചു. ഇത്തരമൊരു തന്റേടം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഒപ്പം കാണിച്ച വ്യക്തിയായിരുന്നു ഡോ. ചാത്തുരുത്തി. ഉറച്ച കമ്മ്യൂണിസ്റ്റ് ബോധം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍പെട്ട (upper middle class) പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴെ കിടയിലുള്ള തൊഴിലാളികള്‍ക്കൊപ്പം ജീവിക്കാന്‍ തയ്യാറാകണം, അവരുടെ കഷ്ടപ്പെടുകള്‍ മനസിലാക്കാന്‍ തയ്യാറാകണം എന്ന ഉദ്ദേശത്തോടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ സ്വയം 'declass' ചെയ്യാന്‍ തയ്യാറാകണമെന്ന ഒരു അലിഖിത തത്വം പ്രവര്‍ത്തിയില്‍ നടപ്പിലാക്കിയിരുന്നു. ദാരിദ്ര്യത്തില്‍ ജീവിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് നല്ല ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രം ധരിക്കാനോ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ശേഷിയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ പാവപ്പെട്ടവരുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മുഷിഞ്ഞ വേഷം ധരിച്ചും ദാരിദ്ര്യം അനുഭവിച്ചും പ്രവര്‍ത്തനം നടത്തുന്നത് ജനങ്ങളെ അടുത്തറിയാന്‍ സഹായകമാകും. കൂടാതെ, പാവപ്പെട്ടവരുടെ ഭാഗം തന്നെയാണ് തങ്ങള്‍ എന്ന് പാര്‍ട്ടി അംഗങ്ങളും, തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി നേതാക്കന്മാര്‍ പാവപ്പെട്ടവരുടെ ഭാഗമാണെന്ന് ജനങ്ങളും വിശ്വസിക്കുവാന്‍ അത് സഹായകരമായി തീര്‍ന്നു. ആ ഉദ്ദേശത്തോടെ തന്നെയാണ് പാര്‍ട്ടി അത്തരമൊരു തീരുമാനം എടുത്തതും. ആ വിധത്തില്‍ പ്രവര്‍ത്തനം നടത്തിയതിന്റെ ഫലമായി ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസവും മതിപ്പും വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഉയര്‍ന്ന ഇടത്തരം കുടുംബത്തില്‍ ജനിച്ച എന്നെപോലുള്ളവര്‍ക്കും ജനങ്ങളുടെ ഇടയില്‍ അംഗീകാരം ഉണ്ടാകാന്‍ അത് കാരണമായി എന്നതും യാഥാര്‍ത്ഥ്യമാണ്.

അങ്ങനെ ഡീ-ക്ലാസ് ചെയ്ത് പാര്‍ട്ടിപ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആണ് ഡോ. ചാത്തുരുത്തിയുടെ വസതിയില്‍ പലപ്പോഴും ഞാന്‍ പോയിരുന്നത്. അവിടെ നിന്നും നല്ല ഭക്ഷണം കഴിക്കുക എന്ന ഉദ്ദേശ്യവും എനിക് ഉണ്ടായിരുന്നു. തൃപ്തിയോട് കൂടിയാണ് ഡോക്ടറുടെ വസതിയില്‍ നിന്ന് എനിക് ഭക്ഷണം തന്നിരുന്നത്. അദ്ദേഹത്തിന്റെ ബന്ധത്തിപ്പെട്ട ചിലരും ഞാന്‍ അവിടെ ചെല്ലുന്ന ചില ദിവസങ്ങളില്‍ ഉണ്ടാകാറുണ്ട്. അവരുടെ ഇടയിലെ മോശം ആളായി എന്നെ കാണുവാന്‍ അത് ഇടവരുത്തി എന്ന് ഡോക്ടറുടെ സംസാരത്തില്‍ നിന്ന് എനിക് മനസിലായി. ഡോക്ടര്‍ തന്നെ അത് വ്യക്തമാക്കി 'നിനക്കു നല്ല വസ്ത്രം ധരിച്ചു നടന്നുകൂടെ..നീ എന്തിനാണ് ഇങ്ങനെ മുഷിഞ്ഞ വസ്ത്രം ഇട്ട് നടക്കുന്നത്..'. പിന്നീട് നല്ല വസ്ത്രം ധരിച്ചു മാത്രമേ ഞാന്‍ അവിടെ പോകുമായിരുന്നുള്ളൂ.

ഒരു ഉറച്ച കമ്മ്യൂണിസ്റ്റായാണ് അദ്ദേഹം നിലകൊണ്ടത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ഉറച്ച ആഭിമുഖ്യം നിമിത്തം അദ്ദേഹത്തിന്റെ ഇളയ പുത്രന് ലെനിന്‍ എന്ന് പേരിട്ടു. ലെനിന്‍ ഇപ്പോള്‍ എറണാകുളത്തെ പ്രസിദ്ധനായ ഇ. എന്‍. ടി. ഡോക്ടര്‍ ആണ്.
1986ല്‍ 83 വയസ് ഉള്ളപ്പോള്‍ ഡോ. ഏബ്രഹാം ചാത്തുരുത്തി അന്തരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top