24 August Saturday

കുരുവിക്കൂട്ടിലെ സുനിച്ചേട്ടനും പാവം മംമ്‌തയും

വെ ബ് ഡെസ്ampക്Updated: Thursday May 26, 2016

വല്യ സിനിമാ നടിയാണെന്നൊന്നും ആ കൊച്ചിനെ കണ്ടപ്പോള്‍ കുരുവിക്കൂട് കവലയിലെ സുനിച്ചേട്ടന് തോന്നിയില്ല. എന്നാല്‍, ആ കൊച്ചെടുത്ത ഒറ്റ സെല്‍ഫികൊണ്ട് സുനിച്ചേട്ടന്‍ നാട്ടിലെ താരമായിമാറി. കാരണം സെല്‍ഫിയെടുത്ത ആ പാവംകൊച്ച് ഏവരുമറിയുന്ന മംമ്‌താ മോഹന്‍ദാസായിരുന്നു എന്നതാണ്.

മംമ്‌ത തന്റെ ഫേസ്‌ബുക്ക്പേജില്‍ ചിത്രമിട്ടതോടെയാണ് സുനിച്ചേട്ടനും കഥയറിയുന്നത്. വാഗമണ്ണിലേക്കുള്ള പാതയിലെ ബേക്കറികടഉടമ സുനിലിനെ താരമാക്കിയ സെല്‍ഫിയെക്കുറിച്ച് രഞ്ജിത് വിശ്വം ഫേസ്‌ബുക്കില്‍ എഴുതിയത്:

ടയുടെ സൈഡിലിട്ടിരിക്കുന്ന തടിക്കസേരയിലിരിക്കുന്ന പെണ്‍കുട്ടിയെ സുനിച്ചേട്ടന്‍ അല്പം സംശയദൃഷ്ടിയോടെ നോക്കി.
കുരുവിക്കൂട് കവലയിലെ പൂര്‍ണിമ ബേക്കറി നടത്തുന്ന സുനിച്ചേട്ടന്‍ എന്ന സുനില്‍ എനിക്ക് സഹോദര തുല്യനാണ്. ബേക്കറി എന്നാണ് കടയ്ക്ക് പേരെങ്കിലും ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ലഭിക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റാണ് സംഭവം. അതുകൊണ്ടെന്താ രാവിലെ തുറക്കുമ്പോള്‍ മുതല്‍ രാത്രി വൈകി അടയ്ക്കും വരെ കടയില്‍ തിര്‍ക്കോടു തിരക്കാണ്.. അലമാരയിലും തറയിലും നിറഞ്ഞിരിക്കുന്ന സാധനക്കൂമ്പാരത്തിനിടയിലൂടെ കഷ്ടപ്പെട്ടു വേണം കടയില്‍ കയറാന്‍.. ഉള്ളിലോ നിന്നു തിരിയാനിടയില്ലാത്ത വിധം വിവിധ സാധനങ്ങളാണ്.. അവയ്ക്കിടയില്‍ കിടക്കുന്ന പഴയൊരു തടിക്കസേരയിലാണ് പെണ്‍കുട്ടി ഇരിക്കുന്നത്..

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്ണിലേക്കും തേക്കടിയിലേക്കുമുള്ള ടൂറിസ്റ്റുകളുടെ പ്രധാന സഞ്ചാര പാതകളിലൊന്നിനരികിലാണ് കട എന്നതിനാല്‍ ഇത്തരത്തിലുള്ള സന്ദര്‍ശകര്‍ സുനിച്ചേട്ടനു പുതുമയല്ല.. എന്നാല്‍ സംശയദൃഷ്ടിയോടെ നോക്കിയതില്‍ ചെറിയ കാര്യമുണ്ട് താനും.. കുറച്ചു നാള്‍ മുമ്പ് ഇത്തരത്തില്‍ വന്ന ഒരു ടൂറിസ്റ്റ് സംഘം ഷോപ്പിങ്ങ് എല്ലാം കഴിഞ്ഞ് പോയപ്പോള്‍ ബില്ലില്‍ പെടാത്ത കുറെ സാധനങ്ങള്‍ കൂടി എടുത്തുകൊണ്ട് പോയത്രേ.. അതിനുശേഷം ആളിന് ടൂറിസ്റ്റുകളെയൊക്കെ മൊത്തത്തില്‍ സംശയമാണ്..

നല്ല തിരക്കുള്ള സമയമാണ്.. തിരക്കൊഴിയാന്‍ കാത്തിരുന്ന് തനിക്കാവശ്യമുള്ള സാധങ്ങള്‍ വാങ്ങി പോകാനിറങ്ങുമ്പോള്‍ പെണികുട്ടി ചോദിച്ചു.. ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ.. ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു ഇത്രയും തിരക്കിനിടയിലും കടയില്‍ വരുന്ന ഒരാളെപ്പോളും ചേട്ടന്‍ ശ്രദ്ധിക്കാതിരുന്നില്ല.. ആര്‍ക്കും പ്രത്യേക പരിഗണനയും കൊടുത്തില്ല.. എല്ലാരെയും തൃപ്തിപ്പെടുത്തി പറഞ്ഞു വിടുന്നു.. നല്ല നയചാതുര്യം.. എങ്ങിനെ സാധിക്കുന്നു..

കച്ചവടത്തിന്റെ സുവര്‍ണ നിയമം തന്നെ അതാണല്ലോ.. അത് ഏറ്റവും കൃത്യമായി പാലിക്കുന്ന സുനിച്ചേട്ടന്‍ ഒന്നു ചിരിച്ചു..

കടയിലെ ഫോണ്‍ നമ്പരൊക്കെ വാങ്ങി ഇനിയും ഇതുവഴി വരുമ്പോള്‍ കയറാം എന്നു പറഞ്ഞ് പോകാനിറങ്ങുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാഗ്രഹം..

ചേട്ടാ.. പുറത്തേക്കൊന്നിറങ്ങി നില്‍ക്കാമോ.. ഒരു ഫോട്ടോ എടുക്കാനാ..

ഫോട്ടോ എടുക്കാന്‍... അതും ഒരു പരിചയവുമില്ലാത്ത പെണ്ണിനൊപ്പം.. വര്‍ത്തമാനകാല കേരളത്തില്‍ ജീവിക്കുന്ന ഏതൊരാണും അതു കേള്‍ക്കുമ്പോള്‍ ഒന്നു ഞെട്ടും.. നാളെ ഏതു വിവാദത്തിലാണ് തന്റെ ഫോട്ടോ പെടുന്നതെന്നറിയുവാന്‍ പറ്റില്ലല്ലോ..

ഏയ്.. ഫോട്ടോ ഒന്നും വേണ്ട.. സുനിച്ചേട്ടന്‍ തീര്‍ത്തു പറഞ്ഞു..

എന്നാല്‍ ചേട്ടന്‍ അവിടെ നില്‍ക്ക്.. ഞാനിവിടെ നിന്നെടുത്തോളാം എന്നും പറഞ്ഞ് മൊബൈല്‍ ഫോണില്‍ ഒരു പടമെടുത്ത് പെണ്‍കുട്ടി കാറില്‍ കയറിപ്പോയി..

മണിക്കൂര്‍ ഒന്നു കഴിയും മുമ്പ് സുനിച്ചേട്ടന്റെ ഫോണില്‍ ഒരു കോള്‍ വന്നു.. പാലായില്‍ കോളേജില്‍ പഠിക്കുന്ന കുരുവിക്കൂടുകാരന്‍ പയ്യനാണ് വിളിച്ചത്..

ചേട്ടോ.. ഇതൊക്കെ എപ്പോ സാധിച്ചു.. എന്താ ഞങ്ങളോടൊന്നും പറയാതിരുന്നത്.. സംഭവം കലക്കി കേട്ടോ..

എന്നതാ മോനേ സംഭവം.. സുനിച്ചേട്ടന്‍ അന്തം വിട്ടൂ..

ചേട്ടന്റെ ഫോട്ടോ കണ്ടല്ലോ ഫേസ്ബുക്കില്‍... സിനിമാ നടി മമതാ മോഹന്‍ ദാസിനൊപ്പം..

ങേ !!! സിനിമാ നടിയോ.. എപ്പോ..

അതേ.. ഒരു കാപ്പിക്കപ്പൊക്കെ പിടിച്ചു നില്‍ക്കുന്ന മമതയ്ക്ക് പുറകില്‍ ചേട്ടന്‍ ചിരിച്ചോണ്ട് നില്‍ക്കുന്നുണ്ട്... കിടിലം..

പിന്നീടങ്ങോട്ട് ഫോണ്‍ വിളീകളുടെ ബഹളമായി.. വൈകിട്ട് കുറെ പെണ്‍പിള്ളേര്‍ സുനിച്ചേട്ടനെ കാണാന്‍ കടയില്‍ വന്നു.. മമതാ മോഹന്‍ ദാസിന്റെ വിശേഷങ്ങളറിയാന്‍..

എന്തിനേറെപ്പറയുന്നു..നാട്ടിലും സമീപ പ്രഡേസങ്ങളിലും സുനിച്ചേട്ടന്‍ ഫേമസായി.. കടയില്‍ സാധനം വാങ്ങാന്‍ വരുന്നതിനേക്കാളധികം മമതാ മോഹന്‍ ദാസിന്റെ വിഷേഷങ്ങളറിയാന്‍ വരുന്ന ആളുകളായി..

മമതാമോഹന്‍ ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സുനിച്ചേട്ടനുമൊത്തുള്ള ആ ഫോട്ടോയ്ക്ക് കിട്ടിയത് നാല്പത്തയ്യയിരത്തില്‍ പരം ലൈക്സ്..

എന്റെ രഞ്ജിത്തേ..വല്ല കാവ്യാ മാധവനൊക്കെ ആണേല്‍ എനിക്ക് മനസ്സിലയേനേ.. ഇത്രേം വല്യ സിനിമാ നടിയാണെന്നൊന്നും ആ കൊച്ചിനെ കണ്ടാല്‍ തോന്നില്ല.. ഒരു പാവം.. മൊബൈലില്‍ ഫോട്ടോ കാണിച്ചു കൊണ്ട് സുനിച്ചേട്ടന്‍ അവിശ്വസനീയതയോടെ പറഞ്ഞു..

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top