24 September Sunday

കൊല്ലാന്‍ മടിയില്ലെന്ന് വിളിച്ചുപറയിപ്പിക്കുന്നത് നിങ്ങളുടെ ഭയമാണ്; മാനവീകതക്കുമുന്നില്‍ ഫാഷിസം ഒരിക്കലും ജയിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Saturday Feb 25, 2017

മാനവികതയെ ഭയപ്പെടാതെ ഫാഷിസം ഒരിയ്ക്കലും ഒരിടത്തും നാടുവാണിട്ടില്ലെന്നും എന്നേയ്ക്കുമായി മാനവികതയോട് ഒരിയ്ക്കലും ഒരിടത്തും ഫാഷിസം ജയിച്ചിട്ടുമില്ലെന്നും എം ജെ ശ്രീചിത്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരുവില്‍ കാലുകുത്തിക്കില്ലെന്ന് ആക്രോശിക്കുന്നത് അസംബന്ധമാണെന്നും മുഖ്യമന്ത്രിയെപ്പോലും അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെടുന്നത് ഒന്നാന്തരം വിരോധാഭാസമാണെന്നും ശ്രീചിത്രന്‍ പറയുന്നു.

പോസ്റ്റ് ചുവടെ
ഫെഡറല്‍ സ്റ്റേറ്റില്‍ ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ച് ജനപ്രതിനിധിയായ ഒരു വ്യക്തിയെ അതേ രാജ്യത്തിലൊരു നാട്ടില്‍ കാലുകുത്താനനുവദിക്കില്ല എന്ന് ആക്രോശിയ്ക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്ന അസംബന്ധമാണ് നാളെ മംഗലാപുരത്ത് അരങ്ങേറാന്‍ പോകുന്നത്. രാജ്യം ഭരിക്കുന്ന രാഷ്ടീയകക്ഷിക്ക് മതേതരസമ്മേളനത്തില്‍ പങ്കെടുക്കുന്നൊരു മുഖ്യമന്ത്രിയെപ്പോലും അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെടുന്നത് ഒന്നാന്തരം വിരോധാഭാസമാണ്. പക്ഷേ സംഘികളായതുകൊണ്ട് മാത്രം, ഇതും ഇതിലപ്പുറവും ആര്‍ക്കും അത്ഭുതം നല്‍കുന്നില്ല.

1950ല്‍ ഇന്ത്യ സ്വീകരിച്ച സെക്കുലറിസം നമ്മുടെ ചരിത്രാനുഭവത്തില്‍ നിന്നുടലെടുത്തതാണ്. അല്ലാതെ ചില ഭരണഘടനാവിദഗ്ധര്‍ പുറമേ നിന്ന് കടംവാങ്ങിയ ഒരാശയമല്ല. നമ്മുടെ സാമുഹികാനുഭവങ്ങളില്‍ നിന്നും സാംസ്കാരികജീവിതത്തില്‍ നിന്നും ഉടലെടുത്ത സങ്കല്‍പ്പമാണത്. ഭരണകൂടത്തില്‍ നിന്ന് പൌരോഹിത്യത്തെയും മതത്തെയും മാറ്റിനിര്‍ത്താനുള്ള ബൂര്‍ഷ്വാനവോദ്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായി പാശ്ചാത്യനാടുകളില്‍ വന്ന സെക്കുലറിസത്തില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ് ഇന്ത്യന്‍ സെക്കുലറിസം. കോളോണിയല്‍ ചാര്‍ച്ചകളില്‍ നിന്ന് മോചിതമായ ഒരു ബദല്‍ സെക്കുലറിസത്തിന്റെ സാദ്ധ്യതകളിലെക്കാണ് സ്വതന്ത്ര ഇന്ത്യ ഇത്രയും കാലം ശ്രമിച്ചുകൊണ്ടിരുന്നത്. ആ ശ്രമങ്ങളെയൊന്നാകെ അടിയില്‍ നിന്ന് തുരങ്കം വെക്കുകയാണ് ബി ജെ പി .

മതസംഘര്‍ഷങ്ങളില്‍ നിന്ന് കലാപങ്ങളിലേക്കും കലാപങ്ങളില്‍ നിന്ന് അധികാരത്തിലേക്കും നടന്നുകയറിയ ഫാഷിസത്തിന് ആകെയറിയാവുന്നത് ഇതാണ് നിശ്ശബ്ദരാക്കുക. കൊല്ലാനും ചാകാനും ഞങ്ങള്‍ക്ക് മടിയില്ലെന്നും വെടിയുണ്ടകള്‍ ഞങ്ങള്‍ക്ക് പരിചയമുണ്ടെന്നും കര്‍ണാടകയിലെ സംഘികള്‍ പച്ചയ്ക്ക് വിളിച്ചുപറയുകയാണ്. ഇവിടെ സുരേന്ദ്രനും കൊലനടത്തിയിട്ടുണ്ട് എന്ന് അഭിമാനിക്കുന്നു. ഓംജി എന്ന ഹിന്ദുമഹാസഭ നേതാവ് മുന്‍പൊരിക്കല്‍ നടത്തിയ പ്രസംഗമോര്‍ക്കുന്നു. 'ദേശദ്രോഹിയായ ഗാന്ധിയെ ഞങ്ങള്‍, ഹിന്ദുമഹാസഭയാണ് വെടിവെച്ചു കൊന്നത്. ദേശദ്രോഹികളെ എല്ലാം കൊല്ലും. ഇരുപത്തൊന്നുവട്ടം ക്ഷത്രിയനിഗ്രഹം നടത്തിയ പരശുരാമന്റെ പരമ്പരയാണ് ഞങ്ങള്‍, കൊല്ലല്‍ ഞങ്ങള്‍ പുത്തരിയല്ല...'

അതെ, നിങ്ങള്‍ കൊല്ലും. പക്ഷേ ഒന്നോര്‍ക്കുന്നതു നന്ന്, പാമ്പുകള്‍ പത്തിവിടര്‍ത്തുന്നത് ധീരത കൊണ്ടല്ല, ഭയം കൊണ്ടാണ്. മാനവികതയുടെ, മനുഷ്യത്വത്തിന്റെ സംഘശക്തിയ്ക്കു മുന്നില്‍ ഭയപ്പെട്ട ചരിത്രമേ എന്നും ഈ പാമ്പുകള്‍ക്കുള്ളൂ. ബ്രിട്ടീഷുകാരുടെ കാലില്‍ വീണിഴഞ്ഞു മാപ്പുപറഞ്ഞ് ആന്തമാനില്‍ നിന്നു രക്ഷപ്പെട്ട് 'ഹിന്ദുത്വ്'മെന്ന അസ്ഥിവാരം പണിത ഭീരുസാര്‍വര്‍ക്കജീ മുതല്‍ എല്ലാ പാമ്പുകളുടെയും അടിസ്ഥാനവികാരം ധീരതയല്ല, ഭയമാണ്. മാനവികതയെ ഭയപ്പെടാതെ ഫാഷിസം ഒരിയ്ക്കലും ഒരിടത്തും നാടുവാണിട്ടില്ല. എന്നേയ്ക്കുമായി മാനവികതയോട് ഒരിയ്ക്കലും ഒരിടത്തും ഫാഷിസം ജയിച്ചിട്ടുമില്ല.

ഇന്ത്യയുടെ ഒരറ്റത്തുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇത്രയും ഭയപ്പാടോടെ കാണുന്നത് ഇന്ത്യ ഭരിക്കുന്ന രാഷ്ടീയകക്ഷിയാണ്. ഭയം നാടുവാഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റാനാവില്ല എന്ന പ്രതീക്ഷ നിലനില്‍ക്കുന്നത് ഈ വിഷപ്പാമ്പുകളുടെ പേടി കാണുമ്പോഴാണ്.

സഖാവ് പിണറായി വിജയന്‍ മംഗലാപുരത്ത് മനുഷ്യരെ അഭിസംബോധന ചെയ്യേണ്ടത് മതേതര ഇന്ത്യയുടെ ആവശ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top