28 September Wednesday

വി ടി ബലറാമിന് എം സ്വരാജിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2016

കൊച്ചി> നവകേരള മാര്‍ച്ചിനെതിരെയും സി പി ഐ എമ്മിനെതിരെയും  വി ടി ബലറാം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്.

പി ജയരാജെനെതിരായ കേസിനെപ്പറ്റിയുള്ള ബലറാമിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സ്വരാജ് ഫേസ് ബുക്കില്‍ ചോദിക്കുന്നതിങ്ങനെ:

"കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പിണറായിയെക്കുറിച്ചും, പി. ജയരാജനെക്കുറിച്ചും ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും കെ.കെ രമ മുന്‍ എസ്.എഫ്.ഐ നേതാവാണെന്നും ബല്‍റാം പറയുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവാണെന്ന് ബല്‍റാമിനറിയാമല്ലോ. പക്ഷേ ഇപ്പോഴും കോണ്‍ഗ്രസുകാരായ ഹനീഫയുടെ ബന്ധുക്കള്‍ പറയുന്നു മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന്. എന്താണ് ബല്‍റാമിന്റെ അഭിപ്രായം? ലാല്‍ജി കൊള്ളന്നൂരിന്റെയും, മധു ഈച്ചരത്തിന്റെയും ബന്ധുക്കള്‍ പറയുന്നതെന്താണ്? എല്ലാവര്‍ക്കും ഒരേ നീതിയല്ലേ ബല്‍റാമേ കൊടുക്കേണ്ടത്? അവരുടെ ബന്ധുക്കളുടെ ആവശ്യത്തിന്റെ മുന്നില്‍ നാടകം കളിക്കുന്നവര്‍ നീതിയെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ അത് തമാശയായി മാറും. നിങ്ങളോടൊപ്പം സഭയിലിരിക്കുന്ന ഒരു എം.എല്‍.എ രണ്ടുപേരെ കൊന്ന കേസിലെ പ്രതിയായിരുന്നില്ലേ? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി നിങ്ങള്‍ കേട്ടിട്ടില്ലേ? ചില സംഭവങ്ങള്‍ മാത്രമാമേ കാണൂ, കേള്‍ക്കൂ എന്നാണോ?"

പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

ഒട്ടുംകുറയാത്ത സ്‌നേഹത്തോടെ, ബല്‍റാമിന്..

എം.സ്വരാജ്

പ്രിയപ്പെട്ട ശ്രീ. വി.ടി ബല്‍റാം എം.എല്‍.എ.യുടെ കത്ത് വായിച്ചു. രാഷ്ട്രീയ സംബന്ധിയായവിഷയങ്ങളെക്കുറിച്ച് വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന നമ്മള്‍ തമ്മില്‍ സൗഹൃദപൂര്‍ണ്ണവും പരസ്യവുമായ ഇങ്ങനെയൊരു സംവാദം നമുക്കിടയിലെ സൗഹൃദം കൂടുതല്‍ ദൃഡമാക്കാനും നമ്മുടെ കാഴ്ചപ്പാടുകളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാക്കാനും സഹായിക്കുമെന്നാണെനിക്ക് തോന്നുന്നത്

പുതിയ കത്തില്‍ ആദ്യംതന്നെ ബല്‍റാം ഉന്നയിക്കുന്നത് പഴയ നവകേരള മാര്‍ച്ചില്‍ നിന്നും ഇപ്പോഴത്തെ നവകേരള മാര്‍ച്ചിന് എന്താണ് വ്യത്യാസമെന്നും, ആദ്യ മാര്‍ച്ചിനുശേഷം അധികാരത്തില്‍ വന്നപ്പോള്‍ നവകേരളം യാഥാര്‍ത്ഥ്യ മാക്കാത്ത തെന്താണെന്നു മൊക്കെയാണ്. സകല കേരളീയര്‍ക്കും അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് എന്റെ സുഹൃത്ത് അജ്ഞത നടിക്കുകയാണെന്ന് ഞാന്‍ ന്യായമായും ബലമായും സംശയിക്കുന്നു. എങ്കിലും ചോദ്യം ഉന്നയിച്ച സ്ഥിതിയ്ക്ക് മറുപടി പറയാന്‍ എനിക്ക് ബാധ്യതയുണ്ടല്ലോ. നവകേരള മാര്‍ച്ചിന്റെ മുദ്രാവാക്യം ''മതനിരപേക്ഷ,അഴിമതിവിമുക്ത വികസിത കേരളം'' എന്നതാണ്. ഇത് ആധുനിക കേരളത്തെ സംബന്ധിച്ച പൊതുവായ പാര്‍ട്ടി കാഴ്ചപ്പാടാണ്. സമാനമായ കാഴ്ചപ്പാടാണ് മുമ്പും ഉയര്‍ത്തിപ്പിടിച്ചത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ഈ ദിശയിലുള്ളതുമായിരുന്നു. എന്നാല്‍ കേവലം അഞ്ച് വര്‍ഷംകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനാകില്ലെന്ന് ബല്‍റാമിന് നന്നായി അറിയാമല്ലോ.

തുടര്‍ന്ന് അധികാരത്തില്‍ വന്ന നിങ്ങള്‍ കേരളത്തെ എവിടെയാണ് എത്തിച്ചത്. ഹൈക്കമാന്റിന് ''ആരോ'' അയച്ച കത്ത് മുതല്‍ ഞാന്‍ ഇതെഴുതുന്നതിന് കുറച്ചുമുമ്പ് കുനിഞ്ഞ ശിരസ്സുമായി കസേരയില്‍ നിന്ന് എഴുന്നേറ്റ് പോകേണ്ടിവന്ന മന്ത്രി ശ്രീ. കെ. ബാബുവരെ നമുക്ക് നല്‍കുന്ന സന്ദേശമെന്താണ്?. ജാതി കച്ചവടക്കാരുടെ വിലപേശലിന്റെ മുന്നില്‍ മുട്ടുമടക്കി മന്ത്രിമാരെ വീതം വച്ചതുമുതല്‍ ആര്‍.എസ്.എസ് ക്രിമിനലുകളുടെ പേരിലുള്ള ഗൗരവതരമായ കേസുകള്‍ പിന്‍വലിച്ച് ഭായിഭായി ആയതുവരെയുള്ള സംഭവങ്ങള്‍ കേരളത്തിന് നല്‍കുന്ന സന്ദേശമെന്താണ്? .ഇത്തരം വിഷയങ്ങളില്‍ നിന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കി അടച്ചുപൂട്ടിയ സര്‍ക്കാര്‍ നയത്തില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വിലാപയാത്രയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥയെന്ന് വിമര്‍ശനമുയരുമ്പോള്‍ നവകേരള മാര്‍ച്ചിന്റെ സാംഗത്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് നിരര്‍ത്ഥകമാണ്. കോഴക്കേസില്‍ പ്രതികളായി നാണംകെട്ടിറങ്ങുന്ന മന്ത്രിമാരില്‍ നിന്നും, ജാതിക്കച്ചവടക്കാരുടെയും വര്‍ഗ്ഗീയവാദികളുടെയും സ്വാധീനത്തില്‍ നിന്നും വിമുക്തമായൊരു വികസിത കേരളം ഉണ്ടാകണമെന്ന് പറയാനും ജാഥ നടത്താനും ഞങ്ങള്‍ക്കുള്ള അവകാശത്തെ നിങ്ങള്‍ മാനിക്കുമെന്ന് കരുതട്ടെ.

പിന്നെ, പോസ്റ്റുകള്‍ക്ക് താഴെ വന്ന് തെറി വിളിക്കുന്നതിനെക്കുറിച്ച്. എന്റെ പല പോസ്റ്റുകള്‍ക്കും താഴെ ഒട്ടും മോശമല്ലാത്ത പ്രയോഗങ്ങള്‍ നടത്തുന്ന ബല്‍റാമിന്റെ അനുയായികളുമുണ്ട്. അതിന് പുറമേയാണ് അവരവരുടെ നിലവാരം പ്രകടിപ്പിക്കുന്ന ഫോണ്‍ കോളുകളും, ഊമക്കത്തുകളും. ഇതൊന്നും രാഷ്ട്രീയബോധമോ സാമാന്യബുദ്ധിയോ ഉള്ളവര്‍ ചെയ്യുന്ന കാര്യമല്ല. ഇതൊക്കെ ബല്‍റാമിന്റെ താല്‍പര്യപ്രകാരമോ, പ്രേരണകൊണ്ടോ ചെയ്യുന്നതാണെന്ന നേരിയ സംശയംപോലും എനിക്കില്ല. ഞാനിതെല്ലാം പൂര്‍ണ്ണമായി അവഗണിക്കാറാണ് പതിവ്. ഇതുവരെ അത്തരക്കാരില്‍ ഒരാളെപ്പോലും ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുമില്ല.

ബംഗാളിനെക്കുറിച്ച് പറഞ്ഞുകൊണ്ട് അവിടത്തെ എം.പി.മാരുടെ കണക്ക് ബല്‍റാം സൂചിപ്പിക്കുകയുണ്ടായി. ബംഗാളിലെ കണക്കറിയുന്ന ബല്‍റാമിന് ഡല്‍ഹിയിലെ കണക്ക് അറിയാതിരിക്കില്ലല്ലോ. ഒന്നരദശാബ്ദം തുടര്‍ച്ചയായി മുഖ്യമന്ത്രി കസേരയിലിരുന്ന ശ്രീമതി. ഷീലാദീക്ഷിതിന്റെ നേതൃത്വത്തില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന് എത്ര സീറ്റാണ് കിട്ടിയത്? ഡല്‍ഹി നിയമസഭയിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ എണ്ണംകൂടി പറയൂ ബല്‍റാം.. പ്ലീസ്. സംഘടനാപരമായി ക്ഷീണം സംഭവിച്ചതായി ബല്‍റാം സമ്മതിക്കുന്നുണ്ട്. നല്ലത്. പക്ഷേ സമ്മതിക്കുന്നതിനപ്പുറം ഈ അവസ്ഥ എന്തുകൊണ്ട് വന്നൂവെന്ന് പരിശോധിച്ച് തിരുത്തുകയല്ലേ വേണ്ടത്? ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അതല്ലേ ചെയ്യേണ്ടത്? അങ്ങനെയൊന്ന് കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ? വന്‍പരാജയം സംഭവിച്ചപ്പോള്‍ ദേശീയ നേതാവ് അപ്രത്യക്ഷനായി ധ്യാനത്തിന് പോവുകയല്ലേ ചെയ്തത്? രഹസ്യ കേന്ദ്രത്തില്‍ ധ്യാനമിരുന്ന് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ബല്‍റാം കരുതുന്നുണ്ടോ?

സി.പി.ഐ(എം) ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ചെറിയ പാര്‍ട്ടിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമനിര്‍മ്മാണസഭകളില്‍ കാര്യമായ സാന്നിദ്ധ്യംതന്നെയില്ല. എങ്കില്‍പോലും ഉള്ള സ്വാധീനത്തില്‍ കുറവ് വരുമ്പോള്‍ ഗൗരവമായി പരിശോധിക്കാനും പിഴവുകള്‍ തിരുത്താനും ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ഇത്തരം പരിശോധനകളും ചര്‍ച്ചകളും ഇപ്പോഴുണ്ടോ? പ്രതിനിധി സമ്മേളനം ചേര്‍ന്ന് നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ ഇനിയെന്നെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിന് കഴിയുമോ? ഇതിലൊന്നും നിങ്ങള്‍ക്ക് കാര്യമില്ല എന്ന് ബല്‍റാം പറഞ്ഞാല്‍ ഞാന്‍ തര്‍ക്കത്തിനില്ല. കോണ്‍ഗ്രസ് ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നടിയുന്നതില്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഞങ്ങള്‍. കഴിഞ്ഞ 50 വര്‍ഷമായി തമിഴ്‌നാട്ടിലും, കാല്‍നൂറ്റാണ്ടായി ഉത്തര്‍പ്രദേശിലും, രണ്ട് പതിറ്റാണ്ടായി ഗാന്ധി പിറന്ന ഗുജറാത്തിലും, നാലു പതിറ്റാണ്ടായി ബംഗാളിലും, കാല്‍നൂറ്റാണ്ടായി ത്രിപുരയിലും ഒറീസയിലും മറ്റു പലയിടത്തും തകര്‍ന്നടിഞ്ഞ് മുട്ടുകാലിലിഴയുമ്പോളും പഴയ പ്രതാപത്തിന്റെ ഹാങ്ങോവറില്‍ ഞങ്ങളെ ഉപദേശിക്കാനിറങ്ങുമ്പോള്‍ ചിലത് ഓര്‍മ്മിപ്പിച്ചുവെന്ന് മാത്രം.

ആള്‍ക്കൂട്ട സിദ്ധാന്തത്തില്‍ നിന്ന് വീണ്ടും ബല്‍റാം മലക്കം മറിഞ്ഞിരിക്കുന്നു. ന്യൂറം ബര്‍ഗുള്‍പ്പെടെ ഏത് ജാഥയിലെ ആള്‍ക്കൂട്ടവും ആള്‍ക്കൂട്ടം മാത്രമാണെന്നാണ് പുതിയ സിദ്ധാന്തം. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് താങ്കള്‍ തൃത്താലയിലെ കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥയിലെ ആള്‍ക്കൂട്ടത്തില്‍ ആവേശംകൊള്ളുന്നത്? ഏതായാലും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളില്‍ പങ്കെടുത്ത് അച്ചടക്കത്തോടെ മടങ്ങുന്നവരെ നോക്കിയുള്ള നിങ്ങളുടെ ''മോബോക്രസി'' വിശേഷണത്തെക്കുറിച്ച് പഠിക്കാനുള്ള എന്റെ താല്‍പര്യവും സന്നദ്ധതയും ഒരിക്കല്‍ക്കൂടി അറിയിക്കുന്നു.

'തൃത്താലയിലെ പ്രത്യേക താല്‍പര്യ'ത്തെക്കുറിച്ചുള്ള എന്റെ മറുപടിയെപറ്റി ബല്‍റാം പറയുന്നത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ല അദ്ദേഹം സൂചിപ്പിച്ചത് എന്നത്രേ. അങ്ങനെയെങ്കില്‍ പ്രിയ ബല്‍റാം എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് തുറന്ന് പറയൂ. എനിക്ക് തിരുത്താമല്ലോ.

''അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളും വേദി പങ്കിടലുമെല്ലാം ഇന്നും ഈ നാട്ടിലെ ജനങ്ങളുടെ മനസിലുണ്ട്'' എന്ന് ബല്‍റാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വേദി പങ്കിടല്‍ എന്നതുകൊണ്ട് ബല്‍റാം ഉദ്ദേശിച്ചത് അബ്ദുള്‍ നാസര്‍ മദനിയുടെ കാര്യമാവുമെന്ന് ഞാന്‍ ഊഹിക്കുന്നു. ഒരു തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് പ്രചരണവേദിയില്‍ മദനി കടന്നുവന്നു എന്നത് ശരിയാണ്. അതിനെ വിമര്‍ശിക്കാന്‍ ബല്‍റാമിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആ സമയത്ത് മദനിയെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചതിന് ശേഷമായിരുന്നു എന്ന് മറക്കരുത്. അതേ മദനി കുറ്റവിമുക്തനാവുന്നതിന് മുമ്പ് പി.ഡി.പി.യുമായി ഒരുമിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും, വേദി പങ്കിട്ടതും, മദനിയുടെ ചിത്രം സഹിതം സ്ഥാനാര്‍ത്ഥികള്‍ പോസ്റ്റര്‍ അച്ചടിച്ചതും ബല്‍റാം ഓര്‍ക്കുന്നില്ലേ? അതില്‍ കുറ്റബോധം തോന്നുന്നുണ്ടോ? പ്രതിയായി നില്‍ക്കുമ്പോള്‍ മദനിയുമായി നിങ്ങള്‍ വേദി പങ്കിടുന്നത് സ്വാഗതാര്‍ഹം. ഞങ്ങള്‍ വേദി പങ്കിട്ടാല്‍ അത് മഹാപാതകം. ഇതെവിടുത്തെ ന്യായമാണ് ബല്‍റാം?

അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചൊക്കെ പറയുമ്പോള്‍ വടകരയിലും ബേപ്പൂരിലും മുമ്പ് നിങ്ങള്‍ നടത്തിയ വിശുദ്ധ നീക്കത്തെക്കുറിച്ച് എല്ലാവരും മറന്നുകാണുമെന്ന് ധരിക്കരുത്. ഇനിയെങ്കിലും അതിനെയൊക്കെ തള്ളിപ്പറയാന്‍ ബല്‍റാം തയ്യാറാവണം. കെ.ജി. മാരാരുടെ ആത്മകഥയിലെ വെളിപ്പെടുത്തലും കോണ്‍ഗ്രസിന്റെ മൗനവുമൊക്കെ കേരളം മറന്നൂവെന്ന് കരുതരുത്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പിണറായിയെക്കുറിച്ചും, പി. ജയരാജനെക്കുറിച്ചും ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും കെ.കെ രമ മുന്‍ എസ്.എഫ്.ഐ നേതാവാണെന്നും ബല്‍റാം പറയുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവാണെന്ന് ബല്‍റാമിനറിയാമല്ലോ. പക്ഷേ ഇപ്പോഴും കോണ്‍ഗ്രസുകാരായ ഹനീഫയുടെ ബന്ധുക്കള്‍ പറയുന്നു മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന്. എന്താണ് ബല്‍റാമിന്റെ അഭിപ്രായം? ലാല്‍ജി കൊള്ളന്നൂരിന്റെയും, മധു ഈച്ചരത്തിന്റെയും ബന്ധുക്കള്‍ പറയുന്നതെന്താണ്? എല്ലാവര്‍ക്കും ഒരേ നീതിയല്ലേ ബല്‍റാമേ കൊടുക്കേണ്ടത്? അവരുടെ ബന്ധുക്കളുടെ ആവശ്യത്തിന്റെ മുന്നില്‍ നാടകം കളിക്കുന്നവര്‍ നീതിയെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ അത് തമാശയായി മാറും. നിങ്ങളോടൊപ്പം സഭയിലിരിക്കുന്ന ഒരു എം.എല്‍.എ രണ്ടുപേരെ കൊന്ന കേസിലെ പ്രതിയായിരുന്നില്ലേ? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി നിങ്ങള്‍ കേട്ടിട്ടില്ലേ? ചില സംഭവങ്ങള്‍ മാത്രമാമേ കാണൂ, കേള്‍ക്കൂ എന്നാണോ?

സ്വരാജ് ആധികാരിക സാക്ഷിയായി അവതരിപ്പിക്കുന്ന ബിജു രാധാകൃഷ്ണന്‍ സ്വന്തം ഭാര്യയെ കൊന്ന കുറ്റവാളിയാണെന്നാണ് ബല്‍റാമിന്റെ ആക്ഷേപം. പ്രിയ ബല്‍റാം ഞാന്‍ അയാളെ ആധികാരിക സാക്ഷിയായി അവതരിപ്പിച്ചിട്ടില്ല. ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലായില്ലെന്നുണ്ടോ? ഈ കുറ്റവാളിയായ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയോടൊപ്പം അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തിയ ആളാണെന്നാണ് പറഞ്ഞത്. അത്രമാത്രം സ്വാധീനം മുഖ്യമന്ത്രിയിലുണ്ടായിരുന്നൂവെന്നല്ലേ ഇത് കാണിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഒരു മണിക്കൂര്‍ അടച്ചിട്ട മുറിയിലിരുന്ന് ചര്‍ച്ച ചെയ്യാന്‍ സാധാരണക്കാര്‍ക്ക് പറ്റുമോ? ബല്‍റാമിന് അങ്ങനെയൊരവസരം കിട്ടിയിട്ടുണ്ടോ? സകല തട്ടിപ്പുകാരും നിങ്ങളുടെ സ്വന്തക്കാരായിരുന്നു. തട്ടിപ്പു കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയെ എത്ര തവണയാണ് ഫോണില്‍ വിളിച്ചതെന്നൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. അങ്ങനെ ഒരാളെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും 'എവിടുന്നും' കരിക്ക് കുടിച്ചിട്ടേയില്ലെന്ന് പറഞ്ഞ മറ്റൊരു മന്ത്രിയ്ക്കും പിന്നീട് എന്ത് സംഭവിച്ചെന്ന് ഞാന്‍ പറയേണ്ടല്ലോ.

പി. ജയരാജനെ സി.ബി.ഐ പ്രതി ചേര്‍ത്തതിനെക്കുറിച്ച് താന്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് ബല്‍റാമിന്റെ പക്ഷം. ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ല ബല്‍റാം. 505 ദിവസം കേസ് അന്വേഷിക്കുകയും 212 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷം തെളിവില്ല, പ്രതിയല്ല എന്നുപറഞ്ഞ സി.ബി.ഐ തൊട്ടടുത്ത ദിവസം പി. ജയരാജനെ പ്രതിയാക്കുമ്പോള്‍ അതിലെ അനീതിക്കെതിരെ പ്രതികരിക്കാന്‍ പതാകയുടെ നിറഭേദം തടസമാകാന്‍പാടില്ലായിരുന്നു. അദ്ദേഹം ആശുപത്രിയില്‍ പോയതിനെ മുന്‍ കത്തില്‍ പരിഹസിച്ച ബല്‍റാം ഇപ്പോള്‍ ആശംസകള്‍ നേരുന്നതും ആ പരിഹാസത്തിന്റെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയൂ. എ.കെ.ജി മരണാസന്നനായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ''കാലന്‍ വന്ന് വിളിച്ചിട്ടും പോകാത്തതെന്തടാ ഗോപാലാ'' എന്ന് മുദ്രാവാക്യം വിളിച്ച മുന്‍ഗാമികള്‍ക്കൊപ്പം തന്നെയാണ് താനുമെന്ന് തെളിയിക്കാന്‍ ബല്‍റാമിന് സ്വാതന്ത്ര്യമുണ്ട്.

മുസോളിനി പ്രയോഗത്തെക്കുറിച്ച് ബല്‍റാം വീണ്ടും വാദിച്ച് കുളമാക്കുകയാണ്. ഈ പ്രയോഗം നടത്തിയ ശ്രീ. ജയശങ്കര്‍ കുറഞ്ഞ പുള്ളിയൊന്നുമല്ല, എല്‍.ഡി.എഫിലെ ഘടകകക്ഷി നേതാവാണത്രെ!. ഇത് ഇത്തിരി കടന്ന കൈയായിപ്പോയി. അദ്ദേഹം ആര്‍.എസ്.എസ് നേതാവ് കെ. സുരേന്ദ്രന്റെ കൈയില്‍ ചരട് കെട്ടിക്കൊടുക്കുകയും കാവിക്കൊടിയും പിടിച്ച് ബാലഗോകുലം പ്രകടനത്തിന്റെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കണ്ടതായി ഞാനോര്‍ക്കുന്നു (ചിത്രങ്ങള്‍ യഥാര്‍ത്ഥമെങ്കില്‍ എന്നെ തിരുത്താവുന്നതാണ്). അതെന്തുമാവട്ടെ ഇഷ്ടമില്ലാത്തവരെയെല്ലാം തരംതാഴ്ന്ന ഭാഷയില്‍ ആക്ഷേപിക്കുന്ന ഇദ്ദേഹം പിണറായിക്കെതിരായി പറഞ്ഞവിശേഷണം കേട്ട് ബല്‍റാം ആവേശഭരിതനാവുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഇതേ ജയശങ്കര്‍ ഒരിക്കല്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയെ വിശേഷിപ്പിച്ചത് ''പുഴുത്ത പട്ടി'' എന്നായിരുന്നു. ഇത് കേള്‍ക്കുമ്പോഴും ബല്‍റാമിന് കോള്‍മയിര്‍കൊള്ളുന്നുണ്ടോ? പിണറായിക്കെതിരായ പുലഭ്യം സ്വീകാര്യവും ഉമ്മന്‍ചാണ്ടിക്കെതിരായത് അസ്വീകാര്യവും ആകാന്‍ പാടില്ലല്ലോ? ഞാന്‍ ഇത് രണ്ടും പാടില്ലെന്ന് പറയുന്നയാളാണ്. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിയേയും രാഷ്ട്രീയത്തേയും എതിര്‍ക്കുമ്പോള്‍തന്നെ ഇത്തരം പ്രയോഗങ്ങള്‍ ആര് നടത്തിയാലും അതിനോട് എനിക്ക് യോജിപ്പില്ല.

സ്റ്റാലിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് റഷ്യയിലെ തമാശക്കഥയൊക്കെ ബല്‍റാം പറയുന്നുണ്ട്. ഞാനും ആസ്വദിച്ചിട്ടുള്ള കഥയാണ് അത.് സ്റ്റാലിനെയെന്നല്ല ആരെയും അന്ധമായി ആരാധിക്കുന്നവരല്ല ഞങ്ങളാരും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി സ്റ്റാലിനെ സംബന്ധിച്ച് നടത്തിയ വിശകലനം ഇപ്പോള്‍ പരസ്യരേഖയാണ്. ശക്തമായ വിമര്‍ശനങ്ങള്‍ അതിലുണ്ട്. വ്യക്തികളെ വിലയിരുത്തുമ്പോള്‍ സമഗ്രമാവണം. സ്റ്റാലിനെ ഒരു പിഴവുമില്ലാതെ മഹാനായി ആരാധിക്കുന്നതുപോലെ അര്‍ത്ഥശൂന്യമാണ് തിന്മകളുടെ മാത്രം പ്രതീകമായി കുറ്റപ്പെടുത്തുന്നതും. യുദ്ധമുഖത്തേയ്ക്ക് സ്വന്തം മകനായ യാക്കോവിനെ സൈനികനായി പറഞ്ഞയക്കാന്‍ മടികാട്ടാത്ത പിതാവായിരുന്ന സ്റ്റാലിന്‍. ജര്‍മ്മന്‍ സൈന്യം യാക്കോവിനെ തടവുകാരനാക്കി വിലപേശിയപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ''ഒരു സൈനികന്റെ ജീവന് പകരമായി ഒരു ജനറലിനെ വിട്ടുകൊടുക്കുന്നത് യുദ്ധനീതിയല്ല. വേണമെങ്കില്‍ ഒരു സൈനികനെ വിട്ടുകൊടുക്കാം.'' യാക്കോവ് കൊല്ലപ്പെട്ടപ്പോള്‍ ''അവന്‍ രാഷ്ട്രത്തോടുള്ള കടമ നിറവേറ്റിയെന്നാ''യിരുന്നു സ്റ്റാലിന്റെ പ്രതികരണം. അന്നാ ലൂയി സ്‌ട്രോങിന്റെയും മറ്റും പുസ്തകങ്ങളില്‍ സ്റ്റാലിനെ സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സാമ്രാജ്യത്വം പ്രചരിപ്പിക്കുന്ന ക്രൂരനായ സ്റ്റാലിനെയാണ് പലര്‍ക്കും പഥ്യം.

പ്രശസ്ത കവി ശ്രീ. ഒ.എന്‍.വി ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു റഷ്യന്‍ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്. കൈയില്‍ സ്റ്റാലിന്റെ കലണ്ടറുമായി പോകുന്ന ഒരു വൃദ്ധനോട് മോസ്‌കോയില്‍ വച്ച് ഒ.എന്‍.വി ചോദിച്ചൂവത്രെ, സ്റ്റാലിന്റെ ക്രൂരതകളെക്കുറിച്ചും മറ്റും. വികാരഭരിതനായ വൃദ്ധന്‍ സ്റ്റാലിന്റെ ചിത്രം നെഞ്ചോട് ചേര്‍ത്ത് രോഷാകുലനായി പറഞ്ഞു. ''നിങ്ങള്‍ക്കെന്തറിയാം സ്റ്റാലിനെക്കുറിച്ച്? ഞങ്ങള്‍ മോസ്‌കോ വാസികള്‍ ഒരു കഷണം റൊട്ടിയല്ലാതെ, മരം കോച്ചുന്ന തണുപ്പില്‍ വൈദ്യുതിയില്ലാതെ ദിവസങ്ങളോളം കഷ്ടപ്പെട്ട് മരണത്തെ നേരിട്ട കാലത്ത് നാസിപ്പടയില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച മഹാനാണിത്''. ഇതിന്റെയര്‍ത്ഥം സ്റ്റാലിന്‍ വിമര്‍ശനത്തിന് അതീതനാണെന്നല്ല. ആധുനിക റഷ്യയെ സൃഷ്ടിക്കുന്നതിന് തടസ്സമായതിനോടെല്ലാം കര്‍ക്കശമായി പെരുമാറിയ സ്റ്റാലിന്‍ കണിശമായും വിമര്‍ശിക്കപ്പെടണം. എന്നാല്‍ അത് അന്ധമായ സ്റ്റാലിന്‍ നിഗ്രഹമാകുമ്പോള്‍ നാം സമഗ്രമായ ധാരണകളില്ലാത്തവരായിപോകും. നെഹ്‌റുവിന്റെ അഭിപ്രായത്തെക്കുറിച്ച് ബല്‍റാം പറഞ്ഞത്, ഒരുതല്ലിപ്പൊളി വര്‍ത്തമാനമായിപ്പോയി. ''സ്റ്റാലിന്‍ എന്തായിരുന്നൂവെന്ന് റഷ്യക്കാര്‍ പോലും അറിഞ്ഞത് മരണപ്പെട്ടതിന് ശേഷമാണ്. പിന്നെയല്ലേ പാവം നെഹ്‌റു''. ഇതാണ് ബല്‍റാമിന്റെ വാദം. നെഹ്‌റുവിനെ ഇങ്ങനെ കൊച്ചാക്കാന്‍ പാടില്ലായിരുന്നു. പിന്നെ ബല്‍റാമിന്റെ അറിവിലേയ്ക്കായി ഒരു കാര്യംകൂടി പറയാം. ഞാന്‍ സൂചിപ്പിച്ച നെഹ്‌റുവിന്റെ അഭിപ്രായ പ്രകടനം സ്റ്റാലിന്റെ മരണശേഷമുള്ളതാണ്. ഇനിയെന്താണാവോ ന്യായം?

അടിയന്തിരാവസ്ഥയെക്കുറിച്ചൊക്കെ ബല്‍റാം എത്ര നിസാരമായാണ് പറയുന്നത്. ''ഏതെങ്കിലും വ്യക്തി എന്തെങ്കിലും പീഡനം അനുഭവിച്ചെങ്കില്‍''. അന്ന് പൊലിഞ്ഞുപോയ ജീവനുകളുടെ, നരകയാതന അനുഭവിച്ച മനുഷ്യരുടെ പീഡന സ്മരണകള്‍ക്കു മുന്നില്‍ ഇങ്ങനെയൊക്കെ പറയാനാവുമോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം മുസ്തഫയും അബ്ദുള്ളയും കണ്ണനും രാജനും ചരണ്‍ജിത്തും സ്‌നേഹലതാ റെഡ്ഡിയും അങ്ങനെ നൂറുകണക്കിനാളുകള്‍ 'ആരെങ്കിലും' ആയിരുന്നില്ല. അവരൊക്കെയും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു. ഇന്നത്തെ സി.പി.ഐ(എം) സംസ്ഥാന നേതൃത്വം മുഴുവന്‍ അന്ന് സമാനതകളില്ലാത്ത പീഡനം ഏറ്റുവാങ്ങിയവരാണ്. ഞങ്ങള്‍ക്കത് വെറും ''ആരെങ്കിലും എന്തെങ്കിലും'' കഥയല്ല. അധികാരക്കൊതി മൂത്തവരുടെ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരായ സമരത്തിന്റെ രക്തസ്മരണകളാണ്.
എന്നെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് ബല്‍റാം കാണുന്ന ന്യായം എത്രയോ കാലമായി 'പബ്ലിക് ഡൊമൈനിലുള്ളതാണ്' എന്നാണ്. ആവട്ടെ. അക്കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബല്‍റാമിന് ബോധ്യമുണ്ടെങ്കില്‍ അതുമതി. ഇല്ലെങ്കില്‍ ഇതേ നാണയത്തില്‍ 'പബ്ലിക് ഡൊമൈനില്‍' പലരേയും കുറിച്ചുള്ള പരീക്ഷ ക്രമക്കേട്, മാര്‍ക്ക്തട്ടിപ്പ് ആരോപണങ്ങള്‍ ആരെങ്കിലും ഉയര്‍ത്തിയാല്‍ എന്ത് പറയും.

ഹനീഫ വധത്തെക്കുറിച്ച് ബല്‍റാമിനെതിരെ ഞാന്‍ ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ബല്‍റാമിന്റെ ലോജിക് പ്രകാരം ആരോപണം ഉന്നയിച്ചശേഷം കോടതിയില്‍ തെളിയിക്കാനൊക്കെ പ്രയാസമാണ് എന്നാരെങ്കിലും പറഞ്ഞൊഴിഞ്ഞാല്‍ അത് അല്‍പത്തരമാകുമെന്നാണ് സൂചിപ്പിച്ചത്്. പിന്നെ ആ കേസിലെ പ്രതികള്‍ വെറും കുറ്റാരോപിതരാണെന്നും കോടതി കുറ്റവാളികളായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള ന്യായം പറഞ്ഞ സ്ഥിതിയ്ക്ക് ''ആരുടേയോ'' കൂടെയുള്ള ഫോട്ടോയ്‌ക്കൊന്നും പ്രസക്തിയില്ലല്ലോ. ഏതായാലും അന്ന് ആ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്ത താങ്കളുടെ പാര്‍ട്ടിക്കാരെ ഇനിയാണെങ്കിലും താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.

''പ്രതികളോട് അതാത് പാര്‍ട്ടിക്കാര്‍ സ്വീകരിക്കുന്ന സമീപനമാണ് ചര്‍ച്ചയാകേണ്ടത്'' എന്ന് ബല്‍റാം ഒടുവില്‍ പറഞ്ഞുവയ്ക്കുന്നു. ശരി, ബല്‍റാമിന്റെ ആഗ്രഹപ്രകാരം അത് തന്നെ നമുക്ക് ചര്‍ച്ച ചെയ്യാം. കുപ്രസിദ്ധമായ കേസിലെ പ്രതികളോട് എന്ത് സമീപനമാണ് നിങ്ങളുടെ പാര്‍ട്ടി സ്വീകരിച്ചത്? ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ വിമാനം റാഞ്ചിയ കഥ ബല്‍റാം കേട്ടിട്ടുണ്ടോ? വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് പോയ ഇന്ത്യന്‍എയര്‍ലെയിന്‍സിന്റെ ഐ.സി 410 നമ്പര്‍ യാത്രാ വിമാനം ലക്‌നൗവില്‍ നിന്നും തട്ടിക്കൊണ്ടുപോയി 132 മനുഷ്യരുടെ ജീവന്‍വച്ച് വിലപേശിയ കോണ്‍ഗ്രസ് നേതാക്കന്‍മാരായ ദേവേന്ദ്ര പാണ്ഡെയോടും, ബോലാനാഥിനോടും കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം എന്തായിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ടുപേരെയും ഉത്തര്‍പ്രദേശ് നിയമസഭയിലേയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കുകയാണ് ബല്‍റാമിന്റെ പാര്‍ട്ടി ചെയ്തത്! ഈ സമീപനത്തെക്കുറിച്ചാണോ ബല്‍റാം പറയുന്നത്. പിന്നീട് ദേവേന്ദ്രപാണ്ഡെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായി. ബോലാനാഥിനെ ലോക്‌സഭയിലേയ്ക്കും മത്സരിപ്പിച്ചു.

സരിഗ ഷായുടെ ഘാതകരോട് എന്തായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം. നയ്‌ന സാഹിനിയെ തന്തൂരിയടുപ്പില്‍ ചുട്ടുതിന്ന സുശീല്‍കുമാര്‍ ശര്‍മ്മയെ ജയിലിലെത്തി സന്ദര്‍ശിച്ച മന്ത്രിമാരുടെയും എം.പി.മാരുടെയും പേരുവിവരം ബല്‍റാമിനറിയില്ലേ? ആയിരക്കണക്കിന് സിഖ് സഹോദരങ്ങളെ തലയറുത്തും ചുട്ടും കൊന്നുതീര്‍ത്ത അഹിംസാവാദികള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്ത എച്ച്.കെ.എല്‍ ഭഗത്തിനോടും, ജഗദീശ് ടൈറ്റ്‌ലറോടും, സജ്ജന്‍കുമാറിനോടും എന്തായിരുന്നു കോണ്‍ഗ്രസ് സമീപനം? കൂട്ടക്കൊല ചെയ്യപ്പെട്ട മനുഷ്യരുടെ ഗ്യാലന്‍കണക്കിന് രക്തം തളംകെട്ടി നിന്ന ഡല്‍ഹിയില്‍ അന്നുകേട്ട ഒരു പ്രസംഗം ആരും മറുന്നിട്ടുണ്ടാവില്ല. തലയറുത്തുമാറ്റിയ ശരീരങ്ങളില്‍ വീണു കരയുന്ന ഉറ്റവരുടെ കണ്ണീരിന്റെ മുന്നില്‍ വെല്ലുവിളിയുടെയും ഭീഷണിയുടെയും സ്വരത്തില്‍ ''ജബ് ബര്‍ഗത് കാ പേഡ് ഗിര്‍ത്താ ഹെ, ധോ ധര്‍ത്തി സരാ ഹില്‍ത്തി ഹെ'' (വന്‍മരങ്ങള്‍ നിലം പതിക്കുമ്പോള്‍ ഭൂമി കുലുങ്ങും) എന്ന് പ്രസംഗിച്ച രാജീവ്ഗാന്ധിയുടെ മഹനീയ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഇനിയും വാചാലമാകണോ?

ഇതൊക്കെ തന്നെയല്ലേ കേരളത്തിലും സമീപനം? മമ്പറം ദിവാകരനെക്കുറിച്ച് ബല്‍റാം ഒരക്ഷരം മിണ്ടിയിട്ടില്ല. ആളെ അറിയില്ലെങ്കില്‍ കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍ ധര്‍മ്മടം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരായിരുന്നൂവെന്ന് ബല്‍റാം ഒന്നന്വേഷിക്കൂ. പിണറായിയെ കൊല്ലാന്‍ തോക്കുമായി വാടകക്കൊലയാളിയെ അയച്ച ഉത്തമ ഗാന്ധിയന്‍ തനിക്കെതിരെ കെ.പി.സി.സി.യ്ക്ക് പരാതി കൊടുത്ത കണ്ണൂര്‍ ഡി.സി.സി അംഗം പുഷ്പരാജനോട് സ്വീകരിച്ച സമീപനം ബല്‍റാമിന് ഓര്‍മ്മയില്ലേ? കയ്യും കാലും സമാധാനപരമായി ഒടിച്ചു നുറുക്കപ്പെട്ട ആ ഡി.സി.സി അംഗത്തിന് ചികിത്സാ ചെലവെങ്കിലും നല്‍കാമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലും ഈ ഗാന്ധിയന് സീറ്റ് കൊടുത്തുകൊണ്ടല്ലേ കോണ്‍ഗ്രസ് സമീപനം വ്യക്തമാക്കിയത്? ഇതൊക്കെ മറന്നുകൊണ്ടാണോ ബല്‍റാം സമീപനങ്ങളെക്കുറിച്ച് പറയുന്നത്. വയനാട് ഡി.സി.സി ഭാരവാഹിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന പ്രതികളായ മറ്റുഭാരവാഹികളോടുള്ള സമീപനം എല്ലാവരും ഇപ്പോള്‍ കാണുന്നുണ്ട്.

കുറ്റവാളികളുടെ രാഷ്ട്രീയബന്ധം ചൂണ്ടികാണിക്കുന്നതിനെ കുറിച്ച് ബല്‍റാം പറയുന്നത് നോക്കൂ.''ഏതെങ്കിലും കേസുകള്‍ ഉണ്ടാകുമ്പോള്‍ പ്രതികളില്‍ ആരെങ്കിലും ചൂണ്ടികാട്ടി ഇന്ന പാര്‍ട്ടിക്കാരനാണെന്ന് പറഞ്ഞുകൊണ്ട് പരസ്പരം ആരോപണം ഉന്നയിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല''. എന്റെ പൊന്നു ബാല്‍റാമേ നിങ്ങളീ പറഞ്ഞത് സത്യസന്ധമാണെങ്കില്‍ പിന്നെന്തിനായിരുന്നു ഹനീഫ കൊല്ലപ്പെട്ട സമയത്ത് നിങ്ങള്‍ നടത്തിയ ആ രഹസ്യ ആഹ്വാനം? സി.പി.ഐ.(എം)കാര്‍ പ്രതികളായ കേസുകളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാന്‍ രഹസ്യ സന്ദേശം നല്‍കിയത്. പി.എസ്.സി പരീക്ഷയ്ക്ക് ചോദ്യമെങ്ങാനും വന്നാല്‍ ഉത്തരമെഴുതാന്‍ വേണ്ടി ആയിരുന്നുവോ?.

അവസാനമായി ഒരു കാര്യംകൂടി പിണറായി വിജയനെന്ന നേതാവിനെ ആക്രമിച്ചുകൊണ്ടാണല്ലോ ബല്‍റാം തുടങ്ങിവച്ചത്. കൊലപാതകങ്ങളുടെ സൂത്രധാരനും, അഴിമതിക്കാരനും, ഏകാധിപതിയും കൊള്ളരുതാത്തവനുമാണ് പിണറായി എന്ന് ബല്‍റാം പറയുമ്പോള്‍ എനിക്കത്ഭുതം തോന്നുന്നു. എന്നോട് ഒരു കോണ്‍ഗ്രസ് സുഹൃത്ത് പറഞ്ഞത് പിണറായി ഇരിക്കുന്ന ഒരു സ്റ്റേജില്‍ വലിയ സദസിനെ സാക്ഷിയാക്കി ബല്‍റാം പ്രസംഗിച്ചത് ''പിണറായി മതേതര കേരളത്തിന്റെ ഉറച്ച ശബ്ദമാണ്'' എന്നത്രെ. ഇത് ശരിയാണെങ്കില്‍ പിന്നെപ്പോഴാണ് പിണറായി മോശക്കാരനായത്. പിണറായിയോട് ആദ്യം പറഞ്ഞ അഭിപ്രായമാണ് ബല്‍റാമിനുള്ളതെങ്കില്‍ പിണറായിയുടെ മുന്നില്‍വച്ചും സ്വാഭിപ്രായം വെട്ടിത്തുറന്ന് പറയുകയല്ലേ വേണ്ടിയിരുന്നത്? അതല്ലേ അന്തസ്സ്? അതോ പിണറായിയെ പുകഴ്ത്തിപ്പറഞ്ഞത് വെറും ഭംഗിവാക്കാണോ? ഏതായാലും അപ്പപ്പോള്‍ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്ന അവസരവാദികളുടെ കൂട്ടത്തില്‍ ഞാനറിയുന്ന ബല്‍റാം ഉണ്ടാവില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.

 

ഒട്ടുംകുറയാത്ത സ്‌നേഹത്തോടെ, ബല്‍റാമിന്..എം.സ്വരാജ് പ്രിയപ്പെട്ട ശ്രീ. വി.ടി ബല്‍റാം എം.എല്‍.എ.യുടെ കത്ത് വായിച്ചു. രാഷ്ട്ര...

Posted by M Swaraj on Saturday, January 23, 2016

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top