14 December Saturday

'ജീന്‍സിട്ടാല്‍ കുഞ്ഞുണ്ടാകില്ല': വീണ്ടും രജിത് കുമാര്‍; 'ഈ വിഷമാലിന്യം തടയണം'- ഡോ. ഷിംന അസീസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 23, 2018
തിരുവനന്തപുരം> ആരോഗ്യ വിദഗ്ധന്‍ എന്ന് അവകാശപ്പെട്ട് അസംബന്ധങ്ങള്‍ വിളമ്പി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ കൂവല്‍ ഏറ്റുവാങ്ങിയ രജിത് കുമാര്‍ വീണ്ടും രംഗത്ത്. ഇക്കുറി പെണ്‍കുട്ടികള്‍ ജീന്‍സ് ഇടുന്നതിനെതിരെയാണ് മണ്ടത്തരങ്ങള്‍ നിരത്തിയുള്ള പ്രസംഗം. ഒരു പ്രവാസി കൂട്ടായ്മയുടെ മുസ്ലീം സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിലാണ് വെളിപാടുകള്‍ .

ഷിംന അസീസ്‌

ഷിംന അസീസ്‌

ഇതേപ്പറ്റി ഡോ. ഷിംന അസീസ്‌ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്:

ശുഭ്രവസ്‌ത്രധാരിയായ കറുത്ത മനസ്സുള്ള വെള്ളത്താടിക്കാരൻ രജിത്‌കുമാർ തന്റെ തലച്ചോറിലുള്ള അമേധ്യം ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന മക്കളോട്‌ വിളമ്പുന്ന വീഡിയോ ഇൻബോക്‌സിൽ ആവർത്തിച്ച്‌ വന്നടിഞ്ഞു കൊണ്ടേയിരിക്കുന്നു. ഖുർആനെയും ഹദീസിനെയും മഹാഭാരതത്തെയും ഒക്കെ മറയാക്കി ഏതോ മതപരമായ സദസ്സിനെ വശത്താക്കി വിഡ്‌ഢിത്തരം വിളിച്ച്‌ പറയുന്ന പടുവിഡ്‌ഢിയുടെ പുലമ്പലുകളിൽ കുറച്ചെണ്ണത്തെ താഴെ പോസ്റ്റ്മോർട്ടം ചെയ്യാനെടുക്കുന്നു...

* 'ജീൻസിട്ടാൽ ഞെങ്ങിഞെരുങ്ങി ഒവേറിയൻ ഫോളിക്കിളുകൾ നശിക്കും, വന്ധ്യത വരും' അടിവയറിന്റെ തൊലിയുടെ, അകത്തുള്ള കൊഴുപ്പിന്റെ, താഴെയുള്ള മസിലിന്റെ, ഉള്ളിലുള്ള അരക്കെട്ടിലെ എല്ലിൻകൂടിന്റെ, അതിനുമകത്തുള്ള അണ്‌ഢാശയത്തിന്റെ ഉൾവശത്തുള്ള, കണ്ണിൽ കാണാത്ത ഫോളിക്കിളിനെ മേലെയെങ്ങാണ്ട്‌ ഉള്ള ഡെനിം തുണി നശിപ്പിക്കുമെന്ന്‌! എന്തൊരു #@*&% ആണിത്! ഇതിനെയൊക്കെ ഘോരഘോരം 'സയൻസ്‌' എന്ന്‌ വിശേഷിപ്പിക്കുന്നുമുണ്ട്‌ ആ വിഷപ്രചാരകൻ !

അതേസമയം പുരുഷൻമാരിൽ, ശരീരത്തിന്റെ പുറത്തുള്ള വൃഷ്‌ണത്തിലെ ബീജങ്ങളെ മുറുകിയ അടിവസ്‌ത്രം ചീത്തയായി ബാധിക്കുമെന്നത്‌ ശാസ്ത്രസത്യമാണ്‌. അതെന്തേ ഇയാൾക്ക് അറിയില്ലേ, അതോ പറയില്ലേ? അവർക്ക്‌ ജീൻസ്‌ ധരിക്കാമോ?

* 'സിസേറിയൻ ചെയ്‌താൽ സ്‌തനാർബുദം വരും. പ്രസവിക്കുന്ന പ്രഷറിൽ ബ്രെസ്‌റ്റിലെ ആൽവിയോളൈ തുറക്കും. അങ്ങനെ സുഖപ്രസവം ബ്രസ്‌റ്റ്‌ കാൻസർ തടയുന്നു. സ്‌തനാർബുദമുള്ളവരിൽ പത്തിൽ ഏഴും സിസേറിയൻ കഴിഞ്ഞവർ' പ്രസവിക്കുമ്പോ അമ്മിഞ്ഞയിലെ ആൽവിയോളൈ 'പ്ലക്കോ' എന്ന്‌ തുറക്കുമെന്ന അറിവ്‌ വല്ലാത്തതായിപ്പോയി. എന്തൊരു തള്ളാണ്‌ ! സിസേറിയനെ മഹാപാതകമാക്കിയ സാറിനറിയാമോ അത്‌ മിക്കപ്പോഴും രണ്ട്‌ ജീവൻ രക്ഷിക്കാനുള്ള ചികിത്സയാണെന്ന്‌? കാൻസറുമായി സിസേറിയന്‌ ബന്ധമേതുമില്ല. ഭീതി സൃഷ്‌ടിക്കലിന്റെ നെറികെട്ട രൂപമാണിത്‌. അറിയില്ലെങ്കിൽ മിണ്ടാതിരുന്നേക്കുക. ഈ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ എന്ന്‌ പറയുന്ന സാധനം ബോധക്കേട്‌ വിളിച്ച്‌ പറയാനുള്ളതല്ല. ആ 7 : 10 അനുപാതത്തിന്റെ റഫറൻസ്‌ 'വായിൽ തോന്നിയത്‌ കോതക്ക്‌ പാട്ട്‌' എന്ന പഴഞ്ചൊല്ലായിരിക്കണം.

*‎ 'സിസേറിയൻ സമയത്ത്‌ നട്ടെല്ലിൽ സ്‌റ്റിറോയ്‌ഡ്‌ ഇൻജക്ഷൻ വെക്കുന്നു' മണ്ടത്തരം. മരവിപ്പിക്കാനുള്ള സ്‌പൈനൽ അനസ്‌തേഷ്യയാണ്‌ സിസേറിയന്‌ മുൻപ്‌ നൽകുന്നത്‌. ഇത്‌ കൊണ്ട്‌ ഡിസ്‌ക്‌ തേയ്‌മാനമോ നടുവേദനയോ ഉണ്ടാകുന്നില്ല. എന്തും വിളിച്ച്‌ പറയാവുന്ന നാക്കിന്‌ എല്ലില്ലാത്തവന്റെ സൂക്കേട്‌. സിസേറിയൻ ഒഴിവാക്കേണ്ട അവസരങ്ങളിൽ ചെയ്യുന്നത്‌ തെറ്റ്‌ തന്നെയാണ്‌. പക്ഷേ, സിസേറിയൻ നിർബന്ധമായും ചെയ്യേണ്ട അവസരങ്ങളിൽ ഇയാളുടെ തള്ള്‌ വിശ്വസിച്ച്‌ ഒരു കുടുംബം അതിന്‌ വിസമ്മതിച്ച്‌ അമ്മയോ കുഞ്ഞോ രണ്ട്‌ പേരും തന്നെയോ മരിച്ചാൽ രജിത്‌കുമാർ സമാധാനം പറയുമോ?

*‎മൈക്രോബയോളജിയിൽ ഡോക്‌ടറേറ്റ്‌ ഉണ്ടെന്ന്‌ പറഞ്ഞ മഹാനുഭാവൻ പറയുന്ന മൈക്കോളജിയും ബാക്‌ടീരിയോളജിയും കേട്ട്‌ കണ്ണ്‌ നിറഞ്ഞ്‌ പോയി. ഗർഭാശയഗള കാൻസർ വരുത്തുന്നത്‌ ഏത്‌ സൂക്ഷ്‌മാണു ആണെന്നത്‌ പോലും വ്യക്‌തമായി പറയുന്നില്ല. പ്‌ളസ്‌ ടു സയൻസ്‌, മൂന്നാം പാഠം, രണ്ടാമത്തെ പാരഗ്രാഫ്‌ ഒന്നാമത്തെ സെന്റൻസ്‌ എന്നൊക്കെ പുട്ടിന്‌ തേങ്ങയിടുന്നത്‌ പോലെ പറയുന്നതും കേട്ടു. മൂപ്പരത്‌ കാണാപാഠം പഠിച്ചു എന്നതിന്റെ തെളിവാകണം. അസ്സലായിട്ടുണ്ട്‌ !!

*‎ 'ഇത്തരമൊരു പെണ്ണിനെ കെട്ടിയാൽ നല്ലൊരു പയ്യന്‌ കുഞ്ഞുങ്ങൾ ജനിക്കില്ല'വന്ധ്യത പെണ്ണിന്റെ മാത്രം മണ്ടക്കിടുന്ന കാലം കഴിഞ്ഞത്‌ അറിഞ്ഞു കാണില്ല. ആണിന്‌ വന്ധ്യത ഉണ്ടാകുന്ന ഏറെ കാരണങ്ങളുണ്ട്‌ സർ. അവയെ സ്‌ത്രീവന്ധ്യതയേക്കാൾ ചികിത്സിച്ച്‌ മാറ്റാനും ബുദ്ധിമുട്ടാണ്‌. അറിയില്ലായിരിക്കും, അല്ല്യോ?

*‎ 'ഈസ്‌ട്രോജൻ, ആൻഡ്രോജൻ' എന്ന്‌ മുട്ടിന്‌ മുട്ടിന്‌ പറയുന്നുണ്ട്‌. ഈസ്‌ട്രജൻ, ടെസ്‌റ്റോസ്‌റ്റിറോൺ എന്ന്‌ പറയാൻ അറിയാഞ്ഞിട്ടാവില്ല, മൈക്രോബയോളജി ഡോക്‌ടർക്ക്‌ നാവ്‌ വഴങ്ങാത്തോണ്ടായിരിക്കും !

*‎ 'പുരുഷവേഷമായ ജീൻസിട്ടാൽ പുരുഷഹോർമോൺ കൂടും. ഒരു തുള്ളി ഹോർമോൺ അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ കുഞ്ഞുണ്ടാകില്ല' വെസ്‌റ്റേൺ രാജ്യങ്ങളിൽ കുഞ്ഞുങ്ങളേ ഉണ്ടാകുന്നില്ലേ, പുരുഷവേഷവും സ്‌ത്രീവേഷവും പർദ്ദ പോലിരിക്കുന്ന അറേബ്യൻ രാജ്യങ്ങളിൽ സർവ്വത്ര വന്ധ്യത, ആണും പെണ്ണും ചുരിദാറ്‌ പോലുള്ള വസ്‌ത്രം ധരിക്കുന്ന പാകിസ്‌ഥാനിൽ ആകെമൊത്തം കുട്ടികളില്ലാത്തവർ, അങ്ങനെയാണോ? അവിടെയൊക്കെ വസ്‌ത്രധാരണം കാരണം മനുഷ്യൻ വംശനാശഭീഷണിയിലാണോ? തള്ളി മറിക്കാൻ പോയ 24 രാജ്യത്തും പാവാടയും ബ്ലൗസും ഇട്ട സ്‌ത്രീകളെയേ കണ്ടുള്ളൂ?

* ‎'ആൺവേഷധാരികളായ പെണ്ണിന്‌ ജനിക്കുന്ന കുഞ്ഞുങ്ങൾ ആണും പെണ്ണുമല്ലാത്തവരായിരിക്കും. അവരെ വിളിക്കുന്ന പേരാണ്‌ ട്രാൻസ്‌ജെൻഡർ' LGBT നിയമങ്ങളുള്ള, ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങൾക്ക്‌ വേണ്ടി ശബ്‌ദമുയർത്തുന്ന മലയാളികൾക്കിടയിൽ ഇത്തരത്തിൽ മൈക്കിലൂടെ വിളിച്ച്‌ പറയാൻ ഇയാൾക്ക്‌ ആര്‌ അധികാരം കൊടുത്തു? ഉടുപ്പഴിച്ച്‌ കാലുകൾക്കിടയിലേക്ക്‌ നോക്കുമ്പോൾ കാണുന്ന അവയവം പ്രകൃതിയുടെ ആനുകൂല്യമാണെന്ന്‌ ഓരോരുത്തരും, ഇയാൾ പ്രത്യേകിച്ചും മനസ്സിലാക്കണം. ആണും പെണ്ണും ട്രാൻസ്‌ജെൻഡറും ഇന്റർസെക്‌സുമാകുന്നത്‌ ആരുടേയും ചോയ്‌സല്ല. അമ്മ ജീൻസിട്ടതിന്റെ പേരിൽ കുഞ്ഞ്‌ ട്രാൻസ്‌ജെൻഡറാകില്ല. ഇനി ട്രാൻസായി ഒരു കുഞ്ഞ്‌ ജനിച്ചാൽ, ആ കുഞ്ഞും ഒരഭിമാനമാണ്‌ ഹേ! ''ഞാൻ വലിയവൻ' എന്ന്‌ ഇടക്കിടക്ക്‌ പുലമ്പുന്നതിനിടക്ക്‌ സഹജീവിയെ മനസ്സിലാക്കിയാൽ അവനവന്‌ കൊള്ളാം.

*‎ ഭിന്നശേഷിയുള്ള കുഞ്ഞ്‌ ജനിക്കുന്നത്‌ മാതാപിതാക്കളുടെ കൈയിലിരിപ്പ്‌ കൊണ്ടാണെന്നും അങ്ങ്‌ സ്‌ഥാപിച്ച്‌ കളഞ്ഞു ! ഒരിക്കലെങ്കിലും അങ്ങനെയൊരു കുഞ്ഞുള്ള അമ്മയുടെ കണ്ണിലേക്ക്‌ നോക്കണം. നനവ്‌ വറ്റി വേദന ഉറഞ്ഞ്‌ കിടക്കുന്ന അവരുടെ കണ്ണിലുണ്ടാകും ഇതിനെല്ലാമുള്ള മറുപടി. വിവരമില്ലെങ്കിലും വിഡ്‌ഢിത്തം വിളമ്പിയാലും സാരമില്ലായിരുന്നു. പേരിന്‌ ഒരൽപം മനുഷ്യപ്പറ്റ്‌ ഇല്ലാതെ പോയല്ലോ !

കോഴിക്കോടും മലപ്പുറത്തുമുള്ള കുറേയേറെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്‌ ലൈംഗികവിദ്യാഭ്യാസ ക്ലാസെടുക്കാൻ പോയിട്ടുണ്ട്‌. ഞാനൊരു മതവിശ്വാസിയാണ്‌, എന്റെ കേൾവിക്കാരിൽ ബഹുഭൂരിപക്ഷവും മുസ്‌ലിം കുട്ടികളായിരുന്നു. എന്നിട്ടും അതിലൊരിടത്തും മതവിശ്വാസത്തെ അടിസ്‌ഥാനമാക്കി ഒരു വാക്ക്‌ പോലും പറഞ്ഞിട്ടില്ല. കാരണം, എന്റെ വിഷയം വൈദ്യശാസ്‌ത്രമായത്‌ കൊണ്ട്‌ തന്നെ. മതം മേമ്പൊടിയാക്കിയാൽ ആരും എതിർക്കില്ല എന്ന്‌ വ്യക്‌തമായി മനസ്സിലാക്കിയ ആ കുരുട്ടുബുദ്ധിക്ക്‌ കൊടുക്കണം ഒരു കുതിരപ്പവൻ !

ഇതാദ്യമായല്ല, കുറച്ച് വർഷങ്ങൾക്ക് മുൻപ് ജീൻസിട്ടാൽ ട്യൂബൽ പ്രഗ്‌നൻസി ഉണ്ടാകുമെന്ന്‌ ഉൾപ്പെടെ വെച്ചടിച്ചതിനെ  Dr. Deepu Sadasivan പണ്ട്‌ കീറിയൊട്ടിച്ചതാണ്‌. ആര്യ എന്ന വിദ്യാർത്‌ഥിനി വേദിയിലുള്ള ഇയാളുടെ സ്‌ത്രീവിദ്വേഷം കേട്ട്‌ സദസ്സിലിരുന്ന്‌ കൂവിയത്‌ അന്ന് വലിയ വാർത്തയായിരുന്നു.

തന്റെ വികലവീക്ഷണങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ഖുർആനെയും ഹദീസിനേയും കൂട്ട്‌ പിടിച്ചത്‌ തന്നെ സദസ്സ്‌ കൂടെ നിൽക്കാനാണ്‌. കുഞ്ഞുമനസ്സുകളിൽ വിഷം പുരട്ടുന്ന ഇത്തരം നരാധമൻമാരെ ഒറ്റപ്പെടുത്തുക തന്നെ വേണം. ശാസ്‌ത്രം പഠിപ്പിക്കാൻ ചെന്നാൽ അത്‌ പറയുന്നതിന്‌ പകരം തെറ്റിദ്ധാരണകൾ പരത്തുകയും, സഹജീവികളായവരെക്കുറിച്ച്‌ തീർത്തും മോശം ധാരണ പരത്തുകയും ചെയ്‌ത ഇയാൾക്കെതിരെ ശക്‌തമായ നടപടി ഉണ്ടാകേണ്ടതാണ്‌.

വിഷം വമിക്കുന്ന മനുഷ്യരെ വളർത്തുന്ന സദസ്സുകൾ നാളെ വിഷക്കിണറാകും, മാലിന്യം സമൂഹത്തിൽ പടർന്നൊഴുകും...അനുവദിക്കരുത്‌.
തടയിടാനാവണം...

ഇന്ന്‌ തന്നെ, ഇപ്പോൾ തന്നെ...

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top