19 September Thursday
പലരും രണ്ടാം മാസം വീണിടത്ത്‌ ഇവിടെ ഇപ്പോഴും പിടിച്ചുനിൽക്കുന്നതാണ്‌ ആശ്വാസം

‘ആളുകളുടെ തിരക്ക്‌ കൂടുമ്പോൾ ഇത്തിരി ബുദ്ധിമുട്ടേണ്ടിവരും ; അത്‌ പപ്പേട്ടന്റെ ചായക്കടയായാലും സർക്കാർ ആശുപത്രിയായാലും’

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

ഡോ. ഷമീർ

ഡോ. ഷമീർ

കേരളത്തിൽ ചികിൽസിക്കാനും ഡാറ്റ തയ്യാറാക്കാനും വീട്ടിലെ ചികിത്സ മോണിറ്റർ ചെയ്യാനും ടെസ്റ്റിന്റെ എണ്ണം കൂട്ടാനും മൃതശരീരം കൈകാര്യം ചെയ്യിപ്പിക്കാനും ആംബുലൻസ് പറഞ്ഞു വിടാനും എല്ലാം ഒരേ ആളുകൾ തന്നെയാണ് സർക്കാർ ആശുപത്രികളിൽ ഇരിക്കുന്നത്.കോവിഡ്‌ രോഗികളുടെ എണ്ണം കൂടുമ്പോൾ ആരോഗ്യമേഖലയും പ്രതിസന്ധി നേരിടേണ്ടിവരുമെന്നത്‌ ഒരു യാഥാർഥ്യമാണ്‌. അതൊഴിവാക്കാനാണ്‌ രോഗം വാങ്ങി വെക്കേണ്ട എന്ന സന്ദേശം തുടർച്ചയായി തന്നുകൊണ്ടിരുന്നതെന്ന്‌  ഡോ. ഷമീർ വി കെ . ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാവരും കുറച്ചു ബുദ്ധിമുട്ടേണ്ടിവരും.

തിരക്ക്‌ കുറയുമ്പോൾ പപ്പേട്ടന്റെ ചായക്കടയിൽ കിട്ടുന്ന സൗകര്യവും വൃത്തിയും തിരക്ക്‌ കൂടുമ്പോൾ ഉണ്ടാവില്ലെന്ന്‌ ഓർക്കണം.  ഇതൊക്കെയായിട്ടും ഇവിടെ  കിടക്കാൻ ആശുപത്രിയിൽ കട്ടിലും icu വും ഓക്സിജനും ഒക്കെ ഒപ്പിച്ചു പോകുന്നു എന്നതിൽ ആശ്വസിക്കാം. പല രാജ്യങ്ങളിലും കണ്ട പോലെ മോർച്ചറിയിൽ സ്ഥലമില്ലാത്ത അവസ്ഥയും പ്രായം നോക്കി ചികിത്സ തീരുമാനിക്കേണ്ട ഗതികേടും ഉണ്ടായില്ലെന്ന് സമാധാനിക്കാം. ആ ഗതികേടിലേക്ക് എത്താതിരിക്കാൻ ഒന്നിച്ച് പ്രയത്നിക്കാം. മാസ്ക് മര്യാദക്ക് ധരിക്കാം. കൂട്ടം കൂടൽ ഒഴിവാക്കാം.ഡോ. ഷമീർ  (Dr Shameer Vk)ഫേസ്‌ബുക്  പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

പപ്പേട്ടന്റെ ചായപ്പീടികക്ക് കുറേ പ്രത്യേകതകൾ ഉണ്ട്. നല്ല നാടൻ ഭക്ഷണം. വിട്ടുവീഴ്‌ചയില്ലാത്ത വൃത്തി. രണ്ടു പേര് ചായ കുടിക്കാൻ വന്നെന്ന് ഇരിക്കട്ടെ, പപ്പേട്ടൻ ആദ്യം ഓർഡർ എടുക്കാൻ വരും. നമ്മൾ വേണ്ട ഭക്ഷണങ്ങൾ പറഞ്ഞാൽ പപ്പേട്ടൻ അടുക്കളയിലേക്ക് ഉറക്കെ വിളിച്ചു പറയും "രണ്ടു ച്യായാ, രണ്ട് ബോണ്ട"

ശേഷം പപ്പേട്ടൻ തന്നെ അടുക്കളയിൽ പോയി രണ്ടു ചായ ഉണ്ടാക്കി ഗ്ലാസിൽ ഒഴിച്ച്, പ്ളേറ്റിൽ ഭക്ഷണവുമായി വരും. കഴിച്ചു കഴിഞ്ഞാൽ ബില്ലെഴുതുന്ന കുറ്റി പേപ്പറുമായി പപ്പേട്ടൻ തന്നെ വന്ന് ചെവിയിൽ തിരുകി വെച്ച പേനയെടുത്ത് ബില്ല് എഴുതും. നമ്മൾ ബില്ലുമായി ക്യാഷ് കൗണ്ടറിൽ ചെന്ന് നിന്നാൽ പപ്പേട്ടൻ അങ്ങോട്ട്‌ വന്ന് പൈസ വാങ്ങി മേശയിൽ ഇടും.ഭക്ഷണം കഴിക്കാൻ വരുന്നവരുടെ എണ്ണം കുറവാണെങ്കിൽ ഈ കാര്യങ്ങൾ ഒക്കെ ഭംഗിയായി നടക്കും. പക്ഷേ കോളേജ് വിടുന്ന സമയം പത്തിരുപതു പേര് ഒന്നിച്ച് ഹോട്ടലിൽ കയറിയാൽ സംഗതി അവതാളത്തിലാകും. പപ്പേട്ടൻ ഓടി എത്തില്ല. ഭക്ഷണം വൈകും. ക്യാഷ് കൗണ്ടറിൽ തിരക്കാകും . ആളുകൾ ദേഷ്യപ്പെടും.

"എനിക്ക് രണ്ട് കയ്യേ ഉള്ളൂ"പപ്പേട്ടന്റെ കണ്ട്രോൾ പോകും !!

കേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് 'ആംഗ്രി പപ്പേട്ടൻ' മോഡിൽ ആണ്. ചികിൽസിക്കാനും ഡാറ്റ തയ്യാറാക്കാനും വീട്ടിലെ ചികിത്സ മോണിറ്റർ ചെയ്യാനും ടെസ്റ്റിന്റെ എണ്ണം കൂട്ടാനും മൃതശരീരം കൈകാര്യം ചെയ്യിപ്പിക്കാനും ആംബുലൻസ് പറഞ്ഞു വിടാനും എല്ലാം ഒരേ പപ്പേട്ടൻ തന്നെയാണ് സർക്കാർ ആശുപത്രികളിൽ ഇരിക്കുന്നത്. ഇതു നേരത്തെ അറിയുന്നത് കൊണ്ടാണ് ആശുപത്രിയിൽ തിരക്ക് കൂട്ടേണ്ട, രോഗം വാങ്ങി വെക്കേണ്ട എന്ന സന്ദേശം തുടർച്ചയായി തന്നുകൊണ്ടിരുന്നതും. ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാവരും കുറച്ചു ബുദ്ധിമുട്ടും. ബുദ്ധിമുട്ടുന്നുണ്ട്.

ഈ ഘട്ടത്തിലൂടെ കടന്നു പോകുന്ന ആദ്യത്തെ പ്രദേശമൊന്നുമല്ല നമ്മുടേത്. കൊലകൊമ്പന്മാർ എല്ലാം ഇതേ വഴി പോയിട്ടുണ്ട്. ഇന്ന് ഓടിച്ചു പിടിച്ചു ടെസ്റ്റ്‌ ചെയ്യുന്ന രാജ്യങ്ങളിൽ ഒരു കാലത്ത് ശ്വാസം മുട്ടുണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് വിളിച്ചാൽ മതി എന്നായിരുന്നു ആശുപത്രിയിൽ നിന്നുള്ള മറുപടി. എണ്ണിയാൽ ഒടുങ്ങാത്ത എണ്ണപ്പണം ഉള്ള നാടുകളിലെ ഫ്ലാറ്റുകളിൽ പോസിറ്റീവ് ആയവരും അല്ലാത്തവരും ഒന്നിച്ചു ഒരേ മുറിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ചുമ കുറയാഞ്ഞിട്ട് മരുന്നുകൾ ഇവിടുന്ന് വാട്സ്ആപ്പിലൂടെ പറഞ്ഞു കൊടുത്തിട്ടുണ്ട്.

ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഡോക്ടർ സുഹൃത്തിനു പനി പിടിച്ചപ്പോൾ തത്കാലം രണ്ടു ദിവസം റെസ്റ് എടുക്ക്, പനി മാറുമ്പോൾ വന്നു ജോലി ചെയ്യെന്നാണ് പറഞ്ഞത്, ടെസ്റ്റും മണ്ണാങ്കട്ടയും ഒന്നും വേണ്ടെന്നും. ഇതു തന്നെയാണ് മുംബൈയിലും ചെന്നൈയിലും ഉള്ള സുഹൃത്തുക്കൾ പറഞ്ഞത്. പ്രതിസന്ധിയുടെ പാരമ്യത്തിൽ എത്തുമ്പോൾ ചെയ്യാവുന്നതിനു പരിമിതികൾ ഉണ്ട് എന്നത് അവിടെ എല്ലാം കണ്ടതാണ്. ആകെ അപവാദം ആയി ചൈനയും ചൈനയുടെ അയൽവാസികളും മാത്രമേ ഉള്ളൂ. (എങ്ങനെ സാധിക്കുന്നു എന്ന് അവർക്ക് മാത്രം അറിയാം! ).

ഈ പ്രതിസന്ധികൾ ഇത്രയും നാൾ നീട്ടി കൊണ്ട് പോന്നത് നമ്മുടെ ഭാഗ്യം. പലരും രണ്ടാം മാസം വീണേടത്ത് നമ്മൾ എട്ടാം മാസം വരെ എത്തിച്ചു എന്ന് സമാധാനിക്കാം. പാളിച്ചകൾ ഉണ്ടാകും. കുറവുകൾ ഒത്തിരി ഉണ്ടാകും. അതും അപ്രതീക്ഷിതം അല്ല. ഇങ്ങനെ പ്രതിസന്ധികളും പരാധീനതകളും ഉണ്ടാകുമ്പോൾ പരാതികൾ കൂടും. കുറ്റപ്പെടുത്തലുകളും.

എല്ലാവരും ഒന്നോർത്താൽ നന്നായിരിക്കും. ഇതൊന്നും വ്യക്തികളുടെ പാളിച്ചകളോ കഴിവു കേടോ അല്ല. പരസ്പരം കുറ്റപ്പെടുത്തിയത് കൊണ്ട് ഇതിൽ നിന്ന് കര കയറുകയുമില്ല. ഓരോരുത്തരുടെ കഴിവിന്റെ പരമാവധി അവർ അദ്ധ്വാനിക്കുന്നു.
ഇതൊക്കെയായിട്ടും കിടക്കാൻ ആശുപത്രിയിൽ കട്ടിലും icu വും ഓക്സിജനും ഒക്കെ ഒപ്പിച്ചു പോകുന്നു എന്നതിൽ ആശ്വസിക്കാം. പല രാജ്യങ്ങളിലും കണ്ട പോലെ മോർച്ചറിയിൽ സ്ഥലമില്ലാത്ത അവസ്ഥയും പ്രായം നോക്കി ചികിത്സ തീരുമാനിക്കേണ്ട ഗതികേടും ഉണ്ടായില്ലെന്ന് സമാധാനിക്കാം. ആ ഗതികേടിലേക്ക് എത്താതിരിക്കാൻ ഒന്നിച്ച് പ്രയത്നിക്കാം. മാസ്ക് മര്യാദക്ക് ധരിക്കാം. കൂട്ടം കൂടൽ ഒഴിവാക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top