02 April Sunday

പൊലീസ് മര്‍ദ്ദനോപകരണം തന്നെ ; ഇനിയും പഴയതുപോലെ പോകാനാവില്ലെന്ന് മനസിലാക്കണം: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 21, 2016

പൊലീസിന്റെ അടിസ്ഥാന സ്വഭാവം മര്‍ദ്ദനോപകരണം എന്നതില്‍ മാറ്റം വന്നിട്ടില്ലെന്നും ഗവണ്‍മെന്റ് മാറുമ്പോള്‍ സ്വിച്ചിട്ട പോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ലെന്നും എം ബി രാജഷ് എംപി. എങ്കിലും നിലവില്‍ പൊലീസിന് പഴയതുപോലെ മുന്നോട്ടുപോകാനാവില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. താനടക്കമുള്ളവര്‍ പൊലിസിന്റെ മര്‍ദ്ദനമേറ്റിട്ടുള്ളവരാണെന്നും രാജേഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പൊലീസ്അടിയന്തിരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രി പിണറായിക്കും കോടിയേരിക്കുമൊക്കെ പോലീസിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. ഒരു ഇടതു പക്ഷ സര്‍ക്കാരിന് ഈ അടിസ്ഥാന സ്വഭാവം നിയന്ത്രിച്ചും വരുതിയിലാക്കിയും കൊണ്ടു പോകാനേ കഴിയൂ. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
 

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

രണ്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് പോലീസിനെ മര്‍ദ്ദനോപകരണം എന്ന നിലയില്‍ ആദ്യമറിയുന്നത്.അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ചളവറയിലെ ഹൈസ്ക്കൂളില്‍ നിന്ന് ഞാന്‍ പഠിക്കുന്ന കയിലിയാട് കെവിയുപി സ്കൂളിലേക്ക് കാല്‍നടയായി ഒരു വിദ്യാര്‍ത്ഥി പ്രതിഷേധ ജാഥ വന്ന് ഞങ്ങളുടെ സ്കൂളിലും പഠിപ്പുമുടക്കി.ചളവറയിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരായിട്ടായിരുന്നു പ്രതിഷേധം.ലിംഗത്തില്‍ പച്ച ഈര്‍ക്കില്‍ കയറ്റുന്നതുപോലുള്ള പീഡനമുറകളെക്കുറിച്ചൊക്കെ അന്ന് കേട്ട് നടുങ്ങിയിട്ടുണ്ട്. (യഥാര്‍ത്ഥ പ്രതിയെ പിന്നീട് പിടിച്ചു.)

ഏതാണ്ട് അതേ കാലത്തു തന്നെയുള്ള മറ്റൊരോര്‍മ്മയാണ്.ഒരു സന്ധ്യയില്‍ അമ്മയോടൊപ്പം വീട്ടിലെ കോലായയില്‍ ഇരുന്നു നാമം ചൊല്ലുമ്പോള്‍ അകലെ റോഡില്‍ഇരമ്പുന്ന ഒരു മുദ്രാവാക്യം.'ഞങ്ങടെ പ്രിയ നാം രാജനെവിടെ ,പറയു പറയൂ പോലീസേ,മറുപടി പറയു കരുണാകരാ '. അമ്മയോട് ചോദിച്ചപ്പോള്‍ രാജനെ പോലീസ് പിടിച്ചു കൊണ്ടുപോയെന്നും പിന്നെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇതെല്ലാം പറഞ്ഞു കേട്ട കാര്യങ്ങള്‍. പിന്നീട് പല തവണ പോലീസിന്റെ 'വാത്സല്യം' നേരിട്ടറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ലാത്തിച്ചാര്‍ജില്‍ സാരമായി പരിക്കുപറ്റിയ ഞങ്ങള്‍ കുറേ എസ്എഫ്ഐ പ്രവര്‍ത്തകരെ പാലക്കാട്ടെ സൌത്ത് സ്റ്റേഷന്‍ ലോക്കപ്പില്‍ തുണിയുരിഞ്ഞാണ് നിര്‍ത്തിയത്. എന്നോടൊപ്പം അജിത് സഖറിയ, സോണി, അന്ന് കൊച്ചു കുട്ടിയായിരുന്ന ശ്യാം പ്രസാദ് എന്നിവരുണ്ടായിരുന്നു.

സഖാവ് ശിവദാസമേനോന്‍ വന്ന് ഏറെ ക്ഷോഭിച്ചിട്ടാണ് ഉടുതുണി തിരികെ തന്നത്. അര്‍ദ്ധരാത്രി മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി ജയിലിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് പാലക്കാട്ടും തിരുവനന്തപുരത്തുമെല്ലാം വെച്ച് പല തവണ ഇതാവര്‍ത്തിച്ചു. എംപിയായി ഡല്‍ഹിയിലെത്തിയപ്പോഴും രണ്ടു തവണ ഇതാവര്‍ത്തിച്ചു.ഏറ്റവുമൊടുവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതു തടയാന്‍ ഇടപെട്ടപ്പോഴായിരുന്നു. ഞങ്ങളുടെ കാലത്തെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരില്‍ ഈ അനുഭവങ്ങള്‍ ഇല്ലാത്തവര്‍ ഉണ്ടാകാനിടയില്ല. പെണ്‍കുട്ടികളടക്കം .ഗീനാ കുമാരിയുടെ തല തല്ലിത്തകര്‍ത്ത പോലീസുകാരനോട് പകരം വീട്ടാന്‍ പല തവണ പിന്തുടര്‍ന്നതും നടക്കാതെ പോയതും ഓര്‍ക്കുന്നു.

എന്റെ ഭാര്യ നിനിതക്കും വിദ്യാര്‍ത്ഥിയായിരിക്കേ കാര്യമായിത്തന്നെ പോലീസിന്റെ കയ്യില്‍ നിന്ന് കിട്ടിയിട്ടുണ്ട്. പി. രാജീവിന് ലോക്കപ്പില്‍ ഒരു രാത്രി മുഴുവന്‍ ക്രൂര മര്‍ദ്ദനമേറ്റിട്ടുണ്ട്.സ.ശിവദാസമേനോനെ പോലും പോലീസ് മര്‍ദ്ദിച്ചു മൃതപ്രായനാക്കിയിട്ടുണ്ട്. മന്ത്രിയായിരിക്കെ സല്യൂട്ട് ചെയ്ത കാക്കിപ്പട തന്നെയാണ് തൊട്ടുപിന്നാലെ തലയടിച്ചു തകര്‍ത്തത് എന്ന് മറക്കരുത്. ഇതെല്ലാം ഇപ്പോള്‍ പറയുന്നത് പൊലീസിന്റെ മര്‍ദ്ദനോപകരണം എന്ന അടിസ്ഥാന സ്വഭാവം സ്വന്തം അനുഭവത്തില്‍ നിന്ന് ഓര്‍മ്മിപ്പിക്കാനാണ്.

ഗവണ്‍മെന്റ് മാറുമ്പോള്‍ സ്വിച്ചിട്ട പോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ല. ഒരു ഇടതു പക്ഷ സര്‍ക്കാരിന് ഈ അടിസ്ഥാന സ്വഭാവം നിയന്ത്രിച്ചും വരുതിയിലാക്കിയും കൊണ്ടു പോകാനേ കഴിയൂ. പഴയ പോലീസിന്റെ പഴയ ശീലങ്ങളെക്കുറിച്ച് കര്‍ശന ഭാഷയില്‍ മുഖ്യമന്ത്രി തന്നെ പലപ്പോഴും താക്കീത് നല്‍കുന്നത് അതുകൊണ്ടാണ്.ഡഅജഅ, 124 എ എന്നിവക്കെതിരായ നിലപാട് പോലീസ് നടപടിയില്‍ ഇന്നു പ്രതിഫലിച്ചതും യാദൃഛികമല്ല. നദീറുള്‍പ്പെട്ട കേസില്‍ യുഎപിഎ ചുമത്തിയത് യുഡിഎഫ് സര്‍ക്കാര്‍. എല്‍ഡിഎഫ് ചെയ്തത് യുഎപിഎ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തില്ല എന്ന പ്രഖ്യാപനം.124 - എ യും ചുമത്തില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സി പി ഐ(എം)ന്റെ പ്രഖ്യാപിത നിലപാടാണിത്.കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലെ ഖണ്ഡിക 2.45 ഇതു വ്യക്തമാക്കുന്നു. പോലീസിലെ ആരെങ്കിലും ഇതു ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെട്ടു തിരുത്തും എന്നിപ്പോള്‍ വ്യക്തമായല്ലോ. ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. സി പി ഐ എം നേതാക്കളായ കാരായി രാജനും, ചന്ദ്രശേഖരനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ വേട്ടയാടലിന് നിരപരാധികളായിട്ടും ഇരയായപ്പോള്‍ അവര്‍ക്ക് അന്ന് നീതി ലഭിച്ചില്ല, എന്നാല്‍ പോലീസിന്റെ നീതി നിഷേധം ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നു. നദീറിനും കമല്‍ ചാവറക്കും നീതി നിഷേധിക്കപ്പെടില്ല എന്നുറപ്പാക്കിയിരിക്കുന്നു.

അടിയന്തിരാവസ്ഥയുടെ പീഡാനുഭവങ്ങളുള്ള മുഖ്യമന്ത്രി പിണറായിക്കും കോടിയേരിക്കുമൊക്കെ പോലീസിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. എന്തായാലും ഈ സര്‍ക്കാരിന്റെ പോലീസിന് പഴയതുപോലെ പോകാനാവില്ല എന്ന സന്ദേശമാണ് ഇന്നുണ്ടായിരിക്കുന്നത്. സി പി ഐ (എം) നെ കടിച്ചുകീറാന്‍ അവസരം പാര്‍ത്തിരുന്നവര്‍ക്ക് അല്പം നിരാശ ഉണ്ടായിട്ടുണ്ടാവാമെങ്കിലും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top