25 July Thursday

സമൂഹവ്യാപനം ഇല്ലെങ്കിൽ എന്തുകൊണ്ട് ഇപ്പോഴും കോവിഡ് കേസുകൾ?

വെബ് ഡെസ്‌ക്‌Updated: Saturday Apr 18, 2020

കൊച്ചി > കോഴിക്കോട്ടെ പുതിയ കോവിഡ് സ്ഥിരീകരണം നിരവധി സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. വിദേശ രാജ്യത്തു നിന്നും വന്ന ആൾക്ക് മൂന്നാഴ്ചക്കു ശേഷം രോഗം കണ്ടെത്തി എന്നതാണ് വാർത്ത. വളരെ അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കുന്നതുമായ കണ്ടെത്തലായാണ് പല മാധ്യമങ്ങളും ചിത്രീകരിച്ചത്. എന്താണ് വാസ്‌തവം? ഡോ.വി കെ ഷമീർ എഴുതുന്നു

ഗൾഫിൽ നിന്നും വന്ന് 25 ദിവസങ്ങൾക്കു ശേഷം കോവിഡ് PCR  ടെസ്റ്റ് പോസിറ്റീവായി എന്നത് സത്യം തന്നെ. ഇത് നമ്മൾ പ്രതീക്ഷിക്കാത്ത ഇൻകുബേഷൻ പിരീഡ് ആണോ?

അല്ല, ഇൻകുബേഷൻ പീരീഡ് എന്നാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ കാണിക്കാനുള്ള സമയമാണ്. മേൽ പറഞ്ഞ ആളുകളെ ലക്ഷണങ്ങൾ ഉള്ള കാരണം പരിശോധിച്ചതല്ല. അവർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. മറ്റൊരാൾക്ക്  സ്ഥിരീകരിച്ചപ്പോൾ സമ്പർക്കമുള്ളവരെ കൂടി പരിശോധിക്കുക എന്ന പോളിസി പ്രകാരം ടെസ്റ്റ് നടത്തിയപ്പോൾ ആണ് രോഗം കണ്ടെത്തിയത്.

കോവിഡ് 19 ന്റെ കാര്യത്തിൽ ഇൻകുബേഷൻ പിരീഡ് ശരാശരി 5 ദിവസമാണ്. രണ്ടാഴ്ചക്കു മുകളിൽ ഇൻകുബേഷൻ പിരീഡ് വരുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് ഇന്ത്യക്ക് പുറത്ത് നടന്ന നിരീക്ഷണങ്ങളിൽ എല്ലാം കണ്ടത്. ഇവിടെയും ഇതുവരെ അങ്ങനെ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പിന്നെ ടെസ്റ്റ് പോസിറ്റീവ് ആകുന്നതോ?

PCR ടെസ്റ്റാണല്ലോ നമ്മൾ സ്ഥിരീകരണത്തിന് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങൾ മാറിയാലും ഈ ടെസ്റ്റ് പോസിറ്റീവായി നിൽക്കാം. പല പഠനങ്ങളിലും രോഗം തുടങ്ങിയ ശേഷം 15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ  ചെയ്ത PCR ടെസ്റ്റ് 45 ശതമാനം ആളുകളിലും പോസിറ്റീവായിരുന്നു എന്നാണ് കണ്ടത്. അതായത് രോഗം തുടങ്ങി മൂന്നോ നാലോ ആഴ്ച കഴിഞ്ഞാലും അമ്പത് ശതമാനത്തോളം ആളുകളിൽ PCR പോസിറ്റീവ് ആയി നിൽക്കാം.

പിന്നെ എന്തുകൊണ്ട് 28 ദിവസം ക്വാറന്റൈൻ ?

ക്വാറന്റൈൻ തീരുമാനിച്ചത് PCR നെഗറ്റീവ് ആകുന്ന സമയം വെച്ചല്ല, മറിച്ച് ഒരാൾക്ക് രോഗബാധ വന്നാൽ മറ്റൊരാൾക്ക് രോഗം പകരാൻ സാധ്യതയുള്ള പരമാവധി സമയം കണക്കാക്കിയാണ്. നിരവധി പഠനങ്ങളിൽ രോഗലക്ഷണം വന്നശേഷം രണ്ടാഴ്ചക്കുള്ളിൽ രോഗിക്ക് രോഗം പകർന്നു കൊടുക്കാനുള്ള കഴിവ് (infectivity)  നഷ്ടപ്പെടും എന്നാണ് കാണാൻ കഴിഞ്ഞത്. അതായത് രണ്ടാഴ്ചക്കു ശേഷം രോഗി PCR ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചാലും മറ്റൊരാൾക്ക് രോഗം പകർന്നു കൊടുക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. 28 ദിവസത്തിനു ശേഷമാണെങ്കിൽ സാദ്ധ്യത അതിനേക്കാൾ കുറയും. അതാണ് ക്വാറന്റൈന്റെയും ഐസൊലേഷന്റെയും കാലാവധി തീരുമാനിക്കുന്ന ഘടകം.

ഒരു കുടുംബത്തിൽ നിരവധി പേർ PCR ടെസ്റ്റ് പോസിറ്റീവാകുന്നത് എന്തു പാഠമാണ് നമുക്ക് നൽകുന്നത്?

ഇവിടെ മാധ്യമങ്ങൾ ഊന്നൽ നൽകിയ കൂടുതൽ ദിവസങ്ങൾ കഴിഞ്ഞ് പോസിറ്റീവായി എന്നതിലല്ല നാം ശ്രദ്ധിക്കേണ്ടത്, പകരം കൂടുതൽ ആളുകൾ പോസിറ്റീവായി എന്നതിലാണ്. ഒരാൾ വിദേശ രാജ്യത്ത് നിന്ന് രോഗബാധിതനായി നാട്ടിലെത്തിയാൽ അയാളോട് ബാഹ്യസമ്പർക്കമില്ലാതെ ജീവിക്കാൻ ആണ് ആവശ്യപ്പെടുന്നത്. അത് എത്രത്തോളം പ്രാവർത്തികമാക്കുന്നു എന്നതിന്റെ അളവുകോലാണ് രോഗബാധിതരാകുന്നവരുടെ എണ്ണം. ഒരു വീടിനുള്ളിലെ ചലനവും സമ്പർക്കവും വൈറസിനെ മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്നു, അവിടെ നിന്ന് മൂന്നാമതൊരാൾക്ക്, അങ്ങനെ. ഇവരിൽ പലരും ഒരു ലക്ഷണവും കാണിക്കണമെന്നില്ല. ലോക്ഡൗൺ കർശനമായതിനാൽ അവരുടെ പുറം ലോകവുമായുള്ള സമ്പർക്കം കുറവാണെന്ന് വിശ്വസിക്കാം. വീട്ടിനുള്ളിൽ ഇങ്ങനെ രണ്ടോ മൂന്നോ തലമുറ വൈറസ് കൈമാറി കൊടുക്കുകയും മൂന്നാമത്തെ തലമുറക്ക് വൈറസ് കൈമാറിക്കിട്ടിയ ഉടൻ ലോക്ഡൗൺ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വൈറസ് വാഹകനായ മൂന്നാം തലമുറക്കാരൻ പുറത്തിറങ്ങുകയും യഥേഷ്ടം വിരാചിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ഇത് അടുത്ത ഒരു രോഗതരംഗത്തിന് തിരികൊളുത്തുകയും ചെയ്യും.

അതിനാൽ ഓരോ വീട്ടിലും നിഷ്‌കർഷിച്ച ക്വാറന്റൈൻ സമയം ഒരു സമ്പർക്കവും ഇല്ലാതെ ശ്രദ്ധിക്കൽ വളരെ പ്രധാനമാണ്.

മേൽ പറഞ്ഞ വൈറസ് ബാധിതനായ മൂന്നാം തലമുറക്കാരൻ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിച്ചാൽ മറ്റൊരാൾക്ക് പകർത്തുന്നത് ഗണ്യമായി കുറക്കാൻ കഴിയും. രോഗവാഹകനാണോ എന്നൊരാൾക്ക് സ്വയം മനസ്സിലാക്കാൻ സാധിക്കാത്തതു കൊണ്ട് (ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാവാത്തതു കൊണ്ട്) എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

നാം കടയിൽ പോകുമ്പോഴും വരിയിൽ നിൽക്കുമ്പോഴും അടുത്തു നിൽക്കുന്ന ആൾ ഒരു വൈറസ് വാഹകൻ ആകാൻ സാധ്യത ഉള്ളതുകൊണ്ട് എപ്പോഴും ഒരു മീറ്ററെങ്കിലും അകലം മാറി നിൽക്കുക.

നാം തൊട്ട പല സ്ഥലങ്ങളിലും സാധനങ്ങളിലും വൈറസ് അടങ്ങിയ സ്രവങ്ങൾ വീണിരിക്കാൻ സാധ്യതയുണ്ട് എന്ന് എപ്പോഴും ഓർമ്മയുണ്ടാവണം. ആ കൈ കണ്ണിലും മൂക്കിലും വായിലും തൊടാതെ ശ്രദ്ധിക്കുക. അവസരം ഒത്ത് കിട്ടിയാൽ അപ്പോൾ തന്നെ കൈ സോപ്പിട്ട് കഴുകിക്കളയുക.

പുതിയ രോഗികളെ കണ്ടെത്തിയതുകൊണ്ട് നമ്മൾ ഇതുവരെ പ്രചരിപ്പിച്ച തത്വങ്ങൾ ഒന്നും തെറ്റി പോയെന്ന് ഭയപ്പെടേണ്ട. ഇതു വരെ പറഞ്ഞും ചെയ്തും നാം സ്വായത്തമാക്കിയ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കാനാണ് ഈ സംഭവങ്ങൾ നമ്മെ പ്രേരിപ്പിക്കേണ്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top